ചിദംബരം സംവിധാനം ചെയ്ത ‘ബാലന്’ മുന്‍പേ പറന്ന മറ്റൊരു പക്ഷിയുണ്ട് മലയാള സിനിമയില്‍. അത് ദിന്‍ജിത് അയ്യത്താന്‍-ബാഹുല്‍ രമേഷ് ടീമിന്റെ കിഷ്‌കിന്ദാകാണ്ഡം ആണ്. അന്നും റിവ്യൂകളില്‍ മുഴുവന്‍ -എന്തൊരു സിനിമ! എന്തൊരു സ്‌ക്രിപ്റ്റ്! എന്ന് കൂട്ടത്തോടെ പറഞ്ഞു മലയാളി പ്രേക്ഷകര്‍. ബാലന്റെ കാര്യത്തില്‍ അത് കുറച്ചു കൂടി ഗൗരവമുള്ള ‘ക്ലാസിക് സിനിമ’ എന്ന ടാഗില്‍ എല്ലായിടത്തും പ്രത്യക്ഷപെട്ടു കണ്ടപ്പോള്‍ തോന്നിയ ആശങ്കകള്‍ പങ്കുവെക്കാതിരിക്കാന്‍ ആവുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും ഒരു വാക്കു ട്രെന്‍ഡിങ് ആക്കിയാല്‍ അതങ്ങു പന പോലെ വളരും. യൂട്യൂബ് റിവ്യൂകളും കൂടി അത് ഉറപ്പിച്ചാല്‍ റീച്ചോടു റീച്ചാണ്. മുന്‍പും പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മലയാളം അറിയാത്ത റിവ്യൂവേഴ്‌സ് മലയാള സിനിമയെ പൊക്കി, അതായത് ഏത് ആവറേജ് സിനിമയെയും പൊക്കി, പൊക്കി ഹോളിവുഡിന് പോലും മലയാള സിനിമക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആവില്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. വളരെ തെറ്റായ ഒരു പ്രവണതയാണിത്. നമ്മുടെ നല്ല സിനിമകള്‍ക്ക് പാന്‍ ഇന്ത്യ ലെവലില്‍ കിട്ടുന്ന അഭിനന്ദനങ്ങളെ വില മതിക്കുന്നു. അഭിമാനിക്കുന്നു. പക്ഷെ, ഈ മീഡിയത്തെ ഒട്ടും മനസിലാക്കാതെ ബൂസ്റ്റ് ചെയ്യുന്നത് സിനിമകളുടെ ക്വാളിറ്റി കുറയ്ക്കും. ആവറേജ് പ്രതിഭകള്‍ മഹാ പ്രതിഭകളായി പ്രതിഷ്ഠിക്കപ്പെടും.
മനോരമ മാക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍, ഒരു വര്‍ഷത്തില്‍ ഇറങ്ങുന്ന നിരവധി മലയാള സിനിമകളുടെ നിലവാരത്തകര്‍ച്ച ഏതാണ്ടൊക്കെ മനസ്സിലാകും. കേട്ടിട്ടു പോലും ഇല്ലാത്ത എത്രയോ സിനിമകള്‍. സംവിധായകര്‍.(പലതിലും ധ്യാന്‍ ഒരു സ്ഥിരം താരമാണ്. തനിക്കു കൊടുക്കാന്‍ എപ്പൊഴും ഡേറ്റ് ഉണ്ട് എന്നാണു വിശദീകരണം.) ഇടയില്‍ ചില നല്ല സിനിമകളും കാണാറുണ്ട്. അധികം പ്രൊമോഷനും റീച്ചും ഒന്നും ഇല്ലാത്തവ. ചില പ്രതിഭകള്‍ അതോടെ മരിക്കുന്നു. പറഞ്ഞു വന്നത്, ബാലന്‍ ഒരു ക്ലാസിക് അല്ല, അത് ഒരു അമ്മയുടെയും കുട്ടിയുടെയും മനോഹരമായ ബന്ധത്തിന്റെ കഥയുമല്ല. എത്രയോ പേരാണ് ബാലന് വേണ്ടി ഏതറ്റം വരെയും പോവുന്ന ബാലന്റെ അമ്മ എന്നൊക്കെ എഴുതുന്നതും പറയുന്നതും. ശരിയാണ്. സിനിമ ആര്‍ക്കു വേണമെങ്കിലും, എങ്ങിനെ വേണമെങ്കിലും കാണാം. റിലേറ്റ് ചെയ്യാം, പക്ഷേ, ടെക്നിക്കലി ഒരു സിനിമ അതില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു കഥയുണ്ട്. ആ കഥക്കുള്ളിലും ചില കഥകള്‍ ഉണ്ട്. കൃത്യമായി പറയാതെ, പ്രേക്ഷകര്‍ക്ക് വിട്ടു കൊടുക്കുന്നത്. ചര്‍ച്ചകളിലൂടെ വളരുന്ന, അതിന്റെ സംവിധായകന്‍ പോലും ചിന്തിക്കാത്ത ലേയറുകള്‍ വരാറുണ്ട്. ബാലനെ സംബന്ധിച്ച് വന്നത് കൂടുതലും മറിച്ചാണ് എന്നാണ് തോന്നിയത്.

ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ ബാലന് അമ്മ കൊടുക്കുന്ന ഒരു നിര്‍ദേശം ഉണ്ട്. അതില്‍ തന്നെ അമ്മയുടെ കുട്ടിയോടുള്ള സമീപനം വ്യക്തമാണ്. തുടര്‍ന്ന്, അമ്മ പറയുന്ന ഓരോ കഥയിലെയും കഥാപാത്രമാവാന്‍ സന്നദ്ധനായി നില്‍ക്കുന്ന ആ കുട്ടി. ‘നമുക്ക് നമ്മള്‍ മാത്രം മതി’ എന്ന് പറയുമ്പോള്‍ ഇപ്പോഴും ആളുകള്‍ അതില്‍ സ്‌നേഹവും കരുതലും മാത്രം കാണുന്നത് വിചിത്രമാണ്. യഥാര്‍ത്ഥ ഉപദേശങ്ങളെ പോലും ടോക്‌സിസിറ്റി ആയി കരുതുന്ന ഒരു ലോകമാണല്ലോ ഇത്. അവന്‍ കൂട്ടുകാരുടെ കൂടെ കളിക്കുന്നത് ഒരൊറ്റ പ്രാവശ്യം. അവിടെ പൂട്ട് വീഴുന്നു. മറ്റൊരു വീട്ടില്‍, സ്‌കൂളില്‍ പോവുന്ന അവന്റെ സമപ്രായക്കാരനെ നോക്കി നില്‍ക്കുന്ന ബാലന്‍. അവന്റെ കണ്ണുകളില്‍ കൊതിയുണ്ട്. ബാലന്റെ അമ്മ ഈ വിഷയത്തില്‍ കരയുന്നുണ്ടെങ്കിലും, സ്‌കൂളില്‍ പോവാനുള്ള കുട്ടിയുടെ അവകാശത്തെ, തങ്ങളുടെ സാഹചര്യങ്ങളെ ഓര്‍ത്തൊന്നുമല്ല അത്. അവര്‍ തമ്മിലുള്ള ധാരണകള്‍ തകരുമോ, അവളുടെ ഉള്ളിലെ അവനോടു പറയാത്ത കഥയിലെ സ്വരൂപം പുറത്തു വരുമോ എന്നൊരു ഭയം പോലെ. അനുകൂലമായ ഒരു സാഹചര്യം വന്നപ്പോള്‍ (മാത്രം) അവന്റെ ആഗ്രഹം നടത്തി കൊടുത്തു അവനെ സന്തോഷിപ്പിക്കുന്നു. ഫര്‍സാനയുടെ പല പേരുകളുള്ള അമ്മക്ക്, അത് പോലെ തന്നെ ഒരു മകന്‍ മതി. അവനു അവള്‍ കൊടുക്കുന്നതാണ് ഐഡന്റിറ്റി. അവള്‍ പറയുന്നതാണ് ശരി. തിരിച്ചു പറയരുത്. ചോദ്യങ്ങളും അരുത്. അനുസരിപ്പിക്കുക, ഒരു അടിമ പോലെ. പക്ഷെ, ബാലന്റെ അമ്മയെ വാത്സല്യത്തിന്റെ മൂര്‍ത്തി ഭാവമായി കാണാനേ മിക്ക പ്രേക്ഷകര്‍ക്കും പറ്റുന്നുള്ളു. ഈ കഥാപാത്രം സ്വന്തം ജീവിതത്തെപ്പറ്റി പറയുന്ന കഥയും ഒരു കഥയാവാമല്ലോ. അവള്‍ ആരോടെങ്കിലും സത്യം പറയുമെന്ന് വിശ്വസിക്കാന്‍ ‘ബാലന്‍ ദി ബോയ്’ ഒരു പഴുതും തരുന്നില്ല. അമ്മച്ചിയില്‍ ശക്തയായ ഒരു പ്രതിയോഗിയെ അവള്‍ കാണുന്നു. മാത്രമല്ല, ആ സെറ്റപ്പും കൊള്ളാം. (മുന്‍പ് കിട്ടിയ അഭയം തള്ളുമ്പോഴത്തേ ഡയലോഗ് ഇവിടേ അപ്രസക്തതമാകുന്നുണ്ടോ?) അവള്‍ ആഗ്രഹിക്കുന്ന ഒരു ഭാവി അവിടെയുണ്ട്. അവിടെ ഒരു ക്രിമിനല്‍ ആവേണ്ട ഒരു ആവശ്യവും ഇല്ല.
ബാലന്‍ ദി ബോയ് എന്ന സിനിമയിലെ മറ്റൊരു പ്രതിസന്ധി അതില്‍ അമ്മയെ തേടി, അമ്മയില്‍ നിന്ന് തന്നെ അകന്നു പോകുന്ന ഒരു കുട്ടിയുണ്ട് എന്നതാണ്. അവനെ അത്യാവശ്യം എല്ലാ കുതതന്ത്രങ്ങളും പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍, ആ കാത്തിരിപ്പും, അതിനു ശേഷമുള്ള സിനിമയുടെ ഗതിയും കൂട്ടിമുട്ടുന്നില്ല. അമ്മയുടെ കാര്യത്തിലും. മകന്റെ കാര്യത്തിലും. അബ്ബയുടെ വാക്ക് വിശ്വസിച്ചു അത്രയും കാലം അവിടെ തങ്ങാന്‍ മാത്രം നിഷ്‌കളങ്കനാണൊ ഈ ബാലന്‍. അയാളും, അയാളുടെ ചുറ്റുപാടുകളും, അയാള്‍ അവനെ പരിചയപ്പെടുത്തുന്ന തൊഴിലും, ഇടക്കുള്ള സെന്റിമെന്റല്‍ ഓര്‍മപെടുത്തലിലും അവന്റെ അമ്മ ഒളിഞ്ഞും തെളിഞ്ഞും വരുന്ന പോലെ. അത്രയും ചെറിയ പ്രായത്തില്‍ അവന്‍ എടുത്ത റിസ്‌ക് വെച്ച് നോക്കിയാല്‍ തിരിച്ചു വരവിന് ഇത്രയും കാലം ആവശ്യമുണ്ടോ? സാധാരണ ഇത്ര ലോജിക്കല്‍ ആയി സിനിമകളെ സമീപിക്കാറില്ല. പക്ഷെ, ഇതിപ്പോ ബാലന് അമ്മയോടുള്ളത് എന്താണ്, അമ്മക്ക് ബാലനോട് ഉള്ളത് എന്താണ് എന്നതില്‍ ഒരു ആഴത്തിലുള്ള ഒരു സിനിമാറ്റിക് ദുരൂഹതയും തോന്നാത്തത് കൊണ്ടും, അമ്മയുടെ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യാന്‍ പറ്റാത്തതും, അങ്ങിനെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമായി അമ്മയെ കാണാന്‍ പ്രേരിപ്പിക്കുന്നു. അത്തരമൊരു അതിജീവനത്തിന്റെ ഭംഗി സിനിമക്കുണ്ട്. പ്രത്യേകിച്ചും ഷോട്ടുകളിലും ബാലന്റെയും ബാലന്റെ അമ്മയുടെയും മികച്ച പ്രകടനത്തിലും. ഇത് വരെ കാണാത്ത ഒരു മേക്കിങ് കൊണ്ട് വന്നതില്‍ ചിദംബരം അഭിനന്ദനം അര്‍ഹിക്കുന്നു. ജിത്തു മാധവന്റെ സ്‌ക്രിപ്റ്റ് കരുത്തുറ്റതാണെന്ന് ഇത് വരെ കണ്ട സിനിമകള്‍ തോന്നിപ്പിച്ചിട്ടില്ല.. സന്ദര്‍ഭങ്ങളിലേക്കു വേണ്ട ഒരു ഒരു ഫ്‌ളോ ഉണ്ടാകും ഡയലോഗുകളില്‍. അമ്മച്ചി പറഞ്ഞ പോലെ.
നല്ല സ്‌കോപ്പ് ഉണ്ടായിരുന്നു ഈ ത്രെഡിന്. പക്ഷെ പാതി വിടര്‍ന്നപ്പോഴെക്കും വീണ പൂവായി. മലയാള സിനിമയില്‍ ഇപ്പോഴുള്ള ട്രെന്‍ഡ്, കൊലപാതക ദുരൂഹതയാണല്ലോ. അഞ്ചാം പാതിര സ്‌റ്റൈല്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൊറിയന്‍ സ്‌റ്റൈല്‍ മോഹിനിയാട്ടം, പിന്നെ ബാലനിലെ തോക്കേന്തിയ പെണ്ണുങ്ങളും, പൊട്ടുന്നതും പൊട്ടാത്തതുമായ ഉണ്ടകളും, ഇതിനിടയില്‍ ചെറിയ ഗിമ്മിക്കുകളും, പിന്‍വാതിലിലൂടെ അപ്രത്യക്ഷ്യമാവുന്ന നായികയും. അല്ലെങ്കില്‍ ഇതിനു തുടക്കം കുറിച്ച കിഷ്‌കിന്ധാകാണ്ഡം പോലെ അവസാനത്തേക്കു ഒളിപ്പിച്ചുവെക്കുന്ന കുഞ്ഞു രഹസ്യങ്ങള്‍. അവിടെയും നല്ല ഷോട്ടുകള്‍. വിജയരാഘവന്‍ അഭിനയിച്ചു തകര്‍ക്കുന്നു. ആസിഫ് അലി തന്റെ കഥാപാത്രത്തെ ഇടക്കിടെ മറന്നു പോകുന്നുണ്ട് കിഷ്‌കിന്ധകാണ്ഡത്തില്‍. അതും, ഇടയിലെ ലോജിക്കല്‍ വിടവുകളൊക്കെ വിസ്മരിക്കപ്പെടുന്നു. (ഈ ടീമിന്റെ ഒരു വ്യത്യസ്തത ആയി തോന്നിയത് അവര്‍ നന്നായി പണിയെടുത്തു ഓരോ വര്‍ക്കുകളും മെച്ചപ്പെടുത്തുന്നുണ്ട്. എക്കോ തന്നെ ഉദാഹരണം.) പറഞ്ഞു വന്നത് മൊത്തത്തില്‍ ഒന്ന് വട്ടം കറക്കിയാല്‍, എല്ലാം മറന്നു നമ്മള്‍ വീഴും. പുറത്തുള്ളവര്‍ ഊതി വീര്‍പ്പിക്കുന്ന അത്രയൊന്നും സിനിമ പരിജ്ഞാനം നമുക്കില്ലെന്നു സാരം.

80കളിലെയും 90കളിലെയും നല്ല സിനിമകളെ കുറിച്ച് പറഞ്ഞാല്‍ അത് ഒജി (OG) വൈബ് ആയി പോവുമല്ലോ. മലയാളത്തിലെ മിക്ക ന്യൂ വേവ് തിരക്കഥാകൃത്തുക്കളുടെയും പ്രശ്‌നം അവരുടെ തിരക്കഥകള്‍ വളരെ ഫ്‌ളാറ്റ് ആണ് എന്നുള്ളതാണ്. സംഭാഷണങ്ങളില്‍ സ്വാഭാവികതയും, ഒഴുക്കും, ഹ്യൂമറും, ബ്ലാക്ക് ഹ്യൂമറും കൊണ്ട് വരുന്നുണ്ട്. അത്രയൊക്കെയേ മതി സോഷ്യല്‍ മീഡിയ ഏറ്റെടുക്കാന്‍. ഈ സിനിമകളില്‍ നിശ്ശബദത കുറവാണ്. വിഷ്വല്‍സിലൂടെ കഥ പറയുന്നതൊക്കെ, അല്ലെങ്കില്‍ അഭിനേതാക്കളെ കൃത്യമായി പൊസിഷന്‍ ചെയ്യുന്ന റോളുകളൊക്കെ എത്രയോ കുറവാണ്. ഉദാഹരണത്തിന് ഫഹദ് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടനാണ്. പക്ഷെ, അടുത്ത കാലത്തു ഇറങ്ങിയ മിക്ക സിനിമകളിലും ഫഹദ് സൈക്കോ മോഡില്‍ ആണ്. ഒരേ സ്‌പേസില്‍ ഒരു മികച്ച നടനും അയാളെ ഉപയോഗിക്കുന്ന സംവിധായകരും പെട്ടു പോയ പോലെ. മോളിവുഡ് ടൈംസിലെ നസ്ലെനെ പൊക്കി പൊക്കി ഏതാണ്ടാക്കി സോഷ്യല്‍ മീഡിയ റിവ്യൂവേഴ്‌സ്. ഫസ്റ്റ് ഹാഫിലെ കംഫര്‍ട്ട് സോണ്‍ കഴിഞ്ഞു, പിന്നെ ആ കഥാപാത്രത്തോട് നീതി പുര്‍ലര്‍ത്താന്‍ സംവിധായകനോ, അഭിനയിച്ച നസ്ലെനോ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതെ സമയം, മമിത ബൈജു തമിഴില്‍ ഓരോ സിനിമകളിലൂടെ അഭിനയം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു. ഈയിടെ കണ്ട ധനുഷ് ചിത്രം കരയില്‍ മികച്ച പ്രകടനം ആയിരുന്നു. ജന്‍സി കിഡ് റോളുകളില്‍ നിന്ന് മാറി ഒരു പക്കാ നാടന്‍ തമിഴ് പൊണ്ണ് ആയിരിക്കുന്നു. ഹൈപ്പ് കുറച്ചാല്‍ യുവ അഭിനേതാക്കള്‍ക്ക് അവരെ മെച്ചപ്പെടുത്താനുള്ള സ്‌പേസും കൂടിയാണ് നമ്മള്‍ നല്‍കുന്നത്. അത് നമ്മുടെ ഉത്തരവാദിത്തവും കൂടിയാണ്.

സിനിമകള്‍ വരട്ടെ. പുതിയ രൂപത്തിലും ഭാവത്തിലും. എല്ലാ പരീക്ഷണങ്ങള്‍ക്കും മലയാസിനിമ വേദിയാകട്ടെ. നല്ല സംവിധായകരും, തിരക്കഥാകൃത്തുക്കളും ഉണ്ടാകട്ടെ. സാങ്കേതികമായും വളരട്ടെ. പക്ഷെ, ഒന്നില്‍ മാത്രം വിയോജിപ്പുണ്ട്. സോഷ്യല്‍ മീഡിയ പരത്തുന്ന സിനിമ ഇമേജുകള്‍. അമിതമായി വാഴ്ത്തപ്പെടുന്ന പ്രതിഭകള്‍, ചില ടാഗുകള്‍. മറ്റു ചില സോഷ്യല്‍ മീഡിയ സിനിഫിലെസ് തെക്കു നിന്ന് വടക്കോട്ടു എന്ന രീതിയില്‍ അനര്‍ഗ്ഗളം എഴുതുകയാണ്. പുതു തലമുറയ്ക്ക് പരിചയമില്ലാത്ത പഴയ സിനിമകളില്‍ നിന്നുള്ള നിര്‍ണായകമായ കണ്ടെത്തലുകള്‍ ആണിവ. രണ്ടു മൂന്നു വട്ടം കണ്ടു നോക്കിയിട്ടും ആ സിനിമയില്‍ ഇതൊന്നും കണ്ടില്ലല്ലോ എന്ന സംശയം ഒരു അപകര്‍ഷതാബോധം കൊണ്ട് വരുമ്പോള്‍, സിനിമ അറിയുന്നവരോട് ചോദിക്കും. സംവിധായകന്‍ പോലും അതറിഞ്ഞിട്ടില്ല എന്ന ഉത്തരമാണ് ആശ്വാസം. പക്ഷെ, ഇതേ കാര്യം തികഞ്ഞ സിനിമ അവബോധത്തോടെ ചെയ്യുന്ന പല നല്ല എഴുത്തുകാരും സോഷ്യല്‍ മീഡിയയില്‍ തന്നെ ഉണ്ട് എന്നതും ഓര്‍മിപ്പിക്കട്ടെ.
ഐഎഫ്എഫ്‌കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ പോലും ഒരു സിനിമ അതിന്റെ ഓഡിയന്‍സിനു മനസ്സിലായില്ലെങ്കില്‍ മൊബൈലുകളില്‍ ഫ്‌ളാഷ്‌കള്‍, ചാറ്റിങ്, ഫോണ്‍ വിളി, വര്‍ത്തമാനം തുടങ്ങിയ കലാപരിപാടികള്‍ തുടങ്ങും. ആരോട് പറയാന്‍! ഈയടുത്തു ഒബ്‌സെഷന്‍ എന്ന സിനിമ ഇവിടെ ബാംഗ്ലൂരില്‍ വലിയ വില കൊടുത്തു വാങ്ങിയ സീറ്റില്‍ ഇരുന്നു കാണുമ്പോള്‍ ഡിപ്രഷന്‍ സിനിമകളുടെ ആരാധകരായ ജന്‍സി പോപ്കോണുകള്‍ എറിഞ്ഞു കളിച്ചു മൊത്തം സംസാരത്തിലാണ്. സംഭവം മറ്റൊന്നുമല്ല. സബ്ടൈറ്റില്‍ ഇല്ലാതെയാണല്ലോ ഈ സിനിമ കറി ബാര്‍ക്കര്‍ ഇറക്കിയത്. അപ്പൊ കാണുന്ന സീനുകള്‍ അപ്പോള്‍ തന്നെ ഡീകോഡ് ചെയ്യുകയാണ്. നമുക്ക് സീരിയസ് ആയി തോന്നുന്ന സീനുകളില്‍ അടക്കം ഇവര്‍ ചിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത യുഗത്തില്‍ പിറന്നവരുടെ ബ്രെയിന്‍ പവര്‍ ഇവര്‍ക്കു ഉണ്ടാവാന്‍ സാധ്യതയില്ല എന്നോര്‍ത്ത് വെറുതെ സമാധാനിക്കുന്നു. വ്യക്തിപരമായി അഭിപ്രായം പറയാനുള്ള സ്‌പേസുകള്‍ കൂടി വരുമ്പോള്‍, ഒരു മാസ്സ് മീഡിയത്തെയും പഠിക്കണ്ട ആവശ്യമില്ല എന്തും പറയാന്‍ എന്ന സൗകര്യം കള പോലെ വന്യമായി വളരുന്നു. 30 സെക്കന്റ്‌സ് റീല്‍സ് റീച്ചിന്റെ ജനകീയത, ഒന്നിനെയും വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കാത്ത തരത്തിലുള്ള ഒരു ബ്രെയിന്‍ റോട്ട് (brain rot) മോഡിലേക്ക് നമ്മളെ ഇതിനോടകം പാകപ്പെടുത്തി കഴിഞ്ഞിട്ടുള്ളത് കൊണ്ട് ഇനിയങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ ഉപരിപ്ലവമാകാനാണ് സാധ്യത. അത് കൊണ്ട് തന്നെ, ചെറുപ്പത്തില്‍ നാട്ടിലെ ഓലപ്പുര തിയേറ്ററില്‍ നിന്ന് തുടങ്ങിയ സിനിമ പാരമ്പര്യം, ഇപ്പോഴും ഒരു പിരാന്ത് ആയി കൊണ്ട് നടക്കുന്ന എന്നെ പോലുള്ള ഒരു മൂവി ബഫിനു വ്യക്തമായി തോന്നിയ ഒരു കാര്യം വീണ്ടും പറയാം. പുതുമയുള്ള ഒരു പ്രമേയം നല്ല ഷോട്ടുകളിലൂടെ അവതരിപ്പിച്ച ഒരു സിനിമയാണ് ബാലന്‍ ദി ബോയ്. പക്ഷെ ഒരു ക്ലാസിക് അല്ല. പരത്തി പറഞ്ഞു ചിദംബരം ഇനിയും ചെയ്യാനിരിക്കുന്ന സിനിമകളുടെ കൂടി ക്വാളിറ്റി കുറക്കരുത്.
Content Summary; Chidambaram’s ‘Balan The Boy’ is a well-crafted movie with great performances, but is it truly a classic? A critical analysis of the film
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.