February 19, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ക്വത്‌റോച്ചി മുതല്‍ ചൌധരി വരെ : ദല്ലാളുകളുടെ ലോകം

ടീം അഴിമുഖം   ഒട്ടോവിയോ ക്വത്‌റോച്ചി എന്ന ഇറ്റലിക്കാരനൊപ്പം ഇക്കഴിഞ്ഞയാഴ്ച മണ്ണടിഞ്ഞത് ഇന്ത്യന്‍ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ഒട്ടേറെ നിഗൂഡ രഹസ്യങ്ങള്‍ കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട അഴിമതി കേസായ ബൊഫോഴ്‌സ് ആയുധ ഇടപടു നടന്നിട്ട് കാല്‍ നൂറ്റാണ്ടായെങ്കിലും എന്തായിരുന്നു ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്നത് ഇന്നും അജ്ഞാതമാണ്. അറുപത്തിയൊന്ന് കോടി രൂപയുടെ കമ്മീഷന്‍ പോയ വഴികള്‍ ഇന്നും വ്യക്തമായി അറിയില്ല. പിന്നീട് പല സര്‍ക്കാരുകള്‍ വന്നു പോയെങ്കിലും ക്വത്‌റോച്ചിയെ അറസ്റ്റു ചെയ്ത് ഇന്ത്യയില്‍ […]

ടീം അഴിമുഖം
 
ഒട്ടോവിയോ ക്വത്‌റോച്ചി എന്ന ഇറ്റലിക്കാരനൊപ്പം ഇക്കഴിഞ്ഞയാഴ്ച മണ്ണടിഞ്ഞത് ഇന്ത്യന്‍ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട ഒട്ടേറെ നിഗൂഡ രഹസ്യങ്ങള്‍ കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട അഴിമതി കേസായ ബൊഫോഴ്‌സ് ആയുധ ഇടപടു നടന്നിട്ട് കാല്‍ നൂറ്റാണ്ടായെങ്കിലും എന്തായിരുന്നു ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്നത് ഇന്നും അജ്ഞാതമാണ്. അറുപത്തിയൊന്ന് കോടി രൂപയുടെ കമ്മീഷന്‍ പോയ വഴികള്‍ ഇന്നും വ്യക്തമായി അറിയില്ല. പിന്നീട് പല സര്‍ക്കാരുകള്‍ വന്നു പോയെങ്കിലും ക്വത്‌റോച്ചിയെ അറസ്റ്റു ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനോ കേസിനു പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താനോ ശ്രമങ്ങള്‍ ഉണ്ടായില്ല. രാഷ്ട്രീയ ആയുധം എന്നതിനപ്പുറം ഈ വമ്പന്‍ അഴിമതിയുടെ പിന്നാമ്പുറങ്ങളിലേക്ക് കടക്കാന്‍ മറ്റു പാര്‍ട്ടികളും ശ്രമിച്ചില്ല. ഒരു ക്ളാസിക്കല്‍ രാഷ്ട്രീയ അഴിമതി കേസിനു വേണ്ട എല്ലാവിധ ചേരുവുകളും ഉള്‍ചേര്‍ന്ന കേസായതിനാല്‍ എന്നും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്നു എന്നു മാത്രം. വിവാദങ്ങള്‍ക്ക് രാജീവ് ഗാന്ധി സര്‍ക്കാരിനെ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും സത്യം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇത്തരം ദല്ലാളന്മാര്‍ ഒരിക്കലും കുടുങ്ങുന്നില്ലെന്നതും ഇവര്‍ക്ക് രക്ഷപെടാനുളള പഴുതുകള്‍ ഉണ്ടെന്നതും ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ജീര്‍ണതയെയാണ് അടയാളപ്പെടുത്തുന്നത്. ക്വത്‌റോച്ചിയെ പോലുള്ള വിദേശികളും ഇന്ത്യക്കാരൂം അടങ്ങുന്ന ഇടനിലക്കാരുടെ വലിയൊരു ചരിത്രം തന്നെ സ്വതന്ത്ര ഇന്ത്യയില്‍ നടന്നിട്ടുള്ള ഓരോ ഇടപാടുകളിലുമുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാനും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് അതിനെ മാറ്റി മറിക്കാനും ഇവര്‍ക്കുള്ള ശേഷിയെക്കുറിച്ച് പൊതുസമൂഹം പലപ്പോഴും അജ്ഞരാണ്. സര്‍ക്കാരുകളെ പോലും അട്ടിമറിക്കാനും മറ്റും കരുത്തുള്ള ഇവര്‍ക്ക് ഇന്ത്യന്‍ അധികാരമേഖലയില്‍ കടന്നു കയറാനുള്ള അവസരം ലഭിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പു പ്രക്രിയയിലും കള്ളപ്പണത്തിനുള്ള സ്ഥാനം ഉപയോഗപ്പെടുത്തിയാണ്. ഇവര്‍ പലപ്പോഴും അധികാര മേഖലകളിലേക്ക് കടന്നു കയറുന്നതും ഇതേ  ഫണ്ടിംഗ് വഴിയാണ്.
 
 
ഇത്തരം ദല്ലാളന്മാര്‍ നേതാക്കളുടെ തോഴരായി നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് നേരിട്ട് നേതാക്കളായി മാറുന്ന കൊടിയ ദുരന്തം കൂടിയാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്. രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് വരുതിയിലാക്കി മുന്നില്‍ നിര്‍ത്തി കളിക്കുന്ന മുന്‍ രീതിക്കു പകരം ദല്ലാളന്മാര്‍ രാഷ്ട്രീയ നേതാക്കളുടെ കുപ്പായം സ്വയം അണിഞ്ഞ് രംഗത്തു വരുന്ന കാഴ്ചയാണ് ഇപ്പോഴുളളത്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആയുധ ദല്ലാളായി പ്രവര്‍ത്തിച്ചയാള്‍ രണ്ടാം യു.പി.എയില്‍ പാര്‍ലമെന്റിന്റെ ഭാഗമാകുന്ന അവസ്ഥ വരെയുണ്ട്. ഇന്ത്യ കണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നായ സ്‌കോര്‍പീന്‍ സബ്മറൈന്‍ കരാറില്‍ 1000 കോടി രൂപയോളമാണ് കമ്മീഷന്‍ ഇനത്തില്‍ ഇദ്ദേഹം കൈകാര്യം ചെയ്തത്. അതിനു ശേഷം അദ്ദേഹം മാധ്യമ മുതലാളിയാകുന്നു, ദേശസ്‌നേഹത്താന്‍ പ്രചോദിതനായി, സര്‍വസമ്മതനായി പാര്‍ലമെന്റംഗമാകുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റ്റെ അടിവേരിളക്കുന്ന നിരവധി സംഭവങ്ങള്‍ അങ്ങനെയുണ്ട്. 
 
ഭൂമിയിലും ഇന്ത്യന്‍ സര്‍ക്കാര്‍ ആസ്തികളിലും നിക്ഷേപത്തിനുളള അവസരം ഒരുങ്ങുന്നതിന് മുമ്പ് തൊണ്ണൂറുകള്‍ വരെ ആയുധ ഇടപാടുകളില്‍ മാത്രമായിരുന്നു വന്‍ തുകകള്‍ കൈമറിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ദല്ലാളുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതും ആയുധ ഇടപാടുകളിലാണ്. എഴുപതുകളില്‍ ലോകത്തെ രണ്ടു പ്രധാന യുദ്ധവിമാന കമ്പനികള്‍ക്കു വേണ്ടി അന്നത്തെ പ്രധാനമന്ത്രിയുടെ മക്കളായിരുന്ന രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും പ്രവര്‍ത്തിച്ചിരുന്നതായും ആരോപണങ്ങള്‍ ഉണ്ട്. ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ ഒരിക്കലും പുറത്തു വരില്ലെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയ പരാജയങ്ങളില്‍ ഒന്ന്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മുന്‍ നേവി തലവന്‍ അഡ്മിറല്‍ എസ്. എം നന്ദയും മകന്‍ സുരേഷ് നന്ദയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ആയുധ ഇടപാടുകളിലൂടെ കോടി കണക്കിന് രൂപ സ്വന്തമാക്കിയെന്ന ആരോപണത്തിന്റെ അവസ്ഥയും സമാനമാണ്. ഡല്‍ഹി മഹാനഗര മദ്ധ്യത്തില്‍ നൂറുകണക്കിനു കോടി രൂപ വില വരുന്ന ക്ളാറിഡ്ജ് ഹോട്ടല്‍ സമുച്ചയം സ്വന്തമാക്കുനുളള പണം എന്തായാലും ഈ കുടുംബത്തിന് ഉണ്ടായി. റഷ്യ മുതല്‍ ഇംഗ്‌ളണ്ടു വരെയുളള രാജ്യങ്ങളിലെ പ്രതിരോധ ആയുധ ഇടപാടുകളില്‍ നിയന്ത്രണ ശേഷിയുളള സുധീര്‍ ചൗധരിയാണ് മറ്റൊരു വന്‍ തോക്ക്. ബ്രിട്ടണില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്‌പോണ്‍സര്‍ കൂടിയാണ് ചൗധരിയുടെ ആല്‍ഫ ഗ്രൂപ്പ് ഓഫ് കമ്പനീസ്. കൊളംമ്പിയ യൂണിവേഴ്‌സിറ്റിയില്‍ ക്യാന്‍സര്‍ റിസര്‍ച്ച് ചെയറും ഇയാളുടെ പേരിലുണ്ട്. എതിരായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഇസ്രേയല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുളള വിശിഷ്ട വ്യക്തികളുടെ പട്ടികയിലും സുധീര്‍ ചൗധരിയുണ്ട്.
 
 
സുധീര്‍ ചൗധരിയും ഇന്ത്യയിലെ ഒന്നാംനിര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുളള ബന്ധവും വളരെ വലുതാണ്. സുധീര്‍ ചൗധരിയുടെ മകന്റെ വിവാഹ സല്‍ക്കാരം നടന്നത് ഒരു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന്റെ ഡല്‍ഹിയിലെ ഫാം ഹൗസിലാണ്. വിവാഹ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്തിയ നേതാക്കളാരും മറന്നുമില്ല. കേന്ദ്രമന്ത്രി കമല്‍ നാഥിന്റെ മകളെ കല്യാണം കഴിച്ചിരിക്കുന്നത് സുധീര്‍ ചൌധരിയുടെ കുടുംബത്തില്‍ നിന്നാണ്. ഹിമാലയത്തിലെ ആനന്ദ് സ്പാ അടക്കമുള്ള ഇവരുടെ ബിസിനസ് സാമ്രാജ്യം ലോകം മുഴുവന്‍ പടര്‍ന്ന് കിടക്കുന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്നു വരുന്നു എന്നു അന്വേഷിക്കാനുള്ള ധൈര്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇല്ല താനും.  
    
ഇത്തരം ദല്ലാളന്മാര്‍ക്ക് ഇന്നും ക്ഷാമമില്ല. അനേകം ക്വത്‌റോച്ചിമാര്‍, സുധീര്‍ ചൗധരിമാര്‍, നീരാ റാഡിയമാര്‍. ഇവരാണ് ഇന്ത്യയുടെ വന്‍കിട ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. കാലാകാലങ്ങളില്‍ ഭരണാധികാരികള്‍ മാറുമെങ്കിലും ദല്ലാളന്മാര്‍ മാറുന്നില്ല. കൊടിയേതായാലും ദല്ലാളന്മാരുടെ സ്വാധീനത്തിന് കുറവും ഉണ്ടാവുന്നില്ല. ഇവരാരും ഒരിക്കലും പിടിക്കപ്പെടുന്നുമില്ല. കരാര്‍ ഒപ്പിട്ടവന് ഒപ്പം കരാര്‍ ഒപ്പിച്ചു നല്‍കിയവനെയും പിടിക്കാന്‍ വകുപ്പുണ്ടെങ്കിലും ഇവര്‍ക്കു മേല്‍ ഒരു വകുപ്പും പ്രയോഗിക്കാറില്ല. ഒരേ സമയം ഇന്ത്യന്‍ നേതാക്കള്‍ക്കു മാത്രമല്ല വിദേശ രാജ്യങ്ങളിലെ നേതാക്കളള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണിവര്‍. അതുകൊണ്ടു തന്നെ ഇവര്‍ സുരക്ഷിതരായിരിക്കും, എപ്പോഴും. 
 
 
ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലുകളുടെ ലോഞ്ചുകളിലും വമ്പന്‍ ക്ളബ്ബുകളിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടാവും. കണ്‍സള്‍ട്ടന്റ്, അഡൈ്വസര്‍ തുടങ്ങി പല പേരുകളാണ് ഇവര്‍ക്ക്. മാനായും മാരീചനായും വരും. ചിലപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ വേഷം അണിയും, മറ്റു ചിലപ്പോള്‍ സൈനിക മേധാവികളുടെ വേഷം. വേഷം ഏതായാലും പൊതു ഖജനാവില്‍ നിന്ന് ഇവരുടെ പോക്കറ്റിലേക്ക് ഒരു രഹസ്യ വഴി എപ്പോഴും തുറന്നിരിക്കും. ഇവര്‍ക്ക് എതിരെ അന്വേഷണ ഏജന്‍സികള്‍ പോലും പലപ്പോഴും കണ്ണടയ്ക്കും. രാഷ്ട്രീയ നേതാക്കളെയോ എന്തിന് കേന്ദ്ര മന്ത്രിമാരെയോ പിടിക്കുന്നതിലും പ്രയാസമാണ് ഇവരെ പിടിക്കാന്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ സൂചിക്കുഴയിലൂടെ ഈ ഒട്ടകങ്ങള്‍ ഇറങ്ങില്ല. അങ്ങനെയൊരു കാലം വരുമ്പോഴെ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് കെട്ടുറപ്പുണ്ടാകൂ.    
 
 
 
 
 
                            
                
 
 
 
 
 
 
 
 
 
 
 
    
 
 
                                            
 
×