June 26, 2026 |
Share on

നവി വരും; നിങ്ങളുടെ ഇഷ്ടത്തിന്

ഒരിക്കല്‍ ഉപഭോക്താക്കള്‍ നിരാകരിച്ച നവിയെ അവരുടെ തന്നെ താത്പര്യപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ഹോണ്ട വീണ്ടും അവതരിപ്പിക്കുന്നത്

വേറിട്ടുനില്‍ക്കുന്ന ടൂവീലര്‍. ഹോണ്ടയുടെ നവി നിരത്തിലെത്തിയപ്പോള്‍ വാഹന പ്രേമികള്‍ ഇങ്ങനെയാണ് വിളിച്ചത്. പക്ഷേ, എല്ലാവരില്‍ നിന്നും വ്യത്യസ്തനായി നിന്ന നവിയെ അധികമാരും പ്രേമിച്ചില്ലെന്നതാണ് സത്യം. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും രൂപം നവിയില്‍ വന്നുചേര്‍ന്നപ്പോള്‍ ടൂവീലര്‍ വാങ്ങാനൊരുങ്ങിയവര്‍ രണ്ടാമതൊന്ന് ആലോചിച്ചു. അതിനാല്‍, പ്രതീക്ഷിച്ച വില്‍പ്പനയൊന്നും നവിക്കുണ്ടായില്ല. എന്ന് കരുതി നവിയെ ഉപേക്ഷിക്കാന്‍ ഹോണ്ട തയ്യാറല്ല. ഹോണ്ടയുടെ മറ്റു ജനപ്രിയ ടൂവീലറുകള്‍ പോലെ തന്നെ നവിയെയും നിരത്തിലെ താരമാക്കാനാണ് അവരുടെ ശ്രമം.

ഉപഭോക്താക്കള്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തിലും ഭാവത്തിലും നവിയുടെ പുതിയ പതിപ്പിറക്കാനാണ് ഹോണ്ടയുടെ ആലോചന. ഇതിന്റെ ഭാഗമായാണ് ഹോണ്ട നവി കസ്‌റ്റോമാനിയ മത്സരം സംഘടിപ്പിച്ചത്. സ്വന്തം വണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്യാന്‍ ഓരോ ഉപഭോക്താവിനും അവസരമൊരുക്കുന്നതാണ് മത്സരം. ആയിരക്കണക്കിന് ആളുകളാണ് നവി കസ്‌റ്റോമാനിയ മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. കസ്‌റ്റോമാനിയ മത്സരത്തിലൂടെ ന്യൂജനറേഷന്റെ ആശയം കൂടി വണ്ടിയിലേക്ക് ആവാഹിക്കാനാണ് അവരുടെ ശ്രമം. ഡിസൈന്‍ മുതല്‍ നിറംവരെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. നവി സ്വന്തമായുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇതില്‍ പങ്കാളികളാകുന്നുണ്ട്.

2018 ഓട്ടോ എക്‌സ്‌പോയില്‍ കസ്‌റ്റോമാനിയ മത്സരത്തിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള നവി പുറത്തിറങ്ങും. ഒക്ടോബര്‍ മാസത്തിലാണ് മത്സരം തുടങ്ങിയത്. നഗരങ്ങളിലും ദേശീയ തലത്തിലുമായി നടന്ന മത്സരത്തില്‍ ടൂവീലറുകളുടെ നിര്‍മ്മാണരീതികള്‍ വരെ പരീക്ഷിച്ചു. പൂനെ, ഇന്‍ഡോര്‍, ഗോവ, നാഗ്പൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ബെഗളൂരു, ലക്‌നൗ, മുംബൈ, അഹമ്മദാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ മത്സരം നടക്കും. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ശേഷമാണ് നവിയില്‍ മാറ്റങ്ങള്‍ വരിക.

Leave a Reply

Your email address will not be published. Required fields are marked *

×