ടീം അഴിമുഖം
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കി തുടങ്ങി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളില്‍ പറഞ്ഞിരുന്നു. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളെ ഓഡിറ്റ് ചെയ്യാനുള്ള തീരുമാനമാണ് കേജ്രിവാള്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളതില്‍ പ്രധാനം. അതിനെ കുറിച്ച്…
സ്വകാര്യ ടെലികോം കമ്പനികളുടെ വരവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് നിയമസാധുതയുണ്ടോയെന്ന കാര്യത്തിലുള്ള നിര്‍ണായക വിധി ഉടന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു പുറത്തുവരും.
കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് മനു അഭിഷേക് സിംഗ്വി അടക്കമുള്ള വന്‍ നിരയാണ് ഇതില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വേണ്ടി വാദിക്കുന്നത്. സ്വകാര്യ കമ്പനികളെ സി.എ.ജിക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കേണ്ടതില്ലെന്നതാണ് ഇവരുടെ പ്രധാനവാദം. എന്നാല്‍ രാജ്യത്തിന് ലഭിക്കേണ്ട വരുമാനം ഈ കമ്പനികള്‍ രാജ്യത്തിന്റെ ഖജനാവിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ടോയെന്നതാണ് ഓഡിറ്റ് വഴി അറിയേണ്ടത്. അത് പരിശോധിക്കപ്പെടേണ്ടതാണ് താനും.
ഊര്‍ജ്ജം, സ്വകാര്യ കുടിവെള്ള വിതരണം തുടങ്ങിയ മേഖലകളില്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തോടു കൂടിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിവരുന്ന ഈ കാലഘട്ടത്തില്‍ സി.എ.ജിയുടെ സ്ഥാനം നിശ്ചയിക്കുന്നതില്‍ ഭരണപക്ഷത്തിന് വലിയ പങ്കുണ്ട്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പരമ്പരാഗത, സാമൂഹികക്ഷേമ മേഖലകളില്‍ നിന്ന്‍ സര്‍ക്കാര്‍ തന്നെ വഴുതിമാറി സഞ്ചരിക്കുന്ന സാഹചര്യത്തില്‍ സി.എ.ജിയുടെ സ്ഥാനം പുനര്‍നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സി.എ.ജിക്ക് ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ അര്‍ഹിക്കുന്ന പദവി നല്കേണ്ടതുണ്ട്.
സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ചിലപ്പോള്‍ സൗജന്യമായി ഭൂമി നല്‍കാറുണ്ട്. അത്തരം സ്ഥാപനങ്ങളുടെ കണക്കുകള്‍ സി.എ.ജിയെ കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കുന്നതിലുള്ള തെറ്റ് എന്താണ്? അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടത് പോലെ സ്വകാര്യ ഊര്‍ജ്ജ വിതരണ കമ്പനികളുടെ കണക്കുകളെ യഥാക്രമം ഓഡിറ്റിന് വിധേയമാക്കേണ്ടതല്ലേ? വാതക പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പടേണ്ടതല്ലേ?
സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ പ്രകൃതിവിഭവങ്ങള്‍ നല്‍കുമ്പോള്‍ അവിടെ സി.എ.ജിയുടെ റോള്‍ എന്താണെന്ന് കൂടി വ്യക്തമാക്കപ്പെടേണ്ടതാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രകൃതിവിഭവങ്ങള്‍ നല്‍കുന്നത് അതിന്റെ അവകാശപ്പെട്ടൊരു ഭാഗം സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുമെന്ന ധാരണയിലോ അല്ലെങ്കില്‍ സര്‍ക്കാരിന് അവകാശപ്പെട്ട ഭാഗം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന ഉറപ്പിന്മേലോ ആണ്. എന്നാല്‍ സര്‍ക്കാരിന്റെ സൗജന്യം പറ്റി വന്‍ ലാഭമുണ്ടാക്കുന്ന ഇത്തരം കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഭരണഘടനാ പദവിയുള്ള സി.എ.ജി മുന്നോട്ടു വരുമ്പോള്‍ അതിന് മടിക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നിലെ കള്ളക്കള്ളി പുറത്തുവരേണ്ടതുതന്നെയാണ്.

സ്വകാര്യ കമ്പനികളും സര്‍ക്കാരുമായി ഉണ്ടാക്കുന്ന ഇത്തരം ഭൂരിഭാഗം ഇത്തരം കരാറുകളിലും സര്‍ക്കാരിന് തന്നെ അവരുടെ സ്വന്തം ഓഡിറ്റര്‍മാരെ നിയമിക്കാനുള്ള അവകാശമുണ്ട്. ഉദാഹരണത്തിന് ടെലികോം ലൈസന്‍സിന്റെ കാര്യമെടുക്കുക. സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യിപ്പിക്കാന്‍ ടെലികോം വകുപ്പിന് സ്വന്തം ഓഡിറ്റര്‍മാരെ നിയമിക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ അതില്‍ സി.എ.ജിയെന്ന് കൃത്യമായി എടുത്തുപറഞ്ഞിട്ടില്ലെന്ന് മാത്രം.
ടെലികോം വകുപ്പില്‍ സംഭവിച്ചതെന്ത്?
1999ല്‍ ടെലികോം കമ്പനികളുമായി ചേര്‍ന്ന് വരുമാനം പങ്കുവയ്ക്കുന്ന കരാര്‍ ഒപ്പിട്ട കാലം മുതല്‍ നാളിതുവരെ ഒരു സ്വകാര്യ കമ്പനിയുടെയും വരവ് – ചെലവ് കണക്കുകള്‍ പൂര്‍ണമായും ടെലികോം വകുപ്പ് സ്വന്തം ഓഡിറ്റര്‍മാരെ കൊണ്ട് പരിശോധിപ്പിച്ചിട്ടില്ല. അവരുടെ കണക്കു പുസ്തകങ്ങളിലേക്ക് എത്തിനോക്കാന്‍ സി.എ.ജിക്ക് പ്രവേശനം നല്‍കിയതുമില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെലികോം വകുപ്പിന്റെ ഓഡിറ്ററായി തങ്ങളെ നിയമിക്കണമെന്ന് സി.എ.ജി നിരന്തരം ടെലികോം മന്ത്രി കപില്‍ സിബലിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫലമോ? അഭിഭാഷകന്‍ കൂടിയായ ഈ മാന്യ രാഷ്ട്രീയക്കാരന്‍ അത് നിരസിച്ചുകൊണ്ടേയിരിക്കുന്നു.
ടെലികോം വകുപ്പും കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരം സ്വകാര്യ കമ്പനികള്‍ ഇന്ത്യന്‍ ട്രഷറിയിലേക്ക് അടക്കുന്നത് പ്രതിവര്‍ഷം 15000 – 20000 കോടി രൂപയുടെ അടുത്താണ്. ഇതുകൊണ്ടു തന്നെ പലപ്പോഴും കമ്പനികള്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് അതേ പടി മുഖവിലയ്ക്ക് എടുക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ തങ്ങളുടെ കണക്കുകള്‍ സി.എ.ജി ഓഡിറ്റ് ചെയ്യാന്‍ പാടില്ല എന്നു സ്വകാര്യ കമ്പനികള്‍ പറയുന്നതിന് പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ. സര്‍ക്കാരിലേക്ക് നല്കേണ്ട വിഹിതം നല്കാതിരിക്കാന്‍ തങ്ങളുടെ വരുമാന കണക്കുകളില്‍ ഈ കമ്പനികള്‍ തട്ടിപ്പ് നടത്തുന്നു, എന്നത് മാത്രമാണ് അതിനു കാരണം. ഇക്കാര്യം തങ്ങള്‍ക്ക് നന്നായി അറിയാം എന്നതിനാലാണ് സ്വകാര്യ കമ്പനികളുടെ ഓഡിറ്റിങ് നടത്തണം എന്ന്‍ ആവശ്യപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണമായി സി.എ.ജി വൃത്തങ്ങള്‍ അഴിമുഖത്തോട് പറഞ്ഞത്വു. സര്‍ക്കാരിന് അവകാശപ്പെട്ടത് എന്നു പറയുമ്പോള്‍ അത് ജനത്തിന്റെതാണ് എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സ്വകാര്യ കമ്പനികളുടെ ലാഭക്കൊതിയും ജനനന്മയെന്ന അജണ്ട സ്വന്തം പോക്കറ്റിന്റെ കനം കൂട്ടുമോ എന്നു ചിന്തിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളും കൂടി ചേരുമ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടി തുടങ്ങിയ പദ്ധതികളുടെയും ഓഡിറ്റിംഗിന്റെ ചുമതല സി.എ.ജിക്ക് നല്‍കുകയാണ് വേണ്ടത്. ഡല്‍ഹിയുടെ ഉദാഹരണം എടുത്താല്‍, യാതൊരു കണക്കുമില്ലാതെ റിലയന്‍സിന്റെയും ടാറ്റയുടെയും ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനികള്‍ വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടിരുന്നപ്പോഴും ഷീലാ ദീക്ഷിത് അനങ്ങിയിട്ടേയില്ല. കേന്ദ്ര സര്‍ക്കാരിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. ഇതേ വിധത്തില്‍ കെ.എസ്.ഇ.ബിയും കമ്പനിയാക്കണമെന്നും വൈദ്യുതി വിതരണം അടക്കമുള്ളവ സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്‍കണമെന്നും പറയുന്നത് കേരളീയര്‍ കേള്‍ക്കുന്നുണ്ടാകുമെല്ലോ. സ്വന്തം പോക്കറ്റ് ചോരുമ്പോഴേ പഠിക്കൂ എന്നത് മാത്രേ മലയാളികള്‍ക്ക് മനസിലാകൂ എന്നുണ്ടോ?
വൈദ്യുതി വിതരണ കമ്പനികളുടെ കണക്കുകള്‍ രാജ്യത്തെ വലിയ കണക്കപ്പിള്ളയായ സി.എ.ജിയെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യപ്പടേണ്ടതും മാതൃകാപരവുമാണ്. ടെലികോം ഓഡിറ്റ് സംബന്ധിച്ച് വരാനിരിക്കുന്ന ഹൈക്കോടതി വിധി കൂടി അനുകൂലമായാല്‍, ജനങ്ങള്‍ക്ക് അവകാശപ്പെട്ട രാജ്യത്തിന്റെ വിഭവങ്ങള്‍ സര്‍ക്കാരിന്റെ കൂടി താത്പര്യത്തോടെ, കണ്ണ് വെട്ടിച്ച്, കൊള്ളയടിച്ച് കഴിയുന്ന സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാനും അത് വഴി കൂടുതല്‍ സുതാര്യത ഉറപ്പിക്കാനുമുള്ള ഒരു വാതില്‍ തുറക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.