കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ കേരള സര്‍ക്കാര്‍ ഇപ്പോഴും പ്രതികൂല നിലപാടില്‍ തന്നെയാണെന്നും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഒരു വിഭാഗം ആശ വര്‍ക്കാര്‍മാര്‍. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ പ്രഖ്യാപനം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, രാഷ്ട്രീയ താത്പര്യത്തിന് അപ്പുറം വേറൊന്നും തന്നെ ഇവരുടെ സമരത്തിന് പിന്നില്‍ ഇല്ലെന്നാണ് ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ പറയുന്നത്.
ഓണറേറിയം 21,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, അഞ്ചു ലക്ഷം വിരമിക്കല്‍ ആനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അഴിമുഖത്തോട് പറഞ്ഞത്. കൂടുതല്‍ തീവ്രമായ സമര രീതികളിലേക്ക് കടക്കുമെന്നും ബിന്ദു പറയുന്നു.
കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം
‘സമരത്തിന്റെ ഇനിയുള്ള രൂപം നിലവിലത്തേതിനേക്കാള്‍ ഉയര്‍ന്ന രീതിയില്‍ ആണ് ഇനി ആവിഷ്‌കരിക്കാന്‍ പോകുന്നത്. സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ചര്‍ച്ചയ്ക്ക് ശേഷം അത് ഞങ്ങള്‍ പ്രഖ്യാപിക്കും’ അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തീര്‍ച്ചയായും ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയും സമരസമിതി പ്രകടിപ്പിച്ചു.
‘ഇത് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച കാര്യമായതിനാല്‍ അതില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല. ഇന്ത്യയിലെ 10 ലക്ഷം വരുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണത്. അടുത്ത പ്ലാനിങ് ഫണ്ടില്‍ ഇത് ഉള്‍പ്പെടുത്തി, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിനുള്ളില്‍ ഇതിനുള്ള രേഖകള്‍ സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ആരും നേരിട്ട് ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഇന്ന് നടക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും സമരത്തിന്റെ തുടര്‍നടപടികളെക്കുറിച്ച് തീരുമാനമെടുക്കുക’ എം.എ. ബിന്ദു കൂട്ടിച്ചേര്‍ത്തു.
അതേ സമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശാ പ്രവര്‍ത്തകരുടെ സമരം അനാവശ്യവും ദുരുദ്ദേശപരവുമാണ് എന്ന് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) സംസ്ഥാന പ്രസിഡന്റ് എം.ബി. പ്രഭാവതി തുറന്നടിച്ചു. ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെക്കാള്‍ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാനുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് സമരത്തിന് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ആശാ പ്രവര്‍ത്തകരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ. ബിന്ദു, എസ്. മിനി, തുടങ്ങിയവര്‍ ആശാ പ്രവര്‍ത്തകരോ അതുമായി ബന്ധമുള്ളവരോ അല്ലെന്നും പ്രഭാവതി അഴിമുഖത്തോട് വ്യക്തമാക്കി.
സമരത്തിന്റെ രാഷ്ട്രീയ ലക്ഷ്യം
‘ആശാ പ്രവര്‍ത്തകരുടെ നിലവിലെ സമരമേ അനാവശ്യമാണ്. കാരണം, 2008-ല്‍ ആശാ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ജോലി ചെയ്യുന്ന ആളെന്ന നിലയിലും സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വരെ ഈ കൂട്ടരേ വഴിത്താരയില്‍ എവിടെയും നമ്മള്‍ കണ്ടിട്ടില്ല. നിരവധി തൊഴില്‍ വിഷയങ്ങളും പ്രശ്‌നങ്ങളും ഉണ്ടായപ്പോഴും ഇവരാരും രംഗത്തുണ്ടായിരുന്നില്ല. ഇത് കേരളത്തിലായാലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലായാലും സ്ഥിതി ഇതുതന്നെയായിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിക്ക് ശേഷം, പെട്ടെന്ന് മുളച്ചുപൊന്തിയതുപോലെ ഒരു സംഘടന കടന്നുവരുന്നു, പെട്ടെന്ന് ആശാ പ്രവര്‍ത്തകരോട് ‘സ്‌നേഹം’ വര്‍ദ്ധിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ എത്തുന്നു, ഇതൊക്കെ ഏതൊരു മനുഷ്യനും മനസ്സിലാവുന്ന കാര്യമാണ്.
ആശാ പ്രവര്‍ത്തകരുടെ പ്രതിഫലം 7000 രൂപ വരെ വര്‍ദ്ധിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ വര്‍ദ്ധനവ് തങ്ങളുടെ സമരം കാരണമാണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് പറയാന്‍ നാണക്കേട് ഇല്ലേ? അവര്‍ക്ക് അത് പറയാന്‍ ഒരു ലജ്ജയില്ലേ എന്നാണ് ചോദിക്കാനുള്ളത്. 7000 രൂപ വരെ വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പ് ഇവരെ കേരളത്തില്‍ കാണാനില്ലായിരുന്നു. ഇപ്പോള്‍ പിന്നെ അവര്‍ എവിടെ നിന്നാണ് വന്നത്, എന്തിനു വേണ്ടിയാണ് വന്നത്? ഉണ്ടെങ്കില്‍, അവര്‍ ആദ്യം മുതല്‍ക്കേ പ്രശ്‌നങ്ങളില്‍ ഇടപെടണമായിരുന്നു. ഒരുപാട് വിഷയങ്ങള്‍ ആശാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. വാര്‍ഡ് മാറ്റം, അനധികൃത പിരിച്ചുവിടല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിട്ടും അതിലൊന്നും ഇടപെടാതെ പെട്ടെന്നൊരു സമരവുമായി രംഗത്തെത്തിയത് തന്നെ ദുരുദ്ദേശപരമാണ്.
കേന്ദ്ര ഇന്‍സെന്റീവിലെ അശാസ്ത്രീയത
ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ഒരു നിശ്ചിത ഓണറേറിയം അല്ല, മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവ് മാത്രമാണ്. അതിനാല്‍, ലഭിക്കുന്ന ഈ തുക ഒരു സ്ഥായിയായ വരുമാനമായി കണക്കാക്കാന്‍ സാധിക്കുകയില്ല. സ്ഥായിയായ വരുമാനം വേണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന് ആശാ പ്രവര്‍ത്തകരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പൊതുവായ ഒരു ഓണറേറിയം (എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്നത്) അനുവദിക്കുകയോ ചെയ്യാം. ഇന്‍സെന്റീവിന്റെ കാര്യത്തിലും പരിമിതികളുണ്ട്.
നിലവില്‍ ലഭിക്കുന്ന ഇന്‍സെന്റീവ്, ആശാ പ്രവര്‍ത്തകരുടെ വാര്‍ഡുകളിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും എണ്ണം പോലുള്ള പ്രവര്‍ത്തന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ, അവരുടെ വരുമാനം എല്ലായ്‌പ്പോഴും ഒരേപോലെയായിരിക്കില്ല. അതുകൊണ്ട്, കൃത്യമായ വേതനം ഉറപ്പാക്കണമെങ്കില്‍ കേന്ദ്രം നിലവിലെ ഇന്‍സെന്റീവ് സമ്പ്രദായത്തില്‍ മാറ്റം വരുത്തുകയോ അല്ലെങ്കില്‍ അവരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുകയോ ചെയ്യണം.
ഒരു ആശാ പ്രവര്‍ത്തകയുടെ വാര്‍ഡില്‍ അമ്മമാരോ കുഞ്ഞുങ്ങളോ ഇല്ലെങ്കില്‍, അവര്‍ക്ക് അതുമായി ബന്ധപ്പെട്ട ഇന്‍സെന്റീവ് ലഭിക്കുകയില്ല. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വാഭാവികമായും കൂടുതല്‍ തുക ലഭിക്കും. അതിന് അര്‍ത്ഥം ഈ ഇന്‍സെന്റീവ് ഘടന കാരണം, എല്ലാ ആശാ പ്രവര്‍ത്തകരെയും തുല്യമായി പരിഗണിക്കാനോ അവര്‍ക്ക് എല്ലാവര്‍ക്കും ഒരേപോലെ പ്രയോജനം ലഭ്യമാകുന്നില്ല.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും തുല്യമായി ലഭിക്കുന്ന ഒരു സ്ഥിരം ഓണറേറിയം ഉള്‍പ്പെടെയുള്ള സംവിധാനം കൊണ്ടുവരണം.നിലവില്‍ ഇന്ത്യയില്‍ ഏകദേശം 10 ലക്ഷത്തോളം ആശാ പ്രവര്‍ത്തകരുണ്ട്. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്നത് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കാണ് (സംസ്ഥാന ഓണറേറിയം ഉള്‍പ്പെടെ). കേരളത്തിന് തൊട്ടുപിന്നിലായി പ്രതിമാസം 6,100 രൂപയുമായി ഹരിയാന പോലുള്ള സംസ്ഥാനങ്ങളാണ് നിലകൊള്ളുന്നത്.
കേന്ദ്ര പദ്ധതികളിലെ തുച്ഛമായ കൂലി
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ആരോഗ്യ പദ്ധതികളായ പള്‍സ് പോളിയോ ദിനം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പ്രതിഫലം വളരെ തുച്ഛമാണ്.
‘ഒക്ടോബര്‍ 24-ന് നാഷണല്‍ പള്‍സ് പോളിയോ ദിനാചരണം നടന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണത്. കഴിഞ്ഞ വര്‍ഷം വരെ, ദേശീയ തലത്തില്‍ നടന്ന പള്‍സ് പോളിയോ പോലുള്ള പരിപാടികള്‍ക്ക് ഒരു ആശാ പ്രവര്‍ത്തകക്ക് ഒരു ദിവസത്തേക്ക് 75 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. മൂന്ന് ദിവസത്തെ പ്രവര്‍ത്തനത്തിന് ആകെ ലഭിക്കുന്നത് 225 രൂപയാണ്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പോളിയോ ബൂത്തുകളിലും ഫീല്‍ഡുകളിലും രാപകല്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഈ പ്രവര്‍ത്തകര്‍ക്ക് മൂന്ന് ദിവസത്തേക്ക് ലഭിക്കുന്ന കൂലി 225 രൂപ. കേന്ദ്ര സര്‍ക്കാരിന്റെ ഈ തുച്ഛമായ കൂലിയില്‍ നിലവിലെ സമരക്കാര്‍ക്ക് ഒരു പ്രശ്‌നവുമില്ലേ?
കേന്ദ്രത്തിന്റെ പദ്ധതികളില്‍ ജോലിഭാരം കൂടുകയും നിശ്ചിതവും തുച്ഛവുമായ ഇന്‍സെന്റീവ് മാത്രം നല്‍കുകയും ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നങ്ങളില്ല. ഓരോരോ പരിപാടി വരുമ്പോഴും ചെറിയ തുക മാത്രം നിശ്ചയിച്ച് കേന്ദ്രം ആശാ പ്രവര്‍ത്തകരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണ്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. ടി.ബി. രോഗികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രത്യേകിച്ച് ഒരു തുകയും ലഭിക്കുന്നില്ല.
ഒരാള്‍ക്ക് ക്ഷയരോഗം സ്ഥിരീകരിച്ച് കണ്ടെത്തിയാല്‍ മാത്രമേ അതിന് ഇന്‍സെന്റീവ് ലഭിക്കു. അതായത്, കണ്ടെത്തുന്നതിന് മുന്‍പുള്ള എല്ലാ അധ്വാനവും കൂലിയില്ലാത്ത സേവനമായി മാറുന്നു.ആശാ പ്രവര്‍ത്തകരുടെ ജോലിയിലെ ഈ അടിസ്ഥാനപരമായ വെല്ലുവിളികളെക്കുറിച്ചും, അവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ പ്രതിഫലത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കാതെയാണ് പലപ്പോഴും മാധ്യമങ്ങള്‍ ഈ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) കീഴിലുള്ള മാനസികാരോഗ്യ പരിപാടികളില്‍ പോലും ആശാ പ്രവര്‍ത്തകരുടെ ജോലിക്ക് പ്രതിഫലം ലഭിക്കുന്നതില്‍ സമാനമായ പരിമിതികള്‍ നിലനില്‍ക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളെ തിരിച്ചറിയുന്നതിനായി ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നതിനും, അവരെ കൗണ്‍സിലിംഗിനോ ആശുപത്രിയിലോ എത്തിക്കുന്നതിനും പ്രത്യേകിച്ച് ഇന്‍സെന്റീവ് ലഭ്യമല്ല.
ഒരു വ്യക്തിക്ക് പോരായ്മയുണ്ടെന്ന് (രോഗാവസ്ഥ) ഡോക്ടര്‍മാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും തുടര്‍ ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ ആശാ പ്രവര്‍ത്തകക്ക് അതുമായി ബന്ധപ്പെട്ട ഇന്‍സെന്റീവ് ലഭിക്കുകയുള്ളൂ. മാനസികാരോഗ്യ സേവനങ്ങളുടെ കാര്യത്തില്‍, ഫലം വന്നാല്‍ മാത്രം കൂലി എന്ന നിലപാടാണ് ഉള്ളത്. ജനങ്ങള്‍ക്ക് സേവനം നല്‍കാനും രോഗികളെ കണ്ടെത്താനും അവര്‍ ചെലവഴിക്കുന്ന സമയത്തിനും പരിശ്രമത്തിനും മതിയായ പ്രതിഫലം ലഭിക്കാതെ പോകുന്നു.
സമരം പാര്‍ലമെന്റിലേക്ക് മാറ്റട്ടെ
പരസ്പര വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പള്‍സ് പോളിയോ പോലുള്ള സുപ്രധാന പരിപാടികള്‍ക്ക് ഒരു ദിവസത്തേക്ക് 500 രൂപയെങ്കിലും ഓണറേറിയം ആക്കിക്കൂടേ? എന്നാല്‍, ഇത്തരം വിഷയങ്ങളെക്കുറിച്ച് നിലവിലെ സമരക്കാര്‍ക്ക് ഒരു അനക്കവും ഇല്ല. അതുകൊണ്ടാണ് ഈ സമരം അനാവശ്യമാണ് എന്ന് പറയേണ്ടി വരുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ഈ സമരം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കണമെങ്കില്‍, ഈ സമരത്തെ അവര്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റട്ടെ.
രാജ്യത്തെ 10 ലക്ഷത്തോളം വരുന്ന എല്ലാ ആശാ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയില്‍, ‘ആശാ പ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അവര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കട്ടെ. അപ്പോള്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒന്നിച്ച് പരിഹരിക്കപ്പെടും.എന്നാല്‍, നിലവിലെ സമരം ചില വ്യക്തിഗത ലാഭങ്ങള്‍ക്കോ അല്ലെങ്കില്‍ യുഡിഎഫ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പണത്തിന്റെ പിന്തുണയോടെയുള്ള രാഷ്ട്രീയ പ്രേരിത സമരമാണ്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന ഒരു സമരം നടത്താന്‍ ആവശ്യമായ സാമ്പത്തിക സഹായം ഇവര്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നു എന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്. ഈ സമരം യഥാര്‍ത്ഥത്തില്‍ ആശാ പ്രവര്‍ത്തകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളതല്ല. മറിച്ച്, ഇത് നിലവിലെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ ഒരു വികാരം സൃഷ്ടിക്കാനും ഭരണകൂടത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ തന്ത്രമാണിതെന്നും പ്രഭാവതി ചൂണ്ടിക്കാട്ടി.
content summary: ASHA workers in kerala confident of central aid opposing faction demands relocation to delhi
This post was last modified on November 2, 2025 2:40 pm
Leave a Comment