ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ ബംഗ്ലാദേശും വിസ സേവനങ്ങള്‍ നിര്‍ത്തി; സംഘര്‍ഷം പുകയുന്നു

ചിറ്റഗോംഗിലെ വിസ സേവനങ്ങള്‍ ഇന്ത്യ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്‌

Bangladesh high commission

ചിറ്റഗോംഗിലെ ഇന്ത്യന്‍ വിസ സെന്ററുകളുടെ പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിന് തിരിച്ചടിയെന്നോണം ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനും വിസ-കോണ്‍സുലര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. ത്രിപുരയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനും വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള നയതന്ത്ര സംഘര്‍ഷം കൂടുതല്‍ കടുക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

‘ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍’ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ നോട്ടീസ് പുറത്തിറക്കിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സേവനങ്ങള്‍ ലഭ്യമാകില്ലെന്നും ഇതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നതായും ഹൈക്കമ്മീഷന്‍ അറിയിച്ചു. 2024-ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് കാരണമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ കലാപങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍.

കഴിഞ്ഞ ഞായറാഴ്ച ചിറ്റഗോംഗിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. അസിസ്റ്റന്റ് ഹൈക്കമ്മീഷനു നേരെയുണ്ടായ ‘സുരക്ഷാ വീഴ്ച’ കാരണമാണ് ഈ തീരുമാനമെന്ന് ഇന്ത്യ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിസ സെന്റര്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

പ്രതിഷേധവും തര്‍ക്കവും ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ നടന്ന പ്രതിഷേധത്തെച്ചൊല്ലിയും ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് തുടരുകയാണ്.

മയ്മന്‍സിംഗില്‍ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെതിരെ 25 ഓളം വരുന്ന യുവാക്കള്‍ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നും വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് വിദേശ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യയുടെ പ്രസ്താവന ബംഗ്ലാദേശ് പൂര്‍ണ്ണമായും തള്ളി. അതീവ സുരക്ഷാ മേഖലയായ നയതന്ത്ര എന്‍ക്ലേവില്‍ പ്രതിഷേധക്കാര്‍ക്ക് എങ്ങനെ ഇത്രയടുത്ത് എത്താന്‍ കഴിഞ്ഞുവെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകന്‍ തൗഹീദ് ഹുസൈന്‍ ചോദിച്ചു. അനുവാദമില്ലാതെ ഇത്തരം ഒരു മേഖലയില്‍ പ്രതിഷേധം സാധ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഡിസംബര്‍ 18-ന് ദെവനിന്ദ ആരോപിച്ചാണ് 27-കാരനായ ദീപു ചന്ദ്ര ദാസിനെ ഒരുകൂട്ടം മതമൗലികവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തീയിടുകയും ചെയ്തത്. ഈ സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Summary; Bangladesh High Commission temporarily suspended consular and visa services in india

This post was last modified on December 23, 2025 7:07 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment