June 26, 2026 |
Share on

കണ്ടതല്ല, കാണാനിരിക്കുന്നതാണ് യഥാര്‍ത്ഥ ബാഹുബലി

ബാഹുബലി 2 കൂടുതല്‍ ചിത്രങ്ങള്‍ കാണാം

താരതമ്യം ചെയ്യാനില്ലാത്ത അനുഭവം, നാഡിമിടുപ്പുകളോ, ശ്വാസഗതിയോ തടുക്കാന്‍ കഴിയില്ല, കണ്ണുമിഴിച്ചിരുന്നുപോകും; തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ ബാഹുബലി 2 ന്റെ ട്രെയിലര്‍ കണ്ടശേഷം ചെയ്ത ട്വീറ്റാണിത്.

ജൂനിയര്‍ എന്‍ടിആറിന്റെ അതേ വികാരമാണ് പ്രേക്ഷകനും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് ഉണ്ടാക്കിയ ആവേശം ഒട്ടും ചോരുന്നില്ല, ഈ ട്രെയിലര്‍ കണ്ടു കഴിയുമ്പോള്‍. കണ്ടതല്ല, കാണാനിരിക്കുന്നതാണു യഥാര്‍ത്ഥ ബാഹുബലി എന്നു മനസിലാകുന്നു. എന്റര്‍ടെയ്ന്‍മെന്റിന്റെ മുര്‍ദ്ധന്യതയില്‍ എത്തിച്ച സിനിമയെന്നായിരുന്നു ബാഹുബലി ആദ്യഭാഗത്തെ വിശേഷിപ്പിച്ചതെങ്കില്‍ അവസാനഭാഗത്തിന്റെ ട്രെയിലര്‍ കണ്ടതോടെ അതിലും വലിയ പ്രതീക്ഷയിലായിരിക്കുകയാണ് പ്രേക്ഷകര്‍.

ആദ്യ ഭാഗം സത്യത്തില്‍ കഥാപാത്രങ്ങളുടെ പരിചയപ്പെടുത്തല്‍ മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയുടെ പ്രമേയം പൂര്‍ണമായി പറയുന്നത് രണ്ടാംഭാഗത്തിലാണ്; സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ഈ വാക്കുകളില്‍ തന്നെ പ്രേക്ഷകനെ കാത്തിരിക്കുന്ന സര്‍പ്രൈസുകള്‍ വലുതാണെന്നു മനസിലാക്കാം. കഥാപാത്രങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്കു പരിചിതരായി കഴിഞ്ഞു. എന്താണ് ബാഹുബലിയെന്നും ഏകദേശം മനസിലായി. പക്ഷേ ആദ്യഭാഗം ഒരു തുടക്കം മാത്രമായിരുന്നു, യഥാര്‍ത്ഥ വിഭവം നിങ്ങള്‍ക്കു നല്‍കുന്നത് രണ്ടാം ഭാഗം തന്നെയായിരിക്കും; രാജമൗലിയുടെ വാക്കുകള്‍.

രണ്ടു മിനിട്ട് 20 സെക്കന്‍ഡുള്ള ട്രെയിലര്‍ അമരേന്ദ്ര ബാഹുബലി( പ്രഭാസ് അവതരിപ്പിക്കുന്ന അച്ചന്‍ കഥാപാത്രം)യുടെ വികാരപരമായ സംഭാഷണത്തിലൂടെയാണ് ആരംഭിക്കുന്നത്. പിന്നീടു മിന്നിമായുന്ന രംഗങ്ങളെല്ലാം പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നതും ആകാംക്ഷയില്‍ ആഴ്ത്തുന്നതുമാണ്. യുദ്ധരംഗങ്ങളും സംഘട്ടനരംഗങ്ങളും ആദ്യഭാഗത്തേക്കാളും ആവേശകരം.

അനുഷ്‌ക ഷെട്ടിയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ പ്രേക്ഷകന്റെ ശ്രദ്ധ കൂടുതല്‍ കൊണ്ടുപോകുന്നത്. പ്രണയരംഗങ്ങളും സംഘട്ടനരംഗങ്ങളും അനുഷ്‌ക ഒരുപോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പ്രഭാസും റാണയും കൂടുതല്‍ കരുത്തരായിരിക്കുന്നു. രണ്ടുവര്‍ഷത്തോളമായി തുടരുന്ന കാത്തിരിപ്പ് അവസാനിക്കാന്‍ ഏറിവന്നാല്‍ 40 ദിവസത്തെ താമസംകൂടി. ഏപ്രില്‍ 28 ന് ബാഹുബലി 2 തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അതുവരെ കാത്തിരുന്നാല്‍ ഇന്ത്യയൊന്നടങ്കം ചോദിച്ചിരുന്ന ആ ചോദ്യത്തിനും ഉത്തരം കിട്ടും; കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു???

ബാഹുബലി 2 കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

Leave a Reply

Your email address will not be published. Required fields are marked *

×