June 04, 2026 |

ശുദ്ധവായു കിട്ടാതെ 41 വർഷങ്ങൾ, ‘മരണം കാത്ത് 43 കുടുംബങ്ങൾ’ ; പുനരധിവാസം സാധ്യമാകാതെ അയ്യൻകുഴി

വർഷങ്ങൾക്ക് ശേഷവും അതേ അപകടം തുടർക്കഥയാവുകയാണ് അയ്യൻകുഴിയിൽ

1984 ജൂലൈ 8 എറണാകുളം ജില്ലയിലെ അയ്യൻകുഴി പ്രദേശത്തെ ജനങ്ങൾ ഇന്നും ഭീതിയോടെ ഓർക്കുന്ന ദിനമാണത്. കാതടിപ്പിക്കുന്ന ശബ്ദത്തോടെ സ്ഫോടനമുണ്ടായപ്പോൾ സ്വന്തം ജീവൻ മാത്രം കൈയിൽ പിടിച്ച് നാലുപാടും ഓടേണ്ടി വന്ന ഒരു കൂട്ടം ആളുകളുടെ ദേശം കൂടിയാണ് അയ്യൻകുഴി. 41 വർഷങ്ങൾക്ക് മുമ്പത്തെ അപകടത്തിന്റെ ഓർമ്മ പേറി ജീവിക്കുന്ന ജനങ്ങളിന്ന് അയ്യൻകുഴിയിൽ കുറവാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷവും അതേ അപകടം തുടർക്കഥയാവുകയാണ് അയ്യൻകുഴിയിൽ.

2025 ജൂലൈ 8 നേരം ഇരുട്ടിയിട്ടുണ്ടായിരുന്നില്ലെങ്കിലും അയ്യൻകുഴിയുടെ ആകാശത്ത് അന്ന് ഇരുട്ട് പടരുന്നു. സ്ഫോടനത്തെ തുടർന്ന് എങ്ങോട്ട് പോകുമെന്നറിയാതെ ആളുകൾ നട്ടം തിരിഞ്ഞു. അവിടെ നിന്ന് രക്ഷപ്പെടണമെങ്കിൽ വിഷപ്പുക ശ്വസിക്കുകയല്ലാതെ അവർക്ക് മറ്റു മാർ​ഗങ്ങളില്ലായിരുന്നു. ജൂലൈ 8 വൈകിട്ടോടെയാണ് ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ കെഎസ്ഇബി ഹൈടെൻഷൻ ലൈൻ പൊട്ടിത്തെറിക്കുന്നത്. പ്രദേശത്താകെ കറുത്തപുകയും ദുർ​ഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായപ്പോൾ അയ്യൻകുഴിയിലെ ജനങ്ങളെ ചോറ്റാനിക്കര ഇന്ദ്രപ്രസ്ഥ ലോഡ്ജിലേക്ക് മാറ്റി താമസിപ്പിച്ചിട്ട് 20 ദിവസത്തിൽക്കൂടുതലായി. ജനിച്ചുവീണ മണ്ണിൽ ജീവിച്ച് മരിക്കണം എന്നതിൽ നിന്നും ജനിച്ചുവീണ മണ്ണിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണം എന്ന് ഒരുപറ്റമാളുകൾ ചിന്തിക്കുന്നുണ്ടെനിൽ അവരനുഭവിച്ചിരിക്കാൻ സാദ്ധ്യതയുള്ള അരക്ഷിതാവസ്ഥ എത്രത്തോളമായിരിക്കും.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ബിപിസിഎല്ലിന്റെയും എച്ച്ഒസിയുടെയും കൂറ്റൻ മതിലുകൾക്കിടയിൽ ദുരിത ജീവിതം നയിക്കുകയാണ് അയ്യൻകുഴി നിവാസികൾ. വിഷപ്പുക ശ്വസിച്ച് നിത്യരോഗികളായ അയ്യൻകുഴിക്കാർ ശുദ്ധവായുവിനും വെള്ളത്തിനുമായി നിയമ പോരാട്ടം നടത്താൻ തുടങ്ങിയിട്ട് 36 വർഷത്തോളമായി. ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശവും പാലിക്കപ്പെടുന്നില്ല. പുനരധിവാസമെന്ന ആവശ്യത്തിന് സർക്കാരും കമ്പനികളും ചെവി കൊടുക്കുന്നുമില്ല. അർബുദവും ശ്വാസകോശ രോഗവും ഇവിടുത്തുകാർക്കിടയിൽ വർധിക്കുകയാണ്. പിറന്നുവീഴുന്ന കുഞ്ഞുങ്ങളെയും രോഗങ്ങൾ പിടികൂടുന്നു.

പതിവു പോലം ജോലി കഴിഞ്ഞ് രാധാകൃഷ്ണൻ തിരികെ വീട്ടിലെത്തി വിശ്രമിക്കാനിരിക്കുമ്പോഴായിരുന്നു ആ സംഭവമുണ്ടാവുന്നത്. ”ജൂലൈ 8ന് നാലരയോടെയാണ് ആ കാതടിപ്പിക്കുന്ന ശബ്ദം കേൾക്കുന്നത്. അതിലും ഒരു മണിക്കൂർ പിന്നിട്ട് ഏതാണ്ട് അഞ്ചരയോടെയാണ് ഞങ്ങൾ സ്ഫോടന വിവരം അറിയുന്നത്. കമ്പനിയ്ക്കുള്ളിൽ നിന്ന് പുക പ്രദേശത്താകെ നിറയാൻ തുടങ്ങിയതോടെയാണ് കാര്യത്തിന്റെ ​ഗൗരവം ഞങ്ങൾക്ക് മനസിലാവുന്നത് പോലും”. 1984ലെ ആ ദിനം ആവർത്തിക്കുന്നതായി രാധാകൃഷ്ണന് തോന്നി. നാല്പത് വർഷത്തിലധികമായി ഞങ്ങളീ ദുരിതം അനുഭവിക്കുന്നു. പ്ലാസ്റ്റിക് കത്തിയാൽ 1000 രൂപ പിഴയിടുന്ന പഞ്ചായത്ത് 3200 മീറ്റർ പ്ലാസ്റ്റിക് കത്തിയപ്പോൾ എന്താണ് ചെയ്തതെന്ന് അയ്യൻകുഴി ജനകീയ സമിതി പ്രസിഡന്റ് കൂടിയായ രാധാകൃഷ്ണൻ ചോദിക്കുന്നു.

1984ൽ നടന്ന സമാനമായ അപകടത്തെ നേരിട്ടവരിൽ ഒരാളായിരുന്നു രാധാകൃഷ്ണനും. അന്ന് ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം കിടപ്പിലാണ് രാധാകൃഷ്ണന്റെ അച്ഛൻ. ആളുകളെല്ലാം ജീവനും കൈയിൽ പിടിച്ച് ഓടുകയായിരുന്നു. അന്ന് അച്ഛനെ സുരക്ഷിതനാക്കാൻ മറ്റു വഴികളില്ലാതെ നിസഹായനായി താൻ നിന്ന ചിത്രം രാധാകൃഷ്ണൻ ഒരിക്കലും മറക്കില്ല. അതേ അവസ്ഥ തലമുറകളിലേക്ക് കൈമാറരുതെന്ന് അയാൾ കരുതിയിരുന്നു അന്ന് തുടങ്ങിയ പോരാട്ടം രാധാകൃഷ്ണൻ ഇപ്പോഴും തുടരുകയാണ്.

ഒമ്പതര ഏക്കർ സ്ഥലത്താണ് അയ്യൻകുഴി പ്രദേശം സ്ഥിതി ചെയ്യുന്നത്. ആ ഒമ്പത് ഏക്കറിലെ ജീവിതമാകട്ടെ ദുസഹവും. ബിപിസിഎല്ലിന്റെയും എച്ച്ഒസിയുടെയും കൂറ്റൻ മതിലുകൾക്കിടയിലാണ് ഈ 42 കുടുംബങ്ങളും ജീവിക്കുന്നത്. മുഴുവനായി അടഞ്ഞു പോയാൽ തങ്ങളുടെ ജീവന് വരെ ഭീഷണിയാവുമെന്ന് മനസിലായ സാഹചര്യത്തിൽ ഇവർ പ്രതികരിച്ചതിനെ തുടർന്നാണ് ഒരു ഭാ​ഗം മാത്രം തുറന്നിട്ടത്. ഒരു അപകടമുണ്ടായാൽ അയ്യൻകുഴിയിലെ ജനങ്ങൾക്ക് ഓടി രക്ഷപ്പെടാൻ സാധിക്കുന്നത് ഈ ഒരു വഴിയിലൂടെ മാത്രമാണ്. എന്നാൽ തീപിടുത്തമുണ്ടായപ്പോൾ പുക നിറഞ്ഞത് ഈ വഴിയിലാണ്.

ഗിനിപന്നികളെ പോലെയാണ് ഞങ്ങളുടെ ജീവിതം. വീടുകളിൽ ആളുകളുള്ള സമയമായിരുന്നതാണ് ഞങ്ങൾക്ക് അന്ന് രക്ഷയായത്. എന്നാൽ രാത്രിയോടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടാവുന്നതെങ്കിൽ അയ്യൻകുഴിയിലെ 43 കുടുംബങ്ങൾ നിന്ന് കൂനകൾ പോലെ ശവങ്ങൾ പിറ്റേന്ന് കണ്ടെടുക്കാമായിരുന്നുവെന്ന് അയ്യൻകുഴി പ്രദേശവാസിയും വിദ്യാർത്ഥിനിയുമായ ആര്യ പറയുന്നു.

ബിപിസിഎൽ പ്രദേശത്തെ പല ഭാ​ഗങ്ങളിലുമായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സിസിടിവിയുടെ നിരീക്ഷണത്തിലാണ് അയ്യൻകുഴിയിലെ ജനജീവിതം. തീപിടുത്തമുണ്ടായതിന് തൊട്ടുപിന്നാലെ കമ്പനിയ്ക്കുള്ളിലായി രക്ഷാപ്രവർത്തനം നടത്തിയിരുന്നുവെന്നത് അന്നേ ദിവസം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത്. അയ്യൻകുഴി പ്രദേശത്തെ പകുതിയിലേറെ ആളുകളും റിഫൈനറിയിൽ ജോലി ചെയ്യുന്നവരാണ്. അപകടമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കി കൊണ്ട് മോക് ഡ്രിൽ ‌ഉൾപ്പെടെ നടത്താറുള്ള കമ്പനി അന്ന് അപകടമുണ്ടായ ദിവസം അലാറം പോലും മുഴക്കിയില്ല.

‘ഞങ്ങൾ നൽകിയിരിക്കുന്ന കേസിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശ പ്രകാരം ഒരു ക്യാമ്പ് നടത്തിയിരുന്നു. ക്യാമ്പിൽ പങ്കെടുത്ത 80 പേരിൽ നാല്പതിന് മുകളിൽ ആളുകൾക്ക് സിഒപിഡിയുള്ളതായി ക്യാമ്പിലൂടെ കണ്ടെത്തിയിരുന്നു’. അജി വ്യക്തമാക്കി

ശ്വാസനാളിക്കുള്ളിൽ നീർക്കെട്ട് ശ്വാസനാളിയുടെ വികാസം കുറയുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് അതായത് സിഒപിഡി. പുകവലിയും അന്തരീക്ഷ മലിനീകരണവുമാണ് സിഒപിഡിയ്ക്ക് പ്രധാനകാരണങ്ങളായി പറയുന്നത്. ശ്വാസതടസമാണ് സിഒപിഡിയുടെ പ്രധാന ലക്ഷണം. അസുഖം കൂടുന്നത് അനുസരിച്ച് ഹൃദയം പോലുള്ള അവയവങ്ങളെ ഇത് ബാധിക്കുകയും ഹൃദയത്തിന്റെ വലതുഭാ​ഗം വികസിക്കുകയും ഹൃദയാ​ഘാതം വർദ്ധിക്കാനുള്ള സാധ്യത വർദ്ധിക്കുകയു ചെയ്യുന്നു.

ബിപിസിഎല്ലിൽ കെമിക്കൽ റിയാക്ഷൻസിന്റെ സ്പീഡ് കൂട്ടാനായി ഉപയോ​ഗിക്കുന്ന ഒരു പദാർത്ഥമുണ്ട്. അത് പ്രദേശത്ത് ഒരിക്കൽ വീഴുകയുണ്ടായി. എന്നാൽ അത് കമ്പനിയുടെ ഭാ​ഗത്ത് നിന്ന് സംഭവിച്ച വീഴ്ച ആണെന്ന് കമ്പനി സമ്മതിച്ച് തരികയുണ്ടായില്ലെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ, കോടതിയുടെ നിർദേശ പ്രകാരം പ്ലാന്റിനുള്ളിൽ കയറി അവരത് ശേഖരിച്ച് വയ്ക്കുകയും പൊലൂഷൻ കൺട്രോൾ ബോർഡിന് അയക്കുകയും ചെയ്തു. ഇവ രണ്ടും തമ്മിൽ നടത്തിയ താരതമ്യ പഠനത്തിൽ രണ്ടും ഒരേ പദാർത്ഥം തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.

ഈ യാതനകൾ ഇനിയും സഹിക്കാനും അങ്ങോട്ട് തന്നെ തിരികെ പോകാനും ഞങ്ങൾ തയ്യാറല്ല. അയ്യൻകുഴിയിലെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കണെമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒരു ചർച്ച നടത്തിയിരുന്നെങ്കിലും തങ്ങൾ അതിൽ തൃപ്തരല്ലെന്നാണ് അയ്യൻകുഴി നിവാസികൾ പറയുന്നത്.

തീപിടുത്തതിന് ശേഷവും കളക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ആ പ്രദേശം വാസയോ​ഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ബെൻസൈൻ കാർബൺ മൊണോക്സൈഡ് എന്നിവയുടെല്ലാം അളവ് പ്രദേശത്ത് കൂടുതലാണ്. തീപിടുത്തമുണ്ടായി നിമിഷ നേരം കൊണ്ടാണ് അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറുന്നത്.

കുടുംബങ്ങളെ പണം മുടക്കി ക്യാമ്പിലാക്കിയെന്ന അവകാശ വാദം കമ്പനി ഉന്നയിക്കുന്നുണ്ടെങ്കിലും മറ്റുള്ള ആവശ്യങ്ങൾക്കായി അവർക്ക് പലപ്പോഴും വീടുകളിലേക്ക് തിരികെ പോകേണ്ടതായി വരുന്നു. വളർത്തു മൃ​ഗങ്ങളെയടക്കം ഉപേക്ഷിച്ചാണ് നിലവിൽ ഇവർ ചോറ്റാനിക്കരയിലെ ഇന്ദ്രപ്രസ്ഥ ലോഡ്ജിൽ കഴിയുന്നത്.

പുനരധിവാസത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകാതെ തിരികെ പോകില്ലെന്നാണ് അയ്യൻകുഴി നിവാസികളുടെ തീരുമാനം. പ്രദേശത്തെ ഒമ്പതോളം ആളുകൾ ഇതുവരെ കാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട്. ഞങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ചു. ഞങ്ങൾ അനുഭവിച്ചു. അതിനി അടുത്ത തലമുറയിലേക്ക് കൈമാറരുതെന്നാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. ഓരോ തവണ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോഴും ആരോപണമുയരുന്നത് ബിപിസിഎൽ പഴി ചാരുന്നത് കെഎസ്ഇബിയെ ആണ്. അവിടെയുള്ള സബ് സ്റ്റേഷൻ ബിപിസിഎല്ലിന് വേണ്ടി മാത്രമുള്ളതാണെന്ന കാര്യം വിസ്മരിച്ചു കൊണ്ടാണ് അവരീ ആരോപണം ഉന്നയിക്കുന്നതെന്ന് അജി പറയുന്നു.

അയ്യൻകുഴിയിലെ ഒട്ടുമിക്ക വീടുകളിലും കിണറുകളില്ല. ചുരുക്കം ചില വീടുകളിൽ കിണറുകളുണ്ട്. എന്നാൽ പല രാസപ​ദാർത്ഥങ്ങൾ വീണു നിറഞ്ഞത് മൂലം കിണറുകളൊന്നും നിലവിൽ ഉപയോ​ഗിക്കാൻ സാധിക്കില്ല. രാവിലെയും വൈകിട്ടുമായി എച്ച്ഒസിഎൽ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്യും. അഞ്ചും ആറും അം​ഗങ്ങളുള്ള കുടുംബങ്ങൾക്ക് ആവശ്യമായ വെള്ളം ആ സമയം കൊണ്ട് ശേഖരിക്കാൻ സാധിക്കില്ല. മുൻപ് ബസുകൾ പോയിക്കൊണ്ടിരുന്ന വഴിയായിരുന്നു അത്. കമ്പനി വന്ന് വഴി അടച്ചതോടെ ബസുകളുടെ വരവും നിലച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർച്ചയായി സേഫ്റ്റി അവാർഡ് വാങ്ങിക്കുന്ന കമ്പനിയാണ് ബിപിസിഎൽ. എന്നാൽ എന്ത് സേഫ്റ്റിയാണ് നൽകുന്നതെന്ന് ഞങ്ങൾക്ക് അറിയണമെന്ന് ജനങ്ങൾ പറയുന്നു.

പ്രദേശത്ത് മുഴുവനായി 42ഓളം കുടുംബങ്ങളുണ്ടെങ്കിലും നിലവിൽ 30ൽ താഴെ കുടുംബങ്ങൾ മാത്രമാണ് അവിടെ താമസിക്കുന്നത്. അയ്യൻകുഴിയിൽ നിന്ന് മാറി തൊട്ടടുത്ത പ്രദേശങ്ങളിൽ പല കുടുംബങ്ങളും ഇന്ന് വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീടുകൾ വിറ്റിട്ട് മറ്റൊരു പ്രദേശത്തേക്ക് താമസം മാറണമെങ്കിൽ അതും അവർക്ക് സാധിക്കില്ല. സ്ഥലത്തിന് വിലയോ, ശുദ്ധമായ വായുവോ വെള്ളമോ ഒന്നും തന്നെയില്ലാത്ത ഈ സ്ഥലം എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ജനങ്ങൾ.

2002ൽ പലരുടെയും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വാല്യുവേഷൻ കഴിഞ്ഞതാണ് എന്നാൽ അയ്യൻകുഴിയിലേത് ഒഴികെ മറ്റു പ്രദേശങ്ങളിലെ ഭൂമി ഇതിനകം ബിപിസിഎൽ ഏറ്റെടുത്തു. ഇതുവരെ നടത്തിയ ടെസ്റ്റുകളെല്ലാം ഇവർക്ക് അനുകൂലമായിട്ടും തുടർ നടപടികളിൽ പുരോ​ഗതിയുണ്ടാവുന്നില്ല. ഇവിടെ പിറന്നു പോയെന്ന ഒരു തെറ്റു മാത്രമാണ് ഞങ്ങൾ ചെയ്തത്. ഞങ്ങളൊക്കെ ഓടിക്കളിച്ചു വളർന്ന മണ്ണാണ് അതാണിപ്പോൾ ചുരുങ്ങി ഒമ്പതേക്കർ ആയിരിക്കുന്നത്. ഞങ്ങളുടെ ജീവിതം പോലും നിയന്ത്രിക്കുന്നത് ഇവിടുത്തെ ജനപ്രതിനിധികളാണെന്ന് അയ്യൻകുഴിയിലെ ജനങ്ങൾ പറയുന്നത്.

24 വർഷങ്ങൾക്ക് മുമ്പ് വരെ പൂർണ്ണ ആരോ​ഗ്യവതിയായിരുന്ന താൻ വിവാഹശേഷം അയ്യൻകുഴിയിൽ എത്തിയതോടെ ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ തന്നെയും അലട്ടാൻ തുടങ്ങിയതായി പറയുന്നു. അമ്പിളി പറയുന്നു. ചെറിയ കുഞ്ഞുങ്ങൾ വരെ സ്ഥിരം രോ​ഗികളാണ്. ഇവിടെ നിന്ന് മാറിത്താമസിക്കുക മാത്രമാണ് നിങ്ങളുടെ പ്രശ്നത്തിനുള്ള പരിഹാരമെന്നാണ് ഡോക്ടർമാരടക്കം പറയുന്നത് അമ്പിളി കൂട്ടിച്ചേർത്തു.

13 വർഷത്തോളം കേസ് നടത്തിയിട്ടും അയ്യൻകുഴി ജനതയ്ക്ക് ആശ്വാസമായ ഒരു വിധി ലഭിച്ചിട്ടില്ല. കേസിലെ വിചാരണ സമയത്തെല്ലാം അനുകൂലമായ വിധിപ്രസ്താവങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെ‍ഞ്ച് നടത്തിയിരുന്നെങ്കിലും അതൊന്നും വിധിയിൽ കാണുന്നില്ല എന്നതും ഇവർക്ക് വേദനയുണ്ടാക്കുന്നുണ്ട്. സജികുമാർ, വിനോദ് പി എ എന്നിവരാണ് കേസിലെ പരാതിക്കാർ. വക്കീൽ കേസൊഴിഞ്ഞ സാഹചര്യത്തിൽ ഇവർ തന്നെയാണ് നിലവിൽ കേസ് വാദിക്കുന്നത്. 15 വർഷത്തെ നിയമപോരാട്ടത്തിനിടയിൽ മൂന്ന് ജഡ്ജിമാരാണ് സ്ഥലം മാറി പോയത്.

കഴിഞ്ഞ് എംപി ഇലക്ഷന് തങ്ങളെ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു നൽകില്ലെന്ന തീരുമാനത്തിൽ അയ്യൻകുഴി നിവാസികൾ വോട്ടു ബഹിഷ്കരണം നടത്തിയിരുന്നു. ‘എന്റെ അച്ഛനന്ന് കോൺ​ഗ്രസിന്റെ ബൂത്ത് പ്രസിഡന്റായിരുന്നു. അതിന് പകരമായി ഞങ്ങൾക്ക് കൊടുക്കേണ്ടി വന്നത് എന്റെ അച്ഛന്റെ ഒരു മാസത്തെ വരുമാനമാണ്’. വോട്ട് ബഹിഷ്കരണത്തെ തുടർന്ന് തന്റെ അച്ഛനെ ഒരു മാസം ജോലിയിൽ നിന്ന് മാറ്റി നിർത്തിയ ബിപിസിഎൽ നടപടിയെക്കുറിച്ച് ആര്യ ഓർത്തെടുത്തു.

ഒരിക്കൽ കമ്പനിയ്ക്കെതിരെ സമരത്തിന്റെ ഭാ​ഗമായി ഞങ്ങൾ ഒരു പ്രതിഷേധം നടത്തിയിരുന്നു. അന്ന് ജാഥയെ നിയന്ത്രിക്കാൻ വന്നവരിൽ ഒരു വനിത പൊലീസ് ഉദ്യോസ്ഥയും ഉണ്ടായിരുന്നു. എന്റെ മകളുടെ പ്രായമാണ് നിനക്കും, ആ സ്നേ​ഹം കൊണ്ട് പറയുകയാണ്. പൊലീസ് വേരിഫിക്കേൻ വല്ലതും വന്നാൽ ഭാവി തന്നെ പോകുമെന്ന് അവരന്ന് എന്നോട് പറ‍ഞ്ഞു. സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി കൊണ്ടു നടക്കുന്ന ഞങ്ങൾക്കാണോ ഭാവിയെക്കുറിച്ച് ആശങ്ക ആര്യ ചോദിച്ചു.

തൃപ്പൂണിത്തുറ ഭാ​ഗത്ത് നിന്ന് അയ്യമ്പുഴയിലേക്ക് എത്തുമ്പോൾ ബിപിസിഎല്ലിന് മുന്നിലായി എയർ ക്വാളിറ്റി ഇന്റക്സ് പ്രദർശിപ്പിച്ചു കൊണ്ട് ഒരു വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അതിലെ വാല്യൂവിൽ ഒരു മാറ്റവുമില്ല. രാഷ്ട്രീയ പ്രതിനിധികളും പൊലീസും ഉദ്യോ​ഗസ്ഥരും കമ്പനിയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്ന് അയ്യൻകുഴി സ്വദേശി അജി പറയുന്നു. അന്നീ തീ ക്കത്തി പ്രശ്നം ​ഗുരുതരമായി നിൽക്കുന്ന സമയത്ത് ഒരു ഖദർധാരി വന്ന് ചാനലുകാരെ ഞങ്ങൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസുകാരോട് പറയുന്നത് താൻ കേട്ടതായി അജി വെളിപ്പെടുത്തുന്നു.

ബ്രഹ്മപുരത്ത് മാലിന്യ പ്ലാൻ്റിന്റെ നിർമ്മാണം പൂർത്തിയാക്കാൻ നൂറു കോടി രൂപയോളമാണ് റിഫൈനറി നൽകിയത്. അതിന്റെ പകുതി പണം പോലും വേണ്ട തങ്ങളുടെ പ്രശ്നം പരിഹരിക്കാനെന്നാണ് അയ്യൻകുഴി നിവാസികൾ പറയുന്നത്. ബ്രഹ്മപുരം കത്തിയപ്പോൾ പുക ന​ഗരത്തിലേക്ക് വമിച്ചതോടെ അത് വാർത്തയാവുകയും പരിഹാരം കാണുകയും ചെയ്തു. എന്നാൽ വർഷങ്ങളായി ഇതേ ദുരന്തം അനുഭവിക്കുന്ന അയ്യൻകുഴി നിവാസികൾക്ക് എന്തുകൊണ്ടാണ് നീതി നിഷേധിക്കുന്നുവെന്നും അവർ ചോദിക്കുന്നു.

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണ്. ഇനിയും നിങ്ങൾ വാശി പിടിച്ചാൽ ജില്ലാ കളക്ടറുടെ ഓഫീസ് അങ്ങോട്ട് മാറ്റാൻ ഞാൻ പറയും. എന്താ ചെയ്യേണ്ടതെന്ന് എനിക്കും അറിയില്ല. ഇലക്ഷൻ സമയത്ത് മാത്രം നമ്മൾ പറയുന്ന കാര്യങ്ങളാവരുത് ഇതൊന്നും. ജീവിക്കാൻ കഴിയാത്ത ഒരു സ്ഥലമാണെന്ന് പൊലൂഷൻ കൺ​ട്രോൾ ബോർഡ് പറഞ്ഞുകഴിഞ്ഞു ഇനിയെന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കണം. വിചാരണ സമയത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ചിന്റെ വാക്കുകളാണിത്

മനുഷ്യന് ഒരു മിനിറ്റ് പോലും ശ്വസിക്കാൻ ശുദ്ധവായും ലഭിക്കാത്ത പ്രദേശമാണ് അതെന്ന് നിലവിൽ വന്നിരിക്കുന്ന റിപ്പോർട്ടിലും പറയുന്നു. അധികാരികളോട് ചോദ്യങ്ങൾ ചോദിച്ചും ചാനലുകൾക്ക് ഉത്തരം നൽകിയും ഞങ്ങൾ മടുത്തു. ഞങ്ങളെ ഓർത്ത് പലരും വിലപിക്കുന്നു എന്നാൽ നീതി മാത്രം ലഭിക്കുന്നില്ല അയ്യൻകുഴിയിലെ ജനങ്ങളുടെ ഓരോ വാക്കുകളും വേദനയിൽ നിന്നും പ്രതിഷേധത്തിൽ നിന്നും ഉരുകൊണ്ടതാണ്.

ഓരോ പ്രതിക്ഷേധങ്ങളും തീരുമ്പോൾ കമ്പനി അധികൃതരും സർക്കാരും പറയുന്ന ഒരു വാക്കുണ്ട്. നിങ്ങളുടെ വിഷയം ചർച്ച ചെയ്യാം, ഉടനേ തീരുമാനമെടുക്കാം. ആ ചർച്ചകളാണ് ഇനിയും എങ്ങുമെത്താതെ പതിറ്റാണ്ടുകളായി തുടരുന്നതും.

content summary: Ayyankuzhi residents in Kochi have been protesting for years against BPCL for air pollution and refusing to rehabilitate them

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×