വെറുമൊരു മോഷ്ടാവായൊരെന്നെ
കള്ളനെന്നു വിളിച്ചില്ലേ, താന്‍ കള്ളനെന്നു വിളിച്ചില്ലേ
അപ്പോള്‍ തുണി മോഷ്ടിച്ചതോ?
തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ,
അവരുടെ നാണം കാക്കാനായിരുന്നല്ലോ
അപ്പോള്‍ കോഴിയെ മോഷ്ടിച്ചതോ?
കോഴിയെങ്കില്‍ മോഷ്ടിച്ചതെങ്കിലതേ…അത്-
പൊരിച്ചു തിന്നാനായിരുന്നല്ലോ, എനിക്ക്
പൊരിച്ചു തിന്നാനായിരുന്നല്ലോ
അപ്പോള്‍ പശുവിനെ മോഷ്ടിച്ചതോ?
പശുവിനെ മോഷ്ടിച്ചതെങ്കിലും എനിക്ക് പശുവിന്‍ പാല് കുടിക്കാനായിരുന്നല്ലോ…
പശുവിന്‍ പാല് കുടിക്കാനായിരുന്നല്ലോ
ഇതത്രയും ഡോ. അയ്യപ്പ പണിക്കര്‍ എന്ന വിഖ്യാത കവിയും വാധ്യാരും ഒക്കെയായിരുന്ന ഒരു വലിയ മനുഷ്യന്റെ ‘മോഷണം’ എന്നു പറയുന്ന, കേരള രാഷ്ട്രീയപശ്ചാത്തലത്തെ കൂടി എളുപ്പവായനയ്ക്ക് ഉതകുന്ന ഒരു കവിതയുടെ കുറച്ചു വരികളാണ്. തൊട്ടുപിന്നാലെ വരുന്നുണ്ട്. പണിക്കര്‍ സാറിന്റെ അടുത്ത കവിത; ആ കാര്‍ട്ടൂണ്‍ കവിതയുടെ പേര് തങ്കച്ചന്‍.
കള്ളനില്‍ നിന്നും തങ്കച്ചനിലേക്ക് എത്തുമ്പോള്‍ പണിക്കര്‍ സാറിന്റെ കുട്ടനാടന്‍ കുസൃതികള്‍ അല്ലെങ്കില്‍ രാഷ്ട്രീയ സാംസ്‌കാരിക അവബോധത്തിന് ഒന്നിരുത്തി വായിക്കാന്‍ ചെറിയൊരു ഭാഗം കൂടി.
തങ്കച്ചന്‍ ജനിച്ചപ്പോള്‍ ജനത്തെ പേടിച്ചു:
പെറ്റുവീഴാന്‍ ഭൂമിയുണ്ടോ?
പേറ്റെടുക്കാന്‍ ധാത്രിയുണ്ടോ?
കാറ്റിരുട്ടില്‍ വഴികാട്ടാന്‍ വെളിച്ചമുണ്ടോ?
ഈ ആശങ്കകള്‍ ഗുരുതുല്യനായ എ കെ ആന്റണിക്ക് (ആന്‍ണിക്കുമുണ്ട് തങ്കച്ചന്‍ എന്ന വിളിപ്പേര്) ആകുമ്പോള്‍ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ എടങ്ങേറുകള്‍ എവിടെയെക്കൊയോ വന്ന് നെഞ്ചകം തകര്‍ക്കുന്ന ഒരു അവസ്ഥയില്‍ തന്നെയാകണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.
പുതുപ്പളളിക്കാരന്റെ പവിത്രവും പത്രാസുമൊക്കെ അങ്ങു പുതുപ്പളളിയില്‍ വച്ചാല്‍ മതി എന്ന സിപിഎം ഗുസ്തികളെ ഏറെക്കാലമായി ചെറുത്തു തോല്‍പ്പിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് വീണുകിട്ടിയൊരു ഗതികെട്ട കേസായി തന്നെ വേണം പുതിയ വിധിയെ കാണാന്‍.
കാര്യങ്ങള്‍ അത്യന്തം ഗുരുതരമായിരുന്നുവെന്ന്‍ ചില ഉന്നതകുലജാത മലയാള പത്രങ്ങള്‍ ഒഴിച്ചുള്ള മാധ്യമങ്ങള്‍ പണ്ടേ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു. വികെഎന്‍ പറഞ്ഞുപോലെ ചെമ്പരന്ത് പറന്നിറങ്ങുന്ന വാര്‍ത്ത ശേഖരണത്തില്‍ കുഞ്ഞു പരുന്തുകള്‍ക്ക് എന്തു കാര്യം? കാലിനു പരിക്കേറ്റ ജോനാഥന്‍ ലിവിംഗ്‌സ്റ്റനെ പോലെ ചില കടല്‍ കാക്കളും ഉയരത്തില്‍ പറന്നുകൂടായ്കയില്ല.
പറക്കലും കണ്ടെത്തലും രണ്ടും രണ്ടാണ്. ഉയര്‍ന്നു പറക്കുന്ന കടല്‍കാക്കയാണോ പരുന്താണോ ഉമ്മന്‍ ചാണ്ടിക്ക് ഗതികേട് കൊണ്ടുവരുന്നത് എന്നുമാത്രമേ അറിയേണ്ടതുള്ളൂ. ഒരുപക്ഷേ കൂട്ടത്തില്‍ നിന്ന് കുത്തുന്ന സ്വന്തം പാര്‍ട്ടിയില്‍ പെട്ട ആരുടെയൊക്കെയോ ബിനാമികള്‍ തന്നെയാണ് ഇത്തരം കുതന്ത്രങ്ങളുമായി തിരിച്ചു വരുന്നത്. മുഖം നഷ്ടപ്പെട്ടതുകൊണ്ട് കണ്ണാടി അടച്ച് ഉടയ്ക്കുന്നതിനു പകരം ഒന്നു തിരിഞ്ഞു നോക്കായാല്‍ അറിയാം. വീടുമൊത്തം കാലിയാക്കുന്ന ശിങ്കിടകളുടെ വൈഭവം. ഒരുപക്ഷേ ഈ സോളാര്‍ കേസിലും അതു തന്നെയായിരിക്കാം സംഭവിച്ചിരിക്കുക. വീട്ടില്‍ കയറ്റാന്‍ കൊളളാത്തവനെ വീട്ടില്‍ കയറ്റിയ കൂര്‍മബുദ്ധി തിരിച്ചടിയാവുന്നതിന്റെ ദു:സൂചന തന്നെയാണിത്. ഗണ്‍മാന്‍ മുതല്‍ പിഎ വരെ എന്നു പറയുന്നിടത്ത് ഇത്രയേറെ ബാധ്യതകള്‍ ഏറ്റുവാങ്ങേണ്ട ഒരു ഗതികേട് സ്വമേധയ വരുത്തിവയ്ക്കുന്ന ആള്‍ക്ക് ജനകീയ മുഖമോ അതോ മുഖം മാറ്റിവയ്ക്കുന്ന കോമാളി വേഷമോ എന്ന ചോദ്യം കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
കരുണാകരനും തുടര്‍ന്നങ്ങോട്ട് ആന്റണിക്കും പാര കൊടുത്ത ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചു കിട്ടുന്ന ചില തിരിച്ചറിവുകളുടെ ഭാഗം തന്നെയാണ് ഇന്നലത്തെ സോളാര്‍ കേസിലെ കോടതി വിധിയും. വിധി കര്‍ണാടകത്തിലായാലും കേരളത്തിലായാലും ഒന്നു തന്നെയാണ്. കോടതി വിധിയെ തര്‍ക്കിക്കാം. ദേശാഭിമാനിക്കാരന്റെ രീതിശാസ്ത്രങ്ങള്‍ ഇതില്‍ പാലിക്കപ്പെടേണ്ടതില്ല. അഞ്ചാം പ്രതിയായ ചാണ്ടിക്ക് ഇതുവരെ കടലാസ് കിട്ടിയില്ല എന്ന നിരുത്തരവാദപരമായ ഏര്‍പ്പാടുകള്‍ ആരൊക്കെ വായിക്കുമെന്ന് ഇത്തരം ഗീര്‍വവാണങ്ങള്‍ അടിച്ച് പ്രസിദ്ധീകരിക്കുന്ന അല്ലെങ്കില്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ അറിയേണ്ടതുണ്ട്. ചില പത്രങ്ങളില്‍ കിച്ചന്‍ ജേര്‍ണലിസ്റ്റുകളുണ്ട്. കോണ്‍ഗ്രസുകാരുടെയും കേരള കോണ്‍ഗ്രസുകാരുടെയും വിഭവങ്ങള്‍ വാര്‍ത്തയാക്കി വിതരണം ചെയ്യുന്നവര്‍. അതില്‍ ചിക്കന്‍ കാലോ പന്നിയിറച്ചിയോ ഇനി താറവു വേണമെങ്കില്‍ താറാവു തന്നെ അല്‍പ്പം കുരുമുളകു പൊടി കൂടി ചേര്‍ത്ത് സായിപ്പ് ലൈനില്‍ ഉണ്ടാക്കി കൊടുക്കുന്ന മാധ്യമസ്ഥാപനങ്ങളെ ആശ്രയിച്ചു തന്നെയായിരുന്നു ചാണ്ടിയുടെ തുടക്കവും വളര്‍ച്ചയും. ഇന്നിപ്പോള്‍ എത്തിനില്‍ക്കുന്ന സ്വയംകൃതാര്‍ത്ഥമായ കാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ തനിക്കുപോലും നേരിട്ട് അറിയാത്തവരെ ആഘോഷിച്ച് ആനയിച്ചതിന്റെ ഗതികേട് എത്രകണ്ട് ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
അവനവന്‍ കടമ്പ എന്നു പറഞ്ഞതുപോലെ രാഷ്ട്രീയത്തില്‍ താന്‍ കുഴിച്ച കുഴിയിലാണ് ചാണ്ടി ഇപ്പോള്‍ വീണിരിക്കുന്നത് എന്നുവേണം കരുതാന്‍. ഈ കുഴിയിലേക്ക് എത്തിച്ചതാവട്ടെ കൂട്ടത്തില്‍ നിന്ന പാര്‍ട്ടിക്കാരും ബന്ധുമിത്രാദികളും. ഇനിയങ്ങോട്ട് ഭാവി, ഭൂതം പ്രേതമില്ലാതെ ശിഷ്ടകാലമെങ്കിലും സ്വൈര്യമായി വാണരുളാന്‍ ഖദര്‍ കുപ്പായത്തിലെ ബട്ടണ്‍സ് പൊളിച്ച് പിന്നു കുത്തിയ ചാണ്ടി സാര്‍ മറക്കാതിരിക്കുന്നത് നന്ന്.
ജനാധിപധ്യത്തില്‍ ജനകീയ മുഖം എന്നു പറയുന്നത് പണ്ടൊന്നും അത്ര ആനക്കാര്യമൊന്നുമായിരുന്നില്ല. ജനകീയ മുഖങ്ങള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്ന കാലത്താണ് ഉമ്മന്‍ ചാണ്ടി അങ്ങനെ ഒരു മുഖവും അതിനൊത്ത പ്രതിച്ഛായയുമായി കേരളാ രാഷ്ട്രീയത്തില്‍ കളം നിറഞ്ഞത്. നിറയുകയല്ല നിറഞ്ഞാടുകയായിരുന്നു. ഈ നിറവിന് ശോഭ പകരുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല.
ഇസ്തരി ഇടാത്ത, ബട്ടണ്‍ നഷ്ട്ടമായ ഖദര്‍ കുപ്പായത്തെക്കുറിച്ചും ബട്ടണ്‍ പോയിടത്ത് കുത്തിയ മൊട്ടുസൂചിയുടെ വിശേഷത്തെക്കുറിച്ചും എത്ര കോതിയൊതുക്കാന്‍ ശ്രമിച്ചാലും ഒതുങ്ങാത്ത, കൂട്ടാക്കാത്ത മുടിയെക്കുറിച്ചുമൊക്കെ ഏറെ സചിത്ര ലേഖനങ്ങളും വാര്‍ത്തകളും വായിച്ചു. അമ്പലപ്പുഴ പാല്‍പായസം കഴിച്ച മട്ടില്‍ നട്ടുച്ചക്കും സുഖസുഷുപ്തി പൂണ്ടവര്‍ ഏറെയുണ്ട്.
ആദ്യം രാഷ്ട്രീയ ഗുരു കെ കരുണാകാരന്‍. തൊട്ടു പിന്നാലെ എക്കാലവും സ്വയം ആദരിച്ചു എന്ന് അഹങ്കരിച്ചു പറഞ്ഞ എ കെ ആന്റണി. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് ഒരു കിങ്ങിണിക്കുട്ടന്‍ പ്രശ്‌നത്തെ ചൊല്ലിയായിരുന്നു. ആള്‍ മറ്റാരുമായിരുന്നില്ല. കെ മുരളീധരന്‍ എന്ന കരുണാകര പുത്രന്‍ തന്നെ. ഇടക്കാലത്ത് ശത്രുപക്ഷം ശരണം എന്നു പറഞ്ഞ് സിപിഎം മല കയറിയ മുരളിക്കുമുണ്ട് ചില രാഷ്ട്രീയ ഏര്‍പ്പാടുകള്‍ക്ക് അപ്പുറത്തുള്ള കടംവീട്ടലുകള്‍. മുരളിയൊന്ന് ആഞ്ഞു പിടിച്ചപ്പോള്‍ ഒന്നും നടന്നില്ല. മനോരമയും മാതൃഭൂമിയും എന്നുവേണ്ട സകലമാന പത്രങ്ങളും ചാനലുകളും അന്നു ചാണ്ടിക്കു പിന്നിലായിരുന്നു.
അപ്പോഴും മറിയം റഷീദയും ചാരക്കേസില്‍പ്പെട്ട നമ്പിനാരായണനുമൊക്കെ ഗതികേടുകളിലായിരുന്നു. ആന്റണിയെ ഇറക്കി ലീഗിന്റെ സമ്പുഷ്ട കാര്‍ഡ് കുറച്ചുകാലം നിലനിന്നെങ്കിലും ആന്റണി എടുത്ത നിലപാടുകളെ വിമര്‍ശിച്ചു തന്നെ രംഗത്തിറങ്ങിയ ചാണ്ടിക്ക് കിട്ടേണ്ടതു കിട്ടി എന്നു തന്നെയാവണം ആന്റണിയും ആലോചിച്ചു ഊറിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ സനേഹാര്‍ദ്രമായ ഏര്‍പ്പാടുകള്‍ കേരള രാഷ്ടീയത്തില്‍ എത്രമേല്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയില്ല. നേതാവായ ആന്റണിക്ക്, ചാണ്ടി ഒരു കല്യാണംകൂടി നടത്തിക്കൊടുത്തിരുന്നു. ഭാര്യ മുഖേന എലിസബത്തിനെ ആന്റണിയിലേക്ക് ഉന്നയിക്കുമ്പോള്‍ അതില്‍ കുറ്റം കാണേണ്ടതില്ല എന്ന് എലിസബത്തും ആന്റണിയും വിചാരിച്ചാല്‍ അതിലെന്തു കുറ്റം?
മുത്തങ്ങ വെടിവയ്പ്പില്‍ തനിക്കെതിരേ കുറ്റപത്രം ചമയ്ക്കുന്നവന്‍ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിലെ കാര്യകര്‍ത്താവ് എന്ന് തിരിച്ചറിഞ്ഞ അന്ന് എകെ ആന്റണി കളംവിട്ടു. എന്തെക്കെയോ ആരോടൊക്കെയോ പറയാനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാധ്യമരംഗത്തു നിന്നുള്ള ചുരുങ്ങിയ സൗഹൃദത്തില്‍പ്പെട്ട മൂന്നു പത്രക്കാരേ ഉണ്ടായിരുന്നുള്ളൂ അന്ന്. ഹിന്ദു, മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ്. പിന്നെ ഒരു ന്യൂസ് ഏജന്‍സിയും. നിരാശപൂണ്ട എ കെ ആന്റണിയുടെ അന്നത്തെ മുഖം തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിലേക്ക് കെട്ടിയിറക്കപ്പെട്ട എകെയുടേത് ആയിരുന്നില്ല.
തിരൂരങ്ങാടി വിട്ടുകൊടുത്ത മുസ്ലീം ലീഗ് ചാണ്ടിക്കൊപ്പം കീഴ്‌മേല്‍ മറിഞ്ഞപ്പോള്‍ ഡോ. ജോണ്‍ മത്തായി പ്രസംഗത്തിലെ, എ കെ ആന്റണി പറഞ്ഞ നന്മകളായിരുന്നില്ല ലീഗിന്റെ പ്രശ്‌നം. കൂട്ടുകച്ചവടം തുടങ്ങിയിട്ട് കുറെക്കാലമായി. ചത്തകുതിരയെന്നു പണ്ടു നെഹ്‌റു പറഞ്ഞ ലീഗ് ഇന്നിപ്പോള്‍ പല കോലത്തിലും നടക്കുന്നുണ്ട്. അവര്‍ പറയുന്നിടത്തേക്കു ആന്റണി പോയില്ല എന്നിടത്തേക്ക് ലീഗ് പോയപ്പോഴേക്കും പുതുപ്പള്ളിയിലെ കൂര്‍മബുദ്ധികൊണ്ട് ആന്റണിയെ തളളി മുഖ്യമന്ത്രിയായ ഒരു ജനകീയനു തെറ്റാവുന്ന വലിയ മുള്‍ക്കീരീടങ്ങള്‍ തന്നെയാണിത്.
കാര്യങ്ങള്‍ നന്നായിരിക്കാം. ടൂണ മീനിനെ പോലെ മറിയം റഷീദയെ പിടയുന്ന മത്സ്യമാക്കി മാറ്റിയ ചാണ്ടിക്ക് ഒരുപക്ഷേ ഇപ്പോള്‍ തിരിച്ചു കിട്ടലുകളുടെ കാലമാണെന്നു തന്നെവേണം കരുതാന്‍. ചാണ്ടിക്കു പറ്റിയ ഗതികേടിനെ വലിയൊരു പ്രമാദമായ പ്രശ്‌നമായി കാണുന്നതിനപ്പുറം കോണ്‍ഗ്രസിലെ അധികാര തര്‍ക്കങ്ങളിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നല്ലത്. കുറ്റവാളികളെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ തയ്യാറാകാത്ത ഒരു രാഷ്ട്രീയനേതാവിനെയും കോടതികള്‍ അംഗീകരിച്ചാല്‍ പോലും ജനം അംഗീകരിക്കില്ല എന്ന പൊതുതത്വം ഓര്‍ക്കേണ്ടതുണ്ട്. ഒരു ക്ലീന്‍ ചിറ്റിനുവേണ്ടി കോടതി കയറിയിറങ്ങി നടക്കുന്നതിനു പകരം സ്വന്തം ആത്മാവിനോട് ഞാന്‍ തന്നെ കള്ളനല്ലേ എന്നു ചോദിക്കുന്ന, അല്ലെങ്കില്‍ ആദ്യം കുടുംബത്തെയും പിന്നീട് ബന്ധുമിത്രാദികളെയും മകന്റെയും മകളുടെയുമൊക്കെ താത്പര്യങ്ങളെയും ഒന്ന് ഒതുക്കി നിര്‍ത്തുന്നതല്ലേ കൂടുതല്‍ ഭംഗി എന്നു സ്‌നേഹാര്‍ദ്രമായി ചോദിച്ചു പോകുന്ന ചിലരെങ്കിലുമുണ്ടാകും.
(2016 ഒക്ടോബര്‍ 25നു പ്രസിദ്ധീകരിച്ചത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)