March 26, 2025 |
Share on

വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിച്ചാൽ‌ 118 (E) ചുമത്താനാകില്ല; ശിക്ഷിക്കണമെങ്കിൽ നിയമനിർമാണം നടത്തണം: ഹൈക്കോടതി

കേരളത്തിൽ എവിടെയെങ്കിലും പൊലീസ് ഇത്തരത്തിൽ കേസെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കിക്കിട്ടാൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

നിലവിലെ നിയമങ്ങൾ പ്രകാരം മൊബൈലിൽ സംസാരിച്ച് വാഹനമോടിച്ചാൽ പൊലീസിന് കേസെടുക്കാൻ വകുപ്പില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നയാൾ പൊതുജനത്തെ അപകടപ്പെടുത്തുന്നയാളായി വ്യാഖ്യാനിക്കാൻ നിലവിലെ നിയമങ്ങളിൽ വഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

പൊലീസ് ആക്ടിലെ 118 ഇ എന്ന വകുപ്പാണ് ഇത്തരം കേസുകളിൽ പൊലീസ് ചുമത്താറുള്ളത്. പൊതുജനത്തിന് അപകടകരമാകും എന്നറിഞ്ഞുകൊണ്ട് ഒരാൾ പോതുസ്ഥലത്ത് നടത്തുന്ന പ്രവൃത്തികളെക്കുറിച്ചാണ് ഈ വകുപ്പ് പറയുന്നത്. മദ്യപിച്ച് അവനവനെ നോക്കാൻ ശേഷിയില്ലാത്ത വിധത്തിൽ കാണപ്പെടുന്നതോ, കലാപാവസ്ഥ സൃഷ്ടിക്കാൻ സാധ്യതയുള്ള തരത്തിൽ കാണപ്പെടുന്നതോ ആയ വ്യക്തികള്‍ക്കെതിരെ ഈ വകുപ്പു പ്രകാരം കേസെടുക്കാവുന്നതാണ്. അറിഞ്ഞുകൊണ്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും ഈ വകുപ്പ് ഉപയോഗിക്കാറുണ്ട്. ഫോൺ വിളിച്ചുകൊണ്ടോ മറ്റ് പ്രസ്താവനകള്‍ വഴിയോ പൊതുസ്ഥലത്ത് മാന്യതയില്ലാതെ പെരുമാറിയാലും കേസെടുക്കുക ഈ വകുപ്പ് പ്രകാരമാണ്. ഇതിൽ പക്ഷെ, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ കേസെടുക്കാൻ‌ വകുപ്പുമില്ല. മൂന്നു വർ‌ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും രണ്ടും ചേർത്തും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിൽ അതിന് നിയമത്തിൽ ഭേദഗതി വരുത്തി നിയമസഭയിൽ ബില്ല് പാസ്സാക്കണമെന്നും കോടതി പറഞ്ഞു.

കേരളത്തിൽ എവിടെയെങ്കിലും പൊലീസ് ഇത്തരത്തിൽ കേസെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കിക്കിട്ടാൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

കാക്കനാട് സ്വദേശി എംജെ സന്തോഷ് നൽകിയ ഹരജിയിലാണ് ഈ വിധി വന്നിരിക്കുന്നത്.

×