ക്ഷേത്ര മകുടം പോലും ഇനിയും നിർമിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമം എങ്ങനെയാണ് നടത്താൻ കഴിയുക?” ക്ഷേത്രത്തിന്റെ ഉത്‌ഘാടന വേളയിൽ ഈ ചോദ്യം ഉന്നയിച്ചത് ബിജെപി സർക്കാറിന്റെ വിമർശകരോ പ്രതിപക്ഷമോ ആയിരുന്നില്ല അയോധ്യയ്ക്കടുത്തുള്ള രാംകോട്ടിലെ ശ്രീരാമാശ്രമത്തിലെ പ്രധാന പുരോഹിതനായ 34 കാരൻ ജയറാം ദാസായിരുന്നു. എന്തിനു വേണ്ടിയാണ് പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ തിടുക്കം കൂട്ടി പ്രതിഷ്ഠ നടത്തിയത് ? ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ ആയുധമാക്കിയ രാമ ക്ഷേത്രം ബിജെപിയെ തുണയാകാതിരുന്നത് എന്തുകൊണ്ടാണ് ? ramtemple
1800 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെ ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠ ചടങ്ങ് നടന്നത്. രാജ്യത്തെ മികച്ച എഞ്ചിനീയർമാർ പണിത ക്ഷേത്രം ആദ്യ മഴക്ക് തന്നെ ചോർന്നൊലിക്കുമെന്ന് ആരും അറിഞ്ഞില്ല. അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണത്തിലും ഉദ്ഘാടനത്തിലുമുള്ള രാഷ്ട്രീയ മുതലെടുപ്പ് തുറന്നു കാണിച്ചുകൊണ്ട് ഉത്‌ഘാടന വേളയിൽ തന്നെ ആത്മീയ നേതാക്കൾ ഉൾപ്പടെ പലരും രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോൾ, അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയതായി ക്ഷേത്രത്തിൻ്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ജൂൺ 24 തിങ്കളാഴ്ച പറഞ്ഞു. രാമൻ്റെ വിഗ്രഹത്തിന് മുന്നിൽ പുരോഹിതൻ ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിംഗിൽ നിന്ന് മഴവെള്ളം ഒഴുകുന്നതായാണ് സത്യേന്ദ്ര ദാസ് പറയുന്നത്. ക്ഷേത്ര നിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച സത്യേന്ദർ ദാസ്, ശനിയാഴ്‌ച അർദ്ധരാത്രിയിൽ പെയ്‌ത മഴയ്ക്ക് ശേഷം ക്ഷേത്രപരിസരത്ത് നിന്ന് മഴവെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വന്നുവെന്നും വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ടായിരുന്നു അയോധ്യ രാമക്ഷേത്രം. ഈ അജണ്ട മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷ്ഠ ചടങ്ങ് നിർമാണം പൂർത്തിയാവും മുന്നേ ജനുവരിയിൽ തന്നെ സംഘടിപ്പിച്ചതിന് പിന്നിലെ ലക്ഷ്യം എന്ന് വലിയ തോതിലുളള വിമർശനം ശക്തമായിരുന്നു. പക്ഷെ അത് ചീട്ട് കൊട്ടാരം പോലെ തകർന്നു എന്നതിന്റെ തെളിവാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി തകർന്നടിഞ്ഞത്. പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പല ബിജെപി നേതാക്കളും പ്രചാരണ വേദികളിൽ അയോധ്യ ആയുധമാക്കിയിരുന്നു. കോൺഗ്രസ് വന്നാൽ വീണ്ടും രാമക്ഷേത്രത്തിന് പൂട്ടിടുമെന്നും ക്ഷേത്രത്തെ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുമെന്നതടക്കമുള്ള പലതരത്തിലുള്ള പ്രചാരണങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
രാമക്ഷേത്രത്തെ മുൻനിർത്തി പൊതു ജനങ്ങളുടെ അതി വൈകാരികതയെയും, ഹിന്ദുത്വ ഏകീകരണത്തെയും മുതലെടുക്കാൻ ബിജെപി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുമുണ്ടായിരുന്നു. ബിജെപിയുടെ മൊത്തം സീറ്റുകൾ കുറയുന്നതിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് നിർണായക പങ്ക് വഹിച്ചത്.
മോദിയും രാമക്ഷേത്രവും
രാമക്ഷേത്രം നരേന്ദ്ര മോദിയെയും ബിജെപിയെയും സംബന്ധിച്ച് അതിപ്രധാനമായ തുറുപ്പുചീട്ടായിരുന്നു. എന്നാൽ ആദ്യകാലങ്ങളിൽ സ്ഥിതി ഇതായിരുന്നില്ല. മോദി തരംഗമുണ്ടായ 2014 ലെയും 2019 ലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ, അന്നത്തെ തർക്കഭൂമിയായിരുന്ന അയോദ്ധ്യ സന്ദർശിക്കുന്നത് മോദി ഒഴിവാക്കി. 2014-ൽ, ഉത്തർപ്രദേശിൽ നിന്ന് ബിജെപി പരമാവധി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത്, അദ്ദേഹം അയോധ്യയ്ക്ക് സമീപമുള്ള ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു, പക്ഷേ രാമജന്മഭൂമി സൈറ്റിലേക്ക് പോയിരുന്നില്ല. 2019 ൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അയോധ്യ സൈറ്റ് സന്ദർശിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കൂടാതെ, പ്രധാനമന്ത്രിയായ ആദ്യ കാലത്ത് മോദി അയോധ്യയെക്കുറിച്ചോ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചോ ഒരു പരാമർശവും നടത്തിയിരുന്നില്ല. പക്ഷെ, 2019 ന്റെ അവസാനത്തോടെ രാമജന്മ ഭൂമിയിൽ ക്ഷേത്രം പണികഴിപ്പിക്കുന്നതിനുള്ള അനുമതി നൽകി കൊണ്ട് സുപ്രിം കോടതി വിധി വന്നതോടുകൂടി കാര്യങ്ങൾ മാറി മറഞ്ഞു.
2020 ഫെബ്രുവരി 5 ന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി ഒരു ട്രസ്റ്റ് സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം രാഷ്ട്രീയപരമായി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാരണം, ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്ര അജണ്ട നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള ഗവൺമെന്റിന്റെ നിയമനിർമ്മാണ സംരംഭങ്ങൾക്ക് അതുവരെ നേതൃത്വം നൽകിയിരുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും പൗരത്വ നിയമ ഭേദഗതി പാസാക്കാനും അന്ന് നീക്കങ്ങൾ വിപുലമായി നടന്നപ്പോൾ അമിത് ഷാ സർക്കാരിന്റെ മുഖവും ശബ്ദവുമായിരുന്നു.
content summary ; ayodhya’s ram temple leaking after heavy rainfall bjpy’s intentions