January 22, 2025 |

ബലാല്‍സംഗത്തിന് വധശിക്ഷ, കൈവിലങ്ങ് തിരിച്ച് വരുന്നു: മാറ്റങ്ങളും ആശയകുഴപ്പങ്ങളുമായി പുതിയ ക്രിമനല്‍ നിയമം

മൊത്തം 533 വകുപ്പുകളാണ് പുതിയ നിയമത്തില്‍

ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവക്ക് ബദലായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ കിട്ടാവുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികാര പരിധി കണക്കാക്കാതെ രാജ്യത്ത് ഏത് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യാം. പിന്നീട് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് മാറ്റും. പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം.
ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണം. ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് പുതിയ നിയമത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ലൈംഗികാതിക്രമം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. പൊതുപ്രവര്‍ത്തകരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമുള്ള കേസുകളില്‍ അപേക്ഷ ലഭിച്ചാല്‍ 120 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം.

ദുരുപയോഗത്തിന് സാധ്യതയും

വ്യാപക ദുരുപയോഗത്തിന് സാധ്യതയുള്ളതാണ് ഭാരതീയ ന്യായ് സംഹിതയിലെ 150-ാം വകുപ്പ്. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പിന് ( രാജ്യദ്രോഹക്കുറ്റത്തിന്) പകരം കൊണ്ടുവന്ന വകുപ്പാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ വകുപ്പ് വിലങ്ങുതടിയാവും.124 എ സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമാണ് പുതിയ നിയമം. ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്ന വിഭാഗത്തില്‍ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവെന്നാണ് നിയമം വ്യവസ്ഥചെയ്യുന്നത്.

വ്യാപക ദുരുപയോഗത്തിന് സാധ്യതയുള്ളതാണ് ഭാരതീയ ന്യായ് സംഹിതയിലെ 150-ാം വകുപ്പ്. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പിന് ( രാജ്യദ്രോഹക്കുറ്റത്തിന്) പകരം കൊണ്ടുവന്ന വകുപ്പാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ വകുപ്പ് വിലങ്ങുതടിയാവും

അട്ടിമറി, അരാജക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് കുറ്റമായി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് അട്ടിമറി, അരാജക പ്രവര്‍ത്തനമെന്ന് നിര്‍വചിച്ചിട്ടില്ല. ഇതോടെ പൊലീസിന് ഏതും അട്ടിമറിയോ അരാജകപ്രവര്‍ത്തനമോ ആയി വ്യാഖ്യാനിക്കാം.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി. തുടര്‍ന്ന് 2024 ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

Post Thumbnail
കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കുന്ന ബംഗാളിലെ ബോംബ് രാഷ്ട്രീയംവായിക്കുക

ഒഴിവാക്കപ്പെടുന്ന 9 വകുപ്പുകള്‍

ക്രിമിനല്‍ നടപടി നിയമം 1973 ഭാരതീയ നാഗരിക് സുരക്ഷ സംഹിത  ആയി മാറുമ്പോള്‍ ഒന്‍പതു വകുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 160 വകുപ്പുകള്‍ ഭേദഗതി വരുത്തുന്നു, ഒമ്പത് പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. മൊത്തം 533 വകുപ്പുകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിഎന്‍എസ്എസിന്റെ സ്‌കീമിലെ നിര്‍ണായക പങ്കാളിയാണ് നാഗരിക്. ഒരു നാഗരിക്ക് പരാതിക്കാരനോ ഇരയോ അല്ലെങ്കില്‍ പ്രതിയോ ആകാം. അപ്പോള്‍ എങ്ങനെയാണ് ബിഎന്‍എസ്എസ് അതിന്റെ മുന്‍ഗാമിയായ സിആര്‍പിസിയെക്കാള്‍ മികച്ച ഒരു പരിഹാര സംവിധാനം വാഗ്ദാനം ചെയ്യുന്നത്? പ്രതിപാദിച്ചിരിക്കുന്ന കടമകളും അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഒരു കുറ്റവാളിയെ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനുമുള്ള ഭരണകൂടത്തിന്റെ അവകാശത്തിനും ഇടയില്‍ തികഞ്ഞ സന്തുലിതാവസ്ഥ ഉണ്ടാക്കുമോ എന്നത് ചോദ്യ ചിഹ്നമാണ്.

പരാതികളുടെ കൈകാര്യം

2014-ന് മുമ്പ്, പരാതികള്‍ ഔദ്യോഗികമായി രേഖപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും മടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നിയമനടപടികള്‍ ആരംഭിക്കുന്നതിന് ഇതുമൂലം കാലതാമസം നേരിട്ടിരുന്നു. കഴിയാവുന്ന വേഗത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കോടതി വിധി വരുന്നത് ലളിത കുമാരി വേഴ്‌സസ് യുപി എന്ന കേസിലാണ്. എന്നാല്‍ ബിഎന്‍എസ്എസ് അനുസരിച്ച്, മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുകയുള്ളു. സാധാരണ ക്രിമിനല്‍ നിയമത്തില്‍, എഫ്ഐആര്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയാണ് പതിവ്. അതിനു വിപരീതമായി ഈ പുതിയ സംവിധാനത്തിന് കീഴില്‍, ഒരു വ്യക്തിക്ക് അവര്‍ക്കെതിരായ നിര്‍ദ്ദിഷ്ട ആരോപണങ്ങള്‍ പൊലീസ് നോട്ടീസുകളോ സമന്‍സുകളോ ആയി ലഭിച്ചേക്കാം. കൂടാതെ, പുതിയ നിയമപ്രകാരം പ്രാഥമിക അന്വേഷണ സമയത്ത് എഫ്ഐആറിന്റെ പകര്‍പ്പ് പങ്കിടേണ്ട ആവശ്യമില്ല, ഇത് പ്രക്രിയയുടെ തുടക്കത്തില്‍ തന്നെ ഒരു പകര്‍പ്പ് പങ്കിടണമെന്ന് പറയുന്ന സുപ്രിം കോടതി തീരുമാനത്തിന് വിരുദ്ധമാണ്. ഈ പ്രാഥമിക അന്വേഷണത്തിന്റെ, നോട്ടീസുകള്‍ സ്വീകരിക്കുന്ന വ്യക്തിയുമായുള്ള വ്യവസ്ഥകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (2002), പ്രവര്‍ത്തിക്കുന്ന രീതിക്ക് സമാനമാണ്. ഇവിടെ നോട്ടീസ് സ്വീകരിക്കുന്ന വ്യക്തിയെ സംശയാസ്പദമായോ സാക്ഷിയായോ മാത്രമായി കണക്കാക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. സംശയിക്കപ്പെടുന്ന ആളാണോ അതോ സാക്ഷി മാത്രമാണോ എന്നറിയാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനുള്ള സാധ്യതകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കും. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി വ്യക്തികളെ കണക്കാക്കണമെന്ന നടപടിയില്‍ നിന്ന് ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 175(3), സെക്ഷന്‍ 43(3) തുടങ്ങിയ ചില വകുപ്പുകള്‍ വ്യതിചലിക്കുന്നതായി കാണാം.

തിരിച്ചുവരുന്ന കൈവിലങ്ങ് സമ്പ്രദായം

1934-ലെ പഞ്ചാബ് പൊലീസ് റൂളിന്റെ 26, 27 ചട്ടങ്ങള്‍ പ്രകാരം, ചില കുറ്റകൃത്യങ്ങളില്‍ പ്രതികളായ പ്രത്യേക വിചാരണക്കാര്‍ക്ക്(പരമാവധി മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന)കൈവിലങ്ങ് നിര്‍ബന്ധമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഇതെന്ന് കണ്ടെത്തിയ സുപ്രിം കോടതി കൈവിലങ്ങ് വയ്ക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. സുനില്‍ ബത്രയും ഡല്‍ഹി സ്റ്റേറ്റ് എന്‍സിടിയും തമ്മിലുള്ള കേസോടെ കൈ വിലങ്ങ് അണിയിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 43(3) കുറ്റാരോപിതരായ വ്യക്തികളെ കൈവിലങ്ങ് ധരിപ്പിക്കണമെന്നു പറയുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവരില്‍ കൈവിലങ്ങ് ധരിപ്പിക്കേണ്ടെങ്കിലും ഇത് അനിവാര്യമാണെന്ന് തെളിയിക്കുന്ന കേസുകളില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കൈവിലങ്ങ് അണിയിക്കാം.

Post Thumbnail
8ാം ക്ലാസുകാരനു നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; സ്വകാര്യഭാഗത്ത് വടി കയറ്റി ആന്തരികാവയവങ്ങള്‍ തകര്‍ത്തുവായിക്കുക

സ്വാഭാവിക ജാമ്യം new criminal law

അറസ്റ്റ് ചെയ്ത് 60 അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുന്നതാണ് ഇതുവരെ നില നിന്നിരുന്ന രീതി. ആദ്യത്തെ 15 ദിവസത്തേക്കു മാത്രമേ ഒരാളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ 15 ദിവസത്തെ പരിധി എപ്പോള്‍ ബാധകമാണ് എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സിബിഐ വേഴ്‌സസ് അനുപം ജെ. കുല്‍ക്കര്‍ണി, ദേവേന്ദര്‍ കുമാര്‍ വേഴ്‌സസ് ഹരിയാന എന്നീ രണ്ടു കേസുകളില്‍ പൊലീസ് കസ്റ്റഡി പരിഗണിക്കുന്നത് ആദ്യത്തെ 15 ദിവസത്തേക്കായിരിക്കണം എന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതേസമയം സിബിഐ വേഴ്‌സസ് വികാസ് മിശ്ര കേസിലെ വിധി അനുസരിച്ച് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേസുകളില്‍ 15 ദിവസത്തിന് ശേഷവും പൊലീസിന് കസ്റ്റഡി ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി കണ്ടെത്തിയിരുന്നു. സിആര്‍പിസിയുടെ സെക്ഷന്‍ 167(2)ലെ വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാളെ 15 ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പൊലീസിന് കഴിയില്ല. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ 15 ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലീസിന് സാധിക്കും. ഷീല ബാര്‍സെ ഡി.കെ. ബസു കേസുകളില്‍ പൊലീസ് ലോക്കപ്പുകള്‍ പീഡനത്തിന്റെയും ഭരണകൂട അതിക്രമങ്ങളുടെയും കേന്ദ്രമാണെന്ന് സുപ്രിം കോടതി കണ്ടെത്തിയിരുന്നത്. സിആര്‍പിസിയുടെ സെക്ഷന്‍ 167(2)ക്ക് കീഴിലുള്ള ഇത്തരമൊരു സംരക്ഷണം 1978-ല്‍ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ അതിക്രമങ്ങള്‍ക്കെതിരായ കുറ്റാരോപിതരുടെ അവകാശം കവര്‍ന്നെടുക്കാതെ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കാനായാണ്.

യുഎപിഎയുടെ സെക്ഷന്‍ 43 ഡി, പൊലീസ് കസ്റ്റഡി പരമാവധി 30 ദിവസത്തേക്ക് പരിമിതപ്പെടുത്തുന്നു. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സത്യവാങ്മൂലത്തില്‍ കാരണങ്ങള്‍ വെളിപ്പെടുത്താനും അത്തരം കസ്റ്റഡി ആവശ്യപ്പെടുന്നതിനുള്ള കാലതാമസം വിശദീകരിക്കാനും നിയമം ബാധ്യസ്ഥപ്പെടുത്തുന്നുണ്ട്. യുഎപിഎയെ നിയമങ്ങളെ മറികടന്നുകൊണ്ട് ബിഎന്‍എസ്എസ് നിയമം കൂടുതല്‍ ദൈര്‍ഘ്യമുള്ള പൊലീസ് കസ്റ്റഡി അനുവദിക്കുന്നുണ്ട്. ഇത്തരമൊരു നിയമത്തില്‍ പരാമര്‍ശിക്കുന്ന സുരക്ഷ എവിടെയാണ് ?
ചുരുക്കത്തില്‍ കുറ്റാരോപിതരായ വ്യക്തികളുടെ അവകാശങ്ങളില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന ഒരു സുപ്രധാന നിയമ ചട്ടക്കൂടായി പുതിയ നിയമം മാറുന്നുണ്ട്. വ്യക്തമായ നിയന്ത്രണങ്ങളില്ലാതെ എന്നാല്‍ പോലീസിന് വിശാലമായ അധികാരങ്ങള്‍ ബിഎന്‍എസ്എസ് നല്‍കുന്നുണ്ട്. നിയമപാലകരുടെ ഈ ആവശ്യങ്ങളും ആളുകളുടെ വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പഴുതുകളില്ലാതെ കുറ്റമറ്റതാക്കിയ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു നിയമത്തെ പുതിയ കാലത്തിന് അനുയോജിക്കുന്ന തരത്തില്‍ മാറ്റി നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ഫലപ്രദമായാണ് മാറേണ്ടത്. എന്നാല്‍ ഇവിടെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും മറ്റു രണ്ടു നിയമങ്ങളും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സാഹചര്യമാണ് ചൂണ്ടി കാണിക്കുന്നത്.

Post Thumbnail
വാര്‍ത്തകള്‍ അവസാനിപ്പിച്ച് രാമചന്ദ്രന്‍വായിക്കുക

 

English summary: As new criminal laws take effect from July 1, legal community braces for change

×