(ഉദയ കുമാര്‍ ഉരുട്ടിക്കൊലക്കേസ് വിചാരണ പ്രത്യേക സിബിഐ കോടതിയില്‍ നടക്കുകയാണ്. ഉദയ കുമാറിന്റെ കാലിലും മുതുകിലും രക്തം കട്ടപ്പിടിച്ചതിന്റെയും മര്‍ദ്ദനമേറ്റതിന്റെയും പാടുകള്‍ കണ്ടെന്ന് സംഭവ സമയം ആര്‍ ഡി ഒ ആയിരുന്ന കെ വി മോഹന്‍കുമാര്‍ മൊഴി നല്‍കി. 2016 നവംബര്‍ 5നു അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്)
“മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്‍റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്”; ഉള്ളുപൊള്ളിക്കുന്ന ഈ ചോദ്യം ആരും മറന്നു.കാണില്ല. ലോക്കപ്പ് മരണം, ഉരുട്ടിക്കൊല എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഈ ചോദ്യമാണ്. അടിയന്തിരാവസ്ഥക്കാലത്ത് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നു പോലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു കൊന്ന രാജന്‍റെ അച്ഛന്‍ ഈച്ചരവാര്യര്‍ കേരള മന:സാക്ഷിയോട് ചോദിച്ച ചോദ്യമാണിത്.
മകന് എന്തു സംഭവിച്ചു? മകനെ ആരാണ് കൊലപ്പെടുത്തിയത്? അവന്റെ മൃതദേഹം എന്തു ചെയ്തു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയലഞ്ഞ ഈച്ചരവാര്യര്‍ എന്ന അച്ഛന്‍ ഒടുവില്‍ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ജീവിതത്തില്‍ നിന്നും യാത്രയായത്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ ഉരുട്ടിക്കൊലപ്പെടുത്തിയ ഉദയകുമാറിന്‍റെ അമ്മയോട് സംസാരിച്ചിരുന്നപ്പോള്‍ എന്നെ മഥിച്ചതും ഈ ചോദ്യം തന്നെയായിരുന്നു. എന്നാല്‍ ഇവിടെ മകനെ കൊന്നതാരാണ് എന്ന് ആ അമ്മയ്ക്കറിയാം. ആ കൊലയാളികളെ ജയിലിലടയ്ക്കാന്‍ നീണ്ട പതിനൊന്നു വര്‍ഷമായി നിയമയുദ്ധം നടത്തുകയാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതി.
ഈ അടുത്ത ദിവസമാണ് കുണ്ടറയില്‍ കുഞ്ഞുമോൻ എന്ന ദളിത് യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് പുലർച്ചെ 1.30-ന് പോലീസ് കുഞ്ഞുമോനേ പിടിച്ചുകൊണ്ടുപോയത്. പിറ്റേ ദിവസം ആ അമ്മയെ തേടിയെത്തിയത് മകന്‍റെ മരണ വാര്‍ത്തയാണ്. ആ ചെറുപ്പക്കാരന്‍ പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ കോടികളുടെ കോഴക്കേസിലെ പ്രതിയോ ഒന്നുമായിരുന്നില്ല. തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന തമിഴ്‌നാട് സേലം സ്വദേശി കാളിമുത്തു മരിച്ചതും ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ്. സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്ത കേസാണ് പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസ്. അതില്‍ പെട്ടത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരാണ്. പാറശ്ശാലയിലെ ശ്രീജീവും കോട്ടയം മരങ്ങാട്ടുപള്ളിയിലെ സിബിയും വണ്ടൂറിലെ മൊയ്തീനും… അങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകുകയാണ്. ഭരണം മാറിമാറി വരുമ്പോഴും പോലീസിന്‍റെ മുഖം മാറുന്നില്ല എന്നതാണ് സത്യം.
പതിനൊന്നു വര്‍ഷത്തിന് ശേഷം ഉദയകുമാര്‍ കൊലക്കേസ് സിബിഐ കോടതി വിചാരണയ്ക്കെടുത്ത പശ്ചാത്തലത്തിലാണ് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയെ കാണാന്‍ പോയത്. ഒക്ടോബര്‍ മാസം രണ്ടാം തിയ്യതിയാണ് സിബിഐ കോടതി കേസ് പരിഗണിച്ചത്. ഡിസംബര്‍ രണ്ടിന് കേസിന്‍റെ വിചാരണ തുടങ്ങുകയാണ്.
പ്രഭാവതിയുടെ ഒരേയൊരു മകനായിരുന്നു ഉദയകുമാര്‍. മകന് ഒരു വയസ്സു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതില്‍ പിന്നെ ആ അമ്മയ്ക്ക് ജീവിതം മകന്‍ തന്നെയായിരുന്നു. വീട്ടുജോലിക്കും മറ്റും പോയാണ് പ്രഭാവതി മകനെ വളര്‍ത്തിയത്. ജോലിക്കു പോകുന്നിടത്തൊക്കെ മകനെയും അവര്‍ കൊണ്ടുപോകുമായിരുന്നു. മകനില്ലാത്ത ഒരു ലോകം അവര്‍ക്കില്ലായിരുന്നു. മകനെ ദാരുണമായി കൊലപ്പെടുത്തിയ നിയമപാലകര്‍ക്കെതിരെ തോരാത്ത കണ്ണുനീരുമായി ആ അമ്മ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പോരാടുകയാണ്. നീതി കിട്ടിയിട്ടേ ഞാന്‍ മരിക്കൂ എന്ന നിശ്ചയദാര്‍ഡ്യത്തോടെയുള്ള പോരാട്ടം.
“നേരം വെളുക്കുമ്പം എഴുന്നേറ്റ് കാറ്റും മഴയും ഇടിയും മിന്നലുമൊന്നും വകവെക്കാതെ ലോകം മുഴുക്കെ കറങ്ങി നടന്ന്‍ ആക്രി സാധനങ്ങള്‍ പെറുക്കി കടയില്‍ കൊണ്ടുപോയി കൊടുക്കുമായിരുന്നു എന്റെ മോന്‍. ഓരോരുത്തര് കൊല ചെയ്യുന്നു, കൊള്ളയടിക്കുന്നു, മോഷ്ടിക്കുന്നു, പിടിച്ച് പറിക്കുന്നു. അവരെല്ലാം ഇന്ന് ഞെളിഞ്ഞു നടക്കുന്നു. ഒരു കുറ്റവും ഒരപരാധവും ചെയ്തിട്ടില്ല എന്‍റെ മകന്‍. ഒന്നും ചെയ്യാത്ത എന്‍റെ മകനെയാ അവര് കൊന്നുകളഞ്ഞത്. എനിക്കു നീതി കിട്ടും എന്നെനിക്ക് ഉറപ്പുണ്ട്.” തിരുവനന്തപുരം കരമന നെടുങ്കാടുള്ള, സംസ്ഥാന സര്‍ക്കാര്‍ വെച്ചുകൊടുത്ത വീട്ടിലിരുന്ന് പ്രഭാവതി സംസാരിച്ചു തുടങ്ങി.
പ്രതികളില്‍ ഒരാളായ ഒരു പോലീസുകാരന്‍ ഏതോ ഒരമ്പലത്തില്‍ തൊഴുതുകൊണ്ട് നില്ക്കുമ്പോ അയാളുടെ ഒരു ബന്ധു ചോദിച്ചത്രെ ടാ, നീ തന്നെയാടാ കൊന്നതെന്ന്. അപ്പോ അയാള്‍ പറഞ്ഞു പോലും, ഞാന്‍ തന്നെയാ കൊന്നത്. ഞാന്‍ മന:പൂര്‍വ്വം തന്നെ കൊന്നതായെന്ന്.
ഇന്ന് എന്‍റെ നിലയെ കുറിച്ച് ആരും ചിന്തിക്കില്ല. എന്‍റെ അസുഖത്തെകുറിച്ച് ആര്‍ക്കും ഒന്നും അറിയണ്ട. തൂണ് പോലെ ഇരിക്കുന്നു. ഒരു മകന്‍ പോയതോടെ എന്നും അസുഖാണ്. ഇപ്പോ തന്നെ ഞാന്‍ ജീവിക്കുമെന്ന് ഒരിയ്ക്കലും കരുതിയതല്ല. കഴിഞ്ഞ മാസം രണ്ടാം തിയ്യതി കോടതിയുടെ വരാന്ത ഞാന്‍ കാണും എന്നുപോലും ഞാന്‍ കരുതിയില്ല. പത്തു വര്‍ഷം ഞാന്‍ തുടര്‍ച്ചയായി കോടതി വരാന്ത കയറിയിറങ്ങി. ഇനി എനിക്ക് ഒന്നും നോക്കാനില്ല. ഏതായാലും ഇറങ്ങി, ഞാന്‍ മുങ്ങിയല്ലോ അത് നനഞ്ഞു കയറണം എന്നുതന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. മുമ്പ് ചുറ്റുവട്ടത്തും അമ്പലത്തിലും ഒക്കെ പോകുമായിരുന്നു. ഇപ്പോ ഒരിടത്തും ഇറങ്ങാറില്ല. തീരെ വയ്യ. എനി എനിക്കു നീതി കിട്ടിയിട്ടേ ഞാന്‍ അമ്പലത്തില്‍ പോകുന്നുള്ളൂ.
എന്‍റെ അമ്മയ്ക്ക് ആരുമില്ല എന്നു മോന്‍ നിലവിളിച്ചിട്ടും ഏതാടാ നിന്‍റെ അമ്മ എന്നു പറഞ്ഞിട്ടാണ് അവരെന്‍റെ മോനെ അടിച്ചു കൊന്നുകളഞ്ഞത്. മോന്‍റെ കാലൊക്കെ കണ്ടാ അപ്പോ ചങ്ക് പൊട്ടി വീഴും. എന്‍റെ കുഞ്ഞ് എന്തുമാത്രം വേദന അനുഭവിച്ചു കാണും. അവരെന്‍റെ മോനെ കൊല്ലുമ്പോ അവന് 26 വയസ്സായിരുന്നു. 26 വയസ്സുവരെ ഒരു ദിവസം പോലും ഞാന്‍ എന്‍റെ മോനെ കാണാതിരുന്നിട്ടില്ല. പതിനൊന്നു വര്‍ഷമായി ഞാന്‍ എന്‍റെ കുട്ടിയെ കാണാതിരിക്കുന്നു. ഒരു വയസ്സുള്ളപ്പോ അച്ഛന്‍ ഉപേക്ഷിച്ചു പോയതാ. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും യാതൊരു ബന്ധവും ഇല്ല. എന്‍റെ സഹോദരനും ഞാനും കൂടെയാണ് മോനെ വളര്‍ത്തിയത്. എന്‍റെ മോന്‍ ഒരു വഴക്കിനും ഒന്നും പോകില്ല. സംസാരിക്കുന്നതുപോലും വെളിയില്‍ കേള്‍ക്കില്ല. അത്രയ്ക്ക് പാവമായിരുന്നു അവന്‍. ഞാനും അങ്ങനെ തന്നെയാ വളര്‍ന്നത്. ഇപ്പോ അനുഭവിച്ചനുഭവിച്ചാണ് ഞാന്‍ ഇങ്ങനെ സംസാരിക്കുന്നത്.
ജനിച്ചു വളര്‍ന്നത് തിരുവനന്തപുരം തമിഴ്നാട് അതിര്‍ത്തിയിലാണ്. ചെറുപ്പത്തിലെ ഇങ്ങോട്ട് പോന്നതുകൊണ്ട് കൃത്യമായ സ്ഥലം ഒന്നും അറിയില്ല. അവിടെ ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അമ്മ ഇവിടെ വന്നതില്‍ പിന്നെയാണ് മരിച്ചത്. ഒരു സഹോദരനും ഭാര്യയും മരിച്ചുപോയി. ഇപ്പോ കൂടെയുള്ള സഹോദരനാണ് എല്ലാ കാര്യവും നോക്കുന്നത്. അമ്മ മരിക്കുമ്പോ എനിക്ക് എട്ടുവയസ്സായിരുന്നു. അച്ഛന്റെ വാത്സല്യവും അമ്മയുടെ വാത്സല്യവും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. എല്ലാരും ചെറിയ പ്രായം. വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. വല്യമ്മയുടെ മക്കളും സഹോദരനും ഒക്കെയാണ് നോക്കിയത്. പിന്നെ ഓരോരുത്തരും ഓരോ കുടുംബമായി. സ്കൂളില്‍ വിട്ടാല്‍ ഞാന്‍ പോവത്തില്ല. ഏതെങ്കിലും മരത്തില്‍ ചെന്നിരിക്കും. എന്തെങ്കിലുമൊക്കെ പറിച്ചു തിന്ന് മൂന്നര നാലുമണിയാകുമ്പോ വീട്ടില്‍ പോകും. പഠിക്കാത്തതിന്‍റെ വിഷമം ഇപ്പോഴാണ് അറിയുന്നത്. അന്ന് പഠിച്ചിരുന്നെങ്കില്‍ ഇന്നിങ്ങനെ വരൂലായിരുന്നു. പഠിത്തവും ഇല്ല ജീവിതവും ഇല്ലാണ്ടായി. പത്തൊമ്പതു വയസ്സില്‍ കല്യാണം കഴിഞ്ഞു. രണ്ടു മൂന്നു വര്‍ഷം ഭര്‍ത്താവ് കൂടെ ഉണ്ടായിരുന്നു.
ഒരു കുടുംബമായപ്പോ ഇത് തന്നെ സ്വര്‍ഗ്ഗം എന്നു വിചാരിച്ചു ജീവിതം തുടങ്ങിയതാ. ഭര്‍ത്താവിന് കൂലിവേലയായിരുന്നു. നേരത്തെ വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. നമ്മളെ ഒരാള് പറ്റിച്ചതാണ്. മോന്‍ ഒരു വയസ്സുള്ളപ്പോള്‍ അയാള്‍ ഇട്ടിട്ടു പോയി. പിന്നെ പിള്ളയായിട്ടും തള്ളയായിട്ടും ഒരു ബന്ധവും ഇല്ല. സഹോദരന്‍ തന്നെയാണ് എന്‍റെ മോനെ നോക്കിയതും എടുത്തതും എല്ലാം. ചെറുപ്പത്തില്‍ മോന്‍ സൈക്കിളിന് പറഞ്ഞപ്പോള്‍ ഞാന്‍ അച്ഛനെ കാണിച്ചു കൊടുത്തിട്ടു കാശ് ചോദിക്കാന്‍ പറഞ്ഞു. മോന്‍ പോയി 50 രൂപ ചോദിച്ചപ്പോ ആള് പൊയ്ക്കളഞ്ഞു. ഒരു പൈസയും കൊടുത്തിട്ടില്ല. ഒരു ഡ്രസ്സുപോലും വാങ്ങിക്കൊടുത്തിട്ടില്ല. എല്ലാം ഞാനും എന്‍റെ സഹോദരനും കൂടെയാണ് ചെയ്യുന്നത്. വലുതായപ്പോ അച്ഛന് മോനെ കണ്ടാല്‍ അറിയില്ല. പക്ഷേ മോന് അറിയായിരുന്നു. മോന്‍ നാലാം ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളൂ. കരമനയില്‍ ആയിരുന്നു പഠിച്ചത്. നമ്മള് വാടകയ്ക്ക് നില്‍ക്കുന്നത് കൊണ്ട് പലടത്തായി കറങ്ങിക്കറങ്ങി അവന്‍റെ പഠിത്തമെല്ലാം പോയി.
സഹോദരന് കുടുംബം ആയപ്പോള്‍ എനിക്ക് ഒരു മകനുണ്ടല്ലോ ഭര്‍ത്താവ് ഇല്ലല്ലോ എന്നു വിചാരിച്ച് ഞാനും ജോലിക്കു പോകാന്‍ തുടങ്ങി. ആദ്യം ഒരു വീട്ടില്‍ ജോലിക്കു പോയി. പിന്നെ ഒരു സ്കൂളില്‍ ആയയുടെ ജോലി കിട്ടി. അമ്പതു രൂപയാണ് എനിക്ക് ശമ്പളം കിട്ടിയത്. പിന്നെ അത് രണ്ടായിരം രൂപയായി. ചെങ്കോട്ടുകോണം സ്വാമിയുടെ സ്കൂളില്‍ ആയിരുന്നു ആയയുടെ ജോലി ചെയ്തത്. ഇടയ്ക്കു വീട്ടുജോലിക്കും പോകുമായിരുന്നു.
സഹോദരന്‍ കൂലിപ്പണിക്കാരനാണ്. എന്‍റെ ഇളയതാണ് സഹോദരന്‍. ഞങ്ങള്‍ മൂന്നാല് പേരുണ്ട്. ഒരാള്‍ മരിച്ചുപോയി. ഒരു സഹോദരന്‍ സുഖമില്ലാതെ കിടക്കുന്നു. സഹോദരന് ഭാര്യയും മക്കളും ഒക്കെയുണ്ട്. എന്നാലും എന്‍റെ എല്ലാ കാര്യത്തിനും കൂടെയുണ്ട്. സര്‍ക്കാര്‍ ഇട്ട പൈസയില്‍ നിന്നാണ് ഇപ്പോ വീട്ടു കാര്യങ്ങള്‍ നടത്തുന്നത്. പിന്നെ സഹോദരന്‍ പറ്റുന്നതൊക്കെ ചെയ്യും.
മോന്‍ നാലാം ക്ലാസ് വരയെ പോയിട്ടുള്ളൂ. അവന് എഴുതാനും വായിക്കാനും ഒക്കെ അറിയാം. സ്കൂളില്‍ വിട്ടപ്പോ സ്കൂളില്‍ പോകാതെ കൂട്ടുകാരുടെ കൂടെ കളിച്ചു നടന്ന്. ഇരുപതു വയസ്സൊക്കെ ആയപ്പോ അവന്‍ ജോലിക്കു പോകാന്‍ തുടങ്ങി. ദിവസം 100 രൂപ കൊണ്ട് വരുമായിരുന്നു. പൈസയൊന്നും അവന്‍ പാഴാക്കൂലാ. ആദ്യം വര്‍ക്കുഷോപ്പില്‍ പോയി. പിന്നീടാണ് ആക്രിക്കടയില്‍ ജോലിക്കു കയറിയത്.
ജഗതിയില്‍ താമസിക്കുമ്പോഴാണ് ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുന്നത്. അന്ന് ഞാന്‍ വിളക്ക് വെച്ചിട്ട് ഇങ്ങനെ വരുമ്പോള്‍ രണ്ടു വനിതാ പോലീസും ഒരു പോലീസുകാരനും കയറി വരുന്നു. അപ്പോ അപ്പുറത്തെ അവര് പറഞ്ഞു, പ്രഭചേച്ചി നോക്കൂ, പോലീസ് വരുന്നെന്ന്. ഇലക്ഷന്‍ സമയം ആയിരുന്നല്ലോ, ആരെങ്കിലും വന്ന്‍ ഒളിച്ചിരിപ്പുണ്ടാവും അതായിരിക്കും എന്നു ഞാന്‍ പറഞ്ഞു. അപ്പോ അവര്‍ എന്‍റെ പേര് ചോദിക്കുന്നു. ഉദയകുമാര്‍ നിങ്ങളുടെ മകനല്ലേന്ന് ചോദിച്ചു. എന്‍റെ മോന്‍ മോര്‍ച്ചറിയില്‍ ഉറങ്ങുകയാണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും അന്നേരം വിചാരിച്ചില്ല. അവര് നേരെ വന്നു പറയാണ് മകന്‍ മോര്‍ച്ചറിയില്‍ ഇരിക്കുന്നെന്ന്. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല.
ആദ്യം പൊലീസുകാര്‍ പറഞ്ഞു, നെടുങ്കാടു റോഡില്‍ അടികൂടിക്കൊണ്ട് നിന്നപ്പോ പിടിച്ചതാണെന്ന്. എന്‍റെ മോന് നെടുങ്കാട് റോഡ് ഏതാന്ന് പോലും അറിയില്ല. പിന്നെ പറഞ്ഞു വണ്ടി ഇടിച്ചിട്ട് എടുത്തു കൊണ്ട് വന്നതാണെന്ന്. എല്ലാരും ആദ്യം ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. എന്നെ നേരെ മോര്‍ച്ചറിക്കകത്താണ് ഇവര്‍ കൊണ്ടുപോയത്. അടിച്ചു പണിയാക്കിയിട്ട് അവര്‍ ഒരു ചായ വാങ്ങിക്കൊണ്ട് വെച്ചിട്ടു പറഞ്ഞു, നീ ഇത് കുടിച്ചിട്ട് ഇവിടെ കിടന്നു ചാകെന്ന്. അവിടെ കിടന്നു തന്നെയാ എന്‍റെ മോന്‍ പോയത്.
ഡ്രസ്സ് വാങ്ങാന്‍ മോന്‍ നല്ലോണം പൈസ ചിലവഴിക്കും. അവസാന ദിവസം മുണ്ട് വാങ്ങീട്ട് ഷര്‍ട്ട് വാങ്ങാനുള്ള പൈസയും കൊണ്ട് പോയതാ. ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ അവനും സുരേഷും കൂടെ നില്ക്കുമ്പോഴാണ് പോലീസ് പിടിച്ചോണ്ട് പോയത്. 4020 രൂപ അവന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. മോഷ്ടിച്ചതാണ് എന്നു പറഞ്ഞുകൊണ്ടാണ് പോലീസ് ഈ ക്രൂരകൃത്യം ചെയ്തത്. മോഷ്ടിച്ചില്ലെന്ന് നിലവിളിച്ചിട്ടു പോലും ആ പരമദ്രോഹികള്‍ കേട്ടില്ല. അതിനുവേണ്ടിയാണ് അവര്‍ എന്‍റെ മോനെ കൊന്നത്. എന്‍റെ കുട്ടി ലോകം മുഴുവന്‍ നടന്ന് മഴയും വെയിലും കൊണ്ട് ആക്രി പെറുക്കി ഉണ്ടാക്കിയ പൈസയാ അത്. പലപ്പോഴും ഉച്ചയ്ക് ഭക്ഷണം കഴിക്കില്ല. ഉള്ള വെസ്റ്റിലും മറ്റും കയ്യിടുന്നതല്ലേ. പാല് വാങ്ങിച്ചു കൊണ്ട് വരും, ഞാന്‍ ചായ ഇട്ടു കൊടുക്കും.
കയ്യില്‍ കാശുവെച്ചു എന്നതാണോ എന്‍റെ മകന്‍ ചെയ്ത തെറ്റ്. റോഡിലൂടെ നടന്നുപോകുമ്പോ നമ്മുടെ കയ്യിലുള്ള പൈസ എവിടുന്നു കിട്ടിയെന്ന്‍ പോലീസുകാരെ ബോധിപ്പിക്കണോ? സാറേ ഇത് മോഷ്ടിച്ച കാശല്ല, ഞാന്‍ മോഷ്ടിച്ചില്ല എന്നു പറഞ്ഞിട്ടും അവര് കേട്ടില്ല. കുറ്റം സമ്മതിപ്പിക്കാന്‍ അവര്‍ എന്‍റെ മോനെ അടിച്ചു 22 മുറിവുകള്‍ ഉണ്ടാക്കി. എന്‍റെ മോന്‍റെ ഉള്ളംകാല്‍ കണ്ടാല്‍ ഒരുമാതിരിപ്പെട്ടവരൊക്കെ ഹൃദയം പൊട്ടി അവിടെ വീഴും. ഞാന്‍ എന്‍റെ മകനെ നോക്കിയിട്ടില്ല. ഒരേ ഒരു തവണ ടിവിയില്‍ കണ്ടു. എന്തുകൊണ്ടോ ആ കാഴ്ച കണ്ടു ഞാന്‍ ഹൃദയം പൊട്ടി മരിച്ചില്ല.
എന്‍റെ പിള്ളയെ കൊന്നിട്ട് അവരൊക്കെ സുഖമായി ജീവിക്കുന്നു. അവരും മക്കളുള്ളവര്‍ തന്നെയല്ലേ. എങ്ങനെ അവര്‍ മക്കളുടെ മുഖത്ത് നോക്കുന്നു. തന്‍മുട്ട പൊന്‍മുട്ട എന്നു പറഞ്ഞപോലെ ഓരോരുത്തര്‍ക്കും അവരുടെ മക്കള്‍ വലുതാണ്. എന്‍റെ മകനുണ്ടായിരുന്നെങ്കില്‍ എനിക്ക് ആശുപത്രിയിലൊക്കെ പോകാന്‍ പേടിക്കണ്ടായിരുന്നു.
ഇതുപോലൊരു മക്കള്‍ക്കും ഇനി ഇതുപോലൊരു ഗതി വരരുത്. ഇനിയൊരമ്മയ്ക്കും എന്നെപ്പോലെ കരയേണ്ടി വരരുത്. അതിനുവേണ്ടിയാണ് ഞാന്‍ കോടതി കയറുന്നത്. എത്ര പോലീസുകാര്‍ ചേര്‍ന്നാണ് എന്‍റെ മോനെ അടിച്ചു കൊന്നത് എന്നെനിക്കറിഞ്ഞു കൂടാ. ജിത്തന്‍, ശ്രീകുമാര്‍, സോമന്‍ ഈ മൂന്നുപേരാണ് എന്‍റെ മോനേ കൊന്നതില്‍ പ്രധാനികള്‍. എന്‍റെ മകന്‍ കൊലപ്പുള്ളിയല്ല. അവന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്തെല്ലാം ഓരോരുത്തര്‍ ചെയ്യുന്നു. എന്‍റെ മോന്‍ ഒന്നും ചെയ്തില്ല. ഒന്നും ചെയ്യാത്ത എന്‍റെ മോനെ കൊണ്ടുപോയി കൊന്നവര്‍ ശിക്ഷിക്കപ്പെടണം എന്നു ഞാന്‍ ആഗ്രഹിച്ചു. ചിലര് പറയും പണം കിട്ടിയില്ലേ, വീട് കിട്ടിയില്ലേ എന്നൊക്കെ. എന്‍റെ മോനെ കൊന്നിട്ട് എനിക്കു വീടുവേണം പണം വേണം എന്നു ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇന്നും ഞാന്‍ പറയുന്നതെന്താന്നു വെച്ചാല്‍ എന്‍റെ മകനെ തരൂ. എന്‍റെ സഹോദരന് ചിലവായ രൂപ, ഈ പതിനൊന്നു വര്‍ഷത്തെ എന്‍റെ ചിലവ്… ഇതെല്ലാം എനിക്ക് തരട്ടെ, അവര്‍ തന്നത് തിരിച്ചു കൊടുക്കാം. എന്‍റെ മകനെ കൊന്നിട്ട് എനിക്ക് സൌഭാഗ്യത്തില്‍ ഇരിക്കണം, ഊഞ്ഞാലില്‍ ഇരുന്ന് ആടണം എന്നൊന്നും ഞാന്‍ കണക്കാക്കിയിട്ടില്ല.
എന്നെ ആരെങ്കിലും അപകടപ്പെടുത്തുമോ എന്ന ഭയം ഒന്നും ഇല്ല. അവര് അതിനൊക്കെ ശ്രമിച്ചിരുന്നു ആദ്യം. ഒരു പോലീസുകാരന്‍ ഇവിടെ വന്ന്‍ വിവരങ്ങള്‍ എല്ലാം ചോദിച്ചു. അതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞു. കേസന്വേഷിക്കാന്‍ ആരെങ്കിലും ഉണ്ടോന്നു ചോദിച്ചു, ഞാന്‍ പറഞ്ഞു ആരുമില്ലാന്ന്. പിന്നെ വരാന്നു പറഞ്ഞുപോയി. ഇത് പോലൊരു പത്രക്കാരന്‍ വന്നപ്പോ ഞാന്‍ ഈ വിവരം പറഞ്ഞു. പിന്നെ വന്നിട്ടില്ല. എന്നും ആര് വന്നാലും ഓടിച്ചെന്ന് ഗ്രില്ലു തുറക്കുന്ന ഞാന്‍ ഒരുദിവസം നോക്കുമ്പോ ഒരു ഒത്ത വണ്ണമുള്ള ഒരാള്‍. ഞാന്‍ തുറന്നില്ല. അപ്പോ പുറത്തു നിന്നു ചോദിച്ചു, ഇവിടെ വാടകയ്ക്കു കൊടുത്തിട്ടുണ്ടോന്ന്‍. ഞാന്‍ പറഞ്ഞു ഞാന്‍ തന്നെ വാടകയ്ക്കാണ് ഇരിക്കുന്നത്. പിന്നെ എങ്ങിനെയാണ് ഞാന്‍ വാടകയ്ക്ക് കൊടുക്കുന്നത് എന്ന്‍. ഇവിടെ ആരൊക്കെയുണ്ട് എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു അച്ഛനും അമ്മയും എല്ലാരും ഉണ്ട്. എല്ലാരും പുറത്തുപോയിരിക്കുന്നു. ഇപ്പോ ഞാന്‍ മാത്രേയുള്ളൂന്ന്‍. അന്നേരം എന്തോ എനിക്കങ്ങനെയാണ് തോന്നിയത്. അയാള്‍ കുറെ നേരം മുറ്റത്ത് നിന്നു. അപ്പോള്‍ മുകളില്‍ നിന്ന്‍ ഒന്നുരണ്ടു പേര്‍ നോക്കുന്നത് കണ്ടപ്പോള്‍ അയാള് പോയി. പിന്നെ ഒരു ദിവസം കോവിലില്‍ പോയപ്പോള്‍ ഒരു ജീപ്പ് കൊണ്ടുവന്നു എന്നെ ഇടിച്ചു കൊല്ലാന്‍ നോക്കി. ഞാന്‍ പെട്ടെന്നു അപ്പുറത്തേക്ക് ചാടിയതുകൊണ്ട് രക്ഷപ്പെട്ടു. എല്ലാറ്റില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു. എനിക്കു നീതി കിട്ടിയിട്ട് എന്‍റെ മകന്‍റെ കൂടെ പോയാല്‍ മതി എന്നാണ് ഞാന്‍ എന്നും ദൈവത്തോട് പ്രാര്‍ഥിക്കുന്നത്. കോടതിയില്‍ ഹാജരാവുമ്പോള്‍ ആ പൊലീസുകാരെ കാണാറുണ്ട്. ഇപ്പോ അവര്‍ എല്ലാരും സര്‍വീസില്‍ ഉണ്ട്. കഴിഞ്ഞ ഗവണ്‍മെന്‍റിന്റെ കാലത്ത് തന്നെ അവരെ തിരിച്ചെടുത്തിരുന്നു.
ആദ്യം അന്വേഷിച്ചവര്‍ കേസ് അട്ടിമറിക്കുകയാണ് ചെയ്തത്. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. അപ്പോഴാണ് സിബിഐ ഏറ്റെടുക്കുന്നത്. എനിക്ക് സിബിഐയില്‍ വിശ്വാസമുണ്ട്. സിബിഐ ഉദ്യോഗസ്ഥര്‍ വന്ന്‍ മൊഴിയൊക്കെ എടുത്തു. ഞാന്‍ എല്ലാ കാര്യവും പറഞ്ഞു. നല്ലരീതിയില്‍ തന്നെയാണ് അവര്‍ പോയത്. നല്ല പെരുമാറ്റമായിരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ലല്ലോ. ആര്‍ക്കുവേണ്ടി നില്‍ക്കുന്നു എന്നു നമുക്ക് പറയാന്‍ പറ്റില്ലല്ലോ. നമ്മളെ കാണുമ്പോള്‍ ഓരോരുത്തര്‍ വെളുക്കെ ചിരിക്കും, അകത്ത് എന്താണെന്ന് ചൂഴ്ന്നു നോക്കാന്‍ പറ്റില്ലല്ലോ. നമ്മളെല്ലാരുടെ അടുത്തും നല്ലരീതിയില്‍ പെരുമാറും, അതുപോലെ നമ്മളടുത്തും പെരുമാറും എന്നാണ് ഞാന്‍ കണക്കാക്കുന്നത്.
പണ്ട് എന്തിനാ ഇവിടെ നില്‍ക്കുന്നെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ തിരിഞ്ഞു നോക്കാതെ ഒടുമായിരുന്നു. ഇപ്പോ തിരിഞ്ഞു നിന്നു എന്താന്നു ചോദിച്ചിട്ടെ പോകൂ. അതിനുള്ള ധൈര്യം എനിക്കുണ്ട്. ഈ പന്ത്രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായ മനോധൈര്യം ആണത്. മകന്‍റെ മരണം നടന്നപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാരും വന്നിരുന്നു. ഇപ്പോ മുഖ്യമന്ത്രിയായ പിണറായി വിജയനൊക്കെ അന്ന് വന്ന്‍ ആശ്വസിപ്പിച്ചിരുന്നു. അച്യുതാനന്ദനും വന്നിരുന്നു. കോണ്‍ഗ്രസ്സ് ഗവണ്‍മെന്‍റ് രണ്ടുലക്ഷം രൂപ തന്നു. അച്യുതാനന്ദന്‍ ഭരണത്തില്‍ വന്നപ്പോഴാണ് വീട് വാങ്ങി തന്നത്. ഇപ്പോ ആരും അന്വേഷിക്കാറില്ല. എല്ലാവര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടാവുമല്ലോ.
പകലൊക്കെ ഞാന്‍ മോനെ കുറിച്ച് ആലോചിക്കും. രാത്രി ഒന്നു മയങ്ങിയാല്‍ സ്വപ്നത്തില്‍ മോന്‍ വരും. സ്വന്തം രൂപത്തില്‍ വരൂലാ, ആള് മാറി വരും. ഞാന്‍ വിഷമിച്ചു കരഞ്ഞാല്‍ മതി അന്നുരാത്രി സ്വപ്നത്തില്‍ വന്നിരിക്കും എന്‍റെ അമ്മ. അമ്മയും ആള് മാറിമാറിയാ വരുന്നത്. മോന്‍ പോയതില്‍ പിന്നെ ഒരു കാക്ക എപ്പോഴും വരും. മോനെ മരിച്ചിട്ടു കൊണ്ടുവന്ന ജഗതിയിലെ വീട്ടിലാണ് ആദ്യം വന്നത്. ഇപ്പോള്‍ ഇവിടെയും വരും. അതിനു ഞാന്‍ ഭക്ഷണം കൊടുക്കും. ബിസ്ക്കറ്റൊക്കെ അതിനു ഭയങ്കര ഇഷ്ടമാണ്. എന്നെ കണ്ടില്ലെങ്കില്‍ പുറത്തുന്നു ശബ്ദം ഉണ്ടാക്കും. അതിന്‍റെ ചെരിഞ്ഞ നോട്ടം കാണുമ്പോള്‍ മോന്‍റെ നോട്ടം പോലെ തോന്നും. ഞാന്‍ അതിനോട് സങ്കടം പറയും. മകന്‍ മരിച്ചെങ്കിലും മകന്‍ എന്‍റെ കൂടെ തന്നെയുണ്ട്. എവിടേയും എനിക്ക് പോകാന്‍ തോന്നില്ല. ഞാന്‍ വിചാരിക്കും ഞാന്‍ എവിടെയെങ്കിലും പോയാല്‍ മോനെങ്ങാനും വന്നാലോ എന്ന്‍. എവിടെ പോയാലും ഇതേ ചിന്തയാണ്. കുട്ടികള്‍ എവിടെയെങ്കിലും പോയാല്‍ അമ്മമാര്‍ കാത്തിരിക്കില്ലെ, അതുപോലെയാണ് ഞാനും കാത്തിരിക്കുന്നത്.
എന്‍റെ മോനെ കൊന്നതുപോലെ അവര്‍ പിന്നെയും ആളെ കൊന്നതായ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. ദുഷ്ടന്മാരാണല്ലോ ഇന്ന് കൂടുതല്‍. പണ്ട് കാലന്മാരാണ്. ഇപ്പോ മനുഷ്യന്‍ തന്നെയാണ് കാലനാകുന്നത്. ഇപ്പോ ദുഷ്ടത്തരം ചെയ്യുമ്പോ ഒന്നും ആലോചിക്കില്ല. കാലം മാറുമ്പോ അതിനെല്ലാം അനുഭവിക്കും.
ഞാന്‍ ആരെയും ദ്രോഹിച്ചിട്ടില്ല. നല്ലതെ ചെയ്തിട്ടുള്ളൂ. നന്മ ചെയ്താല്‍ നന്മ തന്നെ കിട്ടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് നീതി കിട്ടിയിട്ടു വേണം എനിക്ക് എന്‍റെ മകന്‍റെ അടുത്തേക്ക് പോകാന്‍.
ആ അമ്മ ഇങ്ങനെ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഏകമകന്‍ നഷ്ടപ്പെട്ട അമ്മയുടെ നിസ്സഹായത ആയിരുന്നില്ല വാക്കുകളില്‍. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അവര്‍ ഉണ്ടാക്കിയെടുത്ത മനോധൈര്യമായിരുന്നു. നീതി കിട്ടുമെന്ന പ്രതീക്ഷയും.