Continue reading “കലാപത്തിനുള്ള 40 കോടി ഒഴുക്കിയത് ആരാണ്?”

" /> Continue reading “കലാപത്തിനുള്ള 40 കോടി ഒഴുക്കിയത് ആരാണ്?”

"> Continue reading “കലാപത്തിനുള്ള 40 കോടി ഒഴുക്കിയത് ആരാണ്?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാപത്തിനുള്ള 40 കോടി ഒഴുക്കിയത് ആരാണ്?

                       
മറ്റെങ്ങും വായിക്കാത്ത, പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളുമായി അഴിമുഖത്തില്‍ വിജയ് ചൌക്ക് തുടരുന്നു. 
 
 
കനിമൊഴിയുടെ കള്ളപ്പണവും യുപിഎയുടെ കള്ളക്കളിയും
ടുജി സ്‌പെക്ട്രം കേസില്‍  കരുണാനിധിയുടെ പുത്രിയും രാജ്യസഭാംഗവുമായ കനിമൊഴിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങള്‍ അസാധാരണമായ വഴിത്തിരിവിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കനിമൊഴിക്കെതിരായ കുറ്റപത്രത്തിന് അവസാന രൂപം നല്‍കിയിരുന്നു. 2ജി കേസിലെ കുറ്റാരോപിതനായ സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വയില്‍ നിന്നും 200 കോടി രൂപ കൈപ്പറ്റിയതായി കുറ്റപത്രം പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം തയാറാക്കി കഴിഞ്ഞാല്‍ കനിമൊഴിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും വീണ്ടും അവരെ തിഹാര്‍ ജയിലിലേക്ക് അയക്കുകയും ചെയ്യുകയെന്നതാണ് തുടര്‍ന്നുള്ള നടപടി ക്രമം. അവര്‍ക്കെതിരെ ചുമത്തപ്പെടുന്ന കടുത്ത പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിന്റെ അടിസ്ഥാനത്തില്‍ അടുത്തൊന്നും ജാമ്യം ലഭിക്കുകയുമില്ല. 
 
പക്ഷെ ഇവിടെയാണ് സാധാരണമല്ലാത്ത വഴിത്തിരിവുകള്‍ വന്നു പെട്ടിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അറ്റോര്‍ണി ജനറല്‍ ജി. ഇ വാഹന്‍വദിയുടെ ഭാഗത്തുനിന്നുള്ള നിയമോപദേശം ലഭിക്കുന്നതിനായി കുറ്റപത്രം അയച്ച് കൊടുത്തു. അദ്ദേഹമാകട്ടെ 2ജി സ്‌പെക്ട്രത്തിന്റെ പേരില്‍ ഏറെ തല പുകച്ചിട്ടുള്ളയാളുമാണ്. തന്റെ തീരുമാനങ്ങള്‍ അറ്റോര്‍ണി ജനറല്‍ ശരിവെച്ചതാണെന്ന് എ രാജ നേരത്തെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ വാഹന്‍വദി ഈ കേസിലെ സാക്ഷിയായി വിസ്താരം നേരിടാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു അഭിപ്രായവും രേഖപ്പെടുത്താതെ അദ്ദേഹം ഫയല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് അയച്ചുകൊടുത്തു. ഇവിടെയാണ് മറ്റൊരു വഴിത്തിരിവ്. 
പരാശരന്‍ കുറെ വിശദീകരണങ്ങള്‍ ഇത് സംബന്ധിച്ച് ആരാഞ്ഞു. എന്നാല്‍ കാര്യവിവരമുള്ളവര്‍ പറയുന്നത് നിരവധി വിധിന്യായങ്ങളിലൂടെ പരിഹരിക്കപ്പെട്ട പ്രശ്‌നങ്ങളാണ് അദ്ദേഹം വീണ്ടും ഉയര്‍ത്തിയിട്ടുള്ളതെന്നാണ്. ഇവിടെയാണ് ദുര്‍ഗന്ധം വമിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കല്‍ നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമല്ലേയിത്? കോണ്‍ഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം മാത്രമാണ് ശേഷിക്കുന്ന ചോദ്യം. 
 
 
കലാപത്തിന് 40 കോടി? 
മുസാഫര്‍ നഗറിലെ കലാപം 50 പേരുടെ ജീവനൊടുക്കി. സമാജ് വാദി പാര്‍ട്ടിയെ മുസ്ലിങ്ങളുടെ ഇഷ്ടപുസ്തകത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ബിജെപിയാകട്ടെ ജാട്ടുകള്‍ തങ്ങള്‍ക്കൊപ്പമായി കൊണ്ടിരിക്കുന്നുവെന്ന് കണക്ക് കൂട്ടുകയുമാണ്. അത്യന്തം ഹീനമായ ഈ കലാപത്തിന് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുക സ്വാഭാവികം.
 
ബിജെപിയുടേയും ഭാരതീയ കിസാന്‍ യൂണിയ(ബികെയു)ന്റേയും നേതാക്കള്‍ സംബന്ധിച്ച ജാട്ടുകളുടെ ഒരു മഹാപഞ്ചായത്തില്‍ നിന്നായിരുന്നു കലാപത്തിന്റെ തുടക്കം. ടിക്കായത്ത് മക്കളായിരുന്നു ഇതിലെ പ്രധാന പ്രാസംഗികര്‍. ബികെയു ജാട്ടുകള്‍ക്കിടെ ശക്തമായ സ്വാധീനമുള്ള പ്രസ്ഥാനമാണ്. സ്ഥാപകനായ മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ കാലത്ത് ബികെയുവിന് കാര്യമായ രാഷ്ട്രീയ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പുത്രന്മാരായ രാകേഷിന്റേയും നരേഷിന്റേയും അവസ്ഥ അതല്ല. അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. കലാപത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നവരില്‍ ഇവരും ഉണ്ടെന്ന വാസ്തവം കൂടി ചേര്‍ത്ത് വെച്ച് കാണുമ്പോള്‍ സംഭവ ഗതികളുടെ നാനാര്‍ഥങ്ങളിലേക്ക് കൂടുതല്‍ സൂചനകളാവുന്നു. 
 
കലാപത്തെ കുറിച്ചുള്ള കൂടുതല്‍ വസ്തുതകള്‍ പുറത്ത് വരുന്നുണ്ട്. ഒരു ദേശീയ പാര്‍ട്ടി ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന ഒരു മുതിര്‍ന്ന നേതാവ് 40 കോടി രൂപ കൊടുത്താണ് കലാപം ഉണ്ടാക്കിയതെന്നതാണ് അതിലൊന്ന്. ടിക്കായത് സഹോദരന്മാരിലേക്കും ഈ പണത്തിന്റെ വലിയൊരു പങ്ക് എത്തിയിട്ടുണ്ടെന്നും ചില സൂചനകളുണ്ട്. ഈ പണം വന്ന വഴികളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ തെരയുമോയെന്ന ചോദ്യവും ശേഷിക്കുന്നു. അതുവഴി യുപിയിലെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമാകുമോയെന്നും. കാരണം യു.പി വഴി ഇന്ത്യ പിടിക്കാനുള്ള ആസൂത്രിത ശ്രമവുമായി ഒരു ദേശീയ പാര്‍ട്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.  
 
മോദി ശോഭിക്കുന്നു, കോര്‍പ്പറേറ്റ് ഡീലുകളിലൂടെ
നരേന്ദ്ര മോദി രാജ്യത്തെ ഏത് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴും ഒരു പറ്റം ടെലിവിഷന്‍ ചാനലുകള്‍ അത് ലൈവായി കാണിക്കുന്നുണ്ടാകം. അദ്ദേഹം പുതുതായി ഒന്നും പറയുന്നുണ്ടാകില്ല. ഒരു കവല പ്രാസംഗികന്റെ വാചാടോപം. പതിവ് മട്ടിലുള്ള അതിന്‍ന്റ്റെ ആവര്‍ത്തനം. എന്നാലും ചാനലുകള്‍ അസാധാരണമായ ഈ പ്രസംഗങ്ങള്‍ ലൈവ് ടെലികാസ്റ്റായി കാണിക്കാന്‍ ചാനലുകള്‍ വലിയ ഔത്സുക്യം കാണിക്കും. അതിനു പിന്നില്‍ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ ഉണ്ടെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. 
 
കുറെ കോര്‍പ്പറേറ് കമ്പനികള്‍ക്ക് മോഡി പ്രധാനമന്ത്രിയായേ തീരു. അതിനായിട്ടവര്‍ ചാനലുകളുമായി ഡീല്‍ ഉറപ്പിച്ചിട്ടുണ്ട്. ആ ചങ്ങാത്ത വ്യവസ്ഥകളിലൊന്നാവട്ടെ, മോഡിയുടെ പ്രസംഗങ്ങള്‍ ലൈവ് കാണിക്കണമെന്നതും പ്രൈം ടൈമില്‍ പ്രധാന വാര്‍ത്തകളായി മോദി വരണം എന്നതുമാണ്. ഈ കോര്‍പ്പറേറ്റ് ഡീലില്‍ ഗുജറാത്തിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമുണ്ട്. മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതോടെ തങ്ങളുടെ ഭാവി കൂടുതല്‍ ശോഭനമായി തീരുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. 
 
രഘുറാം രാജന്റെ ചാര ബന്ധങ്ങള്‍
റിസര്‍വ് ബാങ്ക് ഗവര്‍ണറായുള്ള രഘുറാം രാജന്റെ സ്ഥാനാരോഹണം സെന്‍ട്രല്‍ ബാങ്കിന്റെ ഉള്‍ത്തലങ്ങളെ കൂടുതല്‍ ഉന്‍മേഷദായകമാക്കിയിട്ടുണ്ട്. രൂപയുടെ മൂല്യം കരകയറുന്നു. രൂപയുടെ വിനിമയ ത്തില്‍ കൂടുതല്‍ പരിഷ്‌ക്കരണ നടപടികള്‍ അന്താരാഷ്ട്ര നാണയ നിധിയിലെ ചീഫ് ഇക്കണോമിസ്‌ററായിരുന്ന ഇദ്ദേഹം ഉദ്ദേശിക്കുന്നുമുണ്ട്. 
 
എന്നാല്‍, രാജ്യത്തെ എക്കാലത്തേയും മികച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ മകനാണ് രഘുറാം രാജനെന്ന കാര്യം അധികം പേര്‍ക്ക് അറിയുമെന്ന് തോന്നുന്നില്ല. 1953 തമിഴ് നാട് കേഡറില്‍ പെട്ട ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ഗോവിന്ദ രാജന്‍. ഇന്ത്യയുടെ ചാര സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി(റോ)ലേക്ക് ആദ്യമായി നിയോഗിക്കപ്പെട്ടവരില്‍ പ്രധാനി. റോയുടെ സ്ഥാപകനായ ആര്‍.എന്‍ റാവുവിന്റെ സ്റ്റാഫ് ഓഫീസര്‍.
 
രാജീവ് ഗാന്ധി തനിക്ക് പ്രിയപ്പെട്ട മറ്റൊരാളെ തലപ്പത്തേക്ക് കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ഗോവിന്ദ രാജന്‍ റോ ചീഫ് ആകേണ്ടതായിരുന്നു. പിന്നീട് ജോയിന്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ ചീഫ് ആയി ഗോവിന്ദ രാജന്‍ അടിത്തൂണ്‍ പറ്റി. രഘുറാ രാജനും അദ്ദേഹത്തിന്റെ കുടുംബവും പക്ഷെ കുടുത്തിന്റെ ചാര ബന്ധത്തെ പറ്റി അത്രയ്‌ക്കൊന്നും പുറത്ത് പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നത് വാസ്തവം.
 
കാലവര്‍ഷം യു.പി.യെയെ തുണക്കുമോ?
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാശയുടെ പൊടിപ്പുകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. രൂപ മെല്ലെ മൂല്യം വീണ്ടെടുത്ത് തുടങ്ങുന്നു. കഴിഞ്ഞ കുറെ മാസങ്ങളായുള്ള കീഴോട്ടുള്ള വളര്‍ച്ചയെ പിന്നിട്ട് വ്യാവസായിക ഉത്പ്പാദനം ഗുണാത്മകമായ സൂചനങ്ങള്‍ നല്‍കുന്നു. പണപ്പെരുപ്പത്തിന്റെ തോതും കുറഞ്ഞ് വരുന്നു. 
രാജ്യത്താകമാനം ഒരേ തരത്തില്‍ പെയ്യുന്ന കാലവര്‍ഷം ഇക്കുറി കാര്‍ഷിക മേഖലയില്‍ ബമ്പര്‍ ഉത്പ്പാദനം ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഇതിനകം തന്നെ ഏതാനും വിളവെടുപ്പുകള്‍ അതിന്റെ സൂചനകള്‍ മാര്‍ക്കറ്റില്‍ പ്രതിഫലിപ്പിച്ച് കഴിഞ്ഞു. ഖാരിഫ് വിളവെടുപ്പ് കുറച്ച് ആഴ്ചകള്‍ക്ക് ശേഷം മാര്‍ക്കറ്റില്‍ കൂടുതല്‍ ശക്തമായ അടയാളം ഇടും. ഇത് സമ്പദ് വ്യവസ്ഥയെ ആകെ തന്നെ ഉണര്‍ത്തും. കാര്‍ഷിക വളര്‍ച്ച 2013-14 വര്‍ഷം അഞ്ച് ശതമാനത്തിലേക്ക് എത്തുമെന്ന് കരുതുന്നു. തൊട്ട് മുന്‍വര്‍ഷം അത് 1.8 ശതമാനം മാത്രമായിരുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധന ഇത് ഉണ്ടാക്കും. 
 
എല്ലാം കൊണ്ടും ആഹ്‌ളാദകരമാണ് ഈ ഉത്സവകാലം. മുടന്തി നീങ്ങുന്ന യുപിഎ സര്‍ക്കാരിനെ അത് ഏതെങ്കിലും തരത്തില്‍ സഹായിക്കുമോയെന്നതാണ് കാര്യം? 
 
 
 
 

Share on

മറ്റുവാര്‍ത്തകള്‍