കെ എന്‍ ബാലഗോപാല്‍
ഭരണക്കാര്‍ക്കുള്ള കൃത്യമായ സന്ദേശമാണ് ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. അനിയന്ത്രിതമായ രീതിയില്‍ നടപ്പിലാക്കപ്പെടുന്ന ഉദാരവത്ക്കരണ, സ്വകാര്യവത്ക്കരണ, ആഗോളവത്ക്കരണ നയങ്ങളോടു സാധാരണക്കാര്‍ക്കുള്ള അസംതൃപ്തിയാണ് അതിന്‍റെ അടിസ്ഥാനം. അതോടൊപ്പം അഴിമതിയും ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളും മൂന്നാമതൊരു കൂട്ടരെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. വിലക്കയറ്റം, പ്രത്യേകിച്ചും വൈദ്യുതി ചാര്‍ജെന്ന പേരില്‍ നടക്കുന്ന നിയമവിധേയമായ തീവെട്ടിക്കൊള്ള, ആം ആദ്മി പാര്‍ടിയെ നന്നായി സഹായിച്ചിട്ടുണ്ട്. ലോക്പാല്‍ ബില്‍ വേഗത്തില്‍ പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഈ ഡെല്‍ഹി ദുരന്തമാണ്.
എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ജനങ്ങള്‍ നല്‍കുന്ന സന്ദേശം ശരിയാംവണം മനസിലാക്കാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തുള്ള ബിജെപിക്കോ സാധിക്കുന്നില്ല. ഗവണ്‍മെന്‍റുമായി നേരിട്ടു ബന്ധപ്പെട്ടു ഉണ്ടാകുന്ന അഴിമതിയെ തടയാന്‍ പുതിയ ലോക്പാല്‍ ബില്ലിന് സാധിക്കുമെങ്കിലും, ഇപ്പോള്‍ ഗവണ്‍മെന്ടുമായി ബന്ധപ്പെട്ടു നടക്കുന്ന മറ്റനവധി മേഖലകളിലെ അഴിമതിയെ തടയാണ്‍ ഇത് പര്യാപ്തമല്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. പുതിയ സാമ്പത്തിക നയങ്ങളുടെ ചുവടു പിടിച്ച് ഗവണ്‍മെന്‍റിന്റെ പല ചുമതലകളും സ്വകാര്യ മേഖലയ്ക്ക് കൈമാറുകയുണ്ടായിട്ടുണ്ട്. പ്രകൃതിജന്യ ഊര്‍ജ്ജ സ്രോതസുകളായ പെട്രോളിയം ഉത്പ്പന്നങ്ങള്‍, ഖനനം, ടെലികോം സ്പെക്ട്രം ലൈസന്‍സ് എന്നിവ ഉദാഹരണം. ഗവന്‍മെന്‍റിന്റെ മാത്രം കുത്തകയായിരുന്ന വൈദ്യുതി ജല വിതരണങ്ങള്‍ ഇന്ന് സ്വകാര്യ മേഖലയ്ക്ക് സ്വര്‍ണ്ണ ഖനിയായി തീര്‍ന്നിരിക്കുന്നു. പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ മികച്ച ഉദാഹരങ്ങളാണ് പിപിപി പദ്ധതികളായി നടപ്പിലാക്കുന്ന വിമാനത്താവളം, തുറമുഖങ്ങള്‍, ടോള്‍ റോഡുകള്‍ മുതലായവ. മുംബൈ വിമാനത്താവളം, മുന്ദ്ര തുറമുഖം, താജ് ഇടനാഴി പദ്ധതി മുതലായവ സ്വകാര്യ പങ്കാളിത്തത്തിന്റെ ഏറ്റവും മോശം മാതൃകകളായി മാറിയിരിക്കുന്നു.ലൈസന്‍സിന്റെയും സേവനത്തിന്‍റെയും യഥാര്‍ത്ഥ മൂല്യം പുറത്തേക്ക് വരുന്നില്ല എന്നതാണു യാഥാര്‍ഥ്യം.
ഡെല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണം എന്ന ആം ആദ്മി പാര്‍ടിയുടെ ആവിശ്യത്തെ ഈ പശാചതല്‍ത്തില്‍ വേണം കാണാന്‍. സുതാര്യതയ്ക്കു വേണ്ട മുറവിളി അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ഇടതുപാര്‍ടികള്‍ മാത്രമായിരുന്നു ഈ ആവിശ്യം ഉന്നയിച്ചിരുന്നത്. കോര്‍പ്പറേറ്റ് മേഖലകളിലും പിപിപി പദ്ധതികളിലും നടക്കുന്ന അഴിമതികള്‍ക്കൂടി ലോക്പാലിന്റെ പരിധിയില്‍ കൊണ്ട് വരണം. ഇതരമൊരു ഭേദഗതിക്ക് വേണ്ടി ഇടതു പാര്‍ടികള്‍ മുന്‍പോട്ടു വന്നപ്പോള് ഗവന്‍മെന്‍റും പ്രധാന പ്രതിപക്ഷവും അതിനെ എതിര്‍ക്കുകയായിരുന്നു. ജനങ്ങളുടെ മനസ് തിരിച്ചറിയുന്നതില്‍ അവര്‍ക്കുള്ള കഴിവില്ലായ്മയും വന്‍ സ്വകാര്യ കമ്പനികളോടുള്ള വിധേയത്വവുമാണ് ഇത് കാണിക്കുന്നത്.
ഉദാരവത്ക്കരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്തു നടപ്പാക്കിയത് മുതല്‍ പ്രധാന പാര്‍ടികളായ കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തിന്‍റെ നയങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഒരേ നിലപാട് കൈക്കൊള്ളുന്നതാണ് കാണാറ്. ബൌദ്ധിക സ്വത്തവകാശം, നേരിടുള്ള വിദേശ നിക്ഷേപം, ഗവണ്‍മെന്‍റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സ്വകാര്യവത്ക്കരണം, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ രണ്ടു പാര്‍ടികളും ഒരേ നിലപാടാന് പാര്‍ലമെന്റിനകത്തും പുറത്തും എടുക്കുന്നത്.
അത്തരത്തില്‍ സ്വകാര്യ മേഖലയുടെ തല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി രണ്ടു കൂട്ടരും കൈകോര്‍ത്ത ഏറ്റവും അവസാനത്തെ മേഖലയാണ് ലോക്പാലും ലോകായുക്ത ബില്ലും. പാര്‍ലമെന്‍റ് പാസാക്കിയ ബില്ലിന്റെ ഏറ്റവും വലിയ കുഴപ്പം പൊതു സ്വകാര്യമേഖല പങ്കാളിത്ത പദ്ധതികളിലെ അഴിമതിയെ ഇല്ലാതാക്കാന്‍ ഇതു ഉപകരിക്കില്ലെന്നുള്ളതാണ്.2ജി, കോള്‍, വിമാനത്താവളങ്ങളുടെ ആധുനിക വത്ക്കരണം, വന്‍കിട ഊര്‍ജ പദ്ധതികള്‍ തുടങ്ങി വന്‍പിച്ച അഴിമതി നടന്ന പദ്ധതികളെല്ലാം പൊതു സ്വകാര്യമേഖല പങ്കാളിത്ത പദ്ധതികളാണ്. പൊതു പണത്തില്‍ നിന്നു പരമാവധി ലാഭം കൊയ്യാന്‍ തങ്ങളുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാരെ സഹായിക്കുക എന്നുള്ളതാണ് ഗവന്‍മെന്‍റിന്റെ താത്പര്യമെന്ന് ഇവിടെ നടക്കുന്ന അഴിമതിയെ കുറിച്ച് ഏറ്റവും അടിസ്ഥാനപരമായ അറിവുള്ളവര്‍ക്ക് പോലും മനസിലാവുന്ന കാര്യമാണ്.
വൈദ്യുതിയുടെ കാര്യമെടുക്കുക. വൈദ്യുതി വിതരണ കമ്പനികള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പതിനഞ്ചു വര്ഷം നീണ്ടു നിന്ന ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ഭരണത്തെ അവസാനിപ്പിച്ചത്. പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്കും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. 2003ല്‍ അന്നത്തെ ബി ജെ പി സര്ക്കാറാന് കോണ്‍ഗ്രസിന്റെ സഹായത്തോടെ സ്വകാര്യ മേഖലയ്ക്കു വൈദ്യുതി വിതരണ മേഖലയിലേക്ക് കടക്കാന്‍ സഹായിക്കുന്ന തരത്തില്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്തത്. വൈദ്യുതി ചര്‍ജിലുണ്ടായേക്കാവുന്ന വന്‍പിച്ച വര്‍ധനവിനെ അന്ന് ഭേദഗതിയെ എതിര്‍ത്ത ഇടതു പാര്‍ട്ടികള്‍ ചൂണ്ടി കാണിച്ചിരുന്നു.
2003ല്‍ ഇടതുപാര്‍ടികളുടെ എതിര്‍പ്പിനെ കോണ്‍ഗ്രസും ബി ജെ പി യും ചേര്‍ന്ന് പരാജയപ്പെടുത്തി. ഇപ്പോള്‍ രണ്ടു വലിയ പാര്‍ട്ടികളെയും ജനങ്ങള്‍ തോല്‍പ്പിച്ചിരിക്കുന്നു. ലോക്പാലിന്റെ കാര്യത്തിലും ഈ അവിശുദ്ധ കൂട്ടുകെട്ടു വ്യക്തമാണ്.
ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ വളരെ സുപ്രധാനമായ ഭേദഗതിയാണ് ഇടതുപക്ഷം മുന്‍പോട്ടു വെച്ചത്. ഗവണ്‍മെന്‍റ് ലൈസന്‍സ്, ലീസ്, കോണ്‍ട്രാക്ട്, അഗ്രിമെന്‍റ്, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ അല്ലെങ്കില്‍ ഗവണ്‍മെന്‍റ് നയങ്ങളെ സ്വാധീനിക്കല്‍ എന്നിവയില്‍ ഏതെങ്കിലും കാര്യത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ, അവയുടെ പ്രമോട്ടേഴ്സ്, ഡയറക്റ്റേര്‍സ് തുടങ്ങിയവര്‍ക്കെതിരെയോ അഴിമതി ആരോപണം ഉന്നയിക്കപ്പെടുകയാണെങ്കില്‍ നടപടി സ്വീകരിക്കണം എന്ന ഭേദഗതി ബില്ലിന്റെ എട്ടാമത്തെ പേജില്‍ 27-ആം വരിക്ക് ശേഷം കൂട്ടിച്ചേര്‍ക്കാനാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചത്.
ഭേദഗതി അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ അഴിമതി നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് വേണ്ടി നടക്കുന്ന ചര്‍ച്ചകളില്‍ വന്‍പിച്ച മാറ്റം തന്നെ സംഭവിക്കുമായിരുന്നു. ലോക്സഭയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ അഴിമതി പണം നല്‍കുന്നവരെ പെടുത്താമെന്ന വളരെ ദുര്‍ബലമായ വാദമായിരുന്നു നിയമമന്ത്രി കപില്‍ സിബല്‍ മുന്നോട്ട് വെച്ചത്. ഇതൊരു സൌകര്യപ്രദമായ മറുപടിയാണ്. നിലവിലുള്ള നിയമത്തിന്‍റെ അപര്യാപ്തത പരിഹരിക്കാനാണ് ലോക്പാല്‍ കൊണ്ടുവരുന്നത്. അഴിമതി നിരോധന നിയമത്തിന്നു നിലവിലെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ലോക്പാല്‍ എന്തിനാണ്? രാജ്യത്തെ ജനങ്ങളെ വിഢികളാക്കാനാണ് സിബല്‍ ശ്രമിക്കുന്നത്.
ഭേദഗതി വോട്ടിന്നിട്ടപ്പോള്‍ രാജ്യസഭയില്‍ ഞങ്ങള്‍ക്ക് കിട്ടിയതു 19 വോട്ടാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ ഞങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന് തെളിയിക്കപ്പെടുമെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ പിപിപ്പിക്ക് എതിരല്ല. എന്നാല്‍ രാജ്യത്തു നടക്കുന്ന നവീകരണത്തിന്‍റെ ഒരു ഘടകം മാത്രമാണു പിപിപി. വൈദ്യുതി വിതരണം മുതല്‍ വിമാനത്താവള നവീകരണം വരെ എല്ലാ മേഖലകളെയും കേന്ദ്രം പിപിപ്പിക്ക് തുറന്നു കൊടുത്തു. പക്ഷേ പൊതു പണം ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നവര്‍ക്ക് പൊതു ജനങ്ങളോട് മറുപടി പറയുക തന്നെ വേണം.
പാര്‍ലമെന്‍റ്, കംട്രോളര് അന്‍റ് ഓഡിറ്റര്‍ ജനറല്‍, വരാന്‍ പോകുന്ന ലോക്പാല്‍ എന്നിവയ്ക്കു ഇത്തരം പദ്ധതികളെ നിരീക്ഷിക്കാന്‍ സാധിക്കണം. എല്ലാ മേഖലകളിലുമുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. മുതലാളിമാരുമായുള്ള ചങ്ങാത്തം ജനം മടുത്തിരിക്കുന്നു. ഏറ്റവു കുറഞ്ഞത് എല്ലാ മുതലാളിത്ത ബിസിനസ് മാതൃകളുടെയും സത്തയായ മത്സരമെങ്കിലും ഗവണ്‍മെന്‍റ് ഉറപ്പുവരുത്തണം.
പിപിപിയെ ലോക്പാലിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അഴിമതി രഹിത ഇന്ത്യയിലേക്ക് ഒരു ചുവടു കൂടി മുന്നോട്ട് വെക്കാന്‍ അതു നമ്മളെ സഹായിക്കും. എന്നാല്‍ ഈ സുപ്രധാനമായ പ്രശ്നത്തില്‍ വീണ്ടും ജനാഭിപ്രായത്തെ തള്ളിക്കളഞ്ഞു സന്ധി ചെയ്യുകയാണു കോണ്‍ഗ്രസും ബി ജെ പി യും.
രാജ്യ സഭയിലെ സി പി ഐ (എം) എം പിയാണ് കെ എന്‍ ബാലഗോപാല്‍