അന്താരാഷ്ട്ര ക്രിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ എന്ന ചെറുപ്പക്കാരന്‍ സ്‌കോറിംഗ് വേഗത പോലെ തന്നെയാണ് വളര്‍ന്നു പോകുന്നതും. വെറും 22 വയസ്സില്‍, ക്രിക്കറ്റിലെ ഏറ്റവും തിളക്കമേറിയ യുവ പ്രതിഭകളില്‍ ഒരാളായി മാറിയിരിക്കുന്നു. വെറും 16 മാസം കൊണ്ട്, അതിനിടയില്‍ കളിച്ച 15 ടെസ്റ്റുകളില്‍ നിന്നായി ജയ്‌സ്വാള്‍ നേടിയിരിക്കുന്നത് നാല് സെഞ്ചറികളാണ്. അതിലേറെ തിളക്കമുള്ളതായിരുന്നു പെര്‍ത്തില്‍ അടിച്ച 161 റണ്‍സ്. പെര്‍ത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനം, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതിന് ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ക്കുന്നതായിരുന്നു. ഇതെല്ലാം ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ അയാള്‍ പ്രകടിപ്പിക്കുന്ന വൈദഗ്ധ്യത്തിന്റെയും വളര്‍ച്ചയുടെയും തെളിവാണ്.
എന്നാല്‍ പെര്‍ത്തിലെ പ്രകടനം കേവലം റണ്ണുകളോ റെക്കോര്‍ഡുകളോ കൊണ്ടു മാത്രം അടയാളപ്പെടുത്താവുന്നതല്ല. ഏറ്റവും കഠിനമായ സാഹചര്യത്തിലാണ് അയാള്‍ തന്റെ പ്രതിഭ പുറത്തെടുത്തിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ ഇത്തരമൊരു കളി കളിക്കുകയെന്നത് ജയ്സ്വാളിന്റെ കഴിവിനെ അടിവരയിടുന്നു. ഇന്ത്യയെ സംബന്ധിച്ച് അവിസ്മരണീയമായ ഒരു ടെസ്റ്റ് മത്സരത്തില്‍, ജയ്‌സ്വാളും വിരാട് കോഹ്ലിയും നേടിയ സെഞ്ചുറികളുടെ പുറത്ത് ഇന്ത്യ കെട്ടിപ്പൊക്കിയത് 534 എന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു. അത് പിന്തുടരാനുള്ള ഓസ്ട്രേലിയയുടെ ശ്രമങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. നൈറ്റ് വാച്ച്മാനായി വന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെ വെറും 12 റണ്‍സിന് ഓസ്ട്രേലിയയ്ക്ക് ആദ്യത്തെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ തന്നെ കളിയുടെ ഭാവി കുറിക്കപ്പെട്ടിരുന്നു. സ്ഥിരതയ്ക്കും ആധിപത്യത്തിനും പേരുകേട്ട ഓസ്ട്രേലിയന്‍ ടീം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഓസ്‌ട്രേലിയക്കാരെ മാനസികമായി തകര്‍ത്തത് ജയ്സ്വാളായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ബൗളര്‍മാര്‍ക്കെതിരെ, ജയ്സ്വാള്‍ പക്വതയോടെ പ്രതികരിച്ചതോടെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദിത്തിലായി, ഓരോ പന്തുകളോടും ജയ്‌സ്വാള്‍ കാണിച്ച പ്രതികരണം വ്യത്യസ്തമായിരുന്നു. ക്ഷമയും അച്ചടക്കവും ആ ഇന്നിംസിന്റെ ബലമായിരുന്നു. 62 പന്തുകളാണ് കളിക്കാതെ വിട്ടത്. ജയ്‌സ്വാളിന്റെ പ്രായത്തിലുള്ള ഒരു കളിക്കാരനില്‍ നിന്ന് അപൂര്‍വമായേ ഇത്തരം കരുതലുകള്‍ കാണാനാകു. ഓരോ ബൗളറെയും അര്‍ഹിച്ച ബഹുമാനത്തോടെയും, ശിക്ഷിക്കേണ്ടപ്പോള്‍ അതിന് മടിക്കാതെയുമാണ് ജയ്‌സ്വാള്‍ നേരിട്ടത്. നഥാന്‍ ലിയോണിനെ നേരിടുമ്പോള്‍, ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്കു മാറി. ലിയോണില്‍ നിന്നുണ്ടാകുന്ന ഭീഷണി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് തന്റെ കളി മാറ്റി. തന്ത്രപരമായ അവബോധത്തിന്റെതായൊരു ഒരു തലം ആ 22 കാരന്റെ കഴിവിനു കൂടുതല്‍ അടിവരയിടുന്നു.
ആദ്യ ഇന്നിംഗ്സില്‍ ജയ്സ്വാളിന് ഒന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 161 റണ്‍സുമായാണ് പകരം വീട്ടിയത്. ആദ്യ ഇന്നിംഗ്സിലെ ഡക്കിന് പുറത്താകുകയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടുകയും ചെയ്തിട്ടുള്ളത് ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ 81 കളിക്കാര്‍ മാത്രമാണ്, അതിലൊരാള്‍ ഇനി ജയ്‌സ്വാള്‍ ആണ്. വൈദഗ്ധ്യം മാത്രമല്ല, പ്രതിരോധശേഷിയും ഉയര്‍ത്തിക്കാട്ടുന്ന കളി മികവാണ് ജയ്‌സ്വാളിനുള്ളത്. ടെസ്റ്റ് പോലെ ക്രിക്കറ്റിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഫോര്‍മാറ്റില്‍ വിജയിക്കാന്‍ ഇത്തരം സ്വഭാവം ഒരു കളിക്കാരന് അത്യാവശ്യമാണ്. ജയ്സ്വാളിന്റെ സാങ്കേതികത മികവും സൂക്ഷ്മമായ പ്രതികരണങ്ങളും സമപ്രായക്കാരായ കളിക്കാരില്‍ നിന്നും ജയ്‌സ്വാളിനെ വ്യത്യസ്തനാക്കുന്നുണ്ട്. സ്റ്റീവന്‍ സ്മിത്ത്, വിരാട് കോഹ്ലി തുടങ്ങിയ ഇതിഹാസങ്ങളുടെ നിരയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും, ഓരോ കളിയിലൂടെ യും തന്റെ പ്രതിഭയെ മെച്ചപ്പെടുത്തിക്കൊണ്ടു വരാനുള്ള ഉത്സാഹവും അതോടൊപ്പം ജന്മസിദ്ധമായി കിട്ടിയ കഴിവും വെല്ലുവിളികളില്‍ നിന്നും പഠിക്കാനുള്ള താത്പര്യവും വ്യക്തമാക്കുന്നത് മഹാരഥന്മാരായ കളിക്കാരുടെ നിരയിലേക്ക് താനും കയറി ചെല്ലുമെന്നു തന്നെയാണ്. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും, ആവശ്യമുള്ളപ്പോള്‍ കളിയുടെ വേഗം കൂട്ടാനും, എതിരാളികളെ തന്ത്രപരമായി വായിച്ചെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്, പ്രതിഭ മാത്രമല്ല, ചിന്താശേഷിയുള്ളതും കൂടുതല്‍ വളര്‍ച്ചയ്ക്ക് തയ്യാറുള്ളതുമായ ഒരു കളിക്കാരനെയാണ് കാണിക്കുന്നത്.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തന്നെ, താന്‍ ഒരു യുവ പ്രതിഭ മാത്രമല്ല, വലിയ ഭാവിയുള്ള ഒരു കളിക്കാരനാണെന്നു ജയസ്വാള്‍ തെളിയിച്ചു കഴിഞ്ഞു. തിരിച്ചടികളില്‍ നിന്ന് കരകയറാനും സമ്മര്‍ദത്തെ അതിജീവിക്കാനും ലോകോത്തര ബൗളര്‍മാരെ സമചിത്തതയോടെ കൈകാര്യം ചെയ്യാനുമുള്ള കഴിവ് അയാളെ ലോക ക്രിക്കറ്റിലെ ഏറ്റവും തിളക്കമുള്ള താരങ്ങളില്‍ ഒരാളായി അടയാളപ്പെടുത്തുന്നു. ജയ്സ്വാളിനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സന്തോഷം റണ്‍ നേടുന്നതില്‍ മാത്രമല്ല, കഠിനമായ സാഹചര്യങ്ങളിലും തന്റെ കളിയില്‍ പ്രാവീണ്യം നേടുന്നതിലാണ്. എതിരാളികളെ സംബന്ധിച്ച് ശക്തനായൊരു പോരാളിയാണ് യശസ്വി ജയ്‌സ്വാള്‍; ഓസ്‌ട്രേലിയക്കാര്‍ക്കത് ബോധ്യമായിട്ടുണ്ട്. Australia loses Perth Plot, Jaiswal shows why he is special
Content Summary; Australia loses Perth Plot, Jaiswal shows why he is special