അതീവ സുരക്ഷയുള്ള ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫിസിന് സമീപം ഉത്തര കൊറിയയില്‍ നിന്നയച്ച കൂറ്റന്‍ ബലൂണ്‍ പറന്നിറങ്ങി. മാലിന്യങ്ങള്‍ വഹിച്ച ബലൂണ്‍ ആയിരുന്നു അതെന്നാണ് യോന്‍ഹാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലൂണ്‍ അപകട ഭീഷണി ഉയര്‍ത്തുന്നതെല്ലാണ് മറ്റ് വാര്‍ത്ത ഉറവിടങ്ങള്‍ നിന്നുള്ള വിവരം. രാസപരിശോധന വിദഗ്ദര്‍ സിയോളില്‍ എത്തി കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ ഉത്തര കൊറിയ അയച്ച ഒരു ബലൂണ്‍ സിയോളിലെ വിമാനത്താവളത്തിന് സമീപമാണ് പറന്നിറങ്ങിയത്.
സിയോളില്‍ സ്ഥിതി ചെയ്യുന്ന പ്രസിഡന്റ് ഓഫിസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഓഫിസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആകാശ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മേയ് മുതല്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ്ഗ്യാങില്‍ നിന്ന് ബലൂണുകള്‍ അയല്‍രാജ്യത്തേക്ക് പറന്നിറങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് ശത്രു അയച്ച ബലൂണ്‍ പ്രസിഡന്റിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ വന്നിറങ്ങിയിരിക്കുന്നത്. കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍ സംഘങ്ങള്‍ ബലൂണ്‍ പരിശോധന നടത്തുന്നുണ്ടെന്നാണ്, പ്രസിഡന്റിന്റെ സുരക്ഷ സംവിധാനം എഎഫ്പിയെ അറിയിച്ചത്. ബലൂണ്‍ വന്ന സമയത്ത് പ്രസിഡന്റ് യൂന്‍ സുക് യോള്‍ ഓഫിസില്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ബലൂണ്‍ വെടിവച്ചിടാന്‍ സൈന്യം മടിച്ചിരുന്നു. എന്തെങ്കിലും രാസവസ്തുക്കള്‍ ബലൂണില്‍ നിറച്ചിട്ടുണ്ടോയെന്ന ഭയത്തിലായിരുന്നു ആ തീരുമാനം എന്നാണ് യോന്‍ഹാപ് പറയുന്നത്.
സിയോളിന്റെ മറ്റ് ഭാഗങ്ങളിലും പ്യോങ്ഗാങ്ങില്‍ നിന്നും പറന്നുയര്‍ന്ന ബലൂണുകള്‍ പതിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ ആരും ബലൂണ്‍ സ്പര്‍ശിക്കരുതെന്നും, ബലൂണുകള്‍ കണ്ടാല്‍ വിവരം അടുത്തുള്ള സൈനിക യൂണിറ്റിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പടിഞ്ഞാറില്‍ നിന്ന് വീശുന്ന കാറ്റ് അനുകൂലമാക്കി ശത്രുക്കള്‍ വിടുന്ന ബലൂണുകള്‍ ദക്ഷിണ കൊറിയയുടെ വടക്കന്‍ ഗ്യോങ് പ്രവിശ്യയില്‍ വന്നിറങ്ങും. തലസ്ഥാനം ഉള്‍പ്പെടുന്ന ഗ്യോങ് പ്രവിശ്യ ദക്ഷിണ കൊറിയയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മേഖലയാണ്.
വടക്കന്‍ കൊറിയയുടെ ബലൂണ്‍ വിക്ഷേപണങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ സൈന്യം ഉച്ചഭാഷണികള്‍ വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ-പോപ്പ് പാട്ടുകള്‍ ഉച്ചത്തില്‍ വച്ചും, ഉത്തര കൊറിയന്‍ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തും കിം ജോങ് ഉന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്കുശേഷമാണ് ഇപ്പോഴത്തെ സംഭവം നടന്നിരിക്കുന്നത്.
ബലൂണുകള്‍ രണ്ടു രാജ്യങ്ങളും പരസ്പരം പ്രയോഗിക്കുന്ന ആയുധമാണ്. 1950 കളില്‍ നടന്ന കൊറിയന്‍ യുദ്ധം മുതല്‍ തങ്ങളുടെ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായി അങ്ങോട്ടുമിങ്ങോട്ടും അയക്കാറുണ്ട്. ഈ വര്‍ഷം മേയ് മുതല്‍ ഉത്തര കൊറിയക്കാര്‍ ബലൂണ്‍ പറത്തുന്നതിന്റെ എണ്ണം കൂട്ടിയിരുന്നു. ഈ വര്‍ഷം പത്താമത്തെ ബലൂണാണ് പോങ്ഗ്യാങ് അതിര്‍ത്തി കടത്തി പറത്തിയിരിക്കുന്നത്.
ഉത്തര കൊറിയന്‍ ഭരണകൂടത്തെ അലോസരപ്പെടുത്തിക്കൊണ്ട് ദക്ഷിണ കൊറിയയില്‍ നിന്നും ബലൂണുകള്‍ പറന്നിറങ്ങാറുണ്ട്. പോങ്ഗ്യാങ് വിരുദ്ധ ലേഖനങ്ങള്‍, മരുന്നുകള്‍, ഭക്ഷണം, പണം, യുഎസ്ബി സ്റ്റിക്കുകള്‍ തുടങ്ങി കെ-പോപ്പ് വീഡിയോകളും സിനിമകളും വരെ ഇത്തരത്തില്‍ ഉത്തര കൊറിയയിലേക്ക് ബലൂണ്‍ വഴി കയറ്റിയയക്കാറുണ്ട്. പകരം ഉത്തര കൊറിയയില്‍ നിന്നും പഴങ്കടലാസുകള്‍, തുണിക്കഷ്ണങ്ങള്‍, സിഗററ്റ് കുറ്റികള്‍, ചാണകം തുടങ്ങിയവ തിരിച്ചും അയക്കും. ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഉത്തരകൊറിയന്‍ വിരുദ്ധ ലേഖനങ്ങള്‍ അവരുടെ ബലൂണുകളില്‍ നിറച്ച് അതിര്‍ത്തി കടത്തി വിടുന്നതിന് പകരമാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്നാണ് ഉത്തര കൊറിയ പറയുന്നത്. രണ്ടായിരത്തിനു മുകളില്‍ ബലൂണുകള്‍ ഇത്തരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പറത്തി വിട്ടിട്ടുണ്ട്.
ഇത്തവണ എങ്ങനെയാണ് പ്രസിഡന്റ് ഓഫിസിന് സമീപം തന്നെ ഉത്തര കൊറിയ ബലൂണ്‍ ഇറക്കിയതെന്നാണ് എല്ലാവരും ആകാംക്ഷയോടെ തിരക്കുന്നത്. കൃത്യസ്ഥലത്ത് ഇറക്കാനുള്ള, ടൈമര്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ ബലൂണില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം, ഉത്തര കൊറിയയുടെ പ്രവര്‍ത്തിക്ക് ശക്തമായ തിരിച്ചടി മറുഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.
ഉത്തര കൊറിയന്‍ ബലൂണുകള്‍ ഇതുവരെ അപകടം ഉണ്ടാക്കിയിട്ടില്ലെങ്കിലും ദക്ഷിണ കൊറിയക്കാര്‍ക്ക് ഭയമുണ്ട്. എന്തെങ്കിലും രാസായുധങ്ങള്‍ അവര്‍ ബലൂണുകള്‍ വഴി തങ്ങള്‍ക്കു നേര്‍ക്ക് പ്രയോഗിക്കുമോയെന്നതിലാണ് പേടി. balloons carrying rubbish sent by north korea have landed south korea’s presidential compound
Content Summary; balloons carrying rubbish sent by north korea have landed south korea’s presidential compound