ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തലസ്ഥാനമായ ധാക്കയിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 27 ആയതായി റിപ്പോർട്ട്. 170 ലേരെ പേർക്ക് പരിക്കേറ്റതായും ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എന്റെ കൺമുന്നിൽ വെച്ചാണ് പരീക്ഷാഹാളിൽ വെച്ച് എന്റെ സുഹൃത്ത് മരിച്ചത്, വിമാനം ഇടിച്ചിറങ്ങിയ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിലെ വിദ്യാർത്ഥിയായ ഫർഹാൻ ഹസൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. പരീക്ഷ പൂർത്തിയാക്കി ക്ലാസ് മുറിയിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബി.ജി.ഐ വിമാനം സ്കൂളിന് മുകളിൽ തകർന്നുവീണതെന്ന് ഫർഹാൻ പറഞ്ഞു.
എന്റെ കൂടെ പരീക്ഷാ ഹാളിലുണ്ടായിരുന്ന എന്റെ ഉറ്റ സുഹൃത്ത് എന്റെ കൺമുന്നിൽ മരിച്ചു. വിമാനം അവന്റെ തലയ്ക്ക് മുകളിലൂടെയാണ് പറന്നത്. ചെറിയ കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി നിരവധി മാതാപിതാക്കളും സ്കൂളിനുള്ളിലുണ്ടായിരുന്നു. അവരും വിമാനത്തിനടിയിലായി, ഫർഹാൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിമാനം കെട്ടിടത്തിൽ ഇടിച്ചു കയറുന്നത് നേരിൽ കണ്ടുവെന്ന് കോളേജിലെ അധ്യാപകനായ റെസൗൾ ഇസ്ലാം പറഞ്ഞു. പെട്ടെന്ന് ഒരു സ്ഫോടന ശബ്ദം കേട്ടുവെന്നും നോക്കിയപ്പോൾ തീയും പുകയും മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും മറ്റൊരു അധ്യാപകനായ മസൂദ് താരിക് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അപകടം നടന്ന് മണിക്കൂറുകൾക്കുളളിൽ വലിയ ജനക്കൂട്ടമാണ് ധാക്കയിലെ സ്കൂളിന് സമീപത്തെത്തിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 50 ലധികം പേരെ പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ ഭൂരിഭാഗവും 9 നും 14 നും ഇടയിൽ പ്രായമുള്ളവരാണ്. അപകടം നടന്നയുടനെ തന്റെ മകൻ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ അതിനുശേഷം അവനിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു.
ധാക്കയിലുടനീളമുള്ള ഏഴ് ആശുപത്രികളിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദുരന്തത്തിൽ നിരവധി പേർ മരിച്ച സാഹചര്യത്തിൽ ഇന്ന് ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതാവായ മുഹമ്മദ് യൂനുസ്, ദുരിതബാധിതർക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഇത് രാജ്യത്തിന് അഗാധമായ ദുഃഖത്തിന്റെ നിമിഷമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു, മുഹമ്മദ് യൂനുസ് എക്സിൽ കുറിച്ചു. കൂടാതെ എല്ലാ അധികാരികളോടും ആശുപത്രികളോടും സ്ഥിതിഗതികൾ ഏറ്റവും ഉയർന്ന മുൻഗണനയോടെ കൈകാര്യം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം, പ്രാദേശിക സമയം ഉച്ചയ്ക്ക് 1.06നായിരുന്നു സംഭവമെന്ന് ബംഗ്ലദേശ് സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ധാക്കയിൽ തകർന്നുവീണ ചൈനീസ് നിർമിത എഫ്-7 ബിജിഐ (F-7 BGI) വിമാനത്തിന്റെ അപകടകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു . ഈ വിമാനം സാധാരണയായി ബംഗ്ലാദേശ് വ്യോമസേന പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.
Content Summary: Bangladesh Air Force jet crash: students still in shock
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.