തന്റെ വിപണി തീവ്രവാദത്തിനെതിരെ നിലപാടെടുത്ത വാഹനനിർമാതാവ് ഹാർലി ഡേവിസനെതിരെ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് രംഗത്ത്. യൂറോപ്യൻ യൂണിയനിലേക്ക് കയറ്റി അയയ്ക്കാനായി വാഹനങ്ങൾ ഉൽപാദിപ്പിക്കുന്നത് ഇനി യുഎസ്സിൽ നിന്നു വേണ്ട എന്ന ഹാർലി ഡേവിസന്റെ തീരുമാനമാണ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വാർത്ത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതികൾക്ക് പുതിയ നികുതികൾ അടിച്ചേൽപ്പിച്ച ട്രംപിന്റെ നടപടിക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയ സാഹചര്യത്തിലാണ് ഹാർലി പുതിയ തീരുമാനമെടുത്തിരിക്കുന്നത്. സമാനമായ ഇറക്കുമതി തീരുവകൾ യൂറോപ്യൻ യൂണിയനും ചുമത്തിയതോടെ ഹാർലിയുടെ അന്തർദ്ദേശീയ വിപണനം മൊത്തത്തിൽ താറുമാറിലാകാൻ തുടങ്ങുകയാണ്. ഗൗരവമേറിയ ഈ സാഹചര്യത്തെ നേരിടേണ്ടത് അത്യാവശ്യമായതിനാലാണ് കടുത്ത നടപടികളിലേക്ക് ഹാർലി നീങ്ങിയത്.
ഹാർലി ഡേവിസനടക്കമുള്ളവർക്കു വേണ്ടിയാണ് താൻ പോരാടുന്നതെന്ന് ട്രംപ് തന്റെ ട്വീറ്റിൽ സൂചിപ്പിച്ചു. നികുതിയല്ല ഹാർലിയുടെ യഥാർത്ഥ പ്രശ്നമെന്നും ട്വീറ്റ് പറയാൻ ശ്രമിക്കുന്നുണ്ട്. നികുതി ഹാർലിയുടെ വെറുമൊരു ഒഴികഴിവ് മാത്രമാണെന്ന് ട്രംപ് പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ പുതിയ തീരുവകൾ തങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ലെന്നും അന്തർദ്ദേശീയ വിപണനത്തെ ഇവ കാര്യമായി ബാധിക്കുമെന്നും ഹാർലി അറിയിച്ചു. ഈ പ്രശ്നത്തെ മറികടക്കാൻ യുഎസ്സിനു പുറത്തുള്ള നിർമാണ പ്ലാന്റുകളിൽ നിക്ഷേപം കൂട്ടും. നിലവിൽ യുഎസ് കഴിഞ്ഞാൽ ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീൽ, തായ്‍ലൻഡ് എന്നിവിടങ്ങളിൽ ഹാർലിക്ക് നിർമാണ പ്ലാന്റുകളുണ്ട്. ഇവയിൽ ഏതിലെല്ലാം നിക്ഷേപം വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അടുത്ത 9 മാസം മുതൽ 18 മാസം വരെയുള്ള സമയത്തിനുള്ളിൽ നിക്ഷേപം നടക്കുമെന്ന് ഹാർലി പറയുന്നു.
നേരത്തെ 6% മാത്രമായിരുന്നു യൂറോപ്യൻ യൂണിയനിലേക്കുള്ള ഇറക്കുമതി നികുതി. ഇത് ഇപ്പോൾ 31% ആയി വർധിപ്പിക്കപ്പെട്ടിരിക്കുന്നു. കമ്പനി കണക്കാക്കുന്നതു പ്രകാരം ഒരു ബൈക്കിൽ ശരാശരി 2,200 ഡോളര്‍ വർധന. ഈ നികുതി മൂലം 45 ദശലക്ഷം രൂപയുടെ അധിച്ചെലവും കമ്പനിക്കുണ്ടാകും. ആകെ 39,773 മോട്ടോർബൈക്കുകളാണ് ഹാർലി 2017ൽ യൂറോപ്പിൽ വിറ്റത്.
വിപണിമത്സരത്തിൽ പിടിച്ചു നിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഹാർലിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിലവിലെ നികുതി നിരക്ക് ഉപഭോക്താക്കളിൽ നിന്നും പിടിച്ചെടുക്കാൻ ശ്രമിച്ചാൽ വൻ തകർച്ചയെത്തന്നെ നേരിടേണ്ടി വരും ഹാർലിക്ക്. ഇക്കാരണത്താല്‍ അധികം വരുന്ന നികുതിച്ചെലവ് തൽക്കാലം സ്വയം വഹിക്കാനാണ് ഹാർലിയുടെ തീരുമാനം. കഴിയുന്നതും വേഗം ഉൽപാദനം ഇതര നാടുകളിലേക്ക് മാറ്റി അവിടങ്ങളിൽ നിന്ന് കയറ്റുമതി വർധിപ്പിക്കാൻ ഹാർലി ശ്രമിക്കും.
2016-17 കാലത്ത് ഇന്ത്യയിൽ നിർമിക്കപ്പെട്ട 2,440 ബൈക്കുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട് ഹാർലി ഡേവിസൺ. ഹാർലി ഡേവിസൺ സ്ട്രീറ്റ് 750 മോഡൽ യൂറോപ്യൻ വിപണിയിലെത്തുന്നത് ഇന്ത്യയിൽ നിന്നാണ്. പുതിയ സംഭവവികാസങ്ങൾ ഹാർലി ഡേവിസനെ ഇന്ത്യയിൽ നിന്നുള്ള യറോപ്യൻ കയറ്റുമതി കൂട്ടാൻ പ്രേരിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.