അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ കരവിരുതില്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ക്ക് ആവശ്യക്കാരേറുമ്പോഴും സാമ്പത്തിക പരാധീനതയില്‍ നട്ടംതിരിയുന്നു. “മഴക്കാലമായതോടെ ഓര്‍ഡര്‍ ധാരാളമായി വരുന്നുണ്ട്. പക്ഷേ ഫണ്ടിന്റെ അഭാവത്താല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുകയാണെന്ന്” ആദിവാസി ക്ഷേമ സംഘടനയായ തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അഴിമുഖത്തോട് പറഞ്ഞു.
“ഈ വര്‍ഷം ഇതുവരെ 12,000 കുടകളാണ് നിര്‍മിച്ചത്. ഓര്‍ഡര്‍ കിട്ടാന്‍ പ്രയാസം വരുന്നില്ല. പക്ഷേ മെറ്റീരിയല്‍ വാങ്ങാനും കൂലി കൊടുക്കാനുമൊക്കെയായി പണം തികയുന്നില്ല. പൊതുവെ ഫെബ്രുവരിയില്‍ നിര്‍മാണം ആരംഭിച്ച് ജൂണോടെ നല്ലൊരു ശതമാനം കുടകളുടെയും നിര്‍മാണവും പൂര്‍ത്തിയാക്കും. എന്നാല്‍ ഇപ്പോള്‍ കുറച്ച് നാളുകളായി ഇങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇതുവരെയുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയത്” രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി.
അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം ശിശുമരണ നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍, 2014 ലാണ് ആദിവാസി ക്ഷേമ സംഘടനയായ തമ്പിന്റെ നേതൃത്വത്തില്‍, അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ സ്ത്രീകളുടെ അതിജീവനത്തിനായി സ്വയം തൊഴില്‍ പദ്ധതിയായി കാര്‍ത്തുമ്പി കുടകളുടെ നിര്‍മാണം ആരംഭിച്ചത്. 2017 ല്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ.ടി.ഡി.പി, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി വിപുലീകരിക്കുകയായിരുന്നു.
അട്ടപ്പാടിയിലെ ശിശുമരണകാലത്ത് പണിയില്ലാതെ പട്ടിണിയിലായിരുന്നു പല കുടുംബങ്ങളും. അവരുടെ ഉന്നമനത്തിനായി തുടങ്ങിയതാണ് ഈ സംരംഭം. അന്നൊക്കെ ഒരു വര്‍ഷം 30,000 കുടകള്‍ നിര്‍മിക്കുമായിരുന്നു. ഇന്ന് ഇവ പൂര്‍ണമായും ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
“ആദ്യ മൂന്ന് വര്‍ഷങ്ങളില്‍, ദുബായ് ആസ്ഥാനമായുള്ള പീസ് കളക്ടീവ് എന്ന സംഘടനയില്‍ നിന്ന് പലിശരഹിത വായ്പ എടുത്താണ് പദ്ധതി ആരംഭിച്ചത്. 250 ലധികം ആളുകള്‍ക്കാണ് തമ്പിന്റെ നേതൃത്വത്തില്‍ കുട നിര്‍മാണത്തിനായി പരിശീലനം നല്‍കിയത്. എന്നാല്‍ പിന്നീട് അത്രയധികം ആളുകള്‍ക്ക് ജോലി നല്‍കാന്‍ കഴിയാതെ വന്നു. നേരത്തെ 150 ഓളം ആളുകള്‍ നിര്‍മാണത്തിനായി ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 13 ഊരുകളില്‍ നിന്നായി 30 പേരാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 40 ലക്ഷം രൂപ നിര്‍മാണത്തിന്റെ ഭാഗമായി ആദിവാസി സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്.
2017 ല്‍ സര്‍ക്കാര്‍ കാര്‍ത്തുമ്പി കുടകളുടെ നിര്‍മാണത്തിനായി 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. അത് വെച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. അതിനിടയിലാണ് പ്രളയവും കോവിഡും പ്രതിസന്ധികളായി വന്നത്. പ്രതീക്ഷിച്ച വില്‍പന ആ കാലയളവില്‍ ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് 2022 ല്‍ സര്‍ക്കാരിനോട് ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. സീസണ്‍ കഴിഞ്ഞ് കിട്ടിയിട്ടും കാര്യമില്ല.
ആദ്യകാലങ്ങളില്‍ ഒരു കുടയ്ക്ക് 25 രൂപയാണ് വേതനമായി നല്‍കിയത്. പിന്നീടത് 50 രൂപയാക്കി. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി 30 രൂപയാക്കി കുറച്ചു. ജിഎസ്ടിയും മെറ്റീരിയലിന്റെ വില ഉയര്‍ന്നതും ഞങ്ങളെ പ്രതിസന്ധിയിലാക്കി. അതുകൊണ്ടാണ് ഇവരുടെ കൂലി കുറയ്‌ക്കേണ്ടി വന്നത്. ബാക്കിയുള്ള കുട നിര്‍മാണ കമ്പനികളൊക്കെ 15 രൂപയൊക്കെയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ലാഭം നോക്കിയല്ല ഞങ്ങള്‍ നിര്‍മാണം നടത്തുന്നത്. കാരണം ഇവര്‍ക്ക് മാന്യമായ കൂലി ലഭ്യമാക്കുകയാണ് ലക്ഷ്യം” രാജേന്ദ്ര പ്രസാദ് അഴിമുഖത്തോട് പറഞ്ഞു.
എട്ട് തരം മെറ്റീരിയലുകളാണ് കുട നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഒരു കുടയ്ക്ക് 350 രൂപയും അതിന്റെ ജിഎസ്ടിയും കണക്കാക്കിയാണ് വില്‍പന. അതേസമയം, മാര്‍ക്കറ്റില്‍ കടക്കാര്‍ ഇവ വില്‍പന നടത്തുന്നത് 460 രൂപയ്ക്കാണ്.
“ഒരു ദിവസം ഒരാള്‍ക്ക് 15 മുതല്‍ 20 കുട വരെ നിര്‍മിക്കാന്‍ കഴിയും. ആദ്യ കാലത്ത് കുട നിര്‍മാണത്തിനായി സെന്റര്‍ ഉണ്ടായിരുന്നു. അന്നവര്‍ അവിടെ വന്നിരുന്നായിരുന്നു നെയ്തിരുന്നത്. നിലവില്‍ ഓരോരുത്തരും അവരവരുടെ സമയത്തിനനുസരിച്ച് വീട്ടില്‍ ഇരുന്ന് തന്നെയാണ് നിര്‍മിക്കുന്നത്. ചിലര്‍ തൊഴിലുറപ്പ് തൊഴിലിന് പോകുന്നവരാണ്. അവരൊക്കെ അധിക വരുമാനം ലഭിക്കുന്നതിനായി രാത്രിയിലൊക്കെ ഇരുന്ന് കുടകള്‍ നിര്‍മിക്കും. നിലവില്‍ ഇന്‍ഫോപാര്‍ക്കിലെ പ്രോഗ്രസീസ് ടെക്കികളുടെ സംഘടനയാണ് കുടകള്‍ കൂടുതലായി വാങ്ങുന്നത്. ജന്‍ഔഷധി, ബാങ്ക് ഓഫ് ബറോഡ ഇവരൊക്കെ ഓര്‍ഡര്‍ തരുന്നുണ്ട്. ഓര്‍ഡര്‍ കിട്ടാന്‍ ഇതുവരെ ബുദ്ധിമുട്ടുകള്‍ വന്നിട്ടില്ല.
ട്രൈബല്‍ കുട്ടികള്‍ പഠിക്കുന്ന 118 ഹോസ്റ്റലുകളിലും 18 എംആര്‍എസും (മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍) ഈ കുടകള്‍ വാങ്ങിയാല്‍ 30,000 ത്തോളം ഓര്‍ഡര്‍ കിട്ടും. കൂടാതെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ എല്‍പി സ്‌കൂള്‍ വരെയുള്ള ആദിവാസി കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്യുന്നുണ്ട്. അവരും ഈ കുടകള്‍ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി വാങ്ങുമായിരുന്നു. കൂടാതെ ഇന്‍ഫോപാര്‍ക്കിലും കെആര്‍എല്ലിലുമെല്ലാം കാര്‍ത്തുമ്പി കുടകളുടെ വിപണനത്തിനായി സ്റ്റാളുകളും ഒരുക്കിത്തരുമായിരുന്നു. കോര്‍പറേറ്റീവ് ബാങ്കിന്റെ സൊസൈറ്റികളും ഈ കുടകള്‍ വാങ്ങിയിരുന്നു.
എന്നാല്‍ 2017-2018 വര്‍ഷത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റലുകളിലേക്കായി കുട വാങ്ങിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ കൂടി ഉണ്ടാകേണ്ടതാണ്. ഞങ്ങളുടെ കുട എടുത്തശേഷം മൂന്ന് വര്‍ഷത്തേക്ക് കുട വാങ്ങേണ്ടി വന്നില്ല. പോപ്പിയും ജോണ്‍സുമൊക്കെയാണ് ഹോസ്റ്റലുകളിലേക്കും വാങ്ങുന്നത്. അതുകൊണ്ട് സര്‍ക്കാരിന് ലാഭവുമായി ഞങ്ങള്‍ക്ക് നഷ്ടവുമായി.
നിലവില്‍ ഇതൊരു കമ്പനി ആക്കാനുള്ള ഒരുക്കത്തിലാണ്. രജിസ്‌ട്രേഷനൊക്കെ കഴിഞ്ഞു. ഊരിലുള്ള ആദിവാസി വനിതകളെ തന്നെ ഏല്‍പിക്കാനാണ് ലക്ഷ്യം. സാധാരണ ആദിവാസി പ്രൊജക്ടുകളില്‍ 99 ശതമാനവും രണ്ടുവര്‍ഷത്തിനകം പൂട്ടിപ്പോകുകയാണ് പതിവ്. അതിന് ഒരു മാറ്റമാണ് ഞങ്ങളുടെ ആഗ്രഹം” രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി.
അതേസമയം “സര്‍ക്കാര്‍ നേരത്തെ സഹായം ചെയ്തതിന്റെ ഫലമായാണ് കാര്‍ത്തുമ്പി കുടകള്‍ വിപുലീകരിക്കപ്പെട്ടത്. ഇനി അവര്‍ സ്വയം സംരംഭമായി മുന്നോട്ടുപോകുകയാണ് വേണ്ടത്. വിഷയത്തില്‍ നിയമവശങ്ങള്‍ നോക്കി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന്” പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അഴിമുഖത്തോട് പ്രതികരിച്ചു.
2024 ല്‍ മന്‍ കി ബാത്തില്‍ അട്ടപ്പാടിയിലെ കാര്‍ത്തുമ്പി കുട നിര്‍മാണ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മാതൃകാപരമായ സംരംഭമാണെന്നും ഇത് സ്ത്രീശാക്തീകരണത്തിന്റെ മാതൃകയാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യവ്യാപകമായി കാര്‍ത്തുമ്പി കുടകള്‍ക്ക് പ്രചാരം ലഭിച്ചതോടെ ഓര്‍ഡറുകളും ധാരാളമായി എത്തുന്നുണ്ട്. പക്ഷേ ഊരിന്റെ പ്രതീക്ഷകളെല്ലാം ചോര്‍ന്നൊലിച്ച് നനയുകയാണ്. Attappadi tribal women project; ‘Karthumbi umbrella’ in crisis without funds
Content Summary: Attappadi tribal women project; ‘Karthumbi umbrella’ in crisis without funds