Continue reading “ഞാന്‍ എന്ന ഹിന്ദു (നോണ്‍-സംഘി സ്‌റ്റൈല്‍)”

" /> Continue reading “ഞാന്‍ എന്ന ഹിന്ദു (നോണ്‍-സംഘി സ്‌റ്റൈല്‍)”

"> Continue reading “ഞാന്‍ എന്ന ഹിന്ദു (നോണ്‍-സംഘി സ്‌റ്റൈല്‍)”

">

UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ഞാന്‍ എന്ന ഹിന്ദു (നോണ്‍-സംഘി സ്‌റ്റൈല്‍)

                       
വീണാ വിമലാ മണി
ഞാന്‍ വിശ്വാസിയാണ്. ബ്രാഹ്മണരെക്കാളും ബ്രാഹ്മണ്യം പുലര്‍ത്തിയിരുന്ന ഒരു വീട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്റെ അമ്മ ദിവസവും രാവിലെ മുറ്റമടിച്ച് അരിപ്പൊടി കൊണ്ടും പിന്നീട് വെളുത്ത പാറപ്പൊടി കൊണ്ടും കോലം വരയ്ക്കുമായിരുന്നു. വിശേഷാല്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ കോലങ്ങള്‍ വരക്കാന്‍ ഞാന്‍ ഉത്സാഹിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നും അമ്മ വാങ്ങി വരാറുള്ള കളര്‍ കോലപ്പൊടി കൊണ്ട് ഭംഗിയുള്ള കോലങ്ങള്‍ വരച്ചു ഞാന്‍ അഭിമാനിചിട്ടുണ്ട്. വീട്ടില്‍ വളരെ കൃത്യമായിട്ട് ശുദ്ധിയും അശുദ്ധിയും ശ്രദ്ധിച്ചിരുന്നു.
പതിനേഴു വയസു വരെ അമ്പലങ്ങളായിരുന്നു എന്റെ പ്രധാനപ്പെട്ട സോഷ്യല്‍ സ്‌പേസ്. വീടിനടുത്തുള്ള ലക്ഷ്മി അമ്പലവും, ആലപ്പുഴ ടൌണിലെ മുല്ലക്കല്‍ ക്ഷേത്രവുമായിരുന്നു വീട്ടില്‍ നിന്നും പോകാനുണ്ടായിരുന്ന സ്ഥലങ്ങള്‍. എല്ലാ ശനിയാഴ്ചയും വിഷ്ണു സഹസ്രനാമം വായിക്കാന്‍ എന്റെ അമ്മക്കും ഇശ്വരി, ലക്ഷ്മി ഇത്യാദി അമ്മമാര്‍ക്കും ഒപ്പം ഞാനും കൂടുമായിരുന്നു. എല്ലാ കര്‍ക്കിടകത്തിലും രാമായണം വായിക്കുമായിരുന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ രാവിലെ മൂന്നു മണിക്കെഴുന്നേറ്റ് അച്ഛന്റെ ഒപ്പം നിര്‍മാല്യം തൊഴാന്‍ പോയിരുന്ന ദിവസങ്ങളിലാണ് ഞാന്‍ പാലപ്പൂവിന്റെ മണം ശ്രദ്ധിച്ചിരുന്നത്.
മുല്ലക്കല്‍ ക്ഷേത്രത്തിലെ ചിറപ്പ് മഹോല്‍ത്സവം ആയിരുന്നു എന്റെ ഇയര്‍ റൌണ്ട് ഷെഡ്യൂളിലെ മാസ്മരിക ഇവന്റ്. അതില്‍ ഒരു ദിവസം സ്ത്രീകളുടെ ചിറപ്പായിരുന്നു. ഭീമ നടത്തുന്ന അവസാന ദിവസ ചിറപ്പ് ദിവസത്തിനോളം പോന്ന ഒരുക്കങ്ങളും ആഘോഷങ്ങളുയിരുന്നു ആ ദിസവത്തില്‍ ക്ഷേത്രവും ക്ഷേത്ര പരിസരവും കണ്ടിരുന്നത്. എന്റെ അമ്മ ആദ്യമായി ഒരു പൊതു ഇടപെടല്‍ നടത്തിയത് ഈ സമയത്തായിരുന്നു. ഉത്സവ ചെലവുകള്‍ക്ക് പിരിക്കാന്‍ മറ്റു സ്ത്രീ സുഹൃത്തുക്കളുടെ കൂടെ പോകാറുണ്ടായിരുന്ന അമ്മ, ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ആദ്യമായി വീട്ടില്‍ ഇല്ലാതാവുകയായിരുന്നു. വീടിനോടുള്ള കടമ നിര്‍വഹിക്കാതെ ഏത് ഈശ്വരനെ  പ്രീതിപ്പെടുത്താനാണ് ഈ പോണത് എന്ന് പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്. (ക്ഷമിക്കണം! പണ്ടത്തെ ഓരോ അബദ്ധങ്ങളെ!) സ്ത്രീകളുടെ ചിറപ്പ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷൈമാക്കയാണ് ഇന്നാലോചിക്കുമ്പോള്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ്. ആരെയും പ്ലീസ് ചെയ്യാതെ, വിശ്വസിക്കുന്ന കാര്യങ്ങള്‍ നടത്തുവാനും, സ്ത്രീകളെ ഒരുമിപ്പിച്ചു പൊതു വേദികളില്‍ ദൃശ്യരാക്കാനും, പിന്നെ ആരുമില്ലാതിരുന്ന അമ്മിണി മാമിയേയും പൊന്നമ്മ മാമിയേയും പരിപാലിക്കുകയും ചെയ്തിരുന്നു അവര്‍.
അമ്മിണി മാമിയെ ഞാന്‍ നന്നായി ഓര്‍ക്കുന്നു. അവരുടെ ഏക മകന്‍ മരിച്ചുപോയിരുന്നു. മടിസാര്‍ അണിഞ്ഞിരുന്ന, നല്ല തമിഴ് സംസാരിച്ചിരുന്ന, മിക്കപ്പോഴും കളിച്ചു വിയര്‍ത്തിരിക്കുന്ന എന്നെ മടിയില്ലാതെ കെട്ടിപ്പിടിക്കാറുണ്ടായിരുന്നു അവര്‍. അമ്മിണി മാമിയുടെ കൈകളിലെ ചുളിവുകളിലാണ്, ബ്രാഹ്മണ്യത്തെയാണ് വ്യക്തികളെ അല്ല വിമര്‍ശിക്കേണ്ടത് എന്ന് ഞാന്‍ ആദ്യം പഠിച്ചത്.
കനോസ്യന്‍ കോണ്‍വെന്റില്‍ പഠിച്ച ഞാന്‍ പലപ്പോഴും സ്വത്വപരമായ ആലോചനകളില്‍ പെട്ടുപോകാറുണ്ടായിരുന്നു. എന്നും രാവിലെ അസംബ്ലിയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ ചൊല്ലുമ്പോഴും, ലഞ്ച് ബോക്‌സ് തുറക്കുമ്പോള്‍ ‘ഇത് ഏത് എണ്ണയാണ്’ എന്ന് കൂട്ടുകാര്‍ ചോദിക്കുമ്പോഴും, ക്ലാസ്‌മേറ്റിന്റെ പാത്രത്തില്‍ നിന്നും ബീഫിന്റെ രുചി അറിഞ്ഞപ്പോഴും, അത് പിന്നീട് അമ്മക്ക് വിഷമമായപ്പോഴും ഒക്കെ രണ്ടു കാര്യങ്ങളാണ് എന്നെ കുഴക്കിയത് — ഒന്ന് പബ്ലിക് സ്‌പേസ് സെക്യുലര്‍ ആണെന്ന അവകാശത്തിലെ കപടതയും, പിന്നെ ഹിന്ദു എന്ന ഒറ്റ കുടക്കീഴില്‍ വ്യത്യസ്തരായ രീതികള്‍ എകീകരിക്കുന്നതിലെ കുഴപ്പങ്ങളും.
ആന്ധ്രയില്‍ നിന്നും നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ കുടിയേറുകയും, പിന്നീട് അവിടുന്ന് കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്ക് വ്യാപാര ആവശ്യങ്ങള്‍ക്കായി വന്നു താമസമാക്കുകയും ചെയ്ത റെഡ്ഡിയാര്‍ സമുദായമാണ് എന്റേത്. മൊത്തത്തില്‍ ഒരു സവര്‍ണ മുഖമാണ് ഞങ്ങള്‍ക്ക് കേരളത്തില്‍. എന്റെ മുത്തശ്ശന്റെ തലമുറയില്‍ ഉള്ളവര്‍ വരെ നെറ്റിയില്‍ വൈഷ്ണവരുടെ നാമം വരയ്ക്കുമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ സര്‍പ്പക്കാവും അവിടെ പൂജകളും ഉണ്ടായിരുന്നു. എന്നിരുന്നാലും കേരളത്തിന്റെ മുഖ്യധാരാ സംസ്‌കാരമായി ചിത്രീകരിച്ചിരുന്ന ഒന്നുമായും എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒരു വല്ലാത്ത ത്രിശങ്കു സ്വര്‍ഗം അവസ്ഥ. ഞാന്‍ എന്നെ ഒരു മലയാളി ആയി കാണുകയും എന്നാല്‍ ചുറ്റുമുള്ളവര്‍ എന്നെ തെലുങ്കത്തിയായും കാണുമ്പോള്‍ ഉള്ള ഒരു കാഫ്ക ലോകം. നാം നമ്മെ എങ്ങനെ കാണുന്നു, മറ്റുള്ളവര്‍ നമ്മെ എങ്ങനെ കാണുന്നു, മറ്റുള്ളവര്‍ നമ്മെ എങ്ങനെ കാണുന്നു എന്ന് നാം കരുതുന്നു എന്നിവയെ ആശ്രയിച്ചിരിക്കുമല്ലോ സ്വത്വപരമായ മനസിലാക്കലുകള്‍.
കേരത്തിലെ ഈ ‘ഗേറ്റഡ്’ സവര്‍ണ്ണതയുടെ മറ്റൊരു മുഖമായിരുന്നു, വര്‍ഷത്തിലൊരിക്കല്‍ തമിഴ്‌നാട്ടിലുള്ള സമുദായ ക്ഷേത്രത്തില്‍ പോകുമ്പോള്‍ അനുഭവപ്പെടുന്നത്. അവിടെ ഞങ്ങള്‍ ആരാധിക്കുന്നത് മാടനെയും കാളിയെയുമാണ്. വില്ലടിച്ചാന്‍ പാട്ടുകളില്‍ കേട്ടിരുന്നത് ഒരു അവര്‍ണ്ണ താളമായിരുന്നു. ആടിനെ അറക്കുമായിരുന്നു അവിടെ. Subaltern വര്‍ണ്ണങ്ങളുടെയും ശബ്ദകോലാഹലങ്ങളുടേയും നടുവില്‍ തനി ‘പാണ്ടിച്ചി’യായി ആവേശത്തോടെ ഞാന്‍ നില്‍ക്കുമായിരുന്നു.
ഈ രണ്ടു ലോകത്തിന്റെയും സങ്കീര്‍ണതകളും രാഷ്ട്രീയവും കൂടുതല്‍ പ്രശ്‌നഭരിതമായി എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയത് സാമൂഹ്യശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയതിനു ശേഷമാണ്. ഒരൊറ്റ സത്യം എന്ന സ്ഥിരതയില്‍ നിന്നും വിഭിന്നങ്ങളായ സത്യത്തിലേക്കും യാഥാര്‍ഥ്യങ്ങളിലേക്കും എത്തിച്ചേരുമ്പോള്‍ എനിക്ക് മനസിലായത്, പലപ്പോഴും ഈ രണ്ടു ലോകങ്ങളും അടര്‍ത്തിയെടുക്കാന്‍ വയ്യാതെ പിണഞ്ഞു കിടക്കുന്നു എന്നാണ്. പല ഐഡന്റിറ്റിയിലേക്കുമുള്ള സഞ്ചാരങ്ങള്‍ കുറെയെങ്കിലും മനപ്പൂര്‍വമാണ്. Judith Butler പറയുന്നത് പോലെയുള്ള fluid identities ആണ് നമ്മുടേത്.
ഇപ്പോഴുള്ള രാഷ്ട്രീയ അവസ്ഥയിലും, ഇന്ത്യന്‍ മതേതരത്വം സംശയനിഴലില്‍ പതറി നില്‍ക്കുമ്പോഴും, മുസ്ലീം, ദളിത് സുഹൃത്തുക്കള്‍ ഹിന്ദുത്വ ശക്തികളുടെ അപകടങ്ങളെ കുറിച്ച് പഠിപ്പിക്കുമ്പോഴും തലാല്‍ ആസാദ് പറയുമ്പോലെ മതേതരത്വത്തിന്റെ തണലില്‍ നിസംഗമായി ഇരിക്കുന്നതിനേക്കാള്‍ നല്ലത്, ആക്റ്റീവായി ഒരു പക്ഷം ചേരുന്നതാണ്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഞാന്‍ ഹിന്ദു ആകാം. അതെന്തു കൊണ്ടാണെന്ന് പറയാം.
ഇപ്പോള്‍ കാണുന്ന വെറുപ്പിന്റെയും പകയുടെയും ഹിന്ദുത്വമുഖം മാത്രമല്ല ഹിന്ദു മതത്തിനുള്ളത്. ഹിന്ദു ഒരു മതമാണോ, ഒരൊറ്റ മതമാണോ എന്നൊക്കെ ഉള്ളത് വളരെ പ്രസക്തമായ ചോദ്യങ്ങളാണ്. എന്നിരുന്നാലും, വിശ്വാസി ആയിക്കൊണ്ട് വ്യത്യസ്തതകളെ സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ലേ? ഞാന്‍ ഒരു ഹിന്ദുവാണ്. അതുകൊണ്ട് Wendy Doniger-ഉടെ പുസ്തകങ്ങള്‍ വായിച്ചുകൂടെ? ഹിന്ദു ആയിക്കൊണ്ട് തന്നെയാണ് The Hindus – An Alternate History-യുടെ കവര്‍ ചിത്രം ഞാന്‍ ആസ്വദിച്ചത്. അത് വായിച്ചിട്ട് എന്റെ ഒരു മതവികാരവും വ്രണപ്പെട്ടില്ല. എങ്ങാനും വ്രണപ്പെട്ടാലും അതെന്റെ പ്രശ്‌നമാണ്. അതങ്ങ് ഞാന്‍ സഹിക്കും. എനിക്ക് വേണ്ടി ആരും ഒരു പുസ്തകവും നിരോധിക്കേണ്ട. അയോധ്യയില്‍ രാമക്ഷേത്രം പണിയുകയും വേണ്ട. പകരം രാഷ്ട്രത്തോട് ബാബറി മസ്ജിദ് തകര്‍ത്തതില്‍ അതിനു കാരണക്കാരായവര്‍ മാപ്പ് പറയുകേം വേണം. അതെ, ഞാന്‍ ഹിന്ദുവാണ്, ഹിന്ദു മതത്തിനെ ഉള്ളില്‍ നിന്ന് വിമര്‍ശിക്കാന്‍ മടി ഇല്ലാത്ത ഹിന്ദുവാണ്. കാലഹരണപ്പെട്ട രീതികള്‍ തള്ളിക്കളയണമെന്നും, വെറുപ്പ് വളര്‍ത്തുന്ന ഏത് രാഷ്ട്രീയമായാലും അത് അവഗണിക്കപ്പെടെണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു.
എന്റെ ഐഡന്റിറ്റി ഞാന്‍ തീരുമാനിക്കുന്നതാണ്, ഒരു പരിധിവരെയെങ്കിലും. നമ്മള്‍ തീരുമാനിച്ചില്ലെങ്കില്‍ ആ ചുമതല മുഴുവനായും ബാക്കിയുള്ളവര്‍ ഏറ്റെടുക്കും. മോദിയും, തൊഗാഡിയയും, ശശികല ടീച്ചറും എനിക്കു വേണ്ടി സംസാരിക്കണ്ട. അവര്‍ പറയുന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ല. ഹിന്ദു മതത്തില്‍ നിന്ന് പോയവരെ തിരിച്ചു വിളിക്കണമെന്ന് ഞാന്‍ പറയില്ല. ഹിന്ദു മതം ഇപ്പോഴും പാലിക്കുന്ന ജാതീയമായ ദുരാചാരങ്ങള്‍ മടിയില്ലാതെ പ്രശ്‌നവല്‍ക്കരിക്കപ്പെടണം. ഹിന്ദു മതത്തിലെ പ്രശ്‌നങ്ങള്‍ മോഡറേറ്റ് ആയ ഹിന്ദുക്കള്‍ മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ പേരില്‍ ഹിന്ദുത്വ ശക്തികള്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കും. അത് തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും. നാസി ജര്‍മ്മനിയിലെ വയലന്‍സിനൊപ്പം തന്നെ ഭീകരമായത് അന്ന് അവിടുണ്ടായ ഭൂരിപക്ഷം ജര്‍മന്‍കാരുടെ മൌനമായിരുന്നു.
ജനാധിപത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായമാണ് സ്ഥിതിഗതികള്‍ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭൂരിപക്ഷം ജനങ്ങളുടെ അരാഷ്ട്രീയത ഭയപ്പെടുത്തുന്നതാണ്. ഇപ്പറഞ്ഞതുകൊണ്ട് മറ്റുള്ളവരാരും ഹിന്ദു മതത്തിനെ വിമര്‍ശിക്കരുതെന്നോ, മറ്റു മതങ്ങളിലെ വര്‍ഗീയതയെ ഞാന്‍ വിമര്‍ശിക്കാതിരിക്കുമെന്നോ അല്ല ഉദേശിക്കുന്നത്. മറിച്ച്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരുകളെ വികസിപ്പിക്കണമെന്നാണ് ഇവിടെ പറയുന്നത്.
(മദ്രാസ് ഐ.ഐ.ടിയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് വീണ)
നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍