July 23, 2026 |
Share on

ഹിറ്റ്‌ലര്‍ ജനിച്ച വീട് ഇനി പൊലീസ് സ്റ്റേഷന്‍; നവ നാസികളുടെ ലക്ഷ്യം തകര്‍ത്ത് ഓസ്ട്രിയ

‘തിന്മയുടെ വീട്’ എന്നായിരുന്നു പ്രദേശവാസികള്‍ ഈ സ്ഥലത്തെ വിളിച്ചിരുന്നത്‌

അഡോള്‍ഫ് ഹിറ്റ്ലറുടെ ജന്മഗൃഹം പൊലീസ് സ്റ്റേഷനാക്കി മാറ്റി ഓസ്ട്രിയ. നവ-നാസികളും തീവ്രവലതുപക്ഷ അനുഭാവികളും ഈ കെട്ടിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ തന്ത്രപരമായ നീക്കം. ചരിത്രത്തില്‍ നിന്ന് ഹിറ്റലറുടെതായ ശേഷിപ്പുകള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഈ കെട്ടിടം പൊളിച്ച് പുതിയ ഓഫീസാക്കിയത്.

1889 ഏപ്രില്‍ 20-ന് ഓസ്ട്രിയന്‍ അതിര്‍ത്തി ഗ്രാമമായ ബ്രൗണാവു അം ഇന്നിലെ ഒരു വാടക വീട്ടിലാണ് ഹിറ്റ്ലര്‍ ജനിച്ചത്. ഏതാനും നാളുകള്‍ ഹിറ്റ്‌ലറുമായി മാതാപിതാക്കള്‍ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. ജര്‍മ്മന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം നിലവില്‍ ലഹരിമരുന്ന് കടത്തിന്റെ പ്രധാന പാതയാണ്. അതുകൊണ്ട് തന്നെ ലഹരിവിരുദ്ധ സ്‌ക്വാഡിനാണ് ഈ കെട്ടിടം ഓഫീസ് ആക്കാന്‍ കൈമാറിയിരിക്കുന്നത്. ഓസ്ട്രിയന്‍ നിയമപ്രകാരം നാസി ചിഹ്നങ്ങളും പ്രകടനങ്ങളും കടുത്ത കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.

കെട്ടിടം പുനര്‍നിര്‍മ്മിച്ച് പൊലീസ് സ്റ്റേഷനാക്കി മാറ്റാന്‍ ഏകദേശം 20 ദശലക്ഷം യൂറോയാണ് ചെലവഴിച്ചത്. കെട്ടിടം പുനര്‍നിര്‍മിക്കുന്ന സമയത്ത, പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തീവ്രവലതുപക്ഷക്കാര്‍ ശേഖരിച്ച് വിശുദ്ധവസ്തുവായി സൂക്ഷിക്കാതിരിക്കാനായി രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി ഗെര്‍ഹാര്‍ഡ് കര്‍നര്‍, ഇതൊരു പുതിയ അധ്യായമാണെന്നും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സുരക്ഷയുടെയും കേന്ദ്രമായി ഇനി ഈ സ്ഥലം മാറുമെന്നുമാണ് പ്രസംഗിച്ചത്. അതേസമയം, ചരിത്രപരമായ ഓര്‍മ്മകള്‍ പൂര്‍ണ്ണമായി മാഞ്ഞുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹിറ്റ്ലറുടെ ജന്മദിനങ്ങളില്‍ തലമൊട്ടയടിച്ച തീവ്രവാദികളും കുറ്റവാളികളും കെട്ടിടത്തിന് മുന്നില്‍ പൂക്കളര്‍പ്പിക്കുകയും, നിരോധിക്കപ്പെട്ട നാസി സല്യൂട്ട് ചെയ്ത് ചിത്രങ്ങളെടുക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ‘തിന്മയുടെ വീട്’ എന്ന് പ്രദേശവാസികള്‍ വിളിച്ചിരുന്ന ഈ സ്ഥലത്തെ ഇത്തരം അനാവശ്യ പ്രകടനങ്ങള്‍ തടയാന്‍ പൊലീസ് സാന്നിധ്യം സഹായിക്കും.

ഈ കെട്ടിടം എന്ത ചെയ്യണമെന്നതിനെക്കുറിച്ച് വിദഗ്ദ്ധ സമിതി നീണ്ട പഠനം നടത്തിയിരുന്നു. ഒരു മ്യൂസിയമാക്കിയാല്‍ ‘രക്തവും മണ്ണും’ എന്ന ആശയം പിന്തുടരുന്ന തീവ്രവലതുപക്ഷക്കാരെ അത് കൂടുതല്‍ ആകര്‍ഷിക്കുമെന്നും, മറിച്ച് കെട്ടിടം പൂര്‍ണ്ണമായി തകര്‍ത്താല്‍ ചരിത്രത്തിന്റെ പ്രധാന ഏട് മറച്ചുവെക്കപ്പെടുമെന്നും സമിതി വിലയിരുത്തി. തുടര്‍ന്നാണ് സമൂഹത്തിന് ഉപകാരപ്രദമായ ഭരണനിര്‍വ്വഹണ ആവശ്യങ്ങള്‍ക്കായി കെട്ടിടം നല്‍കാന്‍ തീരുമാനിച്ചത്. ഓസ്ട്രിയന്‍ ജനതയില്‍ ഭൂരിഭാഗവും ഇതൊരു ജനാധിപത്യ പ്രചാരണ കേന്ദ്രമാക്കുന്നതിനെയാണ് പിന്തുണച്ചിരുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കെട്ടിടം മുന്‍പ് ഒരു ലോഡ്ജും പബ്ബുമായിരുന്നു. പത്ത് വര്‍ഷം മുന്‍പ് സ്വകാര്യ വ്യക്തിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഈ കെട്ടിടം 2011 മുതല്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയായിരുന്നു. മാവൂതൗസന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് കൊണ്ടു വന്ന ഒരു ചെറിയ സ്മാരക കല്ല് മാത്രമാണ് ഇതിന് മുന്നില്‍ സ്ഥാപിച്ചിരുന്നത്. അതില്‍ ‘സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി. ഫാസിസം ഇനി ഒരിക്കലുമില്ല’ എന്ന് കൊത്തിവെച്ചിട്ടുണ്ട്.

നേരത്തെ മ്യൂണിക്കില്‍ ഹിറ്റ്ലര്‍ താമസിച്ചിരുന്ന പ്രിന്‍സ്‌റെജന്റന്‍പ്ലാറ്റ്‌സിലെ അപ്പാര്‍ട്ട്‌മെന്റും 1940-കളുടെ അവസാനം മുതല്‍ പൊലീസ് സ്റ്റേഷനായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ പൊലീസ് സ്റ്റേഷന്റെ വരവോടെ ഹിറ്റ്ലര്‍ ആരാധകരില്‍ നിന്നും ഈ പ്രദേശത്തെ പൂര്‍ണ്ണമായും മുക്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രിയന്‍ ഭരണകൂടം.

Content Summary; Austria transforms Adolf Hitler’s birthplace in Braunau am Inn into a police station to deter neo-Nazi pilgrimages and neutralize its toxic legacy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×