June 04, 2026 |
Share on

ബിഹാറില്‍ ബിജെപിയെ വീഴ്ത്തണം; ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കാന്‍ ഒവൈസി

പ്രതിപക്ഷ സഖ്യമായ മഹാഗദ്ബന്ധനില്‍ സഖ്യം ചേരാന്‍ എഐഎംഐഎം

വരാനിരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം), ആർജെഡി(രാഷ്ട്രീയ ജനതാദൾ)യുടെ നേതൃത്വത്തിലുള്ള മഹാ​ഗദ്ബന്ധനൊപ്പം ചേർന്ന് മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.

ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും നേതൃത്വം നൽകുന്ന ആർജെഡിയാണ് നിലവിൽ മഹാഗദ്ബന്ധനെ നയിക്കുന്നത്. ആർജെഡിക്ക് പുറമെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും (സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ-എൽ) ആണ് പ്രതിപക്ഷ മഹാ​ഗദ്ബന്ധനിലുള്ളത്.

മഹാഗത്ബന്ധനുമായി സഖ്യം രൂപീകരിക്കാൻ എഐഎംഐഎമ്മിന് താൽപര്യമുണ്ടെന്നും ആർജെഡിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എഐഎംഐഎംയുടെ ദേശീയ വക്താവ് ആദിൽ ഹസൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ‘ബിഹാറിലെ എഐഎംഐഎം നേതാക്കൾ ആർജെഡിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായും ആർജെഡിയുമായും സഖ്യത്തിലേർപ്പെടാൻ പാർട്ടി ആ​ഗ്രഹിക്കുന്നു. മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിലും എ.ഐ.എം.ഐ.എം ഉചിതമായ നിലപാട് സ്വീകരിക്കാൻ തയ്യാറാണെന്നും’ ആദിൽ ഹസൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 50 ൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ എഐഎംഐഎം പദ്ധതിയിട്ടിട്ടുണ്ടെങ്കിലും , സഖ്യത്തിൽ ഉൾപ്പെടുത്തിയാൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ആധിപത്യമുള്ള സീമാഞ്ചൽ മേഖലയിൽ (അരാരിയ, പൂർണിയ, കതിഹാർ, കിഷൻഗഞ്ച്) 20 സീറ്റുകളിൽ എഐഎംഐഎം മത്സരിക്കുകയും 5 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. അന്ന് എഐഎംഐഎം ബിഎസ്പിയുമായും ആർഎൽഎസ്പിയുമായും സഖ്യത്തിലായിരുന്നു .

എന്നാൽ 2022 ൽ അഞ്ച് എഐഎംഐഎം എംഎൽഎമാരിൽ 4 പേർ ആർജെഡിയിലേക്ക് കൂറുമാറി. അതോടെ ബിഹാറിലെ പാർട്ടിയുടെ ഏക എംഎൽഎയായി അഖ്തറുൽ ഇമാൻ മാറുകയായിരുന്നു. വർ​ഗീയശക്തികളെ ഇല്ലാതാക്കണമെങ്കിൽ സമാനചിന്താ​ഗതിയുള്ളവർ ഒരുമിച്ച് നിൽക്കണമെന്ന നിർദേശമാണ് തങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും എന്നാൽ തീരുമാനം വരാതെ കാര്യങ്ങൾ സ്ഥിരീകരിക്കാനാകില്ലെന്നും മഹാ​ഗദ്ബന്ധനുമായി സംഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അഖ്തറുൽ ഇമാൻ ഇന്ത്യൻ എക്സ്പ്രസിനോട് മറുപടി പറഞ്ഞു.

2025 ലേക്കുള്ള രണ്ട് സ്ഥാനാർത്ഥികളെ എഐഎംഐഎം ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. സഖ്യത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ എഐഎംഐഎം 50 സീറ്റുകളിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം നടന്നില്ലെങ്കിൽ ആർജെഡിയായിരിക്കും കുറ്റക്കാരൻ എന്നും എഐഎംഐഎം വ്യക്തമാക്കി.

അതേസമയം, എഐഎംഐഎമ്മും ആർ.ജെ.ഡി.യും കോൺഗ്രസും തമ്മിൽ ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലയെന്നാണ് റിപ്പോർട്ട്.

എഐഎംഐഎമ്മിന്റെ നിർദ്ദേശത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആർ.ജെ.ഡി, കോൺഗ്രസ് വക്താക്കൾ പറയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആർജെഡിയും കോൺഗ്രസും എഐഎംഐഎമ്മിനെ മുൻകാലങ്ങളിൽ ബിജെപിയുടെ ബി ടീം എന്നാണ് വിളിച്ചിരുന്നത്.

Content Summary: Asasuddin Owaisi’s AIMIM wish to join RJD led Mahagathbandhan

Leave a Reply

Your email address will not be published. Required fields are marked *

×