മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് നാസയുടെ ആര്‍ട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്ത മനുഷ്യരെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ദൗത്യത്തിന്റെ ആറാം ദിനം, ചന്ദ്രന്റെ മറുപുറത്തുകൂടി ആറു മണിക്കൂര്‍ നീണ്ട യാത്ര നടത്തിയ അവര്‍ ഇതുവരെ ലോകം കാണാത്ത അപൂര്‍വ്വ കാഴ്ചകളാണ് ഒപ്പിയെടുത്തത്. 1970-ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് 46 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ട്ടെമിസ് ടീം തിരുത്തിക്കുറിച്ചത്. ഭൂമിയില്‍ നിന്ന് 4,06,778 കിലോമീറ്റര്‍ ദൂരെയെത്തിയ ഇവര്‍ അപ്പോളോ 13-നേക്കാള്‍ 6,606 കിലോമീറ്റര്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചു.
ചന്ദ്രോപരിതലത്തെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കാനും ഡോക്യുമെന്റ് ചെയ്യാനും സഞ്ചാരികള്‍ക്ക് സാധിച്ചു. ഇതുവരെ റോബോട്ടുകള്‍ അയച്ച ചിത്രങ്ങളിലൂടെ മാത്രം കണ്ടിരുന്ന ചന്ദ്രന്റെ ഉപരിതല വിശേഷങ്ങള്‍ സഞ്ചാരികള്‍ നേരിട്ട് വിവരിച്ചു. വിക്ടര്‍ ഗ്ലോവര്‍ ചന്ദ്രനിലെ ചില കൊടുമുടികളെ മഞ്ഞു മൂടിക്കിടക്കുന്നവയോട് ഉപമിച്ചപ്പോള്‍, ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ സുഷിരങ്ങളുള്ള വിളക്കുമാടം പോലെയാണെന്ന് ക്രിസ്റ്റീന കോച്ച് വിവരിച്ചു. അത്യാധുനിക നിക്കോണ്‍ ക്യാമറകള്‍ക്ക് പുറമെ ഐഫോണുകളും അവര്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ഉപയോഗിച്ചു. അപ്പോളോ 12, 14 ദൗത്യങ്ങള്‍ ലാന്‍ഡ് ചെയ്ത സ്ഥലങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയും അവര്‍ ക്യാമറയിലാക്കി.
ദൗത്യത്തിനിടെ ചന്ദ്രന്റെ മറുപുറത്തേക്ക് പ്രവേശിച്ചപ്പോള്‍ ഭൂമിയുമായുള്ള ആശയവിനിമയം 40 മിനിറ്റോളം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. ‘മറുപുറത്ത് വെച്ച് കാണാം’ എന്ന വിക്ടര്‍ ഗ്ലോവറിന്റെ വാക്കുകള്‍ക്ക് ശേഷം നിശബ്ദമായ ആ നിമിഷങ്ങള്‍ നിയന്ത്രണ കേന്ദ്രത്തിന് ആശങ്കയുടേതായിരുന്നു. എങ്കിലും വിജയകരമായി ആശയവിനിമയം പുനഃസ്ഥാപിച്ചപ്പോള്‍ ക്രിസ്റ്റീന കോച്ചിന്റെ ആശ്വാസം നിറഞ്ഞ വാക്കുകള്‍ ആവേശം പകര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച അപ്പോളോ 13 കമാന്‍ഡര്‍ ജിം ലോവല്‍ നേരത്തെ റെക്കോര്‍ഡ് ചെയ്തുവെച്ച സന്ദേശം കേട്ടുകൊണ്ടാണ് സഞ്ചാരികള്‍ ആ ചരിത്ര ദിനം ആരംഭിച്ചത്. അദ്ദേഹം അപ്പോളോ 8 ദൗത്യത്തില്‍ കൊണ്ടുപോയ സില്‍ക്ക് പാച്ചും അവര്‍ ഈ യാത്രയില്‍ കൂടെ കരുതിയിരുന്നു.
ഏറ്റവും വൈകാരികമായ നിമിഷങ്ങള്‍ ദൗത്യത്തിന്റെ അവസാന ഭാഗത്തായിരുന്നു. ചന്ദ്രനില്‍ പുതുതായി കണ്ടെത്തിയ രണ്ട് ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കാന്‍ സഞ്ചാരികള്‍ അനുമതി തേടി. ദൗത്യത്തിന്റെ പേരായ ‘ഇന്റഗ്രിറ്റി’ എന്നും, 2020-ല്‍ അര്‍ബുദം ബാധിച്ച് അന്തരിച്ച കമാന്‍ഡര്‍ റീഡ് വൈസ്മാന്റെ ഭാര്യയുടെ സ്മരണാര്‍ത്ഥം ‘കരോള്‍’ എന്നും പേരിടാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. വൈസ്മാന്‍ വികാരാധീനനായ ആ നിമിഷം മറ്റ് സഹയാത്രികരും ഒപ്പം ചേര്‍ന്നു. ഈ പേരുകള്‍ ഔദ്യോഗികമാക്കാന്‍ ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന് നാസ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഭൂമിയിലേക്ക് തിരികെയുള്ള യാത്രയ്ക്കായി ഹോഴ്‌സ്-ഷൂ പാതയില്‍ ഇപ്പോള്‍ പേടകം പ്രവേശിച്ചു കഴിഞ്ഞു.
Content Summary: Artemis II sets new record as astronauts travel farther from Earth than ever before.
This post was last modified on April 7, 2026 10:53 am
Leave a Comment