തീര്‍ത്തും പരിമിതമായ വേതനം. അതും കൃത്യമായി പോലും കിട്ടുന്നില്ല. പിന്നെ എന്തിന് ജോലി ചെയ്യുന്നു എന്ന് ചോദിച്ചാല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകണ്ടേ എന്നാണ് ആശാ വര്‍ക്കറായ ഉഷ ചോദിക്കുന്നത്. ‘രാവിലെ മുതല്‍ പണിക്ക് ഇറങ്ങുന്നതാണ്. വെയിലും മഴയും നോക്കാതെ തന്നെ വീടുകള്‍ തോറും കയറിയിറങ്ങും. ആശുപത്രിയിലെ ഒപിയില്‍ ഡ്യൂട്ടി കിട്ടുന്ന ദിവസം നിന്നുതിരിയാന്‍ നേരം കിട്ടാറില്ല. ഭക്ഷണം കഴിക്കുന്നത് പോലും ഒരു നേരത്താണ്. എന്നിട്ടും ഒരു മാസം കിട്ടുന്നതോ 10,000 രൂപയില്‍ താഴെയും. കഴിഞ്ഞ നാല് മാസമായി ഈ പൈസയും കിട്ടുന്നില്ല’എന്ന് ഉഷ അഴിമുഖത്തോട് പറഞ്ഞു.asha workers strike; their hopeless lives rights and protest
‘സ്വന്തം ആവശ്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയാത്തവരായി ഞങ്ങള്‍ മാറിയിരിക്കുകയാണ്. ജോലി ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. എന്നാല്‍ കാശ് കിട്ടുന്നില്ല. കഴിഞ്ഞ നാല് മാസമായി ഞങ്ങള്‍ക്ക് പൈസ കിട്ടിയിട്ട്. പലതും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കിട്ടുന്ന ഓണറേറിയത്തില്‍ നിന്ന് കട്ട് ചെയ്ത് ആകെ കിട്ടുന്നത് 7,000 രൂപയായിരുന്നു. ഒരു ജോലി വേണ്ടേ എന്ന് കരുതിയാണ് ഞങ്ങളില്‍ പലരും ഈ പണിക്ക് പോകുന്നത്. അവധി ദിവസങ്ങളേ ഞങ്ങള്‍ക്കില്ല. അത്യാവശ്യം വന്നാല്‍ ഒരു അവധി എടുത്താല്‍ എന്തോ ഔദാര്യം പോലെയാണ്. ഞായറാഴ്ചയും ഓരോ പരിപാടികളുടെ പേരില്‍ പോകണം. എന്നിട്ടാണ് ഞങ്ങള്‍ക്ക് പൈസ പോലും തരാതെ കഷ്ടപ്പെടുത്തുന്നത്’ എന്ന് ആശ വര്‍ക്കര്‍ കനക അഴിമുഖത്തോട് പ്രതികരിച്ചു.
സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാരുടെ വാക്കുകളാണ് ഇത്. ആരോഗ്യ മന്ത്രി ഇത് കേള്‍ക്കേണ്ടത് തന്നെയാണ്. കാരണം സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 7,000 രൂപ ഓണറേറിയവും 200 രൂപ ടെലിഫോണ്‍ അലവന്‍സും ഉള്‍പ്പെടെ 13,200 രൂപ ലഭിക്കുമെന്നും ഇത് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന ഓണറേറിയമാണെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം, ഓണറേറിയം വര്‍ധിപ്പിക്കാത്തത് കേന്ദ്രം തുക നല്‍കാത്തതിനാലാണെന്നും കഴിഞ്ഞ വര്‍ഷത്തെ നൂറ് കോടി കേന്ദ്രം ഇനിയും തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ വാദം ഇതാണെങ്കിലും കൃത്യമായ അവധി പോലും ഇവര്‍ക്കില്ലെന്നതാണ് ഇവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരെന്ന പേരില്‍ ഇവര്‍ മുഴുവന്‍ സമയവുമാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശമ്പളത്തിന് പകരം ഓണറേറിയമാണ് ഇവര്‍ക്ക് നല്‍കുന്നത്. 7,000 രൂപ സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നല്‍കുമ്പോള്‍ 2,000 രൂപ കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവ് ആയും നല്‍കുന്നു. 7,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 10 നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുമാണ്. ഓരോ നിബന്ധനയ്ക്കും 700 രൂപയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതായത് പാലീയേറ്റീവ് കെയര്‍ രോഗിയെ മാസത്തില്‍ ഇത്ര ദിവസം കാണണം. അവലോകന യോഗങ്ങളില്‍ പങ്കെടുക്കണം, വാര്‍ഡിലെ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഈ നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കപ്പെട്ടില്ലെങ്കില്‍ 700 രൂപ കട്ട് ചെയ്യും. കേന്ദ്രം 2,000 രൂപ നല്‍കുന്നതും ഇപ്രകാരം നിബന്ധനകള്‍ വച്ചുതന്നെയാണ്.
ഫെബ്രുവരി 10 മുതല്‍ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് മുന്നോടിയായി ഫെബ്രുവരി 6,7 തീയതികളില്‍ കേരള ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയും ഡിഎച്ച്എസും എല്‍എച്ച്എം ഡയറക്ടറും നടന്ന ചര്‍ച്ചയില്‍ 10 നിബന്ധനകള്‍ എന്നത് അഞ്ചാക്കി ചുരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന ഓണറേറിയത്തില്‍ രണ്ട് മാസത്തെ കുടിശിക ഉടനെ നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
മികച്ച സേവനത്തിന് ലോകാരോഗ്യ സംഘടനയുടെ വിശിഷ്ട പുരസ്‌കാരം നേടിയ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്താന്‍ തുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ആരോഗ്യദൗത്യങ്ങള്‍ പൊതുജനങ്ങളില്‍ കൃത്യമായി എത്തിക്കുക എന്നതാണ് നിലവിലെ ആശ വര്‍ക്കര്‍മാരുടെ ഉത്തരവാദിത്തം. ഗര്‍ഭിണികളെ കണ്ട് അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, മാതൃ-ശിശു സംരക്ഷണം ഉറപ്പാക്കുക, കിടപ്പ് രോഗികളെ കാണുക, ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുക, പാലിയേറ്റീവ് പരിചരണം, പകര്‍ച്ചവ്യാധി മുന്‍കരുതല്‍, രോഗപ്രതിരോധ ക്യാമ്പുകള്‍ തുടങ്ങി 35 ഓളം ജോലികളാണ് ഇവര്‍ ഒരേ സമയം നിര്‍വഹിക്കുന്നത്. ഇതിന് പുറമെയാണ് വിവിധ മീറ്റിങ്ങുകളിലെ നിര്‍ബന്ധിത ഹാജറും സര്‍ക്കാര്‍ പരിപാടികളില്‍ ആളുകളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തവും. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ മൂന്ന് മാസമായി ഓണറേറിയം ലഭിക്കാതെ കുടിശികയായി കിടക്കുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി 2007 ലാണ് അക്രഡിറ്റഡ് ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) പദ്ധതിക്ക് രാജ്യത്ത് തുടക്കമിട്ടത്. സ്ത്രീകള്‍ മാത്രമാണ് ഇതിനായി നിയോഗിക്കപ്പെട്ടതും. സംസ്ഥാനത്ത് ആകെ 27,000 ത്തോളം ആശ പ്രവര്‍ത്തകരാണ് ഉള്ളത്.
ഗര്‍ഭിണികളെ കാണുക, പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളവരെ അതിനായി പ്രേരിപ്പിച്ച് സജ്ജരാക്കുക തുടങ്ങിയവയായിരുന്നു ആദ്യകാലത്ത് ഇവര്‍ക്ക് നിശ്ചയിച്ചിരുന്ന ജോലി. ഇതിന്റെ ഭാഗമായി ശരാശരി 250 വീടുകളെങ്കിലും കയറിയിറങ്ങണം. അതും അവരുടെ സമയത്തിന് അനുസരിച്ച് മതിയായിരുന്നു. അന്ന് ആഴ്ചയില്‍ നാല് ദിവസമേ ജോലി ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്ന് ആശ വര്‍ക്കര്‍മാര്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്നതിന് പുറമെ ഞായറാഴ്ചയും പണിയെടുക്കേണ്ട അവസ്ഥയിലാണ്.
ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, മൂന്നു മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സമരം തുടങ്ങിയത്.
സര്‍ക്കാരിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും പൊതുജനങ്ങള്‍ക്കും ഇടയിലെ കണ്ണികൂടിയാണ് ആശ വര്‍ക്കര്‍മാര്‍. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും എല്ലാം ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യമേഖലയില്‍ ആശ വര്‍ക്കര്‍മാര്‍ നല്‍കുന്ന നല്‍കുന്ന സേവനങ്ങള്‍ ഒരിക്കലും മറക്കാനോ അവഗണിക്കാനോ പാടില്ലാത്തതാണ്. സര്‍ക്കാരും ആരോഗ്യവകുപ്പും ഇവര്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് ന്യായീകരിക്കാനാവുന്നതുമല്ല. കോവിഡ് കാലത്ത് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെയായിരുന്നു ആശ വര്‍ക്കര്‍മാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്ക് മരുന്നും ആഹാരവും നല്‍കി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒക്കെ സജീവമായത്.
മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ആശാ വര്‍ക്കര്‍മാര്‍ക്കു കേരളം നല്‍കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. അപ്പോഴും സര്‍ക്കാര്‍ കണക്കില്‍ മാസം പരമാവധി നല്‍കുന്നത് 13,200 രൂപയാണ്. ഓണറേറിയവും ഇന്‍സെന്റീവും എല്ലാം അടക്കമാണിത്. ഇക്കാലത്തെ ജീവിതച്ചെലവുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് ചെറിയ തുക തന്നെയാണ്. എന്നാല്‍ ഈ തുക പോലും കൈയില്‍ കിട്ടുന്നില്ലെന്ന് പലരും പറയുന്നു.
ആശ വര്‍ക്കര്‍മാരുടെ സേവനം ആനുകൂല്യങ്ങളൊന്നുമില്ലാതെ 62 വയസ്സില്‍ അവസാനിപ്പിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 2020 ല്‍ ബംഗാള്‍ സര്‍ക്കാര്‍ ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 65 ആയി നിശ്ചയിക്കുകയും മൂന്ന് ലക്ഷം രൂപ ആശ്വാസധനമായി നല്‍കാനും ധാരണയായതും സംസ്ഥാന സര്‍ക്കാര്‍ കാണേണ്ടതാണ്.
ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികളായ ആശ വര്‍ക്കര്‍മാരുടെ സമരം ഇനിയും നീട്ടിക്കൊണ്ടുപോകാതെ ഇടപെടലുകള്‍ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. താഴ്ന്ന വരുമാനക്കാരുടെ അന്നം മുട്ടിച്ച് അവരെ വെയിലത്ത് നിര്‍ത്താതെ കരുതലിന്റെ സ്പര്‍ശമാണ് അവര്‍ക്ക് ആവശ്യം.asha workers strike; their hopeless lives rights and protest
Content Summary: asha workers strike; their hopeless lives rights and protest
This post was last modified on February 21, 2025 5:57 am
Leave a Comment