July 10, 2026 |
Share on

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: പണം പലിശയ്ക്ക് കൊടുത്തും ഓഹരിയില്‍ നിക്ഷേപിച്ചും പ്രതികള്‍

മോഷ്ടിച്ച പണം നേരിട്ട് ചെലവാക്കാതെ, ബിനാമികള്‍ വഴി വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ഇരട്ടിപ്പിക്കാനും നോക്കി ബുദ്ധിപൂര്‍വം കളിക്കുകയായിരുന്നു പ്രതികള്‍

രാമക്ഷേത്ര സംഭാവന ഫണ്ടില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ പ്രതികള്‍ ഓഹരി വിപണിയിലും മറ്റിടങ്ങളിലുമായി വന്‍തോതില്‍ നിക്ഷേപിച്ചതായി കണ്ടെത്തി. ഇതോടെ കേസിന്റെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അയോധ്യ പോലീസ്. തട്ടിയെടുത്ത പണം പ്രതികള്‍ എവിടെയൊക്കെയാണ് നിക്ഷേപിച്ചതെന്നും എങ്ങോട്ടൊക്കെയാണ് മാറ്റിയിരിക്കുന്നതെന്നും കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.

പ്രതികളുടെ വീടുകളില്‍ പോലീസ് വീണ്ടും വിശദമായ പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട മുപ്പതോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പ്രതികളായ അനുകല്‍പ് മിശ്ര, അവിനാഷ് ശുക്ല എന്നിവര്‍ തട്ടിയെടുത്ത സംഭാവനപ്പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോടതി അനുവദിച്ച 40 മണിക്കൂര്‍ പോലീസ് കസ്റ്റഡി കാലാവധിയില്‍ പ്രതിയായ അനുകല്‍പ് മിശ്രയെ കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് മുന്‍പായി ബുധനാഴ്ച മറ്റു പ്രതികളായ ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു ഈ നടപടികള്‍.

പണം നിക്ഷേപിച്ചതിന്റെ രേഖകള്‍, ഫോണുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കണ്ടെത്താനാണ് പോലീസ് പ്രധാനമായും പരിശോധന നടത്തിയത്. പ്രതികള്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷമാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. കൂടാതെ ഈ പണം വന്‍ പലിശയ്ക്ക് മറ്റ് വ്യക്തികള്‍ക്ക് കടമായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെയും ബന്ധുക്കളുടെയും പ്രഖ്യാപിത വരുമാനത്തേക്കാള്‍ വലിയ തുകയുടെ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കൂടാതെ ഇവരില്‍ നിന്ന് വ്യാജ സംഭാവന രസീതുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അക്കൗണ്ടുകളിലെ വിവരങ്ങള്‍ ധനകാര്യ വിദഗ്ധരുടെ സഹായത്തോടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണുന്നതില്‍ പോരായ്മകള്‍ ചൂഷണം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വളരെ ചെറിയ അളവുകളിലാണ് ഇവര്‍ പണം കടത്തിയിരുന്നത്. മോഷ്ടിച്ച പണം നേരിട്ട് ആഡംബരങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം, പിടിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെ ഓഹരി വിപണി പോലുള്ള സാമ്പത്തിക മേഖലകളില്‍ നിക്ഷേപിച്ച് അതില്‍ നിന്ന് ലാഭവിഹിതം ഉണ്ടാക്കുക എന്ന തന്ത്രമാണ് പ്രതികള്‍ സ്വീകരിച്ചത്.

മോഷ്ടിച്ച പണം വീണ്ടെടുക്കുന്നതിലുപരി പണം എങ്ങോട്ടൊക്കെ പോയി, ആര്‍ക്കൊക്കെ ഇതിന്റെ പങ്ക് ലഭിച്ചു എന്ന് കണ്ടെത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രതികള്‍ നിക്ഷേപത്തിലൂടെ നേടിയ ലാഭം എവിടെയൊക്കെ ഉപയോഗിച്ചു, പുതിയ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. തങ്ങളുടെ വരുമാനത്തിന് മുകളില്‍ വന്‍ സ്വത്തുക്കളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രതികള്‍ സമ്പാദിച്ചിരിക്കുന്നത്. നിക്ഷേപങ്ങളുടെ ആകെ തുക കണക്കാക്കാന്‍ സാമ്പത്തിക വിദഗ്ധരുടെ സഹായം തേടിയ പോലീസ്, പ്രതികള്‍ ഉപയോഗിച്ച ട്രേഡിംഗ് ആപ്പുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് വിവരങ്ങള്‍, ബ്രോക്കറേജ് അക്കൗണ്ടുകള്‍ എന്നിവയും പരിശോധിച്ചുവരികയാണ്.

Content Summary; Ayodhya police widen the probe into the Ram temple donation scam after discovering that the accused invested the stolen money in the stock market to earn profits

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×