March 18, 2025 |

ഇറ്റാലിയന്‍ തീരത്ത് കപ്പലപകടം: 11 മരണം, കുഞ്ഞുങ്ങളടക്കം 66 പേരെ കാണാതായി

യാത്ര ലൈഫ്ജാക്കറ്റ് ഇല്ലാതെ

ഇറ്റാലിയന്‍ തീരത്തിന് സമീപത്ത് വച്ച് കുടിയേറ്റക്കാരുമായി യാത്ര ചെയ്ത കപ്പലുകള്‍ അപകടത്തില്‍ പെട്ട് 11 ജീവനുകള്‍ പൊലിഞ്ഞു. 26 കുഞ്ഞുങ്ങളടക്കം 66 പേരെ കാണാതായി. ലിബിയയില്‍ നിന്നുള്ള കപ്പലില്‍ നിന്നാണ് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കപ്പലിലുണ്ടായിരുന്നു 50ലധികം പേരെ ജര്‍മ്മന്‍ റെസ്‌ക്യുഷിപ് രക്ഷപ്പെടുത്തി. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍നിന്ന് 40 മൈല്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ഇറാന്‍, അഫ്ഗാന്‍, ഇറാഖ്, സിറിയ, ഈജിപ്റ്റ്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് മരണപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ ഇറ്റാലിയന്‍ നാവിക സേനയ്്ക്ക് കൈമാറിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടുംബവും മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.എട്ട് ദിവസം മുമ്പാണ് കപ്പല്‍ തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ടത്. ലൈഫ്ജാക്കറ്റ് ഇല്ലാതെയാണ് ഇവര്‍ യാത്ര ചെയ്തതെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.

തുര്‍ക്കിയില്‍ നിന്ന് വന്നതെന്ന് കരുതുന്ന മറ്റൊരു കപ്പല്‍ ഇറ്റലിയിലെ കാലാബ്രിയ ഭാഗത്ത് വച്ചാണ് അപകടത്തിലായത്. ഈ കപ്പിലിലെ 66 പേര്‍ക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. 80 ഓളം പേരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരു സ്ത്രീയാണ് മരിച്ചത്. തിരച്ചില്‍ മണിക്കൂറകളോളം പിന്നിട്ടതിനാല്‍ കാണാതായ ആളുകള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ മരണ സംഖ്യ ഉയരാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാണാതായവരില്‍ മാസങ്ങള്‍ മാത്രമുള്ള കുഞ്ഞുങ്ങള്‍ വരെയുണ്ടെന്നാണ് വിവരം. രക്ഷപ്പെട്ട യുവാക്കളിലൊരാളാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 2023 ഫെബ്രുവരിയില്‍ കാലാബ്രിയയിലെ കടല്‍ത്തീരമായ കുട്രോയിലുണ്ടായ അപകടത്തില്‍ 94 പേര്‍ മരിച്ചിരുന്നു.യൂറോപ്പില്‍ എത്താന്‍ ശ്രമിക്കുന്ന ആളുകളുടെ പ്രധാന ലാന്‍ഡിംഗ് പോയിന്റുകളില്‍ ഒന്നാണ് ഇറ്റലി. എന്നാല്‍ ഈ യാത്രയ്ക്ക അവര്‍ തിരഞ്ഞെടുക്കുന്ന മധ്യ മെഡിറ്ററേനിയന്‍ റൂട്ട് ലോകത്തിലെ ഏറ്റവും അപകടകരമായ റൂട്ടാണ്. 2014 മുതല്‍ ഈ റൂട്ടില്‍ 20,000-ത്തിലധികം മരണങ്ങളും തിരോധാനങ്ങളും നടന്നിട്ടുണ്ടെന്നാണ് യുഎന്‍ രേഖകള്‍ പറയുന്നത്.

 

English Summary: At least 11 dead and dozens missing in two Mediterranean shipwrecks

×