പ്രീമിയം സെഡാന്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രീതിയുള്ള മോഡലായിരുന്നു കാംമ്രി ഹൈബ്രിഡ്
ടെയോട്ടയുടെ പ്രീമിയം സെഡാനായ കാംമ്രിയുടെ 2018 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ബാഹ്യരൂപത്തില്‍ മാറ്റങ്ങളില്ലെങ്കിലും നിരവധി പുതിയ ഫീച്ചറുകള്‍ 2018 മോഡലിനുണ്ട്.
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും ഫോഗ് ലാംപുകളും കാംമ്രിയ്ക്ക് ലഭിച്ചു.
ഇന്റീരിയറിന് ബ്ലാക്ക് ബീജ് കളര്‍ കോമ്പിനേഷനു പകരം ബ്ലാക്ക് ടാന്‍ ഡ്യുവല്‍ ടോണ്‍ നല്‍കിയിരിക്കുന്നു. തടിയുടെ ഡിസൈനിലുള്ള ഘടകങ്ങള്‍ കൊണ്ട് ഡാഷ്‌ബോര്‍ഡ് അലങ്കരിച്ചിട്ടുണ്ട്. പഴയ നാല് സ്‌പോക്ക് സ്റ്റിയറിങ്ങിന്റെ സ്ഥാനത്ത് മിനുക്കമുള്ള പുതിയ മൂന്ന് സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീലാണ്.
ജെബിഎല്ലിന്റെ 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം. സ്മാര്‍ട്ട് ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിങ് പാഡ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയും പുതിയ ഫീച്ചറുകളില്‍ പെടുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒമ്പത് എയര്‍ബാഗുകളുണ്ട്. ഫലത്തില്‍, എതിരാളിയായ ഹോണ്ട അക്കോര്‍ഡിനെക്കാള്‍ ഫീച്ചറുകള്‍ കാംമ്രിയ്ക്കുണ്ട്. താരതമ്യേന കുറവാണ് വിലയും, ഡല്‍ഹി എക്‌സ്‌ഷോറൂം വില 37.22 ലക്ഷം രൂപ.
യാത്രാസുഖത്തിനു പേരുകേട്ട കാംമ്രിയുടെ പിന്നിന്‍ സീറ്റിന്റെ ബാക്ക് റെസ്റ്റ് ആവശ്യാനുസരണം ചെരിക്കാനാവും. പവര്‍ട്രെയിന്‍ ഭാഗത്ത് മാറ്റമില്ല. 2.5 ലീറ്റര്‍ , നാല് സിലിണ്ടര്‍, പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 202 ബിഎച്ച്പി കരുത്തും 213 എന്‍എം ടോര്‍ക്കും നല്‍കും.
പ്രീമിയം സെഡാന്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രീതിയുള്ള മോഡലായിരുന്നു കാംമ്രി ഹൈബ്രിഡ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നികുതി സമ്പ്രദായം കാംമ്രി ഹൈബ്രിഡിന്റെ വിലയില്‍ അഞ്ച് ലക്ഷം രൂപയുടെ വിലവര്‍ധനയുണ്ടാക്കി. ഇത് വില്‍പ്പനയെ പ്രതീകൂലമായി ബാധിച്ചു. പുതിയ ഫീച്ചറുകള്‍ നല്‍കി കാംമ്രിയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടാനാവുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ഹോണ്ട അക്കോര്‍ഡ്, സ്‌കോഡ സുപ്പര്‍ബ് മോഡലുകളാണ് കാംമ്രിയുടെ എതിരാളികള്‍.