June 04, 2026 |

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം; വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി കോൺഗ്രസ്‌

വയനാട്ടിലെ എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെയും നിലവിലെ എംപി പ്രിയങ്കാ ഗാന്ധിയുടെയും പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു രാത്രിയാത്രാ നിരോധനം നീക്കാൻ കർണാടക സർക്കാർ ഇടപെടുമെന്നത്

നിലവിൽ രാത്രിയാത്രാ നിരോധനം മാത്രമുള്ള കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത (എൻഎച്ച് 766) പൂർണമായും അടയ്ക്കണമെന്ന ആവിശ്യവുമായി കർണാടക. ബന്ദിപ്പൂർ കടുവ സങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ് പ്രഭാകരൻ വെള്ളിയാഴ്ച്ച സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കർണാടക ആവിശ്യമുന്നയിച്ചത്. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷിചേരാൻ സുൽത്താൻ ബത്തേരി സ്വദേശി പോൾ മാത്യൂസ് സമർപ്പിച്ച ഹർജിയിൽ, കക്ഷികൾക്ക് സമർപ്പിച്ച നോട്ടീസിന് മറുപടിയായാണ് റോഡ് പൂർണമായും അടയ്ക്കണമെന്ന സത്യവാങ്മൂലം കർണാടക നൽകിയത്.Bandipur night travel ban

16 വർഷങ്ങളായി തുടരുന്ന രാത്രിയാത്ര നിരോധനത്തിന് അവസാനമുണ്ടാകണമെന്ന ആവശ്യവുമായി കേരളം നിരന്തരം കർണാടകയെ സമീപിക്കുകയും സുപ്രീം കോടതിയിൽ കേസ് നടത്തുകയും ചെയ്യുമ്പോഴാണ് കോൺഗ്രസ് ഭരണത്തിലുള്ള കർണാടക റോഡ് പൂർണമായും അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. വയനാട്ടിലെ എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെയും നിലവിലെ എംപി പ്രിയങ്കാ ഗാന്ധിയുടെയും പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു രാത്രിയാത്രാ നിരോധനം നീക്കാൻ കർണാടക സർക്കാർ ഇടപെടുമെന്നത്. എന്നാൽ ഈ വാഗ്ദാനത്തിന്റെ ചൂടാറുന്നതിന് മുൻപാണ് കർണാടക സർക്കാർ സുപ്രീം കോടതിയിൽ കടുത്ത നിലപാട് സ്വീകരിച്ചത്.

രാത്രിയാത്രാ നിരോധനം നീക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പറഞ്ഞിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ നാണയമാക്കി ഉപയോഗിച്ച് കോൺഗ്രസ് പ്രചരണം നടത്തുകയും ചെയ്തിരുന്നു.

ദേശിയപാത 766 ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ ഉൾമേഖലയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് ബദലായി കുട്ട-ഗോണിക്കുപ്പ വഴിയുള്ള സ്റ്റേറ്റ് ഹൈവേ നവീകരിച്ചിട്ടുണ്ടെന്നും രാത്രിയും പകലും ഇതുവഴി പോകാമെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ആവിശ്യമെങ്കിൽ ഇതിലെ തുരങ്ക പാതയോ, മേൽപാതയോ നിർമിക്കാമെന്നുമുണ്ട്.

മുത്തങ്ങയിലെ കേരള അതിർത്തി മുതൽ ഗുണ്ടൽപേട്ടിലെ മദൂർ വരെ 19.5 കിലോമീറ്ററാണ് രാത്രിയാത്രാ നിരോധനം. വൈകുന്നേരം 6 മണി മുതൽ രാവിലെ 9 മണി വരെ ഈ വഴിക്ക് പോകാൻ സാധിക്കില്ല. റോഡ് 24 മണിക്കൂർ തുറന്ന് കിട്ടുന്നതിന് കേരളം ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പൂർണമായും അടയ്ക്കണമെന്ന ആവിശ്യം കർണാടക മുന്നോട്ട് വയ്ക്കുന്നത്.

ദേശീയപാതയിലെ രാത്രി യാത്രാ നിരോധനം കർണാടക സർക്കാരിനെക്കൊണ്ട് പിൻവലിപ്പിക്കുമെന്ന പ്രിയങ്കാ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം ഇല്ലാതാവുകയാണ് കർണാടകയുടെ പുതിയ തീരുമാനത്തിലൂടെ. 16 വർഷമായി തുടരുന്ന രാത്രിയാത്ര നിരോധനം പോലും വയനാട് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. വയനാട്ടിലെ പ്രതിസന്ധികൾക്ക് പിന്നാലെ കേരളത്തിന്റെ വ്യാപാര, കാർഷിക, വിദ്യാഭ്യാസ ടൂറിസം മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

2009 ആഗസ്റ്റ് ഒന്നിന് ചാമരാജ് നഗർ ഡെപ്യൂട്ടി കമ്മീഷണറാണ് ഈ പാതയിൽ രാത്രിയാത്ര നിരോധിച്ചത്. അന്ന് കേരള സർക്കാർ കർണാടക സർക്കാരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇതേതുടർന്ന് കലക്ടർ ഉത്തരവ് പിൻവലിക്കുകയുമായിരുന്നു. പിന്നീട് വിവിധ സംഘടനകൾ ചേർന്ന് കർണാടക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കലക്ടറുടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ കേസ് നടത്തുകയാണ്.

നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുട്ട-ഗോണിക്കുപ്പ സംസ്ഥാനപാത, ബദൽ പാത എന്ന നിലയിൽ 75 കോടി ചെലവഴിച്ച് കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ വാഹനങ്ങൾ കൂടുതലായും ഇതിലെയാണ് പോകുന്നതെന്നും കർണാടക നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ദേശിയപാത 766ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻഎച്ച് 766 പൂർണമായും അടച്ചിടാമെന്നാണ് ഡയറക്ടർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ദേശിയപാത 766ൽ ചിക്കരു​ഗി- വള്ളുവാടി ബദൽപാത, ഈ റൂട്ടിൽ എലവേറ്റഡ് പാത, തുരങ്ക പാത എന്ന രീതിയിൽ നിർദേശങ്ങൾ ഉയർന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

രാത്രിയാത്ര നിരോധനത്തിൽ മാറ്റമുണ്ടാകുമെന്ന കേരളത്തിന്റെ പ്രതീക്ഷയ്ക്ക് കിട്ടുന്ന വലിയ തിരിച്ചടിയാണ് കർണാടക സമർപ്പിച്ച സത്യവാങ്മൂലം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും, കേരള, കർണാടക സർക്കാരിനോടും യോജിച്ച് തീരുമാനമെടുത്ത് അറിയിക്കാനാണ് സുപ്രീം കോടതി നിർദേശം.Bandipur night travel ban

content summary; Bandipur night travel ban; Karnataka to close the road for full time

Leave a Reply

Your email address will not be published. Required fields are marked *

×