തിരക്കൊഴിയാത്ത തൃപ്പൂണിത്തുറ-വൈറ്റില റോഡ്. മെട്രൊയിലിരുന്ന് നോക്കിയാൽ ഒറ്റ നോട്ടത്തിൽ ആ ഇരട്ട ഫ്ലാറ്റുകൾ ശ്രദ്ധയിൽപ്പെടും. പേട്ട മെട്രോ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒന്നേമുക്കാൽ കിലോമീറ്റർ ദൂരമുണ്ട് വൈറ്റിലയിലെ സിൽവർ സാന്റ് ഐലന്റിലെ ചന്ദേർകുഞ്ജ് ആർമി ഫ്ലാറ്റിലേക്ക്.
പ്രധാന റോഡിൽ നിന്ന് നടന്ന് കായലിന് കുറുകെ പണിതിരിക്കുന്ന പാലവും കടന്ന് വേണം ഐലന്റിലേക്കെത്താൻ. വർഷങ്ങൾക്ക് മുമ്പ് ചതുപ്പ് നിലമായിരുന്ന പ്രദേശത്ത് നിർമ്മാണം കഴിഞ്ഞതും പുരോഗമിക്കുന്നതുമായ നിരവധി കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നത് കാണാം. ഐലന്റിലേക്ക് കയറുന്നതിന് മുമ്പായി തന്നെ പ്രധാന കവാടത്തിൽ സിൽവർ സാൻ്റ് ഐലന്റെന്നും , ആസാദി സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ ഇന്നോവേഷനെന്ന് എഴുതിയിട്ടുണ്ട്. കായൽ നിലത്തിന് കുറുകെയാണ് രണ്ട് വലിയ വണ്ടികൾക്ക് ഒരേ സമയം കടന്നു പോകാൻ കഴിയുന്ന തരത്തിൽ റോഡ് പണികഴിപ്പിച്ചിരിക്കുന്നത്.
മാസങ്ങളായി വാർത്തയിൽ നിറഞ്ഞു നിൽക്കുകയാണ് ചന്ദേർകുഞ്ജ് ഫ്ലാറ്റ് സമുച്ചയം. അടുത്തടുത്തായി മൂന്ന് ഫ്ലാറ്റുകൾ. എ, ബി, സി എന്നിങ്ങനെ മൂന്ന് ഫ്ലാറ്റുകളിലുമായി 264 അപ്പാർട്ട്മെന്റുകൾ. നിർമ്മാണത്തിലെ അപാകതയെ തുടർന്ന് ബലക്ഷയം ബാധിച്ച ചന്ദേർകുഞ്ജിലെ ആർമി ഫ്ലാറ്റ് പൊളിച്ച് നീക്കാനുള്ള നടപടിയുടെ ആദ്യപടിയായി താമസക്കാരെ മുഴുവൻ ഒഴിപ്പിച്ചിട്ട് ദിവസങ്ങളാവുന്നതേയുള്ളൂ. വെള്ളയും കാപ്പിയും കലർന്ന പെയിന്റടിച്ച അപ്പാർട്ട്മെന്റുകൾ ആകാശം മുട്ടി നിൽക്കുന്നതായി തോന്നാം. അനുവാദമില്ലാതെ ആളുകളെ അകത്തേക്ക് കടത്തിവിടില്ലെന്ന് ആദ്യം ശാഠ്യം പിടിച്ചെങ്കിലും, ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി അസോസിയേഷൻ അനുമതി നൽകേണ്ടി വന്നു. നിങ്ങളുടെ സ്വന്തം റിസ്കിലാണ് അകത്തേക്ക് പോകുന്നത് എന്ത് സംഭവിച്ചാലും ഞങ്ങൾ ഉത്തരവാദികളല്ല. അസോസിയേഷൻ തീർത്ത് പറഞ്ഞു.
അപകട ഭീഷണിയുള്ള ഈ ഫ്ലാറ്റികളിലാണ് ഏകദേശം ഏഴ് വർഷത്തോളം 203 കുടുംബങ്ങളെ താമസിപ്പിച്ചത്. ബി, സി ബ്ലോക്കുകൾ മുഴുവനായി ഒഴിഞ്ഞ് കിടന്നിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിന് തൊട്ടടുത്ത് കൂടി മെട്രോ പോകുന്ന ശബ്ദം ഇടവിട്ട് പ്രതിധ്വനിച്ചു. സി ബ്ലോക്കിലേക്ക് കാലെടുത്ത് വച്ചതും ഇളകി നിന്ന ടൈലിൽ കാല് തട്ടി വീഴാൻ പോയി. അകത്തേക്ക് കണ്ണോടിച്ചപ്പോൾ മുഴുവൻ വിള്ളലുകളാണ്. പേടി തോന്നി.
കമ്മ്യൂണിറ്റി ലിവിങ്ങെന്ന സ്വപ്നം
സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു കമ്മ്യൂണിറ്റി ലിവിങ്, അതായിരുന്നു ചന്ദേർകുഞ്ജ് ഫ്ലാറ്റിലെ 264 കുടുംബങ്ങളെയും ഫ്ലാറ്റിന്റെ ഓണർഷിപ്പിന് അപേക്ഷിക്കാനായി പ്രേരിപ്പിച്ച പ്രധാന ഘടകം. കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 2010ലാണ് അനുമതി ലഭിക്കുന്നത്. 2013ൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ശിൽപ്പ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു കരാറുകാർ. അജിത് അസ്സോസിയേറ്റ്സ് കൺസൾട്ടൻ്റ് ആർക്കിടെക്റ്റുകളായി പ്രവർത്തിച്ചായിരുന്നു നിർമ്മാണം. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഈ ഫ്ലാറ്റിലേക്ക് മാത്രമായി ഏകദേശം 95 ലക്ഷത്തോളം രൂപയാണ് കുടുബങ്ങൾ ചിലവഴിച്ചിട്ടുള്ളത്. 2018ലാണ് ഫ്ലാറ്റിന്റെ ഉടമസ്ഥതാവകാശം കുടുംബങ്ങൾക്ക് കൈമാറുന്നത്. 2013 മുതൽ ആർമി ഓർഗനൈസേഷനായ എഡ്ബ്ലുഎച്ച്ഒ വഴിയാണ് കുടുംബങ്ങൾ കാര്യങ്ങളെല്ലാം നീക്കിയിരുന്നത്. ഫ്ലാറ്റിന്റെ ബുക്കിംഗ്, പേയ്മെന്റ് എല്ലാം തന്നെ കത്തിടപാടിലൂടെയാണ് നടത്തിയിരുന്നത്. അങ്ങനെ 2018ൽ ഫ്ലാറ്റിന്റെ ഉടമസ്ഥത കൈമാറ്റം ചെയ്യുന്നു.
പ്രതീക്ഷകൾ തകരുന്നു
2018ൽ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച് നൽകിയ ഫ്ലാറ്റ് സമുച്ചയമാണ് ഏഴ് വർഷം കൊണ്ട് നിലംപതിക്കാറായത്. ഒരു കോടിയ്ക്കടുത്ത് മുടക്കി സ്വപ്ന ഭവനം സ്വന്തമാക്കുമ്പോൾ 203 സൈനിക കുടുംബങ്ങൾ വിചാരിച്ച് കാണില്ല ഇതിന് പിന്നിൽ പതിയിരിക്കുന്ന ചതിയേക്കുറിച്ച്.
2018 മാർച്ചിൽ വളരെയധികം പ്രതീക്ഷയോടും സന്തോഷത്തോടും കൂടെയാണ് ആർമി ഫ്ലാറ്റിലേക്ക് ഞാൻ താമസത്തിനെത്തുന്നത്. ചന്ദേർകുഞ്ജ് ആർമി ഫ്ലാറ്റിലെ ആദ്യക്കാല താമസക്കാരിൽ ഒരാളായ 72 വയസുകാരി ലിസി ചെറിയാൻ പറഞ്ഞു തുടങ്ങി. ആർമി നേഴ്സായി വിരമിച്ച ലിസിയുടെ സ്വപ്നഭവനമാണ് നിലംപൊത്താൻ പോകുന്നത്.
ലിസിയുടെ സ്വപ്നങ്ങൾ ഒറ്റ നിമിഷം കൊണ്ടാണ് ഇല്ലാതായത്. ഫ്ലാറ്റിൽ വിള്ളലുകൾ രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തപ്പോൾ ലിസിയടക്കം കരുതിയിരുന്നത് ചെറിയ ചെറിയ പ്രശ്നങ്ങളാണെന്നാണ്. പരാതികൾ നൽകിയെങ്കിലും ബദ്ധപ്പെട്ട അധികാരികൾ ഇത് തള്ളിക്കളയുകയാണ് ചെയ്തത്.
പരാതി ലഭിച്ച ആദ്യ ഘട്ടത്തിൽ തന്നെ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ പ്രശ്നം ഗുരുതരമാവില്ലായിരുന്നു. ജീവന് ആപത്താണെന്ന് മുന്നിൽക്കണ്ട് ഈ വർഷം മെയ് മാസത്തിലാണ് ഇവിടെ നിന്ന് ഞാൻ താമസം മാറുന്നത്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന സാധനങ്ങൾ നിലവാരമില്ലാത്തവയായിരുന്നു. ബാൽക്കണിയിലെ ഹാൻഡിൽ ഒടിഞ്ഞു പോയതിനെ തുടർന്ന് പല തവണ ബാൽക്കണിയിൽ കുടുങ്ങി പോയിട്ടുണ്ടെന്ന് ലിസി വ്യക്തമാക്കുന്നു.
അപ്പാർട്ട്മെന്റിന് അകത്തെ ടൈലുകൾ ഇളകി മുകളിലേക്ക് പൊന്തിയിരിക്കുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ വാതിലുകൾ ചേർത്തടയ്ക്കാൻ കഴിയാറില്ല ഇവർക്ക്. സാമ്പത്തികമായ നഷ്ടത്തേക്കാൾ തങ്ങൾക്ക് മേലുണ്ടായ മാനസിക ആഘാതമാണ് ഇവരെ പലരേയും ഇപ്പോഴും അലട്ടുന്നത്.
ഒരു വർഷം മുമ്പ് ഇവിടെ നിന്ന് മാറി താമസിച്ചെങ്കിലും ഇവിടെ നിന്നുണ്ടായ പല ദുരനുഭവങ്ങളും ലിസിയുടെ മനസിലേക്ക് തികട്ടി വരുന്നുണ്ട്.
അന്ന് കനത്ത മഴയുള്ള ഒരു ദിവസമായിരുന്നു. പ്രതീക്ഷിക്കാത്ത നേരത്താണ് അപ്പാർട്ട്മെന്റിന് അകത്തെ ഭിത്തിയിൽ വിള്ളലുണ്ടാവുകയും അതിലൂടെ വെള്ളം അകത്തേക്ക് കുത്തിയൊഴുകുകയും ചെയ്തു. ഇലക്ട്രിസിറ്റി കണക്ഷനെ തൊടുന്ന തരത്തിൽ വെള്ളം പ്രവഹിക്കാൻ തുടങ്ങി. എന്റെ മുട്ടിന് താഴെ വരെ അന്ന് വെള്ളം നിറഞ്ഞിരുന്നു. അന്ന് രക്ഷയ്ക്ക് വേണ്ടി പൊലീസ് സേനയെ വിളിക്കേണ്ട സാഹചര്യമുണ്ടായി. ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിക്കുകയെന്നത് സാധ്യമായ കാര്യമല്ല. ആ ദിവസത്തെക്കുറിച്ച് പറയുമ്പോൾ ലിസിയുടെ കണ്ണുകളിൽ ഇപ്പോഴും ഭയം നിറഞ്ഞിരുന്നു.
പുതുക്കി പണിതാൽ തീരാവുന്ന പ്രശ്നങ്ങളേ ഫ്ലാറ്റുകൾക്കുള്ളൂവെന്ന് എഡബ്ല്യുഎച്ച്ഒ ആദ്യ ഘട്ടത്തിൽ ഇവരെ പറഞ്ഞ് ധരിപ്പിച്ചു. ലിസി ചെറിയാനും കുടുംബവും ഒരു വർഷത്തിലധികമായി മാറി താമസിക്കാൻ തുടങ്ങിയിട്ട് എന്നാൽ ഇതുവരെ ആവശ്യമായ വാടക ഇവർക്ക് നൽകിയിട്ടില്ല.
‘താമസം മാറാൻ വേണ്ടി 25 ഫ്ലാറ്റുകൾ നോക്കിയിട്ടാണ് അവസാനം ഒരെണ്ണം ലഭിച്ചത്. ഞങ്ങളെ കഷ്ടപ്പാടിലേക്ക് തള്ളിവിട്ട് ഇത് ചെയ്ത ആളുകൾ ഇപ്പോഴും സുഖമായി നടക്കുകയാണ്. എന്ത് കൊണ്ടൊരു സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്നതാണ് എന്റെ ചോദ്യം’. ലിസിയുടെ വാക്കുകൾ.
എഡബ്ല്യൂഎച്ച്ഒ
ആർമിയുടെ പൂർണ്ണമായ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എഡബ്ല്യൂഎച്ച്ഒ). നിലവിൽ സർവ്വീസിരിക്കുന്നതും വിരമിച്ചതുമായ സൈനികരാണ് എഡബ്ല്യൂഎച്ച്ഒ ഭരിക്കുന്നത്. നിയമാനുസൃത അംഗീകാരമുള്ള സംഘടന കൂടിയാണിത്. ആർമിയുടെ ഒരു തുടർച്ച തന്നെയാണ് എഡബ്ല്യൂഎച്ച്ഒയും ചന്ദേർകുഞ്ജ് ആർമി റസിഡൻഷ്യൽ അസോസിയേഷനും. എഡബ്ല്യൂഎച്ച്ഒ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. അഴിമതിയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കയാണ്. എന്നാൽ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയൊരു പിന്തുണ അധികാരികളുടെ കൈയിൽ നിന്ന് കിട്ടുന്നില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്തരം സന്ദർഭങ്ങളിലാണ് നമ്മൾ നിസഹായരായി പോകുന്നത്.
അഴിമതിയുടെ കറ പുരളുന്നു
1978ലാണ് ആർമി വെൽഫെയർ ഹൗസിംഗ് അസോസിയേഷൻ എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതും പ്രവർത്തനം ആരംഭിക്കുന്നതും. അന്ന് മുതൽ ഇവരുടെ പ്രവർത്തനങ്ങൾ ഏറ്റവുമടുത്ത് നിന്നു കൊണ്ട് വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന വ്യക്തികളിൽ ഒരാളാണ് റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ പോൾ എരിഞ്ചേരി.
ആദ്യത്ത മുപ്പത് വർഷങ്ങളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബിൽഡേഴ്സ് ആയിരുന്നു ഇവർ. 2008 മുതലാണ് നിലവാരത്തിന്റെ കാര്യത്തിൽ ഇവർക്ക് വീഴ്ച സംഭവിക്കാൻ തുടങ്ങിയത്. ലാഭം മുന്നിൽ കണ്ടുള്ള അഴിമതി എഡബ്ല്യൂഎച്ച്ഒയുടെ പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കാൻ തുടങ്ങിയതായി പോൾ എരിഞ്ചേരി വ്യക്തമാക്കുന്നു.
2008ലാണ് കൊച്ചിയിൽ റിട്ടയേർഡ് ആർമി ഓഫീസേഴ്സിന് വേണ്ടി ഒരു ഫ്ലാറ്റെന്ന നിലയിൽ ചന്ദേർകുഞ്ജ് ആർമി ഫ്ലാറ്റിന്റെ രൂപരേഖ തയ്യാറാക്കുന്നത്. എന്നാൽ പിന്നിട് മൂന്ന് വർഷം പിന്നിട്ട് 2011ലാണ് ഫ്ലാറ്റിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം 2013ലാണ് ഫ്ലാറ്റിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 2016ൽ ഉടമസ്ഥതാവകാശം നൽകാമെന്ന കരാറിൽ ഞങ്ങളുടെ പക്കൽ നിന്ന് ഗഡുക്കളായി പണം കൈപ്പറ്റാനും തുടങ്ങിയിരുന്നു. എന്നാൽ, 2018 ഡിസംബറിലാണ് ഞങ്ങൾക്ക് ഫ്ലാറ്റ് ലഭിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെയും ഇന്ത്യൻ ആർമിയുടെയും മേലുണ്ടായിരുന്ന പൂർണ്ണ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇവിടെ താമസം ആരംഭിച്ചത്.
ജീവിതം മുഴുവൻ ഈ രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട ഞങ്ങൾക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞങ്ങൾക്ക് ആരുമില്ലാതായി. ഇത്രയും പ്രശ്നങ്ങൾ വന്നതിന് ശേഷമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എഡബ്യൂഎച്ച്ഒ സമ്മതിക്കുന്നത് പോലും. ഫ്ലാറ്റ് പൊളിച്ച് പുനർനിർമ്മിക്കാൻ അഞ്ച് വർഷം പിടിക്കും, എനിക്കിപ്പോൾ 72 വയസ് പ്രായമുണ്ട്. എന്നെ പോലെ പ്രായം ചെന്ന നിരവധി പേരുണ്ട്. പുതുക്കി പണിയുന്ന ഈ ഫ്ലാറ്റിലേക്ക് തിരികെയെത്ര പേരെത്തുമെന്ന് നമുക്ക് ഉറപ്പു പറയാൻ സാധിക്കില്ല. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഓരോ വർഷവും 13 ലക്ഷം രൂപ ഈ ഫ്ലാറ്റിനായി നൽകിയിട്ടുണ്ട്. വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവുണ്ടായ ആ നിമിഷം എന്റെ ജീവിതത്തിലുണ്ടാക്കിയ മുറിവ് വലുതാണ്. ലിസി വ്യക്തമാക്കുന്നു.
നിയമയുദ്ധം
ഫ്ലാറ്റ് സമുച്ചയം അപകടാവസ്ഥായിലാണെന്നും താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും കാണിച്ച് റിട്ടയർ ആർമി ഓഫീസറും ഫ്ലാറ്റിലെ താമസക്കാരിൽ ഒരാളുമായ സിബി ജോർജ് 2018ൽ ആരംഭിച്ച നിയമപോരാട്ടത്തിന്റെ ഫലമാണ് ഫ്ലാറ്റ് മരട് മാതൃകയിൽ പൊളിച്ച് മാറ്റാനും താമസക്കാരെ വാടക നൽകി ഒഴിപ്പിക്കാനുള്ള കോടതി വിധിയിലേക്ക് എത്തിച്ചത്.
ഏകദേശം 250 കോടിയോളം രൂപയുടെ നഷ്ടമാണ് എഡബ്ല്യൂഎച്ച്ഒ കുടുംബങ്ങൾക്ക് ഉണ്ടാക്കിയിട്ടുള്ളത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയും അഴിമതിയും മൂലം ഈ കെട്ടിടം മുഴുവനായി പൊളിച്ച് മാറ്റേണ്ടി വന്നിരിക്കയാണ്. കെട്ടിടത്തിന്റെ നിർമ്മാണ സമയത്ത് ഉപ്പു കലർന്ന സാധന സാമഗ്രഹികൾ ഉപയോഗിച്ചതാണ് കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാനുണ്ടായ കാരണമെന്ന് കണ്ടെത്തിയിരുന്നു. നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന വെള്ളം, മണൽ എന്നിവ ഉപ്പുകലർന്നത് ആയിരുന്നു. ഇവയിൽ നിന്നുണ്ടായ ക്ലോറിൻ കണ്ടന്റ് കാരണം കമ്പി തുരുമ്പിക്കാനും കെട്ടിടത്തിന്റെ ഘടനയ്ക്ക് ഗുരുതരമായ തകരാർ സംഭവിക്കുകയുമാണ് ചെയ്തത്. കമ്പി തുരുമ്പിക്കുന്നതോടെ അവ കോൺക്രീറ്റ് പൊട്ടിച്ച് തള്ളിയിടും. ഇതാണ് ടെക്നിക്കലി മുഴുവൻ കെട്ടിടത്തിലും സംഭവിച്ചിരിക്കുന്നത്.
പരാതികൾ ലഭിക്കാൻ തുടങ്ങിയതോടെ സമ്മർദ്ദത്തിൽ കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ എഡബ്ല്യൂഎച്ച്ഒ മുൻകൈയെടുത്ത് ടെസ്റ്റുകൾ നടത്തി. ലക്ഷങ്ങൾ മുടക്കി നടത്തിയ ആ ടെസ്റ്റിന്റെ ഫലം തങ്ങൾക്ക് അനുകൂലമാകുന്ന തരത്തിൽ അവർ മാറ്റിയെടുത്തു. ഇത് ഞങ്ങൾ കണ്ടെത്തുകയും മറ്റൊരു ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളുടെ ആവശ്യം മുൻനിർത്തി, വീണ്ടുമൊരു ടെസ്റ്റ് നടത്തിയെങ്കിലും ഫലത്തിൽ ഇതേ അനുഭവം തന്നെയാണുണ്ടായത്. പിന്നീട് ഞങ്ങളുടെ കൈയിലെ നിന്ന് പണം ചിലവഴിച്ച് നടത്തിയ ടെസ്റ്റിലാണ് ഫ്ലാറ്റിന് ബലക്ഷയം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർക്ക് ഞാൻ പരാതി നൽകുന്നത്. കോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും പൊലീസിന് നിർദേശം നൽകി. അങ്ങനെ 2022ലാണ് ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. കേസ് നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് അറിയാൻ കഴിയുന്നത്.
കേസ് നടന്നുക്കൊണ്ടിരുന്ന ഈ നീണ്ട വർഷങ്ങളിലെല്ലാം ഫ്ലാറ്റിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കയാണ്. കെട്ടിടത്തിന്റെ മേൽ ഭാഗത്ത് നിന്ന് കോൺക്രീറ്റ് അടർന്ന് വീഴാൻ തുടങ്ങിയിരുന്നു. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് അവ തലയിൽ പതിച്ച് അപകടം സംഭവിക്കാതിരിക്കുന്നത്.
2023 നവംബറിലാണ് ഞാൻ ഹൈക്കോടതിയിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്യുന്നത്. അവിടെ നിന്ന് പെറ്റീഷനുകളുടെയും കേസുകളുടെയും ഒരു നീണ്ട പ്രവാഹം തന്നെയായിരുന്നു. കോടതിയിൽ 2023ൽ ഫയൽ ചെയ്ത ക്രിമിനൽ റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കേസുകൾ നടക്കുകയാണ്.
നീതി ലഭിക്കുമോ ?
റിട്ടയർമെന്റിന് ശേഷം ലഭിച്ച തുകയും ബാങ്ക് ലോണും കൂടി ചേർത്ത് വച്ചാണ് ഞാനെന്റെ സ്വപ്നഭവനം സ്വന്തമാക്കുന്നത്. എന്നാൽ ചതിക്കപ്പെട്ടു. എന്നെ കേൾക്കുന്ന ആളുകൾക്ക് വിട്ടുതരികയാണ് ഞാനിത്. ഞങ്ങൾ കട്ടിട്ടുണ്ടെന്ന് അവർ കോടതിയ്ക്ക് മുമ്പാകെ സമ്മതിച്ചിട്ടുണ്ട് എന്നാൽ കട്ട മുതൽ തിരികെ തരില്ലെന്ന നിലപാടിലാണ് എഡബ്ല്യൂഎച്ച്ഒ ഇപ്പോഴുള്ളതെന്ന് പോൾ എരിഞ്ചേരി പറയുന്നു.
content summary: spent all the savings from military life 203 families flee Chanderkunj army towers in Vyttila after falling victim to 250-crore flat scam
Watch full video on YouTube; 250 കോടിയുടെ ഫ്ലാറ്റ് തട്ടിപ്പ്, ഇരകളായി 208 സൈനിക കുടുംബങ്ങൾ
This post was last modified on November 26, 2025 3:45 pm
Leave a Comment