ഇന്ത്യ വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെടുന്ന ആളുടെ പേര് വിനായക് ദാമോദര്‍ സവര്‍കര്‍ എന്നാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശം ഒഴിവാക്കി ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക എന്നതായിരുന്നു ആ ‘റ്റു നേഷന്‍ പോളിസി’. ലീഗ് ആ ആവശ്യം ഏറ്റെടുക്കുന്നത് സവര്‍കറുടെ പിന്തുണയിലാണ്.
1937-ല്‍ ഇന്ത്യന്‍ പ്രൊവിഷ്യണല്‍ തിരഞ്ഞെടുപ്പുകള്‍ തൂത്ത് വാരിയ കോണ്‍ഗ്രസ് 1939-ല്‍ മുഴുവന്‍ സീറ്റുകളും രാജിവച്ചു. രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യയും ഈ യുദ്ധത്തില്‍ പങ്കാളിയാണ് എന്ന് ഇന്ത്യന്‍ ജനതയോട് ആലോചിക്കാതെ ബ്രിട്ടണ്‍ പ്രഖ്യാപിച്ചതിനോടുള്ള പ്രതികരണമായിരുന്നു അത്. തുടര്‍ന്ന് ഹിന്ദുമഹാസഭയും മുസ്ലീം ലീഗും സംയുക്തമായി പലയിടങ്ങളിലും സര്‍ക്കാരുണ്ടാക്കി. വടക്ക് പടിഞ്ഞാറന്‍ മേഖല, ബംഗാള്‍, സിന്ധ് എന്നിവിടങ്ങള്‍ ഉദാഹരണം. സിന്ധില്‍ സര്‍ക്കാരിനെ നയിച്ചത് മുസ്ലീം ലീഗിന്റെ ഗുലാം ഹുസൈന്‍ ഹിദായുത്തുള്ളയാണ്. പിന്തുണച്ചത് ഹിന്ദുമഹാസഭ. അതൊരു രാഷ്ട്രീയ വിജയ മുഹൂര്‍ത്തമാണെന്ന് സവര്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
1943-ല്‍, സിന്ധ് സര്‍ക്കാരാണ്, പ്രത്യേക രാജ്യമാവശ്യപ്പെട്ട് ഔദ്യോഗിക പ്രമേയം പാസാക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അതാദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം ഔദ്യോഗികമായി വിഭജനം ആവശ്യപ്പെട്ടത്. സഖ്യകക്ഷിയായ ഹിന്ദുമഹാസഭ മുസ്ലീം രാജ്യം എന്ന പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിലും രണ്ട് രാജ്യം എന്ന ആശയത്തോട് യോജിപ്പായതിനാല്‍ ലീഗ് ഗവണ്‍മെന്റിനുള്ള പിന്തുണ പോലും പിന്‍വലിച്ചില്ല.

അഥവാ ഈ രാജ്യം വിഭജിക്കുന്ന കാലം മുതലിങ്ങോട്ട് ഹിന്ദുത്വയ്ക്ക് ഒരു അജണ്ടയേ ഉള്ളൂ- ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക. അതിനെ എതിര്‍ക്കുന്നവര്‍ക്ക് രണ്ടാം രാജ്യത്തിലേക്ക് പോകാം. ഇന്ത്യന്‍ ഭരണഘടനയും മഹാത്മാഗാന്ധിയുമായിരുന്നു അവരുടെ തടസങ്ങള്‍. സ്വതന്ത്രേന്ത്യയിലെ ഏറ്റവുമാദ്യത്തെ ഭീകരവാദ ആക്രമണത്തിലൂടെ ഗാന്ധിജിയെ ഹിന്ദുത്വ ഇല്ലാതാക്കി. തുടര്‍ന്നുണ്ടായ തിരിച്ചടികളില്‍ ഒതുങ്ങി പോയ അവര്‍ മൂന്ന് പതിറ്റാണ്ട് കൊണ്ട് സമാഹാരിച്ച ഊര്‍ജ്ജവും തന്ത്രവുമായി 1980-ല്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ച ശേഷം നടത്തിയ ആദ്യ ശ്രമം ആ അജണ്ട പൂര്‍ത്തീകരിക്കാനാണ്. ബ്രാഹ്‌മണിക്കല്‍ ഹൈന്ദവതയുടെ ദൈവശാസ്ത്രം ഭരിക്കുന്ന ഹിന്ദു രാജ്യം എന്ന അജണ്ട. ഇന്നിപ്പോള്‍ അതിലേക്കുള്ള ദൂരം മുക്കാലും അവര്‍ പിന്നിട്ട് കഴിഞ്ഞു.
ബി.ജെ.പി രൂപവത്കരണത്തിന് ശേഷം ഹിന്ദുത്വ അവരുടെ ആദ്യത്തെ കരു നീക്കി. അതായിരുന്നു രാമജന്മഭൂമി കലാപം.
ബാബ്രി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറിന് ശേഷം നടന്ന പാര്‍ല്യമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരസിംഹറാവു സങ്കടപ്പെട്ടത് ‘എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?’എന്നായിരുന്നു. ബാബ്റി മസ്ജിദിനോടൊപ്പം മതേതര ഇന്ത്യയും തര്‍ക്കപ്പെട്ടുവെന്ന് അന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായില്ല. പാര്‍ല്യമെന്റില്‍ ഇടതുപക്ഷമായിരുന്നു അന്നത്തെ ബഹളത്തിന്റെ ചാലകശക്തി. സോമനാഥ് ചാറ്റര്‍ജി, ഇന്ദ്രജിത് ഗുപ്ത എന്നീ അഗ്രഗണ്യര്‍ തൊടുത്തു വിട്ട കൂരമ്പുപോലുള്ള വിമര്‍ശനത്തിനും അടല്‍ ബിഹാരി വാജ്പേയി എന്ന പരാജയപ്പെട്ട കവിയുടെ വൈകാരിക ക്ഷോഭത്തിനും ശേഷമായിരുന്നു സാക്ഷാല്‍ പി.വി. നരസിംഹറാവുവിന്റെ പ്രകടനം. വിവിധ ഭാഷകളില്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരുന്ന, തെക്കനമേരിക്കന്‍ സാഹിത്യം മുതല്‍ ഒവി വിജയന്റെ കൃതികള്‍ വരെ വായിച്ചിരുന്ന, നരസിംഹറാവുവടങ്ങുന്ന പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒരു കാലത്തും ബുദ്ധിക്കും നാടകീയതയ്ക്കും കുറവില്ലായിരുന്നു. നരസിംഹറാവു തന്റെ മന്ത്രസഭയില്‍ സര്‍വ്വതിനും പരിഹാരമായി കണ്ടത് ധനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയായിരുന്നു. ബാബ്രിയുടെ ചോരക്കറ മന്‍മോഹന്‍സിങിന്റെ ഉദാരീകരണത്തില്‍ കഴുകിക്കളയാമെന്നായിരുന്നു മോഹം. അവസാനം മറ്റൊരു മന്‍മോഹന്‍സിങ്ങിനെ ബാബ്രി മസ്ജിദിന്റെ പാപഭാരം ഏല്‍പ്പിച്ചു. ജസ്റ്റിസ് മന്‍മോഹന്‍സിങ്ങ് ലിബര്‍ ഹാന്‍. തുടര്‍ന്ന് പതിനേഴ് വര്‍ഷം അതിന് മേല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ മതേതരത്വവും അടയിരുന്നു. ഹിന്ദുത്വയ്ക്ക് വളരാന്‍ ആ സമയം ധാരാളമായിരുന്നു.
ജസ്റ്റിസ് ലിബര്‍ഹാനിലേയ്ക്കും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലേയ്ക്കും മടങ്ങി വരാം. പക്ഷേ എന്തായിരുന്നു അയോധ്യ തര്‍ക്കം?
1528-ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് മീര്‍ ബാഖി പണികഴിപ്പിച്ച ഈ പള്ളി സംബന്ധിച്ച് 16,17,18 നൂറ്റാണ്ടുകളില്‍ ഒരു തര്‍ക്കവും നിലനിന്നിരുന്നതായി രേഖകളില്ല. അയോധ്യയില്‍ ആധുനിക ചരിത്രത്തിലെ ആദ്യത്തെ തര്‍ക്കം രേഖപ്പെടുത്തിയിട്ടുള്ളത് 1855-ലാണ്. അയോധ്യയിലെ ഹനുമാന്‍ ഗഡ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണത്, ബാബ്രി പള്ളി സംബന്ധിച്ചല്ല. ഹനുമാന്‍ ഗഡ് ക്ഷേത്രം പഴയൊരു പള്ളി പൊളിച്ചാണ് പണിതത് എന്നാരോപിച്ചായിരുന്നു പ്രാദേശിക സുന്നി മുസ്ലീങ്ങള്‍ പ്രതിഷേധമാരംഭിച്ചത്. വൈഷ്ണവ വൈരാഗി സമൂഹത്തിന്റെ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം. തര്‍ക്കത്തില്‍ ഇടപെട്ട നവാബ് വാജിദ് അലി ഷാ ക്ഷേത്രത്തിന് അനുകൂലമായാണ് നിലപാട് കൈക്കൊണ്ടത്. അക്കാര്യം നമ്മളിന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. അയോധ്യയിലുണ്ടായിരുന്ന പള്ളി പൊളിച്ചാണ് ഹനുമാന്‍ ഗഡ് ക്ഷേത്രം പണിതതെന്ന പ്രാദേശിക മുസ്ലീങ്ങളുടെ വാദത്തെ അന്നത്തെ മുസ്ലീം ഭരണാധികാരിയാണ് പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞ് പ്രശ്നമവസാനിപ്പിക്കുന്നത്. ഒന്നര നൂറ്റാണ്ടിനിപ്പുറം മതേതര, ജനാധിപത്യ വ്യവസ്ഥയിലാണ് ഇന്ത്യന്‍ ഭരണകൂടം, പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിത് അത് നൂറ്റാണ്ടിലെ മഹാ ആഘോഷമാക്കുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം ഹനുമാന്‍ ഗഡിയിലെ മഹന്തും (മുഖ്യപുരോഹിതന്‍) വൈഷ്ണവ വൈരാഗികളും ബാബ്രി പള്ളിയുടെ തെക്ക് കിഴക്കന്‍ ഭാഗം ബലമായി കയ്യേറി അവിടെ ഒരു തറ (ചബൂത്ര) കെട്ടിയുണ്ടാക്കി. ആ സ്ഥലമാണ് അയോധ്യയില്‍ രാമന്‍ ജനിച്ച സ്ഥലമെന്ന് അവര്‍ അവകാശപ്പെട്ടു. അത്തരമൊരു കഥ അവിടെ ഉണ്ടായിരുന്നുതാനും. ബാബ്രി മസ്ജിദിലെ മുസലിയാര്‍ മൗലവി മുഹമ്മദ് അസ്ഗര്‍ ബലമായുള്ള ഈ കയ്യേറ്റം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി. ഈ തര്‍ക്കത്തിനൊടുവില്‍ 1959-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ (ചബൂത്രയ്ക്കും പള്ളിക്കുമിടയില്‍) ഒരു മതില്‍ പണിത് ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ആരാധനാ ഇടങ്ങള്‍ തമ്മില്‍ തിരിച്ചു. ഹിന്ദുക്കള്‍ കിഴക്ക് വശത്തെ ഗേറ്റ് വഴിയും മുസ്ലീങ്ങള്‍ വടക്ക് വശവും വഴി അകത്തേക്ക് പ്രവേശിക്കാന്‍ ആരംഭിച്ചു. ബലമായുള്ള ഈ കടന്ന് കയറ്റത്തിനെതിരെ മുസ്ലീങ്ങള്‍ 1860, 1877, 1883, 1884 വര്‍ഷങ്ങളില്‍ ഹര്‍ജികള്‍ നല്‍കിയെങ്കിലും അതെല്ലാം നിരാകരിക്കപ്പെട്ടു.
1885-ലാണ് ബാബ്രി മസ്ജിദ് പ്രശ്നത്തില്‍ ഹിന്ദു മതവിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ആദ്യമായി നിയമം വഴിയുള്ള നീക്കമുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട ഇ.പി.ഡബ്ല്യിയു ലേഖനത്തില്‍ (2010 ഡിസംബര്‍ 11) ജയമേനോനും സുപ്രിയ വര്‍മ്മയും എഴുതുന്നു- ”അവസാനം 1985-ല്‍ ചബൂത്രയ്ക്ക് മേല്‍ ഒരു ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും ആ ഭാഗത്തുള്ള ഭൂമിക്ക് നിയമപരമായ അവകാശം നല്‍കണം എന്നും ആവശ്യപ്പെട്ട് മഹന്ത് രഘുബീര്‍ ദാസ് കോടതിയെ സമീപിച്ചു. ഈ കേസ് വളരെ നിര്‍ണായകമാണ്. അയോധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനമെന്നവകാശപ്പെടുന്ന ഇടത്തെ മുഖ്യപുരോഹിതനായിരുന്ന മഹന്ത് രഘുബീര്‍ ദാസ് ജന്മസ്ഥാനിലാണ് ഈ ചബൂത്ര നിലനില്‍ക്കുന്നുവെന്ന് കോടതിയില്‍ വാദിച്ചുവെങ്കിലും പള്ളി നിലനിന്നിരുന്ന സ്ഥലം പണ്ട് ക്ഷേത്രമായിരുന്നുവെന്ന വാദം ഒരിക്കലും ഉന്നയിച്ചിട്ടില്ല. എന്തായാലും ആ പരാതിയും അതിന് മേലുള്ള ഹര്‍ജികളും 1886-ല്‍ തള്ളി”.
മുഗള്‍ അധിനിവേശത്തെ കുറിച്ചുള്ള നിറം പിടിപ്പിച്ചുള്ള കഥകളും ക്ഷേത്രങ്ങള്‍ നശിപ്പിച്ചതിനെ കുറിച്ചുള്ള ചരിത്രങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. അതിന്റെ ഭാഗമായി അയോധ്യയിലും മൂന്ന് ക്ഷേത്രങ്ങളെങ്കിലും മുഗള്‍ ഭരണകൂടം നശിപ്പിച്ചിട്ടുണ്ട് എന്നുള്ള സൂചനകള്‍ പല പ്രസിദ്ധീകരണങ്ങളിലും ഗസറ്റുകളിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് പള്ളിക്ക് മുന്നില്‍ ‘നമ്പര്‍ ഒന്ന്, രാമജന്മഭൂമി’ എന്ന് കല്ലില്‍ കൊത്തിവയ്ക്കുകയുമുണ്ടായി. എങ്കിലും ഇത് സംബന്ധിച്ചുള്ള സംഘര്‍ഷങ്ങളോ നിയമ യുദ്ധങ്ങളോ ഉണ്ടായില്ല. ആര്‍.എസ്.എസ് രൂപവത്കരണത്തിന് ശേഷമുള്ള ഹിന്ദു-മുസ്ലീം ലഹളയിലാണ് പിന്നീട് ബാബ്രിപള്ളിയില്‍ പ്രശ്നമുണ്ടാകുന്നത്. 1934-ലെ കലാപത്തിന്റെ ഭാഗമായി പള്ളിയുടെ മിനാരത്തിനും പള്ളിക്ക് തന്നെയും തകരാറുകള്‍ പറ്റിയെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ അത് പുതുക്കി പണിതു. അതിനിടെ മുസ്ലീങ്ങള്‍ക്കിടയില്‍ തന്നെ ബാബ്രിപള്ളിയുടെ അവകാശത്തിനായി സമരം നടന്നു. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏതാണ്ടൊരു പതിറ്റാണ്ട് നീണ്ട നിയമതര്‍ക്കത്തിനൊടുവില്‍ സുന്നി വിഭാഗത്തിന്റെ കൈയ്യിലായി പള്ളിയുടെ ഭരണം.
1948 ജനുവരില്‍ മുപ്പതിന് ഹിന്ദുത്വ ശക്തികള്‍ മഹാത്മാഗാന്ധിയെ വധിച്ചു. ഹിന്ദുമഹാസഭ നേതാവ് ദാമോദര്‍ സവര്‍കര്‍ അടക്കമുള്ളവര്‍ ജയിലിലായി. വിട്ടയച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് വീണ്ടും സവര്‍കര്‍ മാപ്പപേക്ഷ നല്‍കി. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും അടക്കമുള്ള സംഘടനകള്‍ നിരോധിക്കപ്പെട്ടു. അവരുടെ രാഷ്ട്രീയം അപ്രസക്തമായി. ജനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ വെറുത്തു. അക്കാലത്തിനൊടുവില്‍ 1949 ഡിസംബര്‍ മധ്യത്തില്‍ അഖില ഭാരതീയ രാമായണ മഹാസഭയുടെ നേതൃത്വത്തില്‍ ബാബ്രിപള്ളിയുടെ കിഴക്ക് വശത്ത് ചബൂത്രയ്ക്ക് മുന്നില്‍ തുളസീദാസിന്റെ രാമചരിതമാനസത്തിന്റെ ഒമ്പത് ദിവസം നീണ്ട പാരായണം ആരംഭിച്ചു. ഗൊരഖ്നാഥ് മഠാധിപതിയായ മഹന്ത് ദ്വിഗ്വിജയ്നാഥായിരുന്നു ഇതിന്റെ നേതാവ്. ഇതിന്റെ അവസാന ദിവസം, 22ന്, രാത്രി ദ്വിഗ്വിജയ്നാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികള്‍ പള്ളി കുത്തി തുറന്ന് ശിശു രൂപത്തിലുള്ള രാമന്റേയും സീതയുടേയും പ്രതിമകള്‍ അകത്ത് കൊണ്ട് വച്ചു. പിറ്റേദിവസം മുതല്‍ ഇവരുടെ അനുയായികള്‍ ഭക്തരാണെന്ന മട്ടില്‍, പള്ളിക്കകത്ത് സ്വയം ഭൂവായ വിഗ്രഹമുണ്ടായി എന്നവകാശപ്പെട്ട് സംഘര്‍ഷമാരംഭിച്ചു. ഇതേ കുറിച്ച് അന്നത്തെ യു.പി (യുണൈറ്റഡ് പ്രൊവിന്‍സ്) തലവനായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ അറിയിച്ചു. ആ കുട്ടി രാമ, സീത പ്രതിമകള്‍ പള്ളിയില്‍ നിന്നെടുത്ത് സരയൂവില്‍ ഒഴുക്കാനായിരുന്നു നെഹ്റു നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ശ്രുതി. സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഗോവിന്ദ വല്ലഭിന് നെഹ്രു കത്തയച്ചതോടെയാണ് ഈ സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.കെ.നായരുടെ നിര്‍ദ്ദേശം ചെവികൊള്ളുകയാണ് ഗോവിന്ദ് വല്ലഭ് പന്ത് എന്ന കോണ്‍ഗ്രസ് നേതാവ് ചെയ്തത്.
1949 ഡിസംബര്‍ 29-ന് ജില്ലാ മജിസട്രേറ്റ് കെ.കെ.നായര്‍ ബാബ്രി മസ്ജിദിനെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിച്ചു. പള്ളിയുടെ മുഖ്യകവാടം താഴിട്ട് പൂട്ടി മുസ്ലീങ്ങളെ ആരാധനയ്ക്കായി പള്ളിയില്‍ പ്രവേശിക്കുന്നത് ഉത്തരവ് മൂലം വിലക്കി. അതേസമയം ഒരു വശത്ത് തുറന്ന വാതില്‍ വഴി ഹിന്ദുക്കള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതിയും നല്‍കി. നാല് പുരോഹിതന്മാരെ നിയമിക്കുകയും അവര്‍ക്ക് പള്ളിക്കകത്തുള്ള വിഗ്രഹങ്ങള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ദ്വിഗ്വിജയ് നാഥും ഒരു സംഘം ഹിന്ദുത്വ ക്രിമിനലുകളും നടത്തിയ ഗൂഢാലോചനയെ കെ.കെ.നായര്‍ എന്ന ആലപ്പുഴക്കാരന്‍ സഹായിക്കുകയായിരുന്നുവെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ 1992-ല്‍ ആനന്ദ് പട്വര്‍ദ്ധന്‍ നിര്‍മ്മിച്ച ‘രാം കേ നാം’ എന്ന ഡോക്യുമെന്ററി കെ.കെ.നായര്‍ ഈ പദ്ധതി ആസൂത്രണം ചെയ്ത സംഘത്തിലൊരാളായിരുന്നുവെന്ന വെളിപ്പെടുത്തലുണ്ട്. പള്ളിയില്‍ ശിശു രാമ, സീത പ്രതിമകള്‍ കൊണ്ട് വച്ച സംഘത്തിലെ ഒരാളായിരുന്ന മഹന്ത് രാംസേവത് ശാസ്ത്രിയാണ് ഇതിനായുള്ള ഗൂഢാലോചനയില്‍ കെ.കെ.നായര്‍ പങ്കാളായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. പിന്നീട് ജനസംഘത്തിന്റെ എം.പിയും നേതാവുമായി കെ.കെ.നായര്‍ മാറി.
1992-ല്‍ ബാബ്രിപള്ളി പൊളിച്ച കര്‍സേവകരില്‍ ഒരാളായി രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും ഇപ്പോള്‍ യു.പി. മുഖ്യമന്ത്രിയായിരിക്കുകയും ചെയ്യുന്ന ആദിത്യനാഥ് എന്ന അജയ് ബിഷ്ടിന്റെ ഗുരു അവൈദനാഥിന്റെ ഗുരുവാണ് ദ്വിഗ്വിജയ് നാഥ് എന്ന് കൂടി പറയുമ്പോഴാണ് ഈ ചക്രം പൂര്‍ത്തിയാവുക. 1935 മുതല്‍ 1969 വരെ ഗൊരഖ് നാഥ് മഠാധിപതിയായിരുന്ന ദ്വിഗ്വിജയ് നാഥ് കടുത്ത ഗാന്ധി വിമര്‍ശകനും സവര്‍കറുടെ ശിഷ്യനുമായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വെറുപ്പായിരുന്നു ദ്വിഗ്വിജയ്നാഥിന്റെ പ്രധാന രാഷ്ട്രീയം. മുസ്ലീങ്ങള്‍ ഇന്ത്യയോട് യഥാര്‍ത്ഥത്തില്‍ കൂറ് പ്രഖ്യാപിക്കുന്നത് വരെ, ചുരുങ്ങിയത് അഞ്ചാറ് വര്‍ഷത്തേയ്ക്ക്, അവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നായിരുന്നു സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളില്‍ അയാളുടെ പ്രധാന പ്രചരണം. 1948 ജനുവരി 27ന് ആത്മാഭിമാനമുള്ള ഹിന്ദുക്കള്‍ ഗാന്ധിയെ കൊല്ലണമെന്ന് ദ്വിഗ്വിജയ്നാഥ് ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം ഗാന്ധിജി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അയാള്‍ അറസ്റ്റിലായി. ഒന്‍പത് മാസത്തെ ജയില്‍ ജില്ലയ്ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ ഹിന്ദുമഹാസഭ നിരോധിക്കപ്പെട്ടിരുന്നു. ഗുരുവായ സവര്‍കറാകട്ടെ കേസ് നേരിടുകയും ചെയ്യുന്നു. ആ തകര്‍ച്ചയില്‍ നിന്ന് ഹിന്ദുത്വത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു ബാബ്രി പള്ളിയില്‍ ബാല രാമ പ്രതിമ സ്ഥാപിക്കുന്ന ഗുഢാലോചന.
1949-ല്‍ ബാബ്രി മസ്ജിദ് തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച ശേഷമുണ്ടായ കേസുകള്‍ ഇവയാണ്.
1950-ലാണ് ഈ വിഷയം ഔദ്യോഗികമായി കോടതിലെത്തുന്നത്. പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്ന് തരണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് കോടതിയില്‍ ഹാഷിം അന്‍സാരി ഹര്‍ജി സമര്‍പ്പിച്ചതിന് ബദലായി ഹിന്ദുമഹാസഭ അംഗമായ ഗോപാല്‍ സിങ്ങ് വിശാരദ് 1950 ജനവരി 16ന് ഒരു സിവില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അതാണ് പിന്നീട് സ്യൂട്ട് നമ്പര്‍ ഒന്ന് അറിയപ്പെട്ടത്. വിശാരദിനൊപ്പം പരമഹംസ് രാമചന്ദ്രദാസ് എന്ന സന്യാസി ഫയല്‍ ചെയ്തതായിരുന്നു സ്യൂട്ട് നമ്പര്‍ രണ്ട്. പക്ഷേ അത് വൈകാതെ പിന്‍വലിച്ചു. പള്ളി യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്നും അത് പൂര്‍ണമായും കൈമാറണമെന്നും അവകാശപ്പെട്ട് 1959-ല്‍ നിര്‍മോഹി അഖാഡ ഫയല്‍ ചെയ്ത കേസാണ് സ്യൂട്ട് നമ്പര്‍ മൂന്ന്. 1961 ഡിസംബര്‍ 18ന് ബാബ്രി മസ്ജിദ് സ്വതന്ത്രമായി തങ്ങള്‍ക്ക് വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട സുന്നി കേന്ദ്ര വഖഫ് ബോര്‍ഡ് ഫയല്‍ ചെയ്ത കേസ് സ്യൂട്ട് നമ്പര്‍ നാല് എന്ന് പിന്നീട് അറിയപ്പെട്ടു. ഇടയ്ക്ക് വച്ച് പൂജാരിക്കൊഴികെ മറ്റെല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം വിലക്കി താത്കാലിക ഉത്തരവുണ്ടായി.
ഇതിനിടെ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയം പതുക്കെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 1964-ല്‍ ഗോള്‍വാള്‍ക്കറുടേയും എസ്.എസ് ആപ്തേയുടേയും നേതൃത്വത്തില്‍ ആരംഭിച്ച വിശ്വഹിന്ദുപരിഷദിനെ സംഘപരിവാര്‍ ബാബ്രിപള്ളിക്കെതിരായ നീക്കങ്ങളുടെ ചുമതലയേല്‍പ്പിച്ചു. ആദ്യം വിദ്യാര്‍ത്ഥി സംഘടനയും പിന്നീട് തൊഴിലാളി സംഘടനയും രൂപവത്രിച്ച ആര്‍.എസ്.എസ് മറ്റ് പല രാഷ്ട്രീയ സഖ്യങ്ങളില്‍ നിന്നും വിട്ടു വന്നവരെ യോജിച്ച് കൊണ്ടാണ് രാഷ്ട്രീയസംഘടനകള്‍ ആരംഭിച്ചത്. ഭാരതീയ ജനസംഘമായും ജനതാപാര്‍ട്ടിയായും പല രൂപത്തില്‍ അവര്‍ ശ്രമിച്ചു. പക്ഷേ, സംഘപരിവാറുമായി ബന്ധമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ നിലപാട് എടുത്തതോടെയാണ് അടിയന്തിരാവസ്ഥയ്ക്ക് ശേഷം, ആര്‍.എസ്.എസ് സ്വന്തം രാഷ്ട്രീയ കക്ഷി എന്ന നിലപാടിലേക്ക് എത്തിയത്. 1980-ല്‍ അങ്ങനെ ബി.ജെ.പി ഉണ്ടായി. എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കലക്കത്തില്‍ പെട്ട ഏതാനും ആളുകള്‍ കൂടി ഭാഗവാക്കായിരുന്നുവെങ്കിലും ആത്യന്തികമായി ആര്‍.എസ്.എസിന്റെ സംഘപരിവാര കുടക്കീഴിലുള്ള പൊളിറ്റിക്കല്‍ എന്റ്റിറ്റിയായിരുന്നു ബി.ജെ.പി.
തുടര്‍ന്ന് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ വിവിധ സന്യാസി സമൂഹങ്ങളുടെ യോഗങ്ങള്‍ വിളിച്ച് രാം-ജാനകി യാത്ര എന്ന പേരില്‍ രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭം ആരംഭിക്കാനുള്ള നടപടികളിലേക്ക് ബി.ജെ.പി നീങ്ങി. 1984 ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ വിശ്വഹിന്ദുപരിഷദ് അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികള്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യത്തെ ലക്ഷ്യം ബാബ്രി പള്ളിയാണെന്നുള്ള ഭീഷണിയും അവര്‍ മുഴക്കി. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി 1986-ല്‍ പള്ളിയുടെ പൂട്ട് തുറന്ന് ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ചു.
1986-ല്‍ ഫൈസാബാദ് ജില്ലാ കോടതിയാണ് ബാബ്രിപള്ളി പരിസരം പൂജയ്ക്ക് തുറന്ന് കൊടുക്കാമെന്ന് പ്രഖ്യാപിച്ചതെങ്കിലും അത് യു.പി സര്‍ക്കാര്‍ വഴി രാജീവ് ഗാന്ധി ഗവണ്‍മെന്റ് ചെയ്യിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. രാമചന്ദ്രഗുഹയടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് പ്രാദേശിക ഭരണകൂടത്തിനും എന്തിന് ദൂരദര്‍ശന് വരെ ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നുവെന്നാണ്. വിധി വന്ന് ഒരു മണിക്കൂറിനുള്ളില്‍ പള്ളിയുടെ ഗേറ്റ് ഹൈന്ദവാരാധനയ്ക്കായി തുറക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൂര്‍ദര്‍ശന്‍ ഹാജറുണ്ടായിരുന്നു. അഴിമതിക്കേസുകളില്‍ കറപുരണ്ടിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധമാറ്റല്‍ ശ്രമങ്ങളായും ഇവ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇക്കാലത്ത് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി എന്‍.ഡി. തിവാരിക്ക് പകരം രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ വീര്‍ബഹാദൂര്‍സിങ്ങിനെ വച്ചത് തന്നെ ബാബ്രിപള്ളിക്കേസിനെ അട്ടിമറിക്കാനാണെന്ന വാദമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടനെ വീര്‍ബഹാദൂര്‍ സിങ്ങ് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ഫര്‍ഹാദ് അലിയെ ക്ഷണിച്ച് വരുത്തി യു.എസ് അംബാസിഡര്‍ പദവി വാഗ്ദാനം ചെയ്തത് ഇന്ന് ഒരു രഹസ്യമല്ല. വഖഫ് ബോര്‍ഡ് ബാബ്രി പള്ളിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് വിട്ടു നല്‍കണം എന്നതായിരുന്നു വ്യവസ്ഥ. ഒരു വശത്ത് ഷബാനു കേസ് വിധിയെ അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണം നടത്തിയും മറുവശത്ത് വി.എച്ച്.പിക്ക് ബാബ്രിപള്ളിയുടെ മണ്ണില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവദിച്ചും രാജീവ് ഗാന്ധി ഈ വര്‍ഷങ്ങളില്‍ മതപ്രീണനത്തിലൂന്നി ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ അട്ടിമറി നടത്തി. രാമജന്മഭൂമിക്ക് വേണ്ടിയുള്ള വിശ്വഹിന്ദുപരിഷദിന്റെ നേതൃത്വത്തിലുള്ള ഈ കൊലവിളിക്കാലത്തിന് കൂടുതല്‍ കരുത്തു നല്‍കിയതായിരുന്നു ദൂരദര്‍ശനിലെ രാമായണ മഹാഭാരത പരമ്പരകള്‍. അതിനും രാജീവ് ഗാന്ധിക്കാണ് ഇവര്‍ നന്ദി പറയുക.
1987-ല്‍ അയോധ്യയുള്‍പ്പെടുന്ന ഫൈസാബാദിലെ ജില്ലാ കോടതിയില്‍ നിന്ന് ഈ കേസുകളെല്ലാം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ പരിധിയിലേക്ക് മാറ്റി. 1989-ല്‍ വിശ്വഹിന്ദു പരിഷദിന്റെ ഉപാധ്യക്ഷനും അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുമായ ദേവകിനന്ദന്‍ അഗര്‍വാള്‍ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠയായി അവര്‍ കരുതുന്ന ‘കുട്ടി രാമന്’ വേണ്ടി മറ്റൊരു കേസ് ഫയല്‍ ചെയ്തു (സ്യൂട്ട് നമ്പര്‍ അഞ്ച്). ‘രാമ ലല്ലാ വിരാജ്മാന്‍’ അഥവാ ശിശുപ്രായത്തിലുള്ള രാമന് വേണ്ടി പ്രിയ സുഹൃത്ത് എന്ന നിലയില്‍ ദേവകിനന്ദനാണ് വാദിയായി ഹാജരായത്. ദേവകി നന്ദന്റെ മരണശേഷം ടി.പി വര്‍മ്മ, തുടര്‍ന്ന് ആര്‍.എസ്.എസ് പ്രചാരകന്‍ ത്രിലോക് നാഥ് പാണ്ഡെ എന്നിങ്ങനെ സുഹൃത്തുക്കള്‍ ‘രാം ലല്ല’ക്ക് വേണ്ടി കേസ് നടത്തി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദായിരുന്നു ഈ കേസില്‍ അഭിഭാഷകന്‍.
അതിനിടെ 1986-ല്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എല്‍.കെ. അദ്വാനിയെത്തിയത് രാമജന്മഭൂമി കലാപത്തിന് പുതിയ ദിശബോധം നല്‍കി. 1990 സെപ്തംബര്‍ 25ന് എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേയ്ക്ക് രഥയാത്ര ആരംഭിച്ചതും സമസ്തിപൂരില്‍ അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതും ചരിത്രം. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്നതാണ്. 1992-ല്‍ ബാബ്രി പള്ളി ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തു. ഇന്ത്യന്‍ ഭരണകൂടം നോക്കുകുത്തിയായി നിന്നു. തുടര്‍ന്ന് രാജ്യത്തുടനീളം ചോരപ്പുഴയൊഴുകി. ബാബ്രിപള്ളി തകര്‍ത്തതിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബി.ജെ.പി നേതാക്കള്‍ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, ഉമാഭാരതി, സ്വാധി പ്രജ്ഞ, കല്യാണ്‍ സിങ്. ശങ്കര്‍ സിങ്ങ് വഗേല എന്നിവരെല്ലാം പ്രതികളായി. പ്രധാനമന്ത്രി നരസിംഹറാവു ജസ്റ്റിസ് ലിബര്‍ഹാന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷനെ ബാബ്രി പള്ളി തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചു.
രാഷ്ട്രീയ പരീക്ഷണങ്ങളുടെ കാലമായിരുന്നു പിന്നീട്. പക്ഷേ ഭരണത്തിലേയ്ക്ക് എളുപ്പത്തിലെത്താം എന്ന ബി.ജെ.പിയുടെ ശ്രമം വിജയിച്ചില്ല. പല പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആദ്യം 13 ദിവസവും പിന്നീട് 13 മാസവും പിന്നീട് അഞ്ച് വര്‍ഷം തികച്ചും സഖ്യകക്ഷികളുടെ സഹായത്തോടെയാണെങ്കിലും ബി.ജെ.പി ഭരിച്ചു. പള്ളി തകര്‍ത്ത കേസിലെ പ്രധാന പ്രതിയായിരുന്ന എല്‍.കെ അദ്വാനി രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും എം.എം.ജോഷി വിദ്യാഭ്യാസ മന്ത്രിയുമായി. പല നാടകങ്ങള്‍ക്ക് ശേഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. പിന്നീട് പത്തുവര്‍ഷം അവര്‍ ഭരിച്ചു. ബാബ്രിപള്ളി തകര്‍ത്തവര്‍ക്ക്, ഗൂഢാലോചന നടത്തിയവര്‍ക്ക് ആ ഭരണത്തിന് കീഴിലും ഒന്നും സംഭവിച്ചില്ല. 2009-ല്‍ കോണ്‍ഗ്രസ് സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ച് വന്ന ഉടനെ, ജൂണ്‍ 30ന് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി.
പതിനേഴുവര്‍ഷം, 48 എക്‌സ്റ്റന്‍ഷനുകള്‍… ഇതിടെ വൃദ്ധര്‍ മരിച്ചുപോവുകയും യുവാക്കള്‍ വൃദ്ധരാവുകയും കുട്ടികള്‍ യുവാക്കളാവുകയും ചെയ്തു. ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനിടയില്‍ സന്തോഷം സഹിക്ക വയ്യാതെ അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയെ കെട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ ചുമലിലേറിയും സന്തോഷിച്ച ഉമാഭാരതി ബിജെപി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് എന്ന ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ ഭരണവും വിഭവങ്ങളും സംഘപരിവാര്‍ നേതൃത്വത്തിന് മുന്നില്‍ അടിയറവച്ച്, പള്ളി തകര്‍ത്തെറിയാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് പരിവാര കുടുംബത്തെ തള്ളിപ്പറഞ്ഞ്, ബിജെപിയുടെ കൊടും ശത്രുക്കളായ സമാജ് വാദി പാര്‍ടിക്കൊപ്പം പോവുകയും അവിടെ നിന്നും പടിയിറക്കപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ നിന്നെത്തി ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ചൂട്ടുകത്തിച്ചിറങ്ങിയ ശങ്കര്‍സിങ്ങ് വഗേല എന്ന ഹൈന്ദവ തീവ്രവാദി അതിലും കൂടുതല്‍ വീര്യമേറിയ ആളുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ടിറങ്ങി കോണ്‍ഗ്രസ് പാളയത്തിലെത്തി കേന്ദ്ര മന്ത്രിയായി. എല്ലാ നാടകങ്ങളുടെയും നിശബ്ദസാക്ഷിയും — കമ്മീഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭരണഘടനാ പരിമതികള്‍ മൂലം നിഷ്‌ക്രിയനായിപ്പോയ ഭരണാധികാരിയുമായ, ഒരര്‍ത്ഥത്തില്‍ നിശബ്ദപങ്കാളിയുമായിരുന്ന നരസിംഹറാവു ജീവിതനാടകത്തില്‍ നിന്നുതന്നെ അപ്രത്യക്ഷനായി, മറ്റു പലരേയും പോലെ.
മറ്റെല്ലാം പോലെ ഈ കമ്മീഷന്‍ റിപ്പോര്‍ട്ടും അക്കാലത്തെ താത്കാലിക രാഷ്ട്രീയ നേട്ടത്തിന് കോണ്‍ഗ്രസ് ഉപയോഗിച്ചു. വിലക്കയറ്റവും കാര്‍ഷിക പ്രതിസന്ധികളും കാരണം പാര്‍ല്യമെന്റില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വീര്‍പ്പുമുട്ടിയിരുന്ന ദിവസങ്ങളിലൊന്നില്‍ റിപ്പോര്‍ട്ട് അതേ പടി പത്രത്തില്‍ വന്നു. തലേന്ന് വരെ തോളോടു തോള്‍ നിന്നവര്‍ തമ്മിലടിക്കാന്‍ തുടങ്ങി. കരിമ്പ് കര്‍ഷകര്‍ക്ക് വേണ്ടി സംയുക്തമായി തെരുവിലിറങ്ങിയ അമര്‍സിങ്ങും ബിജെപി നേതാവ് എസ്എസ് അലുവാലിയയും രാജ്യസഭയില്‍ ശാരീരികമായി ഏറ്റുമുട്ടി. അതിനിടയില്‍ ഹിന്ദി വിവര്‍ത്തനം ഇല്ലാതെതന്നെ ചിദംബരം റിപ്പോര്‍ട്ട് സഭയില്‍ വച്ചു. കുടംതുറന്നുവിടുന്ന ഭൂതം കുഴപ്പങ്ങള്‍ പലതുമുണ്ടാക്കുമെന്ന് വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം സ്തംഭിച്ച സഭ പിന്നീടുള്ള ദിവസങ്ങളില്‍ ഭദ്രമായി പ്രവര്‍ത്തിച്ചു. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ യാതൊരു പ്രശ്‌നങ്ങളുമില്ല. പതിനേഴുവര്‍ഷം മുമ്പ് കത്തിപ്പടര്‍ന്ന, തുടര്‍ന്നു പുകഞ്ഞു കത്തിക്കൊണ്ടിരുന്ന, തീയുടെ സ്രോതസ് തേടിയുള്ള അന്വേഷണമായിരുന്നു ഇത്. എന്നിട്ടെന്താണ് രാജ്യത്ത് ഇതുമൂലം ഒരുചലനവും ഇല്ലാതിരുന്നത്?
അതാണ് ലിബര്‍ഹാന്റെ നാടകീയത. എല്ലാവര്‍ക്കും പ്രയോജനമുള്ള കാര്യങ്ങളാണ് ലിബര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍ ഒരു ശുപാര്‍ശയുമില്ല. ”ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള എല്ലാം ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുന്‍കൂര്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു ഓരോ പദ്ധതികളും. ഇവര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ്”-എന്നായിരുന്നു ലിബര്‍ഹാന്റെ പ്രധാന ആരോപണം. ആരു നിഷേധിക്കുന്നു ഇതിനെയെല്ലാം?. ഇതെല്ലാമാണ് എല്ലാക്കാലത്തും സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അത് സര്‍ക്കാരും ലിബര്‍ഹാനും പറഞ്ഞാല്‍ ആര്‍ക്കു ചേതം? ആലോചിച്ചാല്‍ സംഘപരിവാരങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാനുള്ള വകയുമായി. പിന്നെ എല്‍കെ അദ്വാനി, എബി വാജ്‌പേയി, എംഎം ജോഷി എന്നിവര്‍ കപടമിതവാദികള്‍ ആണെന്നാണ് ലിബര്‍ഹാന്റെ കണ്ടുപിടുത്തം. യഥാര്‍ത്ഥത്തില്‍ ഇവരെങ്ങാനും ‘മിതവാദി’കളായി പോയോ എന്ന ബിജെപി അണികള്‍ സംശയിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അണികളുടെ സംശയം മാറ്റിയതിനും ഹൈന്ദവതീവ്രവാദികള്‍ തന്നെയാണ് തങ്ങളെന്ന് മാധ്യമങ്ങള്‍ വഴി വീണ്ടും ഒരു (കു)പ്രസിദ്ധി ലഭിച്ചതിലും അവരെല്ലാം ലിബര്‍ഹാനോട് നന്ദി പറഞ്ഞു കാണും. ബിജെപി വിട്ടുപോയ കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവരും പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗങ്ങള്‍ കമ്മിഷന്‍ എണ്ണമിട്ടു നിരത്തി. രാജ്യത്ത് ഏറെനാള്‍ നീണ്ടുനിന്ന അസമാധാനത്തിനും വര്‍ഗീയ വിദ്വേഷത്തിനും – കമ്മീഷന്റെ ഭാഷയില്‍ തന്നെ – വഴിതെളിച്ച ക്രമസമാധാന പ്രശ്‌നത്തിനുത്തരവാദികള്‍ക്കെതിരെ ഒരു നടപടിക്കും ലിബര്‍ഹാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തില്ല. അങ്ങനെ അതവസാനിച്ചു.
അഴിമതികള്‍ക്കും ആരോപണങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിന്റെ പത്ത് വര്‍ഷക്കാലത്തെ ഭരണം അവസാനിച്ചു. പഴയ രാമജന്മഭൂമി രഥയാത്രയുടെ കോ ഓര്‍ഡിനേറ്റര്‍ രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായി അവതരിച്ചു. മീഡിയയും കോര്‍പറേറ്റുകളും അയാള്‍ക്ക് പിന്നില്‍ അണിനിരന്നു. 2014-ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹിന്ദുത്വ ഭരണം എന്ന അജണ്ടയിലെ മൂന്നാമത്തെ നാഴിക കല്ല് സംഘപരിവാര്‍ പിന്നിട്ടു. ബി.ജെ.പി രൂപവത്കരിച്ച് പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ബാബ്രിപള്ളി പൊളിച്ചു. തുടര്‍ന്ന് പത്ത് വര്‍ഷത്തിന് ശേഷം ഗുജറാത്ത് വംശഹത്യ, വീണ്ടുമൊരു പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് അധികാരം. തുടര്‍ന്നെല്ലാം എളുപ്പമായിരുന്നു.
2019 നവംബറില്‍ ബാബ്രിപള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുക്കാന്‍ സിവില്‍ കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ നീതിരാഹിത്യം ഉച്ചസ്ഥായിയിലെത്തി. 1992-ല്‍ ബാബ്രി പള്ളി പൊളിച്ചത് അങ്ങേയറ്റം നിന്ദ്യമായ നിയമലംഘനം ആയിരുന്നുവെന്നുവെന്ന് വിധിയില്‍ ചൂണ്ടിക്കാണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് തന്നെയാണ് ബാബ്രി പള്ളി തകര്‍ത്തവര്‍ക്കും ശിശുരാമ വിഗ്രഹം പള്ളിയില്‍ ഒളിച്ച് കടത്തിയവര്‍ക്കും പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ട് കൊടുത്തത്. തെളിവുകളേക്കാള്‍ ഹിന്ദുമത വിശ്വാസത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് പറഞ്ഞ അലഹബാദ് ഹൈക്കോടതി പോലും ഉത്തരവിട്ടത് ഭൂമി മൂന്നായി ഭാഗിക്കാനായിരുന്നു. അതിനേയും മറികടന്നാണ് സുപ്രീം കോടതി ഭൂമി ക്ഷേത്രനിര്‍മ്മാണത്തിന് മാത്രം വിട്ട് നല്‍കിയത്. അഥവാ ബാബ്രി പള്ളി ഗൂഢാലോചനയില്‍ തകര്‍ക്കുകയായിരുന്നുവെന്നും സമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതി ഏതാണ്ട് ഏഴ് പതിറ്റാണ്ടുകളോളം നിലനിന്ന സിവില്‍ വ്യവഹാരം അവസാനിപ്പിച്ചത്. പള്ളി ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് തന്നെയാണ് പള്ളിയുടെ ഭൂമി ക്ഷേത്രം പണിയുന്നതിന് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് എന്ന വിചിത്രമായ നീതി നിഷേധം മാത്രം അവിടെ അവശേഷിച്ചു.
പള്ളി പണിത 1528 മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ട 1859 വരെയുള്ള കാലങ്ങളില്‍ മുസ്ലീം സമുദായം മാത്രമാണ് പള്ളി ഉപയോഗിച്ചിരുന്നത് എന്നതിന് തെളിവ് ഹാജരാക്കാന്‍ മുസ്ലീം വിശ്വാസികള്‍ക്ക് വേണ്ടി ഹാജരായവര്‍ക്ക് കഴിഞ്ഞില്ല എന്നാണ് വിധി പറയുന്നത്. എന്നാല്‍ പണ്ട് നില നിന്നിരുന്ന രാമക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്ന ഹിന്ദുത്വയുടെ വാദത്തിന് ഒരു തെളിവുമില്ല. എങ്കിലും രാമജന്മഭൂമി നിലനിന്നിരുന്നത് അവിടെയാണ് എന്നുള്ള മത വിശ്വാസത്തെ മുഖവിലയ്ക്കെടുക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. തെളിവല്ല പുതിയ ഭരണകൂടത്തിന്റെ കാലത്ത് പ്രധാനം, മതവിശ്വാസമാണ് എന്നതായിരുന്നു അതിന്റെ അര്‍ത്ഥം. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഫൈസാബാദ് ജില്ലയിലെ അയോധ്യ എന്ന പട്ടണത്തിലെ 2.77 ഏക്കര്‍ ഭൂമിയില്‍ 1528 മുതല്‍ നിലനില്‍ക്കുന്ന മുസ്ലീം ആരാധനാലയത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കം എന്നതിനപ്പുറം ഈ നാടിന്റെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിധം രാഷ്ട്രീയമാനമുള്ള കേസായിരുന്നു അത് എന്നത് പോലും കോടതി പരിഗണിച്ചില്ല. സമ്പൂര്‍ണ്ണമായ അടിമത്തവും വിധേയത്വവും കേന്ദ്രഭരണത്തിനും ഹൈന്ദവ തീവ്രവാദത്തിനും അര്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിക്ക് തിരശ്ശില വീഴുന്നത്.
ക്രിമിനല്‍ കേസിലും ഇതാവര്‍ത്തിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇത്രയും സുതാര്യമായ ക്രിമിനല്‍ കേസ് ഉണ്ടാകില്ല. പകല്‍ വെളിച്ചത്തില്‍ നടന്ന ആക്രമണം. ഗൂഢാലോചനക്കാരോ അതിന്റെ നടത്തിപ്പുകാരോ അത് മറച്ച് വച്ചില്ല. കാരണം കൂടുതല്‍ പേര്‍ ഇതറിയുന്നുവെന്നതായിരുന്നു അക്കാലത്തെ അവരുടെ രാഷ്ട്രീയം. അടല്‍ ബിഹാരി വാജ്പേയി എന്ന പില്‍ക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ലാല്‍കൃഷ്ണ അദ്വാനിയെന്ന ഉപപ്രധാനമന്ത്രിയും അക്കാലത്ത് നടത്തിയ വിഷലിപ്തമായ ആഹ്വാനങ്ങള്‍ പള്ളി പൊളിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന ന്യായത്തിലെത്താതിരിക്കാന്‍ നിയമത്തിന്റെ പരിസരങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ന്യായാധിപര്‍ക്ക് പോലും കഴിയില്ല. വിനയ് കത്യാര്‍, ഉമാഭാരതി, സ്വാധി പ്രജ്ഞ, എം.എം ജോഷി, കല്യാണ്‍ സിങ്ങ്, ശങ്കര്‍ സിങ്ങ് വഗേല എന്നിങ്ങനെ ക്രിമിനന്‍ കേസില്‍ പ്രതിയായിരുന്ന 32 പേരേയും ഈ വാര്‍ത്തകള്‍ പിന്തുടര്‍ന്നിട്ടുള്ള സര്‍വ്വ മനുഷ്യര്‍ക്കുമറിയാം. അന്ന് അദ്വാനിയുടെ ആക്രമണ രഥയാത്രയുടെ, സഞ്ചരിച്ച വഴികളിലെല്ലാം മരണം വിതച്ച, ഇന്ത്യയുടെ മതേതരത്വത്തെ പിളര്‍ന്ന ആ രഥയാത്രയുടെ സംഘാടകനെന്ന നിലയിലാണ് ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിന് പുറത്ത് സുപരിചിതനാകുന്നത് തന്നെ.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തര്‍ ഇത്രയധികം സാക്ഷിയായിട്ടുള്ള കേസുണ്ടാകില്ല വേറെ. മലയാളികളടക്കം പല ജേണലിസ്റ്റുകളും ഈ കേസില്‍ സാക്ഷികളായിരുന്നു. പള്ളിപൊളിക്കലിന്റെ ഗൂഢാലോചനയും അത് നടത്താന്‍ ഈ 32 പേരില്‍ പലരും നേരിട്ട് നല്‍കിയ പ്രേരണയും കണ്ടിട്ടുള്ളവരും സാക്ഷി പറഞ്ഞിട്ടുള്ളവരും ഈ അക്രമത്തെ കുറിച്ച് പലവട്ടം എഴുതിയിട്ടുള്ളവരുമാണ് ഇവര്‍. ഹിന്ദുതീവ്രവാദ ഗൂഢാലോചനകള്‍ പലതും പുറത്ത് കൊണ്ട് വന്നിട്ടുള്ള മാധ്യമപ്രവര്‍ത്തര്‍, ഇവരുടെ ആരുടേയും സാക്ഷിമൊഴികള്‍ കോടതി പരിഗണിച്ചിട്ടില്ല. വസ്തുതകളോ തെളിവുകളോ കണ്ടിട്ടില്ല. അത് പക്ഷേ എല്ലാവര്‍ക്കും ഉറപ്പായിരുന്നു, ഇങ്ങനെ തന്നെയായിരിക്കും കാര്യങ്ങള്‍ നീങ്ങുക എന്നത്.
ഒന്നുകൂടി പറയേണ്ടതുണ്ട്, അത് ആര്‍ക്കിയോളജിയെ കുറിച്ചാണ്. കോടതി മുതല്‍ നമ്മുടെ മാധ്യമങ്ങളിലും പല ചര്‍ച്ചകളിലും ആവര്‍ത്തിക്കുന്ന ആര്‍ക്കിയോളജി തെളിവുകള്‍. 1975 മുതല്‍ ബി.ബി.ലാല്‍ എന്ന ബ്രിജ് ബാസി ലാല്‍ ആരംഭിച്ച രാമായണ ഉദ്ഗ്രഥന പദ്ധതിയുടെ ഭാഗായിരുന്നുവെന്ന് അവകാശപ്പെടുന്ന, ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേഖല ഡയറക്ടര്‍ ആയി റിട്ടയര്‍ ചെയ്ത, കെ.കെ.മുഹമ്മദിനെ ഉദ്ധരിച്ചാണ് കേരളത്തിലെ വലത്പക്ഷ മാധ്യമങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കുക.

ബ്രിട്ടീഷ് ഇന്ത്യയില്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം, ആദ്യ ഡയറക്ടര്‍ ജനറലായി സ്ഥാനമേറ്റ അലക്സാണ്ടര്‍ കന്നിങ്ഹാം 1862-63-ല്‍ അയോധ്യയില്‍ ഖനനം നടത്തിയിരുന്നു. ഹുയാങ്സാങ്ങിന്റേയും ഫാഹിയാന്റെയും യാത്രാപഥങ്ങളില്‍ അയോധ്യയെ കുറിച്ചും പരാമര്‍ശമുള്ളതിനാല്‍ അത് അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഖനനം. മണി പര്‍ബത്, കുബേര്‍ പര്‍ബത്, സുഗ്രീവ് പര്‍ബത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉദ്ഗ്രഥനം നടത്തി ലഭിച്ചതില്‍ ബുദ്ധ സ്തൂഭങ്ങളുടെ അവശിഷ്ടങ്ങളുള്ളതായി അദ്ദേഹം കണ്ടെത്തി. ഒന്ന് അശോകന്റെ കാലത്തേയും മറ്റൊന്ന് ബുദ്ധ മഠത്തിന്റേതും ആണെന്നദ്ദേഹം വിശദീകരിച്ചു. രാമായണ കഥയുടെ വാമൊഴി പാരമ്പര്യമനുസരിച്ച് രാമന്റെ ജനനസ്ഥലമായതിനാല്‍ അത് സംബന്ധിച്ച പരിശോധനകളും അദ്ദേഹം നടത്തുന്നുണ്ട്. സമീപത്തെ ഫൈസാബാദ് പട്ടണത്തിലേത് പോലെ തന്നെയുള്ള മണ്‍ചുമരുകളുള്ള വീടുകളുടേയും മറ്റും അവശിഷ്ടങ്ങളല്ലാതെ കൊത്തുപണികളുള്ള തൂണുകളോ തകര്‍ന്ന പ്രതിമകളോ ഒന്നും അവിടെ കണ്ടെത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. രാമക്ഷേത്രത്തിന്റേതാകാമെന്ന് പറയുന്ന ക്ഷേത്രത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. അത് പക്ഷേ ബാബ്രി മസ്ജിദിന്റെ പ്രദേശങ്ങളിലൊന്നുമല്ല. പല രാമപാരമ്പര്യങ്ങളേയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ബാബ്രിമസ്ജിദ് നിലനില്‍ക്കുന്ന സ്ഥലമായിട്ടോ അത് തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന വാദമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല.
1969-70 കാലത്ത് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ എ.കെ.നാരായണ്‍, ടി.എന്‍.റോയ്, പി.സിങ്ങ് എന്നിവര്‍ അയോധ്യയില്‍ ഖനനം നടത്തിയിരുന്നുവെങ്കിലും രാമായണ കഥയായി ബന്ധപ്പെട്ടതോ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ ഒന്നും ലഭിച്ചില്ല. അലക്സാണ്ടര്‍ കന്നിങ്ഹാം ഖനനം നടത്തിയ കുബേര്‍ ടീലയില്‍ നിന്ന് വീടുകളുടേത് പോലുള്ള, ഇഷ്ടികയില്‍ നിര്‍മ്മിച്ച, വലിയ കെട്ടിടത്തിന്റെ സൂചനകള്‍ ലഭിച്ചു. 1972-ലാണ്, പിന്നീട് വിവാദമായ, രാമായണ പ്രശസ്തമായ ഇടങ്ങളിലെ ഖനനം സംബന്ധിച്ച പ്രൊജക്ട് ബി.ബി. ലാല്‍ ആരംഭിക്കുന്നത്. 1975-ല്‍ അത് കേന്ദ്ര വിദ്യാഭ്യാസ, സാംസ്‌കാരിക സഹമന്ത്രി എസ് നൂറുള്‍ ഹസന്‍ ഉദ്ഘാടനം ചെയ്തുവെങ്കിലും 1977-ലാണ് പദ്ധതി ആരംഭിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഷിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസും ചേര്‍ന്ന് ധന സഹായം ചെയ്ത ആ പ്രൊജക്ട് 1986 വരെ നീണ്ടുനിന്നു. അയോധ്യയെ കൂടാതെ ശൃംഗവേരപുര, ഭരദ്വാജ ആശ്രമം, നന്ദിഗ്രാം, ചിത്രകൂട് എന്നിവിടങ്ങളിലും ഈ പ്രൊജക്ടിന്റെ ഭാഗമായി ഖനനം നടന്നു. ശൃംഗവേരപുരയില്‍ കണ്ടെത്തിയ ഒരു വെള്ളത്തൊട്ടിയെ കുറിച്ചല്ലാതെ ഇതുവരെ ആ പദ്ധതിയെ കുറിച്ചൊരു അക്കാദമിക് വര്‍ക്കുകളും പ്രസിദ്ധീകരിച്ചിട്ടില്ല.
അയോധ്യയിലെ ഖനനങ്ങളെ കുറിച്ചാകട്ടെ, 1976-77, 1979-80 വര്‍ഷങ്ങളിലെ ഇന്ത്യന്‍ ആര്‍ക്കിയോളജി റിപ്പോര്‍ട്ടിലല്ലാതെ മറ്റൊരിടത്തും പരാമര്‍ശം പോലുമില്ല. ബസാറസ് ഹിന്ദു സര്‍വ്വകലാശാല രാമായണ കഥയെ കുറിച്ചുള്ള പൊതുവായ പരിശോധനയാണ് നടത്തിയതെങ്കില്‍ ബി.ബി. ലാലിന്റെ സംഘം രാമജന്മഭൂമി കുന്നിലും ഹനുമാന്‍ ഗഡിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള തുറന്ന പ്രദേശത്തും സീതാ കി രസോയ്-യിലുമാണ് ഖനനം നടത്തിയത്. അവര്‍ കണ്ടെത്തിയതാകട്ടെ, ഏര്‍ളി ഹിസ്റ്റോറിക് പിരീഡ് (ബി.സി.ഇ ആറാം നൂറ്റാണ്ട് മുതല്‍ സി.ഇ ആറാം നൂറ്റാണ്ട് വരെ) സംബന്ധിച്ച കാര്യങ്ങളാണ്. ഏര്‍ളി ഹിസ്റ്റോക് പിരീഡിന് ശേഷം ‘പതിനൊന്നാം നൂറ്റാണ്ടില്‍ വീണ്ടും ഈ പ്രദേശത്ത് ജനവാസം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഇടവേളയുണ്ടായിരുന്നുവെന്നാണ് സൂചന. അക്കാലത്ത് പലതട്ടിലുള്ള ഇഷ്ടിക-പരുക്കന്‍ കുമ്മായക്കല്‍ തറകള്‍ കാണാം. പക്ഷേ അതിന് ശേഷമുള്ള കാലത്ത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നും തന്നെയില്ല’- എന്ന് 1976-’77 ഐ.എ.ആറില്‍ വിശദമായുണ്ട്. 1979-’80 ഐ.എ.ആറില്‍ ആകട്ടെ അയോധ്യയിലെ മധ്യകാലത്തെ കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ പോലുമില്ല.
പിന്നീട് 1990 ഒക്ടോബറില്‍, രാജ്യം രാമജന്മഭൂമി കലാപത്താല്‍ കലുഷിതമായ കാലത്ത്, ആ കലാപത്തിന് നേതൃത്വം നല്‍കിയിരുന്ന ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണമായ ‘മന്ഥ’നില്‍ ബി.ബി.ലാല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അയോധ്യയില്‍ അദ്ദേഹം നടത്തിയ ഖനനത്തില്‍ കണ്ടെത്തതാണ് എന്നവകാശപ്പെടുന്ന ഇഷ്ടികകഷ്ണങ്ങളുടെ കൂനകളുടെ ഫോട്ടോയും ഉണ്ടായിരുന്നു. അത് ബാബര്‍ നശിപ്പിച്ച ക്ഷേത്രത്തിലെ തൂണുകളുടെ അടിത്തട്ടാണെന്നായിരുന്നു ലേഖനത്തിന്റെ അവകാശവാദം. ഈ തൂണിന്റെ അടിഭാഗത്തിന്റെ അവശിഷ്ടം അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന്റെ അതിപ്രധാനമായ പുരാവസ്തു തെളിവാണ് എന്നും ബി.ബി.ലാല്‍ ലേഖനത്തില്‍ പറയുന്നു. ഇത്ര പ്രധാനമായ ഒരു തെളിവ് അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ ഒന്നും എഴുതാതെ പള്ളി പൊളിച്ച് ക്ഷേത്രമുണ്ടാക്കാന്‍ കലാപം നടത്തുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ എഴുതിയത് എന്തുകൊണ്ടാണ്? ഐ.എ.ആറില്‍ പോലും അതേക്കുറിച്ച് പരാമര്‍ശമില്ലാത്തത് എന്തുകൊണ്ടാണ? സ്വാഭാവികമായും മറ്റ് ആര്‍ക്കിയോളജിസ്റ്റുകള്‍ ഈ ചോദ്യം ഉന്നയിച്ചു. അതോടെ 1991 ഫെബ്രുവരി പത്തിന് വിജയവാഡയില്‍ നടന്ന ഒരു സെമിനാറില്‍ ലാല്‍ മലക്കം മറിഞ്ഞു. താന്‍ കണ്ടെത്തിയ പില്ലര്‍ ബേസ്-ഉം ബാബ്രി മസ്ജിദിന്റെ കല്‍ത്തൂണുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് പള്ളിയുടെ അടിയില്‍ ഖനനം നടത്തിയാലേ കഴിയൂ, എന്നാലേ അവിടെ മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവോ എന്ന് തിരിച്ചറിയാന്‍ കഴിയൂ എന്ന് ലാല്‍ വിശദീകരിച്ചു. ആ അഭിപ്രായം വിമര്‍ശിക്കപ്പെട്ടപ്പോള്‍ പള്ളിക്കടിയില്‍ ഖനനം നടത്തണമെന്ന വാദം ബി.ബി ലാല്‍ ആവര്‍ത്തിച്ചു.
1992-ല്‍ ബാബ്രി പള്ളി പൊളിക്കപ്പെട്ടതിന് ശേഷമുള്ള നിരവധി നിയമയുദ്ധങ്ങളില്‍ ഒന്നിന്റെ ഫലമായി ബാബ്രി പള്ളി നിലനിന്നിടത്ത് ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതി 2002 ആഗസ്ത് ഒന്നിന് അനുമതി നല്‍കി. അക്കാലത്ത് ബി.ജെ.പി ഭരണമായിരുന്നു രാജ്യത്ത് എന്നുള്ളതും പ്രധാനമാണ്. പല തരത്തിലുള്ള തടസവാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടതിനാല്‍ സാധാരണ ഗതിയിലുള്ള പുരാവസ്തു ഉദ്ഖനനമല്ല, ഗ്രൗണ്ട് പെനിട്രേറ്റിങ് സര്‍വ്വേ (ജി.പി.ആര്‍) അഥവാ ഭൂമി തുരന്നുകൊണ്ടുള്ള കൊണ്ടുള്ള സര്‍വ്വേ നടത്താനായിരുന്നു ഉത്തരവ്. ഈ സര്‍വ്വേ നടത്താന്‍ ടോജോ വികാസ് ഇന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തെ ആര്‍ക്കോളജിക്കല്‍ സര്‍വ്വേ ഏല്‍പ്പിച്ചു. 2002 ഡിസംബര്‍ 30 മുതല്‍ 2003 ജനവരി 17 വരെ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം അവര്‍ ആര്‍ക്കോളജിക്കല്‍ സര്‍വ്വേ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘0.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെ ആഴത്തിലുള്ള ജി.പി.ആര്‍ സര്‍വ്വേയില്‍ അസ്വഭാവികമായ പലതും കണ്ടെത്തിയിട്ടുണ്ട്. ഇത് പുരാതനവും സമകാലികവുമായ തൂണുകള്‍, എടുപ്പുകള്‍, അടിത്തറകള്‍, കല്‍പ്പലകകൊണ്ടുള്ള തറ എന്നിവയെല്ലാം പെടും. പക്ഷേ ഇവയുടെ ശരിയായ സ്വഭാവം മനസിലാക്കണമെങ്കില്‍ വ്യവസ്ഥാപിത രൂപത്തിലുള്ള പുരാവസ്തു ഖനനം തന്നെ വേണ്ടി വരും’-എന്നതായിരുന്നു ഏകദേശം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പത്ത് മീറ്ററിന് മേല്‍ ഉയരമുള്ള ഏത് പ്രദേശത്തും ജി.പി ആര്‍ സര്‍വ്വേ നടത്തിയാല്‍ ഇത്തരം നിര്‍മ്മിതികള്‍ കണ്ടെത്താനാകും എന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്.
ജി.പി.ആര്‍ റിപ്പോര്‍ട്ടില്‍ പള്ളിക്കടിയില്‍ തൂണുകളുടെ അവശിഷ്ടങ്ങളുണ്ടാകാം എന്ന് പറയുന്നുണ്ടെങ്കിലും ഖനനത്തില്‍ ഒന്നും ലഭിച്ചിട്ടില്ല. കര്‍സേവകര്‍ എന്ന ക്രിമിനല്‍ ആള്‍ക്കൂട്ടം തകര്‍ത്ത ബാബ്രി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിരിക്കുന്നതിനിടയില്‍ രണ്ട് തൂണുകളുണ്ടായിരുന്നു. പള്ളിതകര്‍ത്ത ദിവസങ്ങളില്‍ അവിടെ എന്തൊക്കെ സംഭവിച്ചു, ആരൊക്കെ വന്നു എന്നതിനൊന്നും യാതൊരു തെളിവുകളുമില്ല. പള്ളിയുടെ അവിശിഷ്ടങ്ങള്‍ കൂട്ടിയിട്ടതിന് മീതെ താത്കാലികമായി ഒരു കോവിലുണ്ടാക്കി അതിനുള്ളിലാണ് ‘ശിശു രാമ’ന്റെ പ്രതിമകള്‍ വച്ചിരുന്നത്. അവിടെ ആരാണ് ആ താത്കാലിക കോവിലുണ്ടാക്കിതെന്നോ അതിനായി അവിടേയ്ക്ക് എന്തെല്ലാം കൊണ്ടുവന്നു എന്നോ ആര്‍ക്കും അറിയില്ല. ആ അവസ്ഥയ്ക്കുള്ളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ കിടക്കുന്ന തൂണുകളെ പുരാവസ്തു തെളിവായി കണക്കാക്കാന്‍ കഴിയില്ല എന്ന് അന്നത്തെ ഖനനത്തെ കുറിച്ച് പഠിച്ച സുപ്രിയ വര്‍മ്മയും ജയമേനോനും ചൂണ്ടിക്കാണിക്കുന്നു. പുരാവസ്തു ഗവേഷകര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്ക് പോലും ജി.പി.ആര്‍ പരിശോധിച്ചാല്‍, ബി.ബി ലാല്‍ കണ്ടെത്തുന്നുവെന്ന് അവകാശപ്പെുന്ന തൂണിനോട് പൊരുത്തപ്പെടുന്ന ഒന്നും അതിലില്ലെന്ന് ബോധ്യപ്പെടുമെന്നും അവര്‍ പറയുന്നു.
എന്തായാലും കെട്ടിടത്തിനടിയില്‍ തൂണുകളും കല്‍ത്തറകളും മതിലുകളും എല്ലാം കണ്ടെത്തിയെന്ന ജി.പി.ആര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘ഹിന്ദുക്ഷേത്രം തകര്‍ത്തു കൊണ്ടാണോ ഈ പള്ളി കെട്ടിടം ഉണ്ടാക്കിയത്’ എന്ന് പരിശോധിക്കാന്‍ 2003 മാര്‍ച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ച്ച് 12 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ ഖനനം നീണ്ടുനിന്നു. സാധാരണ പുരാവസ്തു ഖനനം നടക്കുമ്പോള്‍ ഓരോ ട്രഞ്ചിനും ഓരോ സൂപ്പര്‍വൈസര്‍മാരെ നിയമിക്കുകയും അവര്‍ ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുകയുമാണ് പതിവ്. ഇവിടെ ഒരേ ആളുകള്‍ പല ട്രഞ്ചുകളിലും ഒരു ട്രഞ്ചില്‍ വിവിധ ആളുകളും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിതായും സാധാരണ പ്രക്രിയയുടെ മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും സുപ്രിയ വര്‍മ്മയും ജയമേനോനും ആരോപിക്കുന്നു. ഇതുമാത്രമല്ല, യാതൊരു തരത്തിലുള്ള അക്കാദമിക് സ്വഭാവങ്ങളും പുലര്‍ത്താതെ നിഗമനം (കണ്‍ക്ലൂഷന്‍) ആരുടെ പേരിലാണ് എന്നുപോലുമില്ലാതെ വടക്കേ ഇന്ത്യന്‍ ക്ഷേത്രത്തിന്റേത് എന്ന് പറയാവുന്ന ചില തെളിവുകള്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത് നല്‍കുകയാണ്.
കണ്ടെത്തിയെന്നവകാശപ്പെടുന്ന 445 കെട്ടിടശകലങ്ങളില്‍ 40 എണ്ണം മാത്രമാണ് പരസ്പര ബന്ധമുള്ളത്. അതിലൊന്ന് പോലും ക്ഷേത്രവുമായി പ്രത്യേക ബന്ധമുള്ളതല്ല. റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള 12 എണ്ണവും പള്ളി പൊളിച്ചതിന്റെ ഭാഗമായുള്ള കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഭൗമോപരിതലത്തില്‍ കാണപ്പെട്ടവയാണ്. അതിലെ പുരാവസ്തു തെളിവുകളായി സ്വീകരിക്കാന്‍ കഴിയില്ല. ഈ പന്ത്രണ്ട് എണ്ണത്തില്‍ ഒരു കല്‍പ്പലകയില്‍ ശ്രീവത്സ ചിഹ്നമുണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന് ബന്ധം ജൈനമതവിശ്വാസവുമായാണ്. മറ്റൊരു കല്‍പലകമേല്‍ താമരയുടെ ആകൃതി കാണാം. അതും ബുദ്ധിസ്റ്റ്, ജൈന പാരമ്പര്യങ്ങളില്‍ നിന്നുള്ളതാണ്. മറ്റൊന്നില്‍ വിഷമചതുര്‍ഭുജ ക്ഷേത്ര ആകൃതിയുണ്ട്. അതാകട്ടെ പള്ളിയില്‍ ഉണ്ടായിരുന്നത് തന്നെയാകാം. പ്രത്യേകിച്ചും പള്ളിയുടെ അടിഭാഗത്തുള്ള അറബിക് എഴുത്തുകളുമായി അതിന് ചേര്‍ച്ചയുള്ള സ്ഥിതിക്ക്. ഇത്തരത്തില്‍ ഉപരിതലത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ക്ക് പോലും ക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ല എന്നാണ് ഈ മേഖലയില്‍ ഗവേഷണം ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗങ്ങളും തെറ്റാണ് എന്നാണ് തെളിവുകളും രേഖകളും സഹിതം തങ്ങളുടെ ഇ.പി.ഡബ്ളിയു പ്രബദ്ധത്തില്‍ ജയമേനോനും സുപ്രിയ വര്‍മ്മയും എന്ന് സ്ഥാപിക്കുന്നുണ്ട്. ബി.ജെ.പി ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ് ആ റിപ്പോര്‍ട്ട് എന്നതാണ് അതിന്റെ ചുരുക്കം.
ചുരുക്കി പറഞ്ഞാല്‍ ഈ വസ്തുതകള്‍ പകല്‍ പോലെ നിലനില്‍ക്കെയാണ് പതിറ്റാണ്ടുകള്‍ നീണ്ട ഗൂഢാലോചനയും ക്രിമിനല്‍ കുറ്റകൃത്യവും അതിന്മേല്‍ നീതി നിഷേധിച്ചുള്ള ദീര്‍ഘമേറിയ കോടതി വ്യവഹാരങ്ങളും മറച്ച് വച്ച് പുതിയ നുണകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളി, അത് ഏതെങ്കിലും ക്ഷേത്രം പൊളിച്ച് പണിതാണെന്ന് മൂന്ന് നൂറ്റാണ്ട് കാലം ആരും പറഞ്ഞില്ല. പള്ളിക്ക് പരിസരത്ത് രാമജന്മസ്ഥാന്‍ ഉണ്ടെന്ന് അവകാശപ്പെട്ട് കോടതിയില്‍ പോയ പ്രദേശിക ഹിന്ദുമത പുരോഹിതര്‍ പോലും പള്ളിയുടെ നിലനില്‍പ്പിനേയോ അതിന്റെ ചരിത്രമൂല്യത്തേയോ ചോദ്യം ചെയ്തില്ല. അവിടെ മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടില്ല. 1949-ല്‍ ഗാന്ധി വധക്കേസില്‍ രാഷ്ട്രീയ തിരിച്ചടി കിട്ടിയ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമായിരുന്നു ഈ വിവാദം. അതിന്റെ മുഖ്യ ആസൂത്രകരാകട്ടെ മലയാളിയായ ഒരു ഉദ്യോഗസ്ഥനും ഗൊരഖ്നാഥ് മഠാധിപതിയായിരുന്ന ഒരു മുസ്ലീം വിരുദ്ധ ഠാക്കൂര്‍ സന്യാസിയും. തുടര്‍ന്ന് ഇന്ത്യാ മഹാരാജ്യത്ത് തക്കോല്‍ സ്ഥാനങ്ങളിലിരുന്നിരുന്ന, ഇപ്പോഴും ഇരിക്കുന്ന ഒരോരുത്തരും ഈ കുറ്റത്തില്‍ പങ്കാളികളായി. നാം നാളെയുടെ നാണക്കേടായി.
അയോധ്യയില്‍ ബാബ്രിപള്ളി പൊളിച്ചു മാറ്റിയ ഇടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി പൂജ നടത്തിയത് കേന്ദ്രസര്‍ക്കാരാണ്. ഇപ്പോള്‍ ക്ഷേത്ര ഉദ്ഘാടനത്തിന്റേയും. അഥവാ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നത് അന്ന് പള്ളിപൊളിക്കാനുള്ള കലാപത്തിന്റെ കോഓര്‍ഡിനേറ്റര്‍ ആയിരുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്. പള്ളി പൊളിക്കുമ്പോള്‍ മൗനാനുവാദം നല്‍കി ഭരിച്ച കോണ്‍ഗ്രസിന്റെ നേതാക്കള്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പിന്നണിയില്‍ ഭക്ത ശിരോമണികളായി കാവിയും ധരിച്ച് തയ്യാറായിരുന്നുവെന്നത് മറ്റൊരു കാര്യം. ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ ദൂരദര്‍ശനില്‍ ലൈവ് ടെലികാസ്റ്റ് ചെയ്തത് ചരിത്രത്തിന്റെ മറ്റൊരു തമാശയാണ്. രാജീവ് ഗാന്ധിയുടെ കാലത്ത് ഇതേ ദൂരദര്‍ശനില്‍ രാമായണവും മഹാഭാരതവും സംപ്രേക്ഷണം ചെയ്താണ് ഹൈന്ദവതയുടെ അന്തരീക്ഷം എളുപ്പത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെത്തിച്ചത്. അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങളും ലൈവായി ദൂരദര്‍ശനും സ്വകാര്യ ചാനലുകളും നല്‍കും.
ഭൂമിപൂജയുടെ ലൈവ് സംപ്രേക്ഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ദൂരദര്‍ശന്‍ അവതാരകന്‍ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത് ‘ജാജുമാന്‍’ എന്നായിരുന്നു. ജാജുമാന്‍ എന്ന സംസ്‌കൃത/വേദ പദത്തില്‍ നിന്നാണ് യജമാന്‍ എന്ന് മലയാളത്തിലെ വാക്ക് രൂപപ്പെട്ടത്. യജ്ഞാചാര്യന്‍ എന്നാണതിനര്‍ഥം. ഇവിടെ ആര്‍ക്കുവേണ്ടിയാണോ യജ്ഞം നടത്തുന്നത് അയാളാണ് ജാജുമാന്‍. പള്ളി പൊളിച്ചിടത്ത് അമ്പലം പണിയുന്ന ചടങ്ങിന്റെ ജാജുമാനായിരുന്നുവത്രേ ഇന്ത്യന്‍ പ്രധാനമന്ത്രി. ഹൈന്ദവ രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ ജാജുമാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വളരെ വളരെ വലുതാണ്. രാജാവായ ജാജുമാനാണ് അശ്വമേധത്തില്‍ കുതിരയുടെ കെട്ടഴിച്ച് വിടുന്നത്. എല്ലാ യജ്ഞങ്ങളും വയലന്‍സിന്റെ തുടക്കമാണ്. അധികാരത്തിന്റെ സ്ഥാപനമാണ്. ജനാധിപത്യത്തിലല്ല അത് നടക്കുന്നത്. ഇന്ത്യന്‍ മതേതരത്വത്തെ രണ്ടായി മുറിച്ച്, ഹിന്ദുവിനേയും മുസ്ലീമിനേയും നിരന്തര കലാപത്തിലേക്ക് തള്ളിവിട്ട് എല്‍.കെ.അദ്വാനി നടത്തിയ രഥയാത്രയുടെ കോഓര്‍ഡിനേറ്റര്‍, സംയോജക് ആയിരുന്നു മോഡി. പള്ളി പൊളിക്കുന്നതിന്റെ സംയോജന്‍. ഇപ്പോള്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യപൂജയുടെ യജ്ഞാചാര്യ പദവിയിലേക്കെത്തി.
പക്ഷേ ഒന്നര നൂറ്റാണ്ടിന് മുമ്പ് ഒറ്റപ്പെട്ട സംഘടനകളാരംഭിച്ച ചില പ്രാദേശിക തര്‍ക്കങ്ങളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന വൈകാരിക-രാഷ്ട്രീയായുധമാക്കി മാറ്റാന്‍ സംഘപരിവാറിനും അതിന്റെ സമകാലിക രാഷ്ട്രീയ അവയവം ആയ ബി.ജെ.പിക്കും സാധിച്ചുവെന്നതാണ് ബാബ്രിപള്ളിയുടെ വിധിയുടെ ബാക്കി പത്രം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളിലേറെയായി ‘അയോധ്യ’എന്ന സ്ഥലനാമവും ശ്രീരാമനെന്ന ദൈവനാമവും ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ, ആണത്വ വെല്ലുവിളികളുടെ, ആള്‍ക്കൂട്ട ആക്രമണത്തിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള പരിപൂര്‍ണ്ണ പുച്ഛത്തിന്റെ എല്ലാം പ്രതീകമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാഷിസം. വീടുകളില്‍, ആള്‍ക്കൂട്ടങ്ങളില്‍, വാട്സ്ആപ് ഗ്രൂപ്പുകളില്‍, റെസിഡന്റ് അസോസിയേഷനുകളില്‍… അഥവാ ഏത് മധ്യവര്‍ഗ്ഗ കൂട്ടായ്മകളിലും നമ്മള്‍ അഭിമുഖീകരിക്കുന്ന കാവി നിറമുള്ള അരാഷ്ട്രീയത. നമ്മുടെ റ്റെലിവിഷന്‍ ചാനലുകളും പത്ര മാധ്യമങ്ങളും ഏറ്റെടുത്തിട്ടുള്ള കേന്ദ്ര ഭരണകൂട വാഴ്ത്തുകള്‍. നിര്‍ലജ്ജം നിരന്തരം തുടരുന്ന ഗീല്‍ബല്‍സിയന്‍ വാഴ്ത്തുകള്‍.
അടുത്ത ദിവസം രാമക്ഷേത്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തുറന്ന് നല്‍കും. ഇന്ത്യ ഇന്നുവരെ കണ്ടതില്‍ വച്ചുള്ള ഏറ്റവും വലിയ മേളയാകുമത്. ഹിറ്റ്ലറുടെ ഒളിമ്പിക്സോ ന്യൂറംബര്‍ഗ് സമ്മേളനമോ പോലൊന്ന്. ചിത്രീകരിക്കാന്‍ ഒട്ടേറെ ലെനി റീഫള്‍സ്റ്റള്‍മാര്‍ നിരന്ന് നില്‍ക്കുന്നുണ്ട്. മാധ്യമങ്ങളുടെ വേഷത്തില്‍. പള്ളി പൊളിച്ചത് അപലപിച്ചവര്‍, മോഡി വെറുപ്പിന്റെ പ്രചാരകനാണ് എന്ന് പ്രഖ്യാപിച്ചവര്‍. ഇന്നവരെല്ലാം അതെല്ലാം മറന്ന്, രാമക്ഷേത്രം അവിടെ തന്നെ പണിയുമെന്ന് അലമുറയിടുന്നു. രാമന്‍ വനവാസം കഴിഞ്ഞ് തിരികെയെത്തി എന്ന് ഭക്തസാന്ദ്രമാകുന്നു. മോഡി തറയില്‍ കിടക്കുന്നു, കരിക്കിന്‍ വെള്ളം കുടിക്കുന്നു, നോമ്പ് നോല്‍ക്കുന്നുവെന്ന് സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അവധി അനുഭവിക്കുമ്പോള്‍ ആനന്ദമൂര്‍ച്ഛിതരാകുന്നു. ആ ആള്‍ക്കൂട്ട ഭ്രാന്തില്‍ സര്‍വ്വതും അലിഞ്ഞ് ചേരുന്നു.
ഇല്ല, അപ്പോഴും ഹിന്ദുത്വത്തിന്റെ അജണ്ട പൂര്‍ത്തിയായിട്ടില്ല. പൂര്‍ണമായും ഇത് ഹിന്ദുരാജ്യമായിട്ടില്ല. യേ തോ കേവല്‍ ഝാകി ഹേ, കാശി മധുരാ ബാകി ഹേ ആണവായുധം പതിക്കും മുമ്പുള്ള സൈറണ്‍ പോലെ ആ മുദ്രാവാക്യം ഇന്ത്യയുടെ അവശിഷ്ടങ്ങളില്‍ മുഴങ്ങുന്നുണ്ട്.
Content Summary: Babri Masjid demolished for Hindu Rajya