July 09, 2025 |
Share on

ടൊയോട്ട യാരിസിനു ഡീസല്‍ എന്‍ജിന്‍ പ്രതീക്ഷിക്കേണ്ട

വന്‍ സാമ്പത്തിക ചെലവും ഡീസല്‍ കാറുകള്‍ക്ക് കുറഞ്ഞുവരുന്ന ജനപ്രീതിയുമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍

ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കുന്ന സി സെഗ്‌മെന്റ് സെഡാനായ യാരിസിന് ഡീസല്‍ എന്‍ജിന്‍ വകഭേദം ഭാവിയിലും ഉണ്ടാകില്ലെന്ന് സൂചന. ബിഎസ് ആറ് എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന പുതിയ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനുള്ള വന്‍ സാമ്പത്തിക ചെലവും ഡീസല്‍ കാറുകള്‍ക്ക് കുറഞ്ഞുവരുന്ന ജനപ്രീതിയുമാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനെ പ്രേരിപ്പിക്കുന്നത്.

എതിരാളികളായ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ന മോഡലുകള്‍ക്ക് ഡീസല്‍വകഭേദമുണ്ടെന്നത് ടൊയോട്ട ഗൗരവമായി എടുക്കുന്നില്ല. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ടൊയോട്ട യാരിസിന്റെ 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 108 ബിഎച്ച്പിയാണ് കരുത്ത്.

വായുമലിനീകരണം കുറഞ്ഞതും ഇന്ധനക്ഷമതയേറിയതുമായ കാറുകള്‍ക്ക് പ്രാധാന്യം കൂടി വരുന്ന സാഹചര്യത്തില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യാരിസ് വകഭേദത്തെ ഭാവിയില്‍ ടൊയോട്ട പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയില്‍ ടെയോട്ടയുടെ കുറഞ്ഞ കപ്പാസിറ്റിയുള്ള എന്‍ജിന്‍ എത്തിയോസ്, കൊറോള ആള്‍ട്ടിസ് മോഡലുകള്‍ക്കാണ് ഉപയോഗിക്കുന്നത്. ഈ 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബിഎസ് ആറ് നിലവാരത്തിലുള്ളതല്ല. അതുകൊണ്ടുതന്നെ 2020 ഏപ്രിലില്‍ ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ കൊറോള, എത്തിയോസ് മോഡലുകളുടെ ഡീസല്‍ വകഭേദങ്ങളെ കമ്പനി ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

ആറ് സ്പീഡ് മാന്വല്‍, ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് വകഭേദങ്ങളുള്ള യാരിസ് മേയ് മാസം വിപണിയിലെത്തും. 8.40 ലക്ഷം രൂപ 13.50 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു.

 

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×