പെന്‍ പിന്റര്‍ പ്രൈസ് നല്‍കി എന്നെ ആദരിച്ച ഇംഗ്ലീഷ് പെന്‍-ലെ അംഗങ്ങള്‍ക്കും ജൂറി അംഗങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ അവാര്‍ഡ് പങ്കിടാന്‍ ഞാന്‍ തീരുമാനിച്ച, ഈ വര്‍ഷത്തെ റൈറ്റര്‍ ഓഫ് കറേജ് അവാര്‍ഡ് ജേതാവിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് തുടങ്ങാമെന്ന് കരുതുന്നു.
എന്റെ കൂടെ അവാര്‍ഡ് പങ്കിടുന്ന ധീരനായ എഴുത്തുകാരന്‍ അലാ അബ്ദ് അല്‍ ഫത്താ, നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍. സെപ്റ്റംബറില്‍ താങ്കള്‍ ജയില്‍വിമോചിതനാവുമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ആശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്ര പെട്ടെന്ന് സ്വതന്ത്രനാക്കാന്‍ കഴിയാത്തവിധം അതിശയപ്പെടുത്തുന്ന എഴുത്തുകാരനും അപകടകാരിയായ ചിന്തകനുമാണ് താങ്കളെന്ന് ഈജിപ്ത് സര്‍ക്കാര്‍ തീരുമാനിച്ചു. എങ്കിലും നിങ്ങള്‍ ഇന്ന് ഞങ്ങളോടൊപ്പം ഈ മുറിയിലുണ്ട്. ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യക്തി താങ്കളാണ്. ജയിലിലിരുന്നുകൊണ്ട് താങ്കളെഴുതി ”എന്റെ വാക്കുകള്‍ക്ക് ശക്തി നഷ്ടപ്പെട്ടുവെങ്കിലും അത് എന്നില്‍നിന്ന് ഇപ്പൊഴും പുറത്തേക്കൊഴുകുന്നു. ചുരുക്കം ചിലരേ ശ്രദ്ധിക്കുന്നുള്ളൂവെങ്കിലും എന്റെ ശബ്ദം ഇപ്പോഴും നിലച്ചിട്ടില്ല.” ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് അലാ. വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നു.
അലയുടേയും എന്റേയും സുഹൃത്തായ നവോമി ക്ലേന്‍, ഭവതിക്കും അഭിവാദ്യങ്ങള്‍. ഈ രാത്രി ഇവിടെയുണ്ടായിരിക്കുന്നതിന് നന്ദി. എന്നെ സംബന്ധിച്ചിടത്തോളം ഒരു മുഴുവന്‍ ലോകം കിട്ടിയതുപോലെയാണ് അത്.
ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. കൂടാതെ, ഇവിടെ അദൃശ്യരാണെങ്കിലും, ഇവിടെയുള്ളവര്‍ക്കും എനിക്കും ഒരുപോലെ കാണാന്‍ കഴിയുന്ന അദൃശ്യരായവര്‍ക്കും എന്റെ സ്‌നേഹാഭിവാദ്യങ്ങള്‍. ഇന്ത്യയിലെ ജയിലുകളിലുള്ള എന്റെ സുഹൃത്തുക്കളും സഖാക്കളുമായവരെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അഭിഭാഷകര്‍, വിദ്യാഭ്യാസവിചക്ഷണര്‍, വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍ – ഉമര്‍ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, ഖാലിദ് സൈഫി, ഷാര്‍ജീല്‍ ഇമാം, റോണ വിത്സണ്‍, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത്. ഞാന്‍ സംസാരിക്കുന്നത് നിങ്ങളോടും കൂടിയാണ് ഖുറാം പര്‍വേയ്‌സ്. ഞാന്‍ പരിചയപ്പെട്ട ഏറ്റവും അവിസ്മരണീയരായ ചിലരില്‍ ഒരാളാണ് താങ്കള്‍. മൂന്ന് വര്‍ഷമായി താങ്കള്‍ ജയിലിലാണെന്ന് എനിക്കറിയാം. ഇര്‍ഫാന്‍ മെഹ്രാജ്, ഈ പറയുന്നത് നിങ്ങളോടും കൂടിയാണ്. കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ജയിലിലടയ്ക്കപ്പെട്ട് ജീവിതം തകര്‍ത്തെറിയപ്പെട്ട ആയിരക്കണക്കിനാളുകളോട്.
ഇംഗ്ലീഷ് പെന്നിന്റെയും പിന്റര്‍ പാനലിന്റേയും അദ്ധ്യക്ഷനായ റൂത്ത് ബോര്‍ത്വിക് ഈ പുരസ്‌കാരത്തെക്കുറിച്ച് എന്നോട് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞത്, ‘വ്യതിചലിക്കാതെ, അചഞ്ചലമായി, മൂര്‍ച്ചയുള്ള ബൗദ്ധികദാര്‍ഢ്യത്തോടെ’ ‘നമ്മുടെ ജീവിതത്തിന്റേയും നമ്മുടെ സമൂഹത്തിന്റേയും യാഥാര്‍ത്ഥ്യങ്ങളെ വ്യാഖ്യാനിക്കാന്‍’ ശ്രമിക്കുന്നവര്‍ക്കാണ് പിന്റര്‍ പ്രൈസ് നല്‍കിവരുന്നതെന്നാണ്. നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് ഹരോള്‍ഡ് പിന്റര്‍ നടത്തിയ പ്രസംഗത്തില്‍നിന്നുള്ള ഒരു ഉദ്ധരണിയാണ് അത്.
”അചഞ്ചലമായി’ എന്ന വാക്ക് ഒരുനിമിഷം എന്നെ പിടിച്ചുനിര്‍ത്തി. കാരണം, ഞാന്‍ എന്നെത്തന്നെ കാണുന്നത്, സ്ഥിരമായി ചഞ്ചലപ്പെടുന്ന ഒരു വ്യക്തിയായിട്ടാണ്.
‘ചഞ്ചലം’, ‘അചഞ്ചലം’ എന്ന വിഷയത്തെക്കുറിച്ച് ചെറുതായി സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഏറ്റവും നന്നായി പറഞ്ഞിട്ടുള്ളത് ഹാരോള്‍ഡ് പിന്റര്‍ തന്നെയാണ്.
”1980-കളില്‍, ലണ്ടനിലെ യു.എസ്. എംബസ്സിയില്‍ നടന്ന ഒരു മീറ്റിംഗില്‍ ഞാന്‍ സന്നിഹിതനായിരുന്നു.
”നിക്കരാഗ്വയ്‌ക്കെതിരായ കോണ്‍ട്രകളുടെ യുദ്ധത്തിന് കൂടുതല്‍ പണം നല്‍കണോ എന്ന ആലോചനയിലായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസ്. നിക്കരാഗ്വയുടെ ഭാഗത്തുനിന്ന് സംസാരിക്കാനുള്ള സംഘത്തിലെ ഒരംഗമായിരുന്നു ഞാന്‍. എന്നാല്‍, ആ സംഘത്തിലെ പ്രധാനി ഫാദര്‍ ജോണ്‍ മെറ്റ്കാഫ് ആയിരുന്നു. യു.എസ്. ഭാഗത്തിന്റെ തലവന്‍ റെയ്മണ്ട് സെയ്റ്റ്‌സായിരുന്നു (അംബാസിഡര്‍ കഴിഞ്ഞാല്‍ അടുത്തയാളായിരുന്നു അദ്ദേഹമപ്പോള്‍, പിന്നീട് അംബാസിഡറാവുകയും ചെയ്തു). ഫാദര്‍ മെറ്റ്കാഫ് ഇങ്ങനെ പറയുകയുണ്ടായി: ‘സര്‍, നിക്കരാഗ്വയുടെ വടക്കുള്ള പാരിഷിന്റെ ചുമതലയുള്ള ആളാണ് ഞാന്‍. എന്റെ ഇടവകയിലുള്ളവര്‍ ഒരു സ്‌കൂളും, ആരോഗ്യകേന്ദ്രവും, സാംസ്‌കാരികകേന്ദ്രവും നിര്‍മ്മിച്ചിരുന്നു. സമാധാനത്തോടെ ജീവിക്കുകയായിരുന്നു ഞങ്ങള്‍. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോണ്‍ട്രകള്‍ വന്ന് ഇടവകയെ ആക്രമിച്ചു. അവര്‍ എല്ലാം തകര്‍ത്തു. സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രം, സാംസ്‌കാരികനിലയം എല്ലാം. അവര്‍ നഴ്‌സുമാരേയും അദ്ധ്യാപികമാരേയും ബലാത്സംഗം ചെയ്തു, ഡോക്ടര്‍മാരെ കൊന്നു, ഏറ്റവും ഹിനമായി. പ്രാകൃതന്മാരെപ്പോലെയാണ് അവര്‍ പെരുമാറിയത്. ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ദയവായി ആവശ്യപ്പെടൂ’.
”വിവേചനബുദ്ധിയും ഉത്തരവാദിത്തബോധവും ഉന്നതമായ സംസ്‌കാരവുമുള്ളയാളെന്ന് പ്രസിദ്ധനായിരുന്നു റെയ്മണ്ട് സെയ്റ്റ്‌സ്. നയതന്ത്രമേഖലയില്‍ വളരെ ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം. ഫാദറിന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട്, ഒന്ന് നിര്‍ത്തി, ഗൗരവത്തോടെ റെയ്മണ്ട് മറുപടി പറയാന്‍ തുടങ്ങി. ‘ഫാദര്‍, ഞാനൊരു കാര്യം പറയട്ടേ. യുദ്ധത്തില്‍ എല്ലായ്‌പ്പോഴും നിരപരാധികള്‍ക്ക് അനുഭവിക്കേണ്ടിവരും.” മരവിപ്പിക്കുന്ന ഒരു നിശ്ശബ്ദത അവിടെ പരന്നു. ഞങ്ങള്‍ അദ്ദേഹത്തെ നിര്‍നിമേഷരായി നോക്കിനിന്നു. അയാള്‍ക്ക് ഒരു ചാഞ്ചല്യവുമുണ്ടായില്ല.”
”നമ്മുടെ രാഷ്ടപിതാക്കന്മാരുടെ ധാര്‍മ്മികനിലവാരമുള്ളവര്‍” എന്നാണ് പ്രസിഡന്റ് റീഗന്‍ കോണ്‍ട്രകളെ വിശേഷിപ്പിച്ചത് എന്ന് ഓര്‍മ്മ വേണം. ആ പ്രയോഗം അദ്ദേഹത്തിന് ഇഷ്ടമുള്ള ഒന്നായിരുന്നു. പിന്നീട് താലിബാനായി മാറിയ, സി.ഐ.എ. പിന്തുണയുള്ള അഫ്ഘാന്‍ മുജാഹിദീനുകളെ വിശേഷിപ്പിക്കാനും ഇതേ പദമാണ് അദ്ദേഹം ഉപയോഗിച്ചത്. അമേരിക്കന്‍ അധിനിവേശത്തിനും ആക്രമണത്തിനുമെതിരേ നീണ്ട് ഇരുപത് വര്‍ഷം യുദ്ധം ചെയ്ത് ഇന്ന് അഫ്ഘാനിസ്ഥാനില്‍ ഭരണം കൈയ്യാളുന്നത് ആ താലിബാനാണ്
കോണ്‍ട്രയ്ക്കും മുജാഹിദീനുകള്‍ക്കും മുമ്പ് വിയറ്റ്‌നാമില്‍ ഒരു യുദ്ധം നടന്നിരുന്നു. അന്നത്തെ യു.എസ്. സൈന്യത്തിന്റെ അചഞ്ചലമായ സിദ്ധാന്തം, ‘ചലിക്കുന്ന എല്ലാറ്റിനേയും കൊല്ലുക’ എന്നതായിരുന്നു. വിയറ്റ്‌നാമിലെ അമേരിക്കന്‍ യുദ്ധത്തെക്കുറിച്ചുള്ള പെന്റഗണ്‍ രേഖകള്‍ വായിച്ചാല്‍, എങ്ങിനെ വംശഹത്യ ചെയ്യാമെന്നതിനെക്കുറിച്ചുള്ള അചഞ്ചലമായ ചില ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് വായിച്ചാസ്വദിക്കാന്‍ കഴിയും. ആളുകളെ ഒറ്റയടിക്ക് കൊല്ലുന്നതാണോ, അതല്ല, പട്ടിണിക്കിട്ട് സാവധാനത്തില്‍ കൊല്ലുന്നതാണോ നല്ലത് എന്നതായിരുന്നു ചര്‍ച്ച. ഏതായിരിക്കും കൂടുതല്‍ നന്നായി തോന്നുക? എന്നാല്‍, ”ആയുസും സന്തോഷവും സമ്പത്തും” ആഗ്രഹിക്കുന്ന അമേരിക്കയിലെ ജനങ്ങളില്‍നിന്ന് വിഭിന്നമായി, ഏഷ്യക്കാര്‍ ”ജീവനഷ്ടവും സമ്പത്തിന്റെ നഷ്ടവും സമചിത്തതയോടെ അഭിമുഖീകരിക്കുന്നവരാണ്” എന്നതായിരുന്നു പെന്റഗണിലെ ഹൃദയാനുകമ്പയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട പ്രശ്‌നം. അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങള്‍ അതിന്റെ സ്വാഭാവികലക്ഷ്യത്തിലേക്ക് അതായത് തങ്ങളുടെ തന്നെ വംശനാശത്തിലേക്ക് എത്തിച്ചേരാന്‍ – ഏഷ്യക്കാര്‍ അമേരിക്കയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവത്രെ! അചഞ്ചലമായി നേരിടാന്‍ പറ്റാത്തവിധം വലിയൊരു ഭാരമായിരുന്നു അവര്‍ക്കത്!
മറ്റൊരു വംശഹത്യ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞ ഈ കാലത്തിലേക്ക് ഇതാ നമ്മള്‍, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും എത്തിച്ചേര്‍ന്നിരിക്കുന്നു. കൊളോണിയല്‍ അധിനിവേശത്തേയും വര്‍ണ്ണവിവേചന അവസ്ഥയേയും സംരക്ഷിക്കാന്‍ അമേരിക്കയും ഇസ്രായേലും ആദ്യം ഗാസയിലും ഇപ്പോള്‍ ലബനണിലും നടത്തിക്കൊണ്ടിരിക്കുന്നതും, അചഞ്ചലവും ടിവിയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നതുമായ, വംശഹത്യ. ഇതുവരെയുള്ള ഔദ്യോഗിക മരണനിരക്ക് 42,000 ആണ്. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അയല്‍പ്രദേശങ്ങളിലും മറ്റ് നഗരങ്ങളിലും, നിലവിളിയോടെ കെട്ടിടാവശിഷ്ടങ്ങളുടെയടിയിലും ഒടുങ്ങിപ്പോയവര്‍ ഈ കണക്കില്‍ വരില്ല. അവരുടെ മൃതദേഹങ്ങള്‍പോലും കണ്ടെടുക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ നടന്ന ഏതൊരു യുദ്ധത്തിലും കൊല്ലപ്പെട്ടതിനേക്കാളധികം കുട്ടികളെ ഗാസയില്‍ ഇസ്രയേല്‍ കൊന്നുതീര്‍ത്തു എന്ന് ഒക്‌സ്ഫാമിന്റെ ഒരു സമീപകാല പഠനം പറയുന്നു.
മറ്റൊരു വംശഹത്യയ്ക്കുനേരെ ദശലക്ഷക്കണക്കിന് യൂറോപ്പ്യന്‍ ജൂതന്മാര്‍ക്കുനേരെ നാസികള്‍ നടത്തിയത്- ആദ്യകാലത്ത് കൈക്കൊണ്ട നിര്‍വ്വികാരതയെക്കുറിച്ചുള്ള കൂട്ടായ കുറ്റബോധത്തെ ശമിപ്പിക്കാനായിരിക്കണം, ഇത്തവണ അമേരിക്കന്‍ ഐക്യനാടുകളും യൂറോപ്പും മറ്റൊരു വംശഹത്യയ്ക്ക് കളമെഴുതിയത്.
നാട്ടില്‍നിന്ന് ആട്ടിയോടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനുമുമ്പ് ഇസ്രായേല്‍ ആദ്യം ചെയ്തത് പലസ്തീനികളെ അപമാനവീകരിക്കുകയായിരുന്നു. വംശഹത്യയും വംശീയ ശുദ്ധീകരണവും ചെയ്യുന്ന ഏതൊരു രാജ്യവും ആദ്യം ചെയ്യുന്നത് അതാണെന്ന് ചരിത്രം നോക്കിയാല്‍ കാണാനാവും.
പ്രധാനമന്ത്രി മെനാചിം ബെഗിന്‍ പലസ്തീനികളെ വിളിച്ചത്, ‘ഇരുകാലില്‍ നടക്കുന്ന ജന്തുക്കള്‍’ എന്നായിരുന്നു. ഇഷാക്ക് റബീന്‍ അവരെ ‘ചവുട്ടിയരക്കേണ്ട’ ‘പുല്‍ച്ചാടികള്‍’ എന്ന് വിളിച്ചു. ഗോള്‍ഡ മെയ്ര്‍ പറഞ്ഞത്, ‘പലസ്തീനി എന്നൊരു സാധനമേ ഇല്ല’ എന്നായിരുന്നു. ഫാസിസത്തിനെതിരേ ധീരമായി പടവെട്ടിയ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞു: ‘നായക്കൂട്ടില്‍ കിടക്കുന്ന നായയ്ക്ക് ആ കൂട് അവകാശപ്പെട്ടതാണെന്ന് ഞാന്‍ സമ്മതിച്ചുതരില്ല. ഏറെക്കാലം അത് ആ കൂട്ടില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍പ്പോലും.’ ചര്‍ച്ചില്‍ ഇത്രയുംകൂടി പറഞ്ഞു, ‘അതിനുള്ള അവകാശം ഒരു ഉയര്‍ന്ന വംശത്തിന് മാത്രമാണ്’. ഈ ഇരുകാലി ജന്തുക്കളേയും പുല്‍ച്ചാടികളേയും നായകളേയും അസ്തിത്വമില്ലാത്ത മനുഷ്യരേയും കൊന്ന്, വംശീയമായി ശുദ്ധീകരിച്ച്, ചേരികളിലാക്കിക്കഴിഞ്ഞപ്പോള്‍ ഒരു പുതിയ രാജ്യം ജനിച്ചു. ‘ഭൂമിയില്ലാത്ത മനുഷ്യര്‍ക്ക് മനുഷ്യരില്ലാത്ത ഭൂമി’ എന്ന് അത് ആഘോഷിക്കപ്പെട്ടു. അമേരിക്കയ്ക്കും യൂറോപ്പിനുംവേണ്ടി മിഡില്‍ ഈസ്റ്റിന്റെ എല്ലാ പ്രകൃതിവിഭവങ്ങളും സ്രോതസ്സുകളും കടത്താനുള്ള പ്രവേശനകവാടവും സൈനിക കാവല്‍മാടവുമാണ് അണുവായുധശേഷിയുള്ള ഇസ്രായേല്‍ രാജ്യം. ലക്ഷ്യങ്ങളുടേയും ഉദ്ദേശ്യങ്ങളുടേയും മനോഹരമായ ഒരു യാദൃച്ഛികത.
എന്തെല്ലാം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും പുതിയ രാജ്യത്തിനെ അവര്‍ അചഞ്ചലമായും സന്ദേഹമില്ലാതെയും പിന്തുണച്ചു. ആയുധവും പണവും നല്‍കി. താലോലിക്കുകയും പുകഴ്ത്തുകയും ചെയ്തു. മേല്‍ക്കുമേല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും, സംരക്ഷിക്കുകയും അഭിമാനത്തോടെ പുഞ്ചിരിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുള്ള ഒരു സമ്പന്നവീട്ടിലെ കുട്ടിയെപ്പോലെ അത് വളര്‍ന്ന് വലുതായി. വംശഹത്യ നടത്തിയെന്ന് വീമ്പു പറയാന്‍ ഇന്നതിന് ധൈര്യം വന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല(ഒന്നുമില്ലെങ്കിലും പെന്റഗണ്‍ പേപ്പറുകള്‍ അതീവരഹസ്യമായിരുന്നു. മോഷ്ടിച്ച് ചോര്‍ത്തേണ്ടിവന്നു അതിലെ വിവരങ്ങളറിയാന്‍). മാന്യതയെക്കുറിച്ചുള്ള എല്ലാ ധാരണകളും ഇസ്രയേലി സൈനികര്‍ക്ക് നഷ്ടമായിരിക്കുന്നു. തങ്ങള്‍ കൊല്ലുകയോ ആട്ടിയോടിക്കുകയോ ചെയ്ത സ്ത്രീയുടെ അടിവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോകളിട്ട് നിറയ്ക്കാനോ, മരിച്ചുകൊണ്ടിരിക്കുന്ന പലസ്തീനികളേയോ മുറിവേറ്റ കുട്ടികളേയോ ബലാത്കാരത്തിനും പീഡനത്തിനും ഇരയായ തടവുകാരേയോ കളിയാക്കി അനുകരിച്ചുകൊണ്ട് വീഡിയോ ഇറക്കാനോ, കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ക്കുമ്പോള്‍ സിഗരറ്റ് വലിക്കാനോ, ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് പാട്ടുകേള്‍ക്കാനോ അവര്‍ക്ക് മടിയൊന്നുമില്ലാത്തതില്‍ അത്ഭുതപ്പെടാനില്ല. ആരാണീ മനുഷ്യര്‍?
ഇസ്രയേല്‍ ചെയ്യുന്നതിനെ എങ്ങിനെ ന്യായീകരിക്കാനാവും?
ഇതിനുള്ള ഇസ്രയേലിന്റേയും അവരുടെ സഖ്യരാഷ്ട്രങ്ങളുടേയും പടിഞ്ഞാറന്‍ മീഡിയകളുടേയും ഉത്തരം, കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങള്‍ എന്നാണ്. ഇസ്രയേലി പൗരന്മാരെ കൊന്നതും ബന്ദികളാക്കി പിടിച്ചുവെച്ചതും. അവരെ സംബന്ധിച്ചിടത്തോളം ചരിത്രം തുടങ്ങുന്നത് ഒരു വര്‍ഷം മുമ്പ് മാത്രമാണ്.
എന്റെ സംഭാഷണത്തിന്റെ ഈ ഭാഗത്തുവെച്ചാണ്, സ്വയം സംരക്ഷിക്കാനും എന്റെ ‘നിഷ്പക്ഷത’യും ബൗദ്ധിക നിലപാടും തെളിയിക്കാനും, ഞാന്‍ ഇരട്ടത്താപ്പിന്റെ ഭാഷയില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇവിടെവെച്ചാണ് ധാര്‍മ്മികമായ സമചിത്തതയിലേക്ക് വഴുതിവീണ്, ഗാസയിലെ ഹമാസിനേയും മറ്റ് സൈനികസംഘങ്ങളേയും ലെബനണിലെ അവരുടെ സഖ്യകക്ഷികളായ ഹിസ്ബുള്ളയേയും ഞാന്‍ കുറ്റപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പൗരന്മാരെ കൊന്നതിനും ബന്ദിയാക്കിയതിനും. ഹമാസിന്റെ ആക്രമണത്തില്‍ ആഘോഷിച്ച പലസ്തീനികളെ കുറ്റപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അത് ചെയ്തുകഴിഞ്ഞാല്‍ പിന്നെയെല്ലാം എളുപ്പമായി. ഓ, എല്ലാവരും ഭീകരന്മാരാണ്. നമുക്കെന്ത് ചെയ്യാന്‍ കഴിയും? ഒന്ന് കറങ്ങാന്‍ പോവുകയല്ലേ? കുറച്ച് ഷോപ്പിംഗ്?
ഞാന്‍ ആ കളിയില്‍ ചേരാന്‍ വിസമ്മതിക്കുന്നു. ഞാന്‍ വ്യക്തമാക്കട്ടെ. അടിച്ചമര്‍ത്തപ്പെടുന്നവരോട് എങ്ങിനെ ചെറുക്കണമെന്നോ, ആരെല്ലാം അതില്‍ അവരുടെ പങ്കാളികളാകണമെന്നോ പറയാന്‍ ഞാനാളല്ല.
2023 ഒക്ടോബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും യുദ്ധ ക്യാബിനറ്റിനോടും പറഞ്ഞത് ഇതാണ്: ‘ഒരു സയണിസ്റ്റാവാന്‍ നിങ്ങള്‍ ജൂതനാകണമെന്നില്ല. ഞാനൊരു സയണിസ്റ്റാണ്.’
ജൂതനല്ലാത്ത സയണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുകയും ആയുധവും പണവും നല്‍കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനില്‍നിന്ന് വിഭിന്നമായി, എന്റെ എഴുത്തിനേക്കാള്‍ എന്നെ കൊച്ചാക്കുന്ന വിധത്തില്‍ എന്നെ വ്യാഖ്യാനിക്കാനോ സ്വയം പ്രഖ്യാപിക്കാനോ എനിക്ക് സൗകര്യമില്ല. ഞാന്‍ എഴുതുന്നതെന്താണോ, അതാണ് ഞാന്‍.
എഴുത്തുകാരി എന്ന നിലയിലും, മുസ്ലിമല്ലാത്ത ഒരാള്‍ എന്ന നിലയിലും, സ്ത്രീ എന്ന നിലയിലും, ഹമാസിന്റേയോ, ഹിസ്ബുള്ളയുടേയോ ഇറാനിയന്‍ ഭരണകൂടത്തിന്റേയോ കീഴില്‍ എനിക്ക് നിലനില്‍ക്കാനാവില്ലെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. എന്നാല്‍, അതല്ല ഇവിടെ വിഷയം. ചരിത്രത്തെക്കുറിച്ചും, അവര്‍ നിലവില്‍ വരാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്നും നമ്മള്‍ നമ്മെത്തന്നെ പഠിപ്പിക്കേണ്ടതുണ്ട്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വംശഹത്യക്കെതിരേ ഈ നിമിഷത്തില്‍ അവര്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും സംഗതം. സ്വതന്ത്രചിന്താഗതിയും മതനിരപേക്ഷവുമായ ഒരു പോരാളിസംഘത്തിന് വംശഹത്യ നടത്തുന്ന സൈനികയന്ത്രത്തിനെതിരേ നീങ്ങാനാവുമോ എന്ന് നമ്മോടുതന്നെ ചോദിക്കുക എന്നതാണ് കാര്യം. കാരണം, ലോകത്തിലെ എല്ലാ ശക്തികളും അവര്‍ക്കെതിരെയാവുമ്പോള്‍, ദൈവമല്ലാതെ മറ്റെന്തിലേക്കാണ് അവര്‍ തിരിയേണ്ടത്? ഹിസ്ബുള്ളയ്ക്കും ഇറാനിയന്‍ ഭരണകൂടത്തിനുമെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ ആ രാജ്യങ്ങളില്‍ത്തന്നെ ഉണ്ടെന്ന് എനിക്കറിയാം. അവരില്‍ പലരും ജയിലില്‍ കഴിയുന്നുണ്ട്. അതിനേക്കാള്‍ മഹാനരകങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. ആവരുടെ ചില ചെയ്തികള്‍- ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലി പൗരന്മാരെ കൊന്നതും ബന്ദിയാക്കിയതുമൊക്കെ യുദ്ധക്കുറ്റകൃത്യമാണെന്ന് എനിക്കറിയാത്തതുമല്ല. എന്നാല്‍, ഇന്ന് ഇസ്രയേലും അമേരിക്കയും ഗാസയിലും വെസ്റ്റ് ബാങ്കിലും ലബനണിലും ചെയ്തുകൊണ്ടിരിക്കുന്നതുമായി അതിനെ ഒരിക്കലും സമീകരിക്കാനാവില്ല. ചരിത്രം ആരംഭിച്ചത് 2023 ഒക്ടോബര്‍ 7നല്ല.
പലസ്തീനില്‍ അധിനിവേശം നടത്തി അവിടുത്ത ജനസമൂഹത്തെ അടിച്ചമര്‍ത്തിയ ഇസ്രയേലിന്റെ പ്രവൃത്തിയിലാണ് ഒക്ടോബര്‍ 7-ലേതടക്കം എല്ലാ ആക്രമങ്ങളുടേയും വേരുകള്‍ കിടക്കുന്നത്,
ഞാന്‍ ചോദിക്കുന്നു, പതിറ്റാണ്ടുകളായി ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുപോലുള്ള ഒരപമാനം ഇച്ഛാപൂര്‍വ്വം സഹിക്കാന്‍ ഇന്ന് ഈ ഹാളില്‍ കൂടിയിരിക്കുന്നവരില്‍ എത്രപേര്‍ തയ്യാറാവും? ഏതെല്ലാം സമാധാന മാര്‍ഗ്ഗങ്ങളാണ് ഈ കാലത്തിനുള്ളില്‍ പലസ്തീനികള്‍ പരീക്ഷിക്കാതിരുന്നത്? മുട്ടിലിഴയാനും മണ്ണ് തിന്നാനുമൊഴിച്ചാല്‍, മറ്റെന്ത് വിട്ടുവീഴ്ചയ്ക്കാണ് അവര്‍ തയ്യാറാകാതിരുന്നത്?
ഇസ്രയേല്‍ സ്വയരക്ഷയ്ക്കായുള്ള യുദ്ധമല്ല നടത്തുന്നത്. അവര്‍ കൈയ്യേറ്റത്തിനായുള്ള യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍, തങ്ങളുടെ വര്‍ണ്ണവിവേചന സംവിധാനം ശക്തിപ്പെടുത്താന്‍, പലസ്തീന്‍ ജനതയുടേയും പ്രദേശത്തിന്റേയും മേലുള്ള നിയന്ത്രണം കൂടുതല്‍ മുറുക്കാന്‍.
2023 ഒക്ടോബര്‍ 7 മുതല്‍, പതിനായിരക്കണക്കിനാളുകളെ കൊല്ലുക മാത്രമല്ല, ഗാസയിലെ ജനസംഖ്യയുടെ ഭൂരിപക്ഷത്തേയും നാടുകടത്തുക കൂടിയാണ് ഇസ്രയേല്‍ ചെയ്തത്. ആശുപത്രികള്‍ ബോംബിട്ട് നിരപ്പാക്കി. ഡോക്ടര്‍മാരേയും തൊഴിലാളികളേയും പത്രപ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച് മനപ്പൂര്‍വ്വം കൊന്നുകളഞ്ഞു. ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ടു. അവരുടെ ചരിത്രത്തെ മായ്ക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം ധാര്‍മ്മികവും ഭൗതികവുമായ പിന്തുണ നല്‍കിയതാകട്ടെ ലോകത്തെ ഏറ്റവും ശക്തരായ ഭരണകൂടങ്ങളും, അവരുടെ മാധ്യമങ്ങളും (ഇവിടെ ഞാന്‍ എന്റെ രാജ്യത്തെ, ഇന്ത്യയേയും ഉള്‍പ്പെടുത്തുന്നു. ആയിരക്കണക്കിന് തൊഴിലാളികളെയും ആയുധങ്ങളുമാണ് ഇന്ത്യ ഇസ്രയേലിലേക്ക് കയറ്റിയയച്ചത്). ഈ രാജ്യങ്ങളും ഇസ്രയേലും ഒറ്റക്കെട്ടാണ് ഇതില്‍. കഴിഞ്ഞ വര്‍ഷം മാത്രം ഇസ്രയേലിനുള്ള സൈനികസഹായമായി യു.എസ്. നല്‍കിയത് 17.9 ബില്ല്യണ്‍ ഡോളറാണ്. അതുകൊണ്ട്, യു.എസ് ഈ വിഷയത്തില്‍ ഒരു മദ്ധ്യസ്ഥന്റെ റോളിലാണെന്ന, അഥവ, അമേരിക്കന്‍ ഇടതുരാഷ്ട്രീയത്തിന്റെ അങ്ങേയറ്റത്തുള്ള അലക്‌സാണ്ട്രിയ ഒകാഷ്യോ-കോര്‍ട്ടസ് വിശേഷിപ്പിച്ചതുപോലെ, ‘വെടിനിര്‍ത്തലിന് അക്ഷീണമായി പ്രവര്‍ത്തിക്കുന്ന യു.എസ്’ എന്നതുപോലെയൊക്കെയുള്ള കല്ലുവെച്ച നുണ നമുക്ക് എന്നന്നേക്കുമായി തള്ളിക്കളയാം. ഒരു വംശഹത്യയില്‍ പങ്കെടുക്കുന്ന കക്ഷിക്ക് ഒരിക്കലും മധ്യസ്ഥനാവുക സാധ്യമല്ലതന്നെ.
ലോകത്തൊട്ടാകെയുള്ള അധികാരത്തിനും, പണത്തിനും, ആയുധങ്ങള്‍ക്കും പ്രചാരണവേലകള്‍ക്കും മറയ്ക്കാന്‍ കഴിയാത്ത മുറിവാണ് പലസ്തീന്‍. ഇസ്രയേലടക്കം ലോകത്തെ മുഴുവന്‍ ചോരയും ചോര്‍ന്നുപോകുന്ന വലിയൊരു മുറിവ്.
വംശഹത്യ നടപ്പാക്കാന്‍ ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളിലെ ഭൂരിപക്ഷമാളുകളും അതിനോട് യോജിക്കുന്നില്ലെന്ന് കണക്കെടുപ്പുകള്‍ കാട്ടിത്തരുന്നുണ്ട്. അത്തരത്തിലുള്ള ലക്ഷക്കണക്കിനാളുകളുടെ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടു തങ്ങളുടെ ചിലവില്‍ നടക്കുന്ന യുദ്ധത്തെ വെറുക്കുകയും സ്വന്തം രാജ്യത്തിന്റെ നുണകള്‍ കേട്ട് സഹികെട്ടവരുമായ യുവതലമുറയില്‍പ്പെട്ട ജൂതരുടെ പ്രകടനങ്ങള്‍. ഇസ്രയേലിനും സയണിസത്തിനുമെതിരേ പ്രതിഷേധിച്ച ജൂത പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരേ സെമിറ്റിക് വിരോധക്കുറ്റം ആരോപിക്കുകയും ചെയ്യുന്ന ഒരു ജര്‍മ്മന്‍ പൊലീസിനെ ഈ ജന്മത്തില്‍ കാണാനാവുമെന്ന് എന്നെങ്കിലും നമ്മള്‍ പ്രതീക്ഷിച്ചിരുന്നുവോ? തങ്ങളുടെ അടിസ്ഥാനതത്വമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ബലികൊടുത്തുകൊണ്ട്, ഇസ്രയേലിനെ പ്രീണിപ്പിക്കുന്നതിനായി, പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ യു.എസ്. നിരോധിക്കുമെന്ന് നമ്മളാരെങ്കിലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പടിഞ്ഞാറന്‍ ജനാധിപത്യത്തിന്റെ ധാര്‍മ്മിക ശില്പികളെന്ന് പാടിപ്പുകഴ്ത്തപ്പെട്ടവര്‍ – ചുരുക്കം ചിലരൊഴിച്ച് ലോകത്തിന്റെ മുമ്പില്‍ കോമാളികളായി മാറിക്കഴിഞ്ഞിരിക്കുന്നു.
പുഴ മുതല്‍ കടല്‍വരെ നീണ്ടുകിടക്കുന്ന ഇസ്രയേലും മായ്ക്കപ്പെട്ട പലസ്തീനുമുള്ള ഒരു ഭൂപടം ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിക്കാട്ടുമ്പോള്‍, ജൂതന്മാരുടെ ജന്മഭൂമി എന്ന സ്വപ്നം സഫലീകരിച്ച ദീര്‍ഘദര്‍ശിയായി അയാള്‍ കൊണ്ടാടപ്പെടുന്നു.
എന്നാല്‍, ‘പുഴ മുതല്‍ കടല്‍വരെ, പലസ്തീന്‍ സ്വതന്ത്രമാവും’ എന്ന് പലസ്തീനും അവരെ അനുകൂലിക്കുന്നവരും മന്ത്രിക്കുമ്പോള്‍, ജൂതന്മാരുടെ വംശഹത്യയ്ക്കായി മുറവിളി കൂട്ടുന്നവരായി അവര്‍ മുദ്രകുത്തപ്പെടുന്നു.
ശരിക്കും അങ്ങിനെത്തന്നെയാണോ? അതോ, അവനവന്റെ കണ്ണിലെ ഇരുട്ട് മറ്റുള്ളവരിലേക്കും പകര്‍ത്തുന്ന വികലമായ ഭാവന മാത്രമാണോ അത്? വൈവിധ്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത, ലോകത്ത് മറ്റെല്ലാവരും ചെയ്യുന്നതുപോലെ മറ്റുള്ള മനുഷ്യരുമായി, സമഭാവനയോടെ, തുല്യമായ അവകാശത്തോടെ ഒരുമിച്ചൊരു രാജ്യത്ത് ജീവിക്കാന്‍ അറിയാത്തവരുടെ ഭാവനയാണോ അത്? ദക്ഷിണാഫ്രിക്കയെപ്പോലെ, ഇന്ത്യയെപ്പോലെ, കൊളോണിയല്‍ ഭരണത്തിന്റെ നുകം വലിച്ചെറിഞ്ഞ മറ്റെല്ലാ രാജ്യങ്ങളേയുംപോലെ സ്വതന്ത്രമാവാന്‍ പലസ്തീനികളും ആഗ്രഹിക്കുന്നു എന്നത് അംഗീകരിക്കാന്‍ കഴിയാത്ത ഭാവന? വൈവിധ്യമുള്ളതും, ഒരുപക്ഷേ വളരെയധികം പോരായ്മകളുള്ളതുമാണെങ്കിലും സ്വതന്ത്രമായ രാജ്യങ്ങള്‍. ‘അമാന്‍ഡ്”ല’, അഥവാ, അധികാരം ജനങ്ങള്‍ക്ക് എന്ന് ദക്ഷിണാഫ്രിക്കക്കാര്‍ മുദ്രാവാക്യമുയര്‍ത്തിയത്, വെള്ളക്കാരെ വംശഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നോ? അല്ല. വര്‍ണ്ണവിവേചന രാഷ്ട്രത്തെ ഇല്ലാതാക്കാനായിരുന്നു. പലസ്തീനികള്‍ ചെയ്യുന്നതും അതുതന്നെയാണ്.
ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന യുദ്ധം ഭീകരമായ ഒന്നാണ്. എന്നാല്‍ ഇത് ആത്യന്തികമായി ഇസ്രയേലിന്റെ വര്‍ണ്ണവിവേചനത്തെ ഇല്ലാതാക്കുകതന്നെ ചെയ്യും. ലോകം എല്ലാവര്‍ക്കും സുരക്ഷിതമായ ഒരിടമായിത്തീരും, ജൂതന്മാര്‍ക്കുപോലും അതില്‍മാത്രം ഒതുങ്ങിനില്‍ക്കില്ല അത്. മുറിവേറ്റ ഹൃദയത്തില്‍നിന്ന് ഒരു അമ്പ് വലിച്ചൂരുന്നതുപോലെയാവും അത്.
ഇസ്രയേലിനുള്ള പിന്തുണ യു.എസ്. ഭരണകൂടം പിന്‍വലിച്ചാല്‍, ഇന്ന് ഈ നിമിഷം യുദ്ധം അവസാനിക്കും. ശത്രുതകള്‍ ഇവിടെവെച്ച് അവസാനിക്കും. ഇസ്രയേല്‍ ബന്ദികള്‍ വിമോചിതരാകും. പലസ്തീന്‍ തടവുകാര്‍ വിട്ടയയ്ക്കപ്പെടും. യുദ്ധത്തിനുശേഷം ഹമാസും, പലസ്തീനിലെ തത്പരകക്ഷികളുമായും നടക്കാന്‍ പോകുന്ന ചര്‍ച്ചകള്‍ ഇന്നുതന്നെ നടത്താനും, ദശലക്ഷക്കണക്കിനാളുകളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും കഴിയും. ഈയൊരു നിര്‍ദ്ദേശം ഒരു ഫലിതമായി, ബാലിശചിന്തയായി മിക്കവരും കാണുന്നത് എത്ര സങ്കടകരമാണ.്
എന്റെ ഈ വാക്കുകള്‍ അവസാനിപ്പിക്കുമ്പോള്‍, അലാ അബ്ദ് അല്‍-ഫത്ത, ഞാന്‍ താങ്കളിലേക്ക് മടങ്ങിവരട്ടെ. ‘യൂ ഹാവ് നോട്ട് യെറ്റ് ബീന്‍ ഡിഫീറ്റഡ്’ (നിങ്ങളെ ഇപ്പോഴും തോല്‍പ്പിക്കാനായിട്ടില്ല) എന്ന പേരിലുള്ള താങ്കളുടെ ജയിലിലെ എഴുത്തുകളിലേക്ക്. വിജയത്തിന്റേയും തോല്‍വിയുടേയും അര്‍ത്ഥത്തെക്കുറിച്ച് നിരാശയുടെ കണ്ണുകളിലേക്ക് സത്യസന്ധമായി നോക്കേണ്ടതിന്റെ രാഷ്ട്രീയമായ ആവശ്യത്തെക്കുറിച്ച് – എഴുതപ്പെട്ട ഇത്ര മനോഹരമായ വാക്കുകള്‍ ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല. തന്റെ അവസ്ഥയില്‍നിന്നും, പട്ടാളമേധാവികളില്‍നിന്നും, നഗരചത്വരത്തിലെ മുദ്രാവാക്യങ്ങളില്‍നിന്നും അകലം പാലിച്ചുകൊണ്ട് ഒരു പൌരന്‍ ഇത്ര തെളിമയോടെ എഴുതിയ എഴുത്ത് ഞാന്‍ വായിച്ചിട്ടുമില്ല.
”കേന്ദ്രമാണ് രാജ്യദ്രോഹം. കാരണം, അതില്‍ ജനറലിനുമാത്രമേ ഇടമുള്ളൂ. കേന്ദ്രമാണ് രാജ്യദ്രോഹം, ഞാനൊരിക്കലും അതായിരുന്നിട്ടില്ല. ഞങ്ങളെ അരികുകളിലേക്ക് തള്ളിമാറ്റിയെന്ന് അവര്‍ കരുതി. ഞങ്ങള്‍ ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. കുറച്ചുനേരത്തേക്ക് ഞങ്ങള്‍ സ്വയം നഷ്ടപ്പെട്ടവരായി എന്നുമാത്രം. ഞങ്ങളുടെ സ്വപ്നങ്ങള്‍ സൂക്ഷിക്കാന്‍ പറ്റിയ വലിപ്പമുള്ള ബാലറ്റ് പെട്ടികളോ, കൊട്ടാരങ്ങളോ, മന്ത്രിസഭകളോ, ജയിലുകളോ, എന്തിന് കല്ലറകള്‍പോലുമോ ഭൂമിയിലില്ല. ഞങ്ങളൊരിക്കലും കേന്ദ്രത്തെ കാംക്ഷിച്ചില്ല, കാരണം, സ്വപ്നങ്ങളെ ഉപേക്ഷിക്കുന്നവരൊഴിച്ച് മറ്റാര്‍ക്കും അതില്‍ ഇടമില്ല. ചത്വരങ്ങള്‍ക്കുപോലും ഞങ്ങളെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമില്ല. അതിനാല്‍, വിപ്ലവത്തിന്റെ യുദ്ധങ്ങളധികവും നടന്നത് പുറത്തുവെച്ചാണ്. മിക്കവാറും എല്ലാ വീരയോദ്ധാക്കളും ചിത്രത്തിന് പുറത്തായിരുന്നു.”
ഗാസയിലും ഇപ്പോള്‍ ലബനണിലും നമ്മള്‍ സാക്ഷ്യം വഹിക്കുന്ന ഭീകരത വളരെപ്പെട്ടെന്ന് ഒരു പ്രാദേശികയുദ്ധമായി വളരുമ്പോള്‍, യഥാര്‍ത്ഥ വീരന്മാര്‍ ചിത്രത്തിന് പുറത്ത് നില്‍ക്കുകയാണ്. അവര്‍ പൊരുതിക്കൊണ്ടിരിക്കുന്നു, കാരണം, അവര്‍ക്കറിയാം, ഒരു നാള്‍..
പുഴമുതല്‍ കടല്‍വരെ
പലസ്തീന്‍ സ്വതന്ത്രമാവും.
അത് അങ്ങിനെത്തന്നെ സംഭവിക്കും.
കലണ്ടറില്‍ നോക്കിക്കോളൂ, ഘടികാരത്തിലല്ല.
കാരണം, അങ്ങിനെയാണ് ജനതകള്‍ – ജനറല്‍മാരല്ല സ്വന്തം വിമോചനത്തിനായി പൊരുതുന്ന മനുഷ്യര്‍, സമയത്തെ അളക്കുന്നത്. Arundhati’s Pen Pinter Prize award speech
Content Summary; Arundhati’s Pen Pinter Prize award speech