June 06, 2026 |
Share on

മസ്‌കിനോടുള്ള എതിര്‍പ്പ്; ടെസ്‌ലയെ കൈയൊഴിയുന്ന യൂറോപ്പ്

പല യൂറോപ്യന്‍ രാജ്യങ്ങളിലും ടെസ്‌ല കാറുകളുടെ വില്‍പ്പനയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിപുരുഷനായി നിന്ന് ഇലോണ്‍ മസ്‌ക് നടത്തുന്ന ‘പരിഷ്‌കാരങ്ങള്‍’ നഷ്ടമുണ്ടാക്കുന്നത്, ശതകോടീശ്വരന്റെ ടെസ്‌ലയ്ക്ക് തന്നെ. യൂറോപ്പില്‍ കമ്പനി നേരിടുന്നത് വലിയ രീതിയിലുള്ള തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ജര്‍മനിയില്‍ ടെസ്ലയുടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞു. യൂറോപ്പിലുടനീളം നേരിടുന്ന സമാന ഇടിവിന്റെ ഭാഗമായി കമ്പനിയുടെ ഓഹരി മൂല്യം താഴുകയാണ്. ടെസ്‌ലയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള രോഷമാണ് കമ്പനി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയാണ് ജര്‍മനി. ഇവിടെ ടെസ്ല കാറുകളുടെ വില്‍പ്പന ഫെബ്രുവരിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനം കുറഞ്ഞതായി ജര്‍മന്‍ അസോസിയേഷന്‍ ഓഫ് ദി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ബുധനാഴ്ച അറിയിച്ചു. തുടര്‍ച്ചയായി രണ്ടു മാസമാണ് യു എസ് കാര്‍ നിര്‍മാതാക്കള്‍ ജര്‍മനിയില്‍ വില്‍പ്പന തകര്‍ച്ച നേരിടുന്നത്.

മസ്‌കിന്റെ രാഷ്ട്രീയം തന്നെയാണ് ടെസ്‌ലയ്ക്ക് യൂറോപ്പില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. രണ്ടാം ട്രംപ് ഭരണകൂടത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ്(ഡോജ്) എന്നൊരു പ്രത്യേക വകുപ്പ് പ്രസിഡന്റ് തന്റെ ശതകോടീശ്വരനായ സുഹൃത്തിന് സൃഷ്ടിച്ചു നല്‍കിയിട്ടുണ്ട്. ചെലവ് കുറയ്ക്കലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യമെങ്കിലും, ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടും, അവരുടെ മേല്‍ അധികാരം പ്രയോഗിച്ചും മസ്‌ക് നടത്തുന്ന ഇടപെടലുകള്‍ വലിയ പ്രതിഷേധം ആ രാജ്യത്ത് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇത് കൂടാതെ തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘എക്‌സ്’ വഴി തീവ്രവലതുപക്ഷ രാഷ്ട്രീയം ലോകമെമ്പാടും പരത്താനും മസ്‌ക് ശ്രമിക്കുന്നുണ്ട്. ഈ പ്രവര്‍ത്തികള്‍ക്ക് മസ്‌കിനോട് യൂറോപ്പില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതാണ് ടെസ്‌ലയ്ക്കും തിരിച്ചടിയായിരിക്കുന്നത്.

ഏറ്റവും വലിയ കൗതുകം, മസ്‌കിന്റെ ‘ അധികാരം’ അദ്ദേഹത്തിന്റെ ബിസിനസിന് ഗുണം ചെയ്യുമെന്ന പ്രവചനങ്ങള്‍ പാളിപ്പോകുന്നതിലാണ്. വൈറ്റ് ഹൗസിലെ സ്വാധീനം മസ്‌കിന്റെ ബിസിനസിനെ അഭിവൃദ്ധിപ്പെടുത്തുമെന്നായിരുന്നു നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നത്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിന് ശേഷം ടെസ്ലയുടെ ഓഹരി വില 40% ത്തിലധികമാണ് ഇടിഞ്ഞത്. നവംബറില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷമുണ്ടായ ഉണ്ടായ എല്ലാ നേട്ടങ്ങളും തുടച്ചുനീക്കി. ട്രംപിന്റെ വിജയത്തിനുശേഷം പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ 14% വര്‍ധനവ് രേഖപ്പെടുത്തിയ ടെസ്ല പോലുള്ള കമ്പനികള്‍ക്ക് പക്ഷേ അതിനുശേഷമുള്ള കാലയളവില്‍ നേട്ടങ്ങള്‍ക്കു പകരം നഷ്ടങ്ങളാണ് നേരിടേണ്ടി വന്നത്. അതായത് ട്രംപിന്റെ വിജയം അവര്‍ക്ക് പ്രതീക്ഷിച്ച പോലുള്ള ഗുണം ചെയ്തില്ല. എന്നിരുന്നാലും, ടെസ്ല ഓഹരികള്‍ ഇപ്പോള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ച 2.6% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Protest Against musk

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി)യെ ഇലോണ്‍ മസ്‌ക് പിന്തുണച്ചതും, ജര്‍മന്‍കാര്‍ അവരുടെ ചരിത്രപരമായ കുറ്റബോധത്തെ മറികടക്കണമെന്ന തരത്തിലുള്ള മസ്‌കിന്റെ ആഹ്വാനവുമെല്ലാം ഉപഭോക്തളെ അകറ്റിയിരിക്കാമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മസ്‌കിനെയും ടെസ്ലയെയും ലക്ഷ്യം വച്ചുള്ള പ്രതിഷേധങ്ങള്‍ അമേരിക്കയ്ക്ക് പുറത്തും വ്യാപിക്കുന്നുണ്ട്. ലണ്ടനില്‍ ആക്ടിവിസ്റ്റുകള്‍, ആളുകളെ അവരുടെ ടെസ്ല കാറുകള്‍ ഉപേക്ഷിക്കാനും എക്സിലെ അക്കൗണ്ടുകള്‍ റദ്ദാക്കാനും പ്രേരിപ്പിക്കുന്നൊരു കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സിലും പ്രതിഷേധം ശക്തമാണ്. സ്റ്റാര്‍സ്ബര്‍ഗില്‍ പ്രതിഷേധക്കാര്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നും മാറി നില്‍ക്കുക എന്നെഴുതിയ സ്റ്റിക്കര്‍, ടെസ്‌ല മേധാവിക്കുള്ള മുന്നറിയിപ്പെന്നോണം വിതരണം ചെയ്തിരുന്നു. അതുപോലെ, തെക്കന്‍ ഫ്രാന്‍സില്‍ നടന്ന അനിഷ്ട സംഭവത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെസ്‌ല വാഹനങ്ങള്‍ അഗ്നിക്ക് ഇരയാക്കി. പിഎഫ്എ ഓട്ടോമൊബൈല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, ഫെബ്രുവരിയില്‍ ഫ്രാന്‍സില്‍ ടെസ്ല കാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം കുറഞ്ഞു.

നോര്‍വേയിലും ടെസ്‌ല വില്‍പ്പന കുറഞ്ഞു. നോര്‍വീജിയന്‍ റോഡ് ട്രാഫിക് ഇന്‍ഫര്‍മേഷന്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഫെബ്രുവരിയില്‍ നോര്‍വേയില്‍ ടെസ്ല വില്‍പ്പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പകുതിയായി കുറഞ്ഞു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ കാറുകളുടെ എണ്ണത്തില്‍ മൊത്തത്തിലുള്ള വര്‍ധനവ് ഉണ്ടായിട്ടും തുടര്‍ച്ചയായ രണ്ടാമത്തെ മാസവും ടെസ്‌ല ഇടിവ് നേരിടേണ്ടി വന്നു. മൊത്തത്തിലുള്ള വിപണിയില്‍ ടെസ്ലയുടെ വിഹിതം ഈ വര്‍ഷം ഇതുവരെ 8.8 ശതമാനമായി കുറഞ്ഞു, 2023 ല്‍ ഇത് 20 ശതമാനമായിരുന്നു.

വാഹന വിപണികളില്‍ മൊത്തത്തിലുള്ള വളര്‍ച്ച ഉണ്ടായിട്ടും, ഫെബ്രുവരിയില്‍ ടെസ്ലയുടെ വില്‍പ്പന ഡെന്‍മാര്‍ക്കില്‍ 48 ശതമാനവും സ്വീഡനില്‍ 42 ശതമാനവും കുറഞ്ഞുവെന്നാണ് കണക്ക്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ ടെസ്‌ലയോട് താത്പര്യം കാണിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ ടെസ്ലയുടെ വില്‍പ്പന 20 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് ബുധനാഴ്ച അറിയിച്ചത്. എന്നാല്‍ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായിരുന്നിട്ടും, ടെസ്ലയുടെ വില്‍പ്പന മറ്റ് ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ മന്ദഗതിയിലായിരുന്നു. കൂടാതെ അവരുടെ മൊത്തത്തിലുള്ള വിപണി വിഹിതം മൂന്ന് ശതമാനം കുറഞ്ഞ് 10.8 ശതമാനമായി എന്നതും മസ്‌കിനുള്ള തിരിച്ചടിയാണ്.

മസ്‌കിനോടുള്ള എതിര്‍പ്പല്ല, ഈ മാസം അവസാനം യൂറോപ്പില്‍ പുറത്തിറങ്ങുന്ന ‘മോഡല്‍ വൈ’യുടെ അപ്ഡേറ്റ് ചെയ്ത പതിപ്പിനായി കാത്തിരിക്കുന്ന ഉപഭോക്താക്കളാണ് വില്‍പ്പനയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇടിവുകള്‍ക്ക് കാരണമെന്ന് ഒരു വിഭാഗം വിശകലന വിദഗ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ആ ഘടകം മാത്രം ഇത്രയും വലിയ ഇടിവിന് കാരണമായേക്കില്ലെന്നാണ് മറ്റുള്ള വിശകലന വിദഗ്ധര്‍ പറയുന്നത്. യൂറോപ്പില്‍ മാത്രമല്ല, ചൈനയിലും വലിയ തോതില്‍ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയില്‍ ടെസ്ലയുടെ വാഹന ഉത്പാദനം ഏകദേശം 50 ശതമാനമാണ് കുറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായ ചൈനയില്‍ മസ്‌കിന്റെ രാഷ്ട്രീയമാണോ പ്രശ്‌നമായിരിക്കുന്നതെന്ന് തീര്‍ത്തു പറയാനാകില്ല. അവിടെ ബിവൈഡി, ,ഷവോമി പോലുള്ള ചൈനീസ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നും ടെസ്ല കടുത്ത മത്സരം നേരിടുന്നുണ്ട്.  A backlash against Elon Musk is causing Tesla sales to plummet in Europe

content Summary; A backlash against Elon Musk is causing Tesla sales to plummet in Europe

Leave a Reply

Your email address will not be published. Required fields are marked *

×