കഴിഞ്ഞ കുറച്ച് നാളുകളായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇപി ജയരാജനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും തിരഞ്ഞെടുപ്പ് ദിവസം തന്നെയാണ് ഇപി വീണ്ടും വിവാദ നായകനായത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജന്‍ ബിജെപി നേതാവായ പ്രകാശ് ജാവദേക്കറെ സന്ദര്‍ശിച്ചെന്ന വിവാദമാണ് പുകഞ്ഞതെങ്കില്‍ ഇപ്പോഴിതാ ‘കട്ടന്‍ ചായയും പരിപ്പ് വടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇപിയുടെ ആത്മകഥയാണ് ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചത്.autobiography of EP Jayarajan
ഇപിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നുവെന്ന് ഡിസി ബുക്സിന്റെ സോഷ്യല്‍ മീഡിയ പേജില്‍ അറിയിപ്പ് വന്നതോടെയാണ് വിവാദങ്ങള്‍ക്കും തിരികൊളുത്തിയത്. പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇ.പി.ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും-ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം ഉടന്‍ വരുന്നുവെന്നായിരുന്നു ഡിസി ബുക്‌സിന്റെ പരസ്യം.
ആറ് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഇ.പി.ജയരാജന്റെ ആത്മകഥ എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രം കൂടി പറയുന്നതാകുമെന്നത് ഉറപ്പായ കാര്യമാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന ഭാഗങ്ങളാകട്ടെ പാര്‍ട്ടിയെ പലതരത്തില്‍ പ്രതിരോധത്തിലാക്കുന്നതാണ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപിയുടെ ആത്മകഥയിലെ പുറത്തുവന്ന പരാമര്‍ശങ്ങള്‍ നവംബര്‍ 20 ന് നടക്കാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിനെയും പ്രതികൂലമായി തന്നെ ബാധിക്കാനാണ് സാധ്യത.
കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും പാലക്കാട്ടെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. സരിനെതിരെയും ആത്മകഥയില്‍ വിമര്‍ശനമുള്ളതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘സ്വതന്ത്രര്‍ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും’. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതും, ബിജെപിയില്‍ ചേരാന്‍ ശോഭാ സുരേന്ദ്രനെ കണ്ടതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് ഇപിയുടെ ആത്മകഥയെന്ന നിലയില്‍ പ്രചരിക്കുന്ന പുസ്തകഭാഗങ്ങളിലുള്ളത്. പ്രകാശ് ജാവദേക്കറിനെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ത്തതിന് പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
കണ്ണൂരില്‍ നൂറുകണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടും കലിയടങ്ങാത്ത ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് കെ. സുധാകരന്‍ എന്നാണ് കെ.പി.സി.സി അധ്യക്ഷനെ കുറിച്ച് പുസ്തകത്തില്‍ പറയുന്നത് എന്നാണ് ആരോപണം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്. കൂടാതെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതിലല്ല, പാര്‍ട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസമെന്നും ആത്മകഥയില്‍ പരാമര്‍ശിക്കുന്നതായും പറയപ്പെടുന്നു. കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. അന്തിമതീരുമാനം വരേണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്” – തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ട പേജുകളാണ് ജയരാജന്റെതായി പുറത്തുവന്ന പുസ്തകത്തിലൂടെ വ്യാപകമായി പ്രചരിച്ചത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ജാവദേക്കറുമായുള്ള ഇപിയുടെ കൂടിക്കാഴ്ചാ വിവാദം സിപിഎമ്മിനെ നിസ്സാരമായല്ല വേട്ടയാടിയത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇടത് മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നുപോലും അച്ചടക്ക നടപടിയുടെ പേരില്‍ ജയരാജനെ പുറത്താക്കേണ്ടി വന്നു പാര്‍ട്ടിക്ക്. എക്കാലവും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഇപിയെ ആ അവസരത്തില്‍ മുഖ്യമന്ത്രിക്ക് പോലും തള്ളിപ്പറയേണ്ടിയും വന്നിരുന്നു.
വിവാദവഴികളിലെ കമ്യൂണിസ്റ്റ് പോരാളി
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രായോഗിക വക്താവ് എന്നറിയപ്പെട്ട ഇപി, പാര്‍ട്ടിക്ക് വേണ്ടി കഴുത്തില്‍ വെടിയുണ്ട തറയ്ക്കപ്പെട്ട് ജീവിക്കുന്ന രക്തസാക്ഷി എന്ന് സിപിഎം തന്നെ പ്രശംസിച്ച സഖാവ്, കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണില്‍ എന്നും വേറിട്ട ശബ്ദമായി നിന്ന ഇപി ജയരാജന്റെ ഭാഗത്ത് നിന്നും അടിക്കടി ഉണ്ടാകുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയും അസഹിഷ്ണുതയുമാണ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള സഖാക്കള്‍ക്ക്.
2007ല്‍ ഇ.പി ജയരാജന്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. എന്നാലത് ദേശാഭിമാനിയുടെ വികസന ബോണ്ടായിരുന്നുവെന്ന് ആദ്യം പ്രതികരിച്ച ഇപി പിന്നീടത്
ബോണ്ടല്ലെന്നും നിശ്ചിത കാലാവധിക്കുള്ളില്‍ പലിശ സഹിതം തിരിച്ച് നല്‍കുന്ന നിക്ഷേപമാണെന്നും ജയരാജന്‍ വിശദീകരിക്കുകയായിരുന്നു. വിമര്‍ശനങ്ങളില്‍ അടിപതറിയതോടെ ഒടുവില്‍ രണ്ടുകോടി രൂപ തിരികെ നല്‍കി തടിയൂരുകയായിരുന്നു. ഇതിന് പുറമെയായിരുന്നു 2007 ല്‍ തന്നെ കണ്ണൂര്‍ മൊറാഴയില്‍, 50 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ച പോലെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാകില്ലെന്ന ജയരാജന്റെ വിവാദ പ്രസംഗവും പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയത്.
ഇതിനൊക്കെ പിന്നാലെയായിരുന്നു ഇപി ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്‌ബോള്‍ സംഘാടക സമിതി, വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയ വാര്‍ത്ത പുറത്തുവന്നത്. ചെന്നൈ ആസ്ഥാനമായ പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാരിസിന്റെ കമ്പനിയില്‍ നിന്ന് മൂന്ന് തവണയായി 60 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തല്‍. ഇതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
2013 ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനത്തിനായി വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ അച്ചടിച്ചതിനും ഇപി ക്കെതിരെ സിപിഎം രംഗത്ത് വന്നിരുന്നു. കൂടാതെ ജയരാജന്‍ ജനറല്‍ മാനേജരായിരുന്ന കാലത്ത് തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ കെട്ടിടവും 32 സെന്റ് ഭൂമിയും ചാക്ക് രാധാകൃഷ്ണന്‍ എംഡിയായിരുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍ ആന്റ് ഡവലപ്പേഴ്‌സിന് മൂന്ന് കോടി മുപ്പത് ലക്ഷം രൂപയ്ക്ക് വിറ്റതും വലിയ വിവാദമായിരുന്നു.
2016 ലെ ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധുവും കേന്ദ്രകമ്മറ്റിയംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചതും വിവാദമായി. തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. പിന്നീട് നിയമനത്തില്‍ അഴിമതിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതോടെ ഇപി വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവന്നു.
ഇപിയുടെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടും, കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തവും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. സിപിഎം – ബിജെപി രഹസ്യ ബിസിനസ് ഡീല്‍ എന്നായിരുന്നു ഇതിനെ പ്രതിപക്ഷം വ്യാഖ്യാനിച്ചത്. ഇപി യുടെ വൈദേകം റിസോര്‍ട്ടിനെ കുറിച്ച് പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ പരാമര്‍ശിച്ചതാകട്ടെ കണ്ണൂരില്‍ നിന്ന് തന്നെയുള്ള പി ജയരാജനായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് ഇഡിയും, ആദായ നികുതി വകുപ്പും വൈദേകത്തില്‍ റെയ്ഡുകള്‍ നടത്തി. പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ ഗ്രൂപ്പ് വൈദേകം ഏറ്റെടുക്കുകയായിരുന്നു.
അടുത്ത കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമായിരുന്നു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. ഈ വിഷയത്തിലും ഇപി യുടെ പേര് ഉയര്‍ന്നുകേട്ടു. മുഖ്യപ്രതി പി സതീഷ് കുമാറുമായി ഇപി ക്കുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത നാള്‍ മുതലാണ് ഇപി ജയരാജന്‍ തന്റെ ആത്മകഥ എഴുതാന്‍ തുടങ്ങിയത്. പുസ്തകം ഇറങ്ങുന്നതിന് മുമ്പേ വിവാദമായതോടെ പാര്‍ട്ടിയിലെ ചെറുതും വലുതുമായ എല്ലാ നേതാക്കളും വിവാദങ്ങളില്‍ പ്രതികരിച്ചും മടുത്തു.
ആരോപണങ്ങള്‍ നിഷേധിച്ച് ഇപി
ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. മാധ്യമങ്ങളില്‍ വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇപി ജയരാജന്‍ ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ കേസെടുത്ത് ഉചിതമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ചാനലുകളും വലിയ വാര്‍ത്താ പ്രാധാന്യത്തോടെയാണ് തനിക്കെതിരായ ആരോപണങ്ങളെ നല്‍കിയിരിക്കുന്നതെന്നും ഇ.പി പറഞ്ഞു. ചില തത്പരകക്ഷികളുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നും ജയരാജന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധീകരണത്തിനായി ഡി.സി ബുക്സും മാതൃഭൂമിയും ഉള്‍പ്പെടെ തന്നെ സമീപിച്ചിരുന്നു. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് താന്‍ മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ഡിസി ബുക്‌സ് മാപ്പ് പറയണമെന്നാണ് ആവശ്യം.
എന്നാല്‍ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മലക്കം മറിഞ്ഞിരിക്കുകയാണ് ജയരാജന്‍. താന്‍ എഴുതിയ ആത്മകഥ വിശ്വസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന് എഡിറ്റ് ചെയ്യാന്‍ കൊടുത്തുവെന്നും അദ്ദേഹം അത് പുറത്ത് വിടുമെന്ന് കരുതുന്നില്ല എന്നുമായിരുന്നു. ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. പുറത്തുവന്ന ഭാഗങ്ങള്‍ പൂര്‍ണമായും ഇപിയുടേതല്ല എന്ന് പറയാന്‍ സാധിക്കില്ല. കാരണം ഡിസി ബുക്‌സ് പോലെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വിശ്വസ്തത കാത്തുപോരുന്ന ഒരു സ്ഥാപനത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങളല്ല ഇപി പറയുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിയതിന് പിന്നാലെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും സിപിഎമ്മിനെ ഒന്നടങ്കം പ്രശ്‌നത്തിലാക്കുകയും ചെയ്ത വിവാദങ്ങളെ തണുപ്പിക്കാനുമായി പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി പി സരിനെ പുകഴ്ത്തുന്ന പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഇപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാര്‍ഥിയാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സരിന്റേത് ഇടതുപക്ഷ മനസ്സാണ്, കൂടാതെ നിസ്വാര്‍ഥ സേവനം നടത്തുന്നയാളുമാണ് എന്നാണ് ഇപിയുടെ പുതിയ പ്രസ്താവന. എന്നാല്‍, ആത്മകഥ എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ലെന്നും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങുമെന്നും കൂടി ഇ.പി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താന്‍ ജാവദേക്കറിനെ ഒന്നരവര്‍ഷം മുന്‍പ് കണ്ട സംഭവത്തെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടുമുന്‍പ് കണ്ടെന്ന തരത്തില്‍ ആസൂത്രിതമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അതുപോലെയാണ് ഇപ്പോഴത്തെ ആത്മകഥാ വിവാദമെന്നും ജയരാജന്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ പല അപ്രിയ സത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്റെ കട്ടന്‍ ചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പരസ്യത്തിന് പിന്നാലെ പുസ്തകത്തിന്റെ പ്രസാധനം, നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം കുറച്ച് ദിവസത്തേക്ക് നീട്ടിവച്ചുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാക്കുമെന്നുമായിരുന്നു ഡിസിയുടെ പ്രതികരണം.
ആത്മകഥാ വിവാദത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇ.പി നേരത്തേ നല്‍കിയ വിശദീകരണം മുഖവിലയ്ക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി പങ്കെടുത്തേക്കുമെന്നും അവിടെവച്ച് വിവാദ വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
ഇപി ഇനി എങ്ങോട്ട്
എസ്എഫ്‌ഐയുടെ പ്രാരംഭ രൂപമായിരുന്ന കെഎസ്എഫിലൂടെയാണ് ഇപി ജയരാജന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സീവമായത്. പ്രീഡിഗ്രിക്ക് ശേഷം പോളി ടെക്‌നിക് പഠനത്തിനിടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീട് ഡിവൈഎഫ്‌ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റായ ജയരാജന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വത്തിലെയും സംസ്ഥാന നേതൃത്വത്തിലെയും പ്രധാന മുഖങ്ങളിലൊന്നായി. 1992 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2002 ലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്. 2005 മുതല്‍ കേന്ദ്രകമ്മിറ്റിയിലുമുണ്ട്.
എം വി രാഘവന്റെ ശിഷ്യനായിട്ടായിരുന്നു പിണറായിക്കൊപ്പം ഇ പി ജയരാജന്റെയും കണ്ണൂരിലെ വളര്‍ച്ച. 1985 ല്‍ സിപിഎമ്മിന്റെ എറണാകുളം സമ്മേളനത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് എം വി രാഘവന്‍ സിപിഎമ്മില്‍ നിന്ന് പുറത്തായി. 1987 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച എംവി രാഘവനെ നേരിടാന്‍ സിപിഎം നിയോഗിച്ചത് ഇപി ജയരാജനെയായിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. 1991 ലെ തിരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ നിന്ന് ഇപി നിയമസഭയിലെത്തി. പിന്നീട് 2011 ലും 2016 ലും മട്ടന്നൂരില്‍ നിന്ന് വിജയിച്ചു. 2016 ല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യവസായവകുപ്പ് മന്ത്രിയുമായി.
പോരാട്ടവഴികളില്‍ വെട്ടിയും തിരുത്തിയും സജീവ രാഷ്ട്രീയ നേതാവായ ഇപി ജയരാജന് നേരെ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ പോലും പലപ്പോഴും സാരമായി ബാധിക്കുന്നവയായിരുന്നു. അതുകൊണ്ടൊക്കെ തന്നെ കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് ഒഴിയുകയാണെന്നാണ് ഇപി പറയുന്നത്. രാഷ്ട്രീയ ജീവിതം നിര്‍ത്തി തന്റെ നിലപാടുകളിലേക്ക് മാത്രം ഒതുങ്ങിയുള്ള ജീവിതമാണോ ഇപി ഇനി സ്വപ്‌നം കാണുന്നത്? അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സിപിഎം വിട്ട് ബിജെപി യിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണോ ഇപി എന്ന കാര്യമാണ് ഇനി പുറത്തുവരേണ്ടത്. രണ്ടായാലും അധികകാലം ഇനി കാത്തിരിക്കേണ്ടി വരില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. autobiography of EP Jayarajan
content summary; autobiography of EP Jayarajan