February 08, 2025 |
Share on

ഇമേജസ് ഇമേജസ്; പിന്നെ കൊറച്ചു സംശയങ്ങളും

വീണാ വിമലാ മണി ചിന്തകള്‍ തുടങ്ങിയത് ഒരു ചായയില്‍ നിന്നാണ്. വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ അലസതയോടെ ക്ലോക്കില്‍ നോക്കി ഇരിക്കുമ്പോള്‍ താഴെ മെസ്സില്‍ നിന്ന് കണ്ണാടി ഗ്ലാസില്‍ ചായ എടുത്തു വരണോ അതോ കാപ്പി എടുക്കണോ അതുമല്ലെങ്കില്‍ പാല് മാത്രം മതിയോ എന്നുള്ള കണ്‍ഫ്യൂഷനില്‍ (ഈ ബൂര്‍ഷ്വാ കണ്‍ഫ്യൂഷസിന്റെ ഒരു കാര്യമേ!) നിന്നും ചായയില്‍ എത്തിച്ചേര്‍ന്നത് ചായയോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല. മറിച്ച്, അതുമായി മനസ്സില്‍ ബന്ധപ്പെട്ടു കിടക്കുന്ന കുറെ ഇമേജെസ് ആണ്. അവ പലര്‍ക്കും പലതാണ്. […]

വീണാ വിമലാ മണി
ചിന്തകള്‍ തുടങ്ങിയത് ഒരു ചായയില്‍ നിന്നാണ്. വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ അലസതയോടെ ക്ലോക്കില്‍ നോക്കി ഇരിക്കുമ്പോള്‍ താഴെ മെസ്സില്‍ നിന്ന് കണ്ണാടി ഗ്ലാസില്‍ ചായ എടുത്തു വരണോ അതോ കാപ്പി എടുക്കണോ അതുമല്ലെങ്കില്‍ പാല് മാത്രം മതിയോ എന്നുള്ള കണ്‍ഫ്യൂഷനില്‍ (ഈ ബൂര്‍ഷ്വാ കണ്‍ഫ്യൂഷസിന്റെ ഒരു കാര്യമേ!) നിന്നും ചായയില്‍ എത്തിച്ചേര്‍ന്നത് ചായയോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല. മറിച്ച്, അതുമായി മനസ്സില്‍ ബന്ധപ്പെട്ടു കിടക്കുന്ന കുറെ ഇമേജെസ് ആണ്. അവ പലര്‍ക്കും പലതാണ്. എനിക്ക് മനസ്സില്‍ ഓടിക്കയറി പാഞ്ഞുവന്ന ആദ്യത്തെ മൂന്ന് കാര്യങ്ങള്‍ ഏലക്ക, മലയാളി, ബുദ്ധിജീവി എന്നിവയാണ്. പെട്ടെന്ന് ഗൃഹാതുരത്വം അനുഭവപ്പെടുകയും, കൂടെ സ്വത്വപരമായ ഒരു നിലപാടെടുക്കുകയും ചെയ്താണ് ഞാന്‍ ചായ ഉറപ്പിച്ചത്. പണ്ട് തിലകന്റെ സുലൈമാനി കുടിച്ചാല്‍ മുഹബ്ബത്ത് രുചിക്കുംന്നു പറഞ്ഞ് നമ്മള്‍ ഒരു പാട് കുടിച്ചു വറ്റിച്ചതല്ലേ ചങ്ങാതി ഇതൊക്കെ! (ഇപ്പോഴും!!) അപ്പൊ അതാണ് കാര്യം. ഏത്? ഇമേജെസ്.
നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും വെറും ഇമേജിനല്ലേ. ആന്നു! സാരി ഉടുത്ത് അമ്പലത്തില്‍ പോണതും, കോഫി ഡെയില്‍ കയറി പത്തു രൂപയുടെ കാപ്പി അറുപതു രൂപയ്ക്കു കുടിക്കണതും, വലിയ വെള്ള മതിലുകളുള്ള കോളേജില്‍ പഠിക്കണതും, കല്യാണം കയിക്കണതും, വോട്ടു ചെയ്യന്നതും, പിന്നെ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അപ്പപ്പോ ഫോട്ടോം പിടിച്ചു ഫേസ്ബുക്കില്‍ കേറ്റണതും ഇമേജെസ് വാഗ്ദാനം ചെയ്യുന്ന ഒരു ആശയത്തിന് വേണ്ടിയാണ്. സന്തോഷോം സമാധാനോം പിന്നെ അതിന്റെ ആശയങ്ങളും തമ്മിലുള്ള അകലത്തിലാണ് കാപിറ്റലിസം നിലകൊള്ളുന്നതെന്ന് തോന്നീട്ടുണ്ട്.
 
യാഥാര്‍ഥ്യവും ഇമേജസും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും, അങ്ങനല്ല, മറിച്ച്, ഇമേജെസ് ആണ് യാഥാര്‍ഥ്യങ്ങള്‍ എന്നും കള്‍ച്ചറല്‍ തിയറികളുണ്ട്. അതിലോട്ടൊന്നും കടക്കുന്നില്ല. (അല്ലാതെ അറിയാഞ്ഞിട്ടല്ല!) എന്റെ പ്രശ്‌നം, ഇമേജസില്‍ മാത്രം ജീവിച്ചാല്‍ മതിയോ നമുക്ക്? അങ്ങനെ പൂര്‍ണമായും ജീവിക്കാന്‍ സാധ്യമാണോ?
കഴിഞ്ഞദിവസം ഗുഡ്ബൈ ലെനിന്‍ കണ്ടപ്പോള്‍ തോന്നിയത് ഇമേജസില്‍ കുറച്ചുകാലം ജീവിക്കാന്‍ കഴിയും എന്നാണ്. ജി ഡി ആര്‍ ഭരണം കടന്നുപോയതറിയാതെ കോമയില്‍ നിന്നുണരുന്ന അമ്മയെ കൂടുതല്‍ ഞെട്ടിച്ച് വീണ്ടും കിടത്തേണ്ട എന്ന് കരുതി ആ ഭരണം സൃഷ്ടിച്ച ഇമേജസ് പുന:സൃഷ്ടിക്കുന്ന മകന്റെ കഥയാണ് പ്രമേയം. ഇമേജസിലൂടെ അമ്മയെ യാഥാര്‍ഥ്യത്തില്‍ നിന്നും ‘രക്ഷിക്കുന്ന’ മകന്‍ കുറെയൊക്കെ വിജയിക്കുന്നുമുണ്ട്. പിന്നീട് ഇതൊക്കെ കെട്ടുകഥയാണെന്ന് അറിയുമ്പോള്‍ മകന്റെ സ്‌നേഹം മനസിലാക്കി ആ നാടകത്തിന് നിന്നും കൊടുക്കുന്നുണ്ട്, ആ അമ്മ. ഇത് പോലെ എല്ലാ ഇമേജസും ഒരു നിമിഷത്തില്‍ പൊട്ടിപ്പപ്പടമാകുന്നതാണ്. പിന്നെ ചിലപ്പോള്‍ നമ്മള്‍ പൊട്ടിയത് പൊട്ടിയിട്ടില്ലെന്ന് അങ്ങ് കണ്ണടക്കും. നമ്മളോടാ കളി! 
ഇങ്ങനേ ഇമേജസ് നമ്മള്‍ ബുദ്ധിജീവികള്‍ (ഇല്ലാത്ത കണ്ണട ശരിയാക്കുന്നു!) തല്ലിപ്പൊട്ടിച്ചാലും സമ്മതിക്കാത്ത കുറെ നല്ല മനുഷ്യരുണ്ട്. പൊള്ളയായ വികസനങ്ങളില്‍ വിശ്വാസം വയ്ക്കുന്നവരും, ഭാരതത്തിന്റെ ‘തനതായ’ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവരും, ഫെമിനിസ്റ്റുകള്‍ വെറുതെയാണെന്ന് പറയുന്നവരും, എല്ലാ വിഭിന്നതകളെയും എതിര്‍ക്കുന്നവരും ഇമേജസിനുള്ളിലെ യാഥാര്‍ഥ്യത്തെ അവഗണിക്കുന്നവരാണ്. ഇതുവരെ ഇമേജസിനപ്പുറത്തെ കാഴ്ചകള്‍ കാണാത്ത ഭാഗ്യവാന്‍മാര്‍ക്ക് വേണ്ടി ആരൊക്കെയോ കഷ്ട്ടപ്പെട്ട്, മേല്‍പ്പറഞ്ഞ സിനിമയിലെപ്പോലെ, ആ ഭംഗിയുള്ള കാന്‍വാന്‍സ് നിലനിര്‍ത്തുകയാണ്. പക്ഷെ അതും നിരന്തരമല്ല. 
അമിതാവ് ഘോഷ് പറഞ്ഞപോലെ നമ്മളൊക്കെ കഥകളിലാണ് ജീവിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടമുള്ള കഥകള്‍ അവരവര്‍ തിരഞ്ഞെടുക്കും. എന്നാല്‍ ചിലര്‍ ആരൊക്കെയോ മെനഞ്ഞെടുത്ത പഴയ പഴയ കഥകളില്‍ ജീവിച്ചു തീര്‍ക്കും. ഇടക്കൊക്കെ ഉള്ളിന്റെ ഉള്ളിലെ സംശയങ്ങള്‍ പുറത്തു വരുമ്പോള്‍, വാതില്‍ പുറമേ ഉള്ള ചൂലെടുത്ത് തല്ലി തല്ലി ഒതുക്കിക്കൂട്ടും. അവിടെ കിട! 
ചായ തണുത്തു.
[profile photo credit: Ann George]
(മദ്രാസ് ഐ.ഐ.റ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് വീണ)
ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

×