ഓരോ വ്യക്തിയുടെയും സമയത്തിനും അധ്വാനത്തിനും വലിയ വിലയുണ്ട്. ചെയ്യുന്ന ജോലി ചെറുതോ വലുതോ ആയാലും ആ ജോലി ചെയ്യുന്ന വ്യക്തി ആത്മാര്‍ഥമായി തന്റെ സമയം അവിടെ മാറ്റിവക്കുകയാണ്. സിനിമയില്‍ സീനുകള്‍ എടുക്കുന്നതും, ആവശ്യമില്ലാത്തവ ഒഴിവാക്കി കളയുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ രേഖാചിത്രത്തിന്റെ ടീം ചിന്തിച്ചത് മറിച്ചാണ്. തങ്ങളുടെ സിനിമയില്‍ അഭിനയിച്ച് ആ സീന്‍ കാണാന്‍ ആഗ്രഹത്തോടെ സ്വന്തം ആളുകളുമായി തിയറ്ററിലെത്തിയതായിരുന്നു സുലേഖ. എന്നാല്‍ ചിത്രത്തില്‍ അവര്‍ അഭിനയിച്ച രംഗം ഒഴിവാക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം ആസിഫ് അലി അവരെ കാണുകയും സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു.
ഇപ്പോള്‍ രേഖാചിത്രത്തിലെ സുലേഖ എന്ന നടി അഭിനയിച്ച സീന്‍ പുറത്തുവിട്ടിരിക്കുകയാണ് രേഖാചിത്രം ടീം. ‘സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങള്‍ ചേച്ചിയോട് പറഞ്ഞിരുന്നു ഈ സീന്‍ ചേച്ചിക്ക് വേണ്ടി ഞങ്ങള്‍ പുറത്തിറക്കുമെന്ന്, ആ വാക്ക് പാലിക്കുന്നു’ എന്ന കുറിപ്പോടുകൂടിയാണ് ആസിഫ് അലി തന്റെ ഫേസ്ബുക്കില്‍ ഡിലീറ്റഡ് സീനിന്റെ യൂട്യൂബ് ലിങ്ക് ഷെയര്‍ ചെയ്തിരിക്കുന്നത്.
വളരെ ചെറിയ ഒരു രംഗമാണ് സുലേഖ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്, എന്നാല്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ ഡിലീറ്റഡ് സീനായി പുറത്ത് വിടാന്‍ തീരുമാനിക്കുകയായിരുന്നു രേഖാചിത്രത്തിന്റെ ടീം.
content summary; Asif Ali shared the Sulekha’s deleted scene from the movie Rekhachithram