ടീം അഴിമുഖം
ഭൂട്ടാനിലെ ഇന്ത്യന്‍ എംബസിക്ക് സ്വന്തമായൊരു ഗോള്‍ഫ് കോഴ്‌സുണ്ട്; ഗോള്‍ഫ് കോഴ്‌സുള്ള ലോകത്തെ ഏക ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ബജറ്റിന്റെ മൂന്നിലൊന്ന് തുക – ഏകദേശം 3500 കോടി രൂപയോളം – ഭൂട്ടാനുള്ള സഹായധനമാണ്. ഈ ഹിമാലയന്‍ രാജ്യത്ത് പോകാന്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പോലും ആവശ്യമില്ല.
എന്നാല്‍ തങ്ങളുടെ ഈ സുഹൃത് രാജ്യത്തെ ‘കൈകാര്യം’ ചെയ്യുന്നതില്‍ ഈയിടെയായി ഇന്ത്യ പുലര്‍ത്തുന്ന ബ്യൂറോക്രറ്റിക്ക് മനോഭാവം ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കാലം മാറി വരികയാണ്. ഭൂട്ടാനും. ഈ സമയത്ത് ഇതൊന്നും മനസിലാക്കാതെ തങ്ങളുടെ അയല്‍ക്കാരോട് ‘വല്യേട്ടന്‍’ മനോഭാവം കാണിക്കുന്നത് ശരിയല്ല.
ഷെറിംഗ് തൊബ്ഗയി
ഇപ്പോള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭൂട്ടാനുള്ള എല്‍.പി.ജി, മണ്ണെണ്ണ സബ്‌സിഡി ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതൊരു താത്കാലികവും സാങ്കേതികവുമായ കാര്യമായിരുന്നെങ്കിലും ഈ സംഭവം ഇന്ത്യ – ഭൂട്ടാന്‍ ബന്ധത്തില്‍ ഒരു കരിനിഴല്‍ വീഴ്ത്തി. വെറും അമ്പതു കോടി രൂപ മാത്രമായിരുന്നു സബ്‌സിഡി. ഭൂട്ടാന് ബജറ്റ് ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും സാമ്പത്തിക സഹായം നല്‍കാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നാണ് ഔദ്യോഗിക ഭാഷ്യം.
പെട്രോളിയം മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു വീഴ്ചചയായിട്ടാണ് വിദേശകാര്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. ജൂണ്‍ മാസമൊടുവില്‍ കസ്റ്റംസ് തീരുവ ഇനത്തില്‍ ഇന്ത്യ 300 കോടി രൂപ കൊടുത്തിരുന്നു. എന്നാല്‍ സബ്‌സിഡിക്കു വേണ്ടി സാങ്കേതിക തടസം പറഞ്ഞ് 50 കോടി കൊടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഇതാകട്ടെ, ഭൂട്ടാനിലെ സാധാരണ ജനങ്ങളെ കഷ്ടപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ നോര്‍ത്ത് ഡിവിഷന്‍ രണ്ടു രാജ്യങ്ങളാണ് കൈകാര്യം ചെയ്യുന്നത് – നേപ്പാളും ഭൂട്ടാനും. ‘നമ്മള്‍ ‘ഗുഡ്‌വില്ലി’നായി കൊടുത്ത പണം ‘ഇല്‍ – വില്‍’ ആയി മാറി’യെന്ന് പണ്ടൊരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു നേപ്പാളിനെ പറ്റി പറഞ്ഞിട്ടുണ്ട്. 300 കോടി രൂപ ജുണ്‍ അവസാനം കൊടുത്തെങ്കില്‍ 50 കോടി കൊടുക്കാന്‍ പറ്റാത്ത ബൂറോക്രാറ്റിക് വ്യവസ്ഥിതിയാണ് ഒരു പക്ഷേ ഇന്ത്യയുടെ ഏറ്റവുമടുത്ത അയല്‍ രാജ്യത്തോട് ഇവിടുത്ത ഭരണകൂടം പുലര്‍ത്തുന്നത്. മുന്‍ പ്രധാനമന്ത്രി ജിഗ്‌മെ തിന്‍ലെ രണ്ടു പ്രാവശ്യം മുന്‍ ചൈനീസ് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂട്ടാന്‍ ഭരണാധികാരി ചൈനീസ് അധികാരികളുമായി കൂടിക്കാഴ്ച നടത്തിയത് എന്നോര്‍ക്കണം. ചൈനയുമായി ഭൂട്ടാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ നടപടിയെന്ന് പരക്കെ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു.
ജിഗ്‌മെ തിന്‍ലെ
ഇതിന്റെ സത്യമെന്താണെങ്കിലും വിദേശ നയത്തില്‍ നയമില്ലായ്മ ഇന്ത്യ കാണിച്ചതിന്റെ തെളിവാണ് ഭൂട്ടാനില്‍ സംഭവിച്ചത്. ഇന്ത്യയും ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ദൃഡതയില്ലാത്തതാണ് ഇത്തരത്തിലുള്ള ഇന്ത്യയുടെ അങ്കലാപ്പിന്റെ അടിസ്ഥാനം. ലോകം മാറുന്നതിനൊപ്പം ഭൂട്ടാനും മാറുമെന്നും അവരുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യയുടെ നയങ്ങളിലും തക്കതായ മാറ്റങ്ങള്‍ വേണമെന്നും അതിലുപരി ഒരു വലിയ രാജ്യമെന്ന നിലയില്‍ വിശാലമനസ്‌കത കാണിക്കേണ്ട ആവശ്യവും ഇന്ത്യക്കുണ്ട്. ഇന്ത്യക്കും ചൈനയ്ക്കുമിടയിലാണ് ഭൂട്ടാന്‍ സ്ഥിതി ചെയ്യുന്നത്. ഇതൊരു ബുദ്ധമത രാജ്യം കൂടിയാണ്. ചൈന ടിബറ്റ് പിടിച്ചെടുത്തതിനു ശേഷം ഭീതിയോടെയാണ് ഭൂട്ടാന്‍ ചൈനയെ കാണുന്നത്. അതുപോലെ തന്നെ സ്വാതന്ത്ര്യത്തിനു ശേഷം ഭൂട്ടാന്‍ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതും. ഇത് നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രത്തേക്കാള്‍ ഉപരിയായി തന്ത്രപരമായ ഒരാവശ്യം കൂടിയാണ്.
പുതിയ തെരഞ്ഞെടുപ്പു ഫലം പലരേയും അതിശയിപ്പിച്ചു. ഷെറിംഗ് തൊബ്ഗയി എന്ന പുതിയ പ്രധാനമന്ത്രി ഇന്ത്യയുമായി അടുത്ത ബന്ധം തുടരും എന്നാണ് കരുതേണ്ടത്. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വിദേശനയത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. ആകെ പറഞ്ഞിരുന്നത് വിദേശ നയത്തില്‍ ശ്രദ്ധാപൂര്‍വമായ നിലപാട് എടുക്കുമെന്നു മാത്രമായിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. തെരഞ്ഞെടുപ്പില്‍ തൊബ്ഗിയുടെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി 47-ല്‍ 32 സീറ്റു നേടിയാണ് അധികാരത്തില്‍ വന്നിരിക്കുന്നത്. 2008-ലാണ് ഭൂട്ടാനില്‍ ജനാധിപത്യം നിലവില്‍ വന്നത്. ഈ തെരഞ്ഞെടുപ്പ് ഭൂട്ടാനില്‍ ജനാധിപത്യം ചെറിയ രീതിയില്‍ വേരോടുന്നു എന്നതിന് തെളിവാണ്.