സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം തുടങ്ങിയിട്ട് 20 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കീഴിലുള്ള ആശമാരുടെ വേതന വര്‍ദ്ധനവിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്നാരോപിക്കുന്ന സമരക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്താന്‍ തയ്യാറാകാത്തത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സമരക്കാര്‍ വേദിയിലേക്ക് ആനയിക്കുകയും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തതോടെ സമരത്തിന്റെ ലക്ഷ്യമെന്താണ് എന്ന സംശയങ്ങളും ഉയരുകയാണ്. അതിനിടെയാണ് സമരം അക്രമാസക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നത്. തിങ്കളാഴ്ച സമരത്തിലുള്ള ആശമാര്‍ എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാകണമെന്ന ആഹ്വാനം ആശ ഫൈറ്റേഴ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടന്നത് പുറത്തായതോടെയാണ് ഈ സംശയം ഉയരുന്നത്. ബി.ജെ.പിയും യു.ഡി.എഫും സമരത്തിന്റെ ഭാഗമാകണമെന്നും സംഘര്‍ഷം നടന്നാല്‍ മാത്രമേ സര്‍ക്കാരിന് ഭയം ഉണ്ടാകൂവെന്നാണ് വാട്സ്ആപ് ചാറ്റില്‍ പറയുന്നത്.asha workers strike: central government running away from responsibility
കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരാണ് നിലവിലുള്ളത്. അവര്‍ കേരളത്തിലെ ആശ പ്രവര്‍ത്തകര്‍ക്ക് വേണ്ടി എന്താണ് ചെയ്തത് എന്ന ചോദ്യം ഉയരുന്നില്ല എന്ന് മാത്രമല്ല അതിലൊരാളെ സമരപ്പന്തലില്‍ സ്വീകരിച്ച് പാട്ടും നൃത്തവും നടത്തിയാണ് സമരക്കാര്‍ ആഘോഷിച്ചത്. കേന്ദ്രം ആശമാര്‍ക്ക് നല്‍കാനുള്ള കുടിശിക പോലും നല്‍കാത്ത സാഹചര്യത്തിലും ആശമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും അവര്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെങ്കില്‍ വിഷയം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞതിന് വലയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഫണ്ട് ലഭിക്കാത്തതെന്നോ ആശമാര്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ കേന്ദ്രമെന്താണ് നടപടിയെക്കാത്തതെന്നോ ചോദ്യം ഉയര്‍ന്നില്ല. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍ കേന്ദ്ര ഫണ്ട് തടയുമെന്ന ഭീഷണിയുടെ സ്വരവും സുരേഷ് ഗോപി ഉയര്‍ത്തി.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആശ ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്ന് വയനാട് എം.പി പ്രിയങ്കഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ എത്രയാണ് ആശ ജീവനക്കാരുടെ ഓണറേറിയം എന്ന ചോദ്യത്തോട് കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചിട്ടില്ല. ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, മൂന്നു മാസത്തെ കുടിശിക നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരുവിഭാഗം ആശാ വര്‍ക്കര്‍മാര്‍ സമരം തുടങ്ങിയത്.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് (ആശ) എന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായിട്ട് കൂടി പ്രശ്നത്തില്‍ ഇത്രയും ദിവസമായിട്ടും ഒരു ഇടപെടലും കേന്ദ്രം നടത്തിയിട്ടില്ല. നിലവില്‍ 1,200 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം. സംസ്ഥാന സര്‍ക്കാര്‍ 7,000 രൂപ ഓണറേറിയം നല്‍കുന്ന സ്ഥാനത്താണ് കേന്ദ്രം ഇത്രയും തുച്ഛമായ തുക നല്‍കുന്നതെന്നതും വിസ്മരിക്കാനാകാത്ത കാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്ററീവും നിബന്ധനകള്‍ പാലിച്ചുതന്നെയാണ്. ഈ നിബന്ധനകള്‍ എടുത്തുമാറ്റാനുള്ള നടപടിയോ കേന്ദ്ര ഓണറേറിയം വര്‍ധിപ്പിക്കാനുള്ള നടപടിയുമാണ് കേന്ദ്രമന്ത്രി എന്ന നിലയില്‍ സുരേഷ് ഗോപി ആദ്യം ചെയ്യേണ്ടത്.asha workers strike: central government running away from responsibility
Content Summary: asha workers strike: central government running away from responsibility