കഴിഞ്ഞ വർഷം 1,400-ലധികം പേരുടെ മരണത്തിനിടയാക്കിയ, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഉത്തരവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റം ഔദ്യോഗികമായി ചുമത്തി ബംഗ്ലാദേശ്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത് 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട് പ്രക്ഷോഭത്തിൽ ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം.
1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഹസീനയ്‌ക്കെതിരെ വ്യാഴാഴ്ച മൂന്ന് ജഡ്ജിമാരുടെ പാനൽ അസാന്നിധ്യ കുറ്റം ചുമത്തി. ഹസീനയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന വിദ്യാർത്ഥികളെ കൂട്ടക്കൊല ചെയ്തതുൾപ്പെടെ , 15 വർഷത്തെ ഭരണകാലത്ത് ഹസീന നടത്തിയ കുറ്റകൃത്യങ്ങൾക്ക് അവരെ വിചാരണ ചെയ്യുന്നതിന് ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ തെളിവുകൾ ശേഖരിച്ചതായാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണം നടത്താൻ സുരക്ഷാ സേനയോടും അവാമി ലീഗ് പ്രവർത്തകരോടും ഷെയ്ഖ് ഹസീന നേരിട്ട് ഉത്തരവിട്ടതായാണ് അന്വേഷണ റിപ്പോർട്ട്. പ്രകടനക്കാർക്കെതിരെ മാരകായുധങ്ങൾ ഉപയോഗിക്കാനും വെടിയുതിർക്കാനും സുരക്ഷാ സേനയെ ഹസീന അധികാരപ്പെടുത്തിയ ഫോൺ സന്ദേശവും തെളിവായി നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഗോലം മൊർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബംഗ്ലാദേശി ട്രൈബ്യൂണൽ, ഷെയ്ഖ് ഹസീനയ്ക്ക് പുറമെ, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, മുൻ പോലീസ് മേധാവി ചൗധരി അബ്ദുല്ല അൽ-മാമുൻ എന്നിവർക്കെതിരെയാണ് ഔദ്യോഗികമായി കുറ്റം ചുമത്തിയിരിക്കുന്നത്.തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയത് പോലെ ഏകോപിതവും വ്യാപകവും ആസൂത്രിതവുമായ ആക്രമണമാണ് നടന്നതെന്ന് തെളിഞ്ഞു.
പ്രക്ഷോഭം അടിച്ചമർത്താനുള്ള ശ്രമത്തിൽ ഹസീനയുടെ ഭരണകൂടം പതിനായിരക്കണക്കിന് സാധാരണക്കാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു, ഇത് വൻതോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായി. 2009-ൽ അധികാരത്തിൽ തിരിച്ചെത്തിയ ഷെയ്ഖ് ഹസീന, 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തിൽ നടന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ 1973-ലെ നിയമത്തെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) സ്ഥാപിക്കുന്നത്. എന്നാൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി തന്നെ കുറ്റപത്രത്തെ അപലപിക്കുകയും ട്രൈബ്യൂണലിനെ “കംഗാരു കോടതി” എന്ന് വിശേഷിപ്പിച്ചത് കടുത്ത തിരിച്ചടിയാണ്.
“ഞങ്ങളുടെ പാർട്ടി പ്രസിഡന്റിനും മറ്റ് നേതാക്കൾക്കുമെതിരായ കുറ്റപത്രത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, ഈ നടപടി ഞങ്ങളുടെ പാർട്ടിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വേട്ടയാടലിന്റെ മറ്റൊരു തെളിവാണെന്ന് ഞങ്ങൾ ഉറപ്പിക്കുന്നു,” പാർട്ടി എക്‌സിൽ കുറിച്ചു. ഹസീനയ്‌ക്കെതിരെ ട്രൈബ്യൂണൽ ഇതിനകം മൂന്ന് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
“എനിക്കെതിരെ 227 കേസുകളുണ്ട്, അതിനാൽ ഇപ്പോൾ എനിക്ക് 227 പേരെ കൊല്ലാനുള്ള ലൈസൻസ് ഉണ്ട്” എന്ന് പറയുന്ന ഹസീനയുടെ ഓഡിയോ റെക്കോർഡിംഗ് ചോർന്നതിനെത്തുടർന്ന് കോടതിയലക്ഷ്യത്തിന് ഈ മാസം ആദ്യം അവർക്ക് ആറ് മാസം തടവ് ശിക്ഷയും വിധിച്ചിരുന്നു. ഹസീനയുടെ വിചാരണ ഓഗസ്റ്റ് 3 നാണ് ആരംഭിക്കുക. അൽ-മാമുൻ ഇതിനകം കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കെതിരെ സംസ്ഥാന സാക്ഷിയായി മൊഴി നൽകാൻ സമ്മതിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വ്യാപകമായ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ഹസീനയെ നിർബന്ധിതമായി ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരുമോ എന്നത് വ്യക്തമല്ല. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഹസീനയെ കൈമാറുന്നതിനായി ഇന്ത്യൻ സർക്കാരിന് ഔദ്യോഗികമായി കത്തുകളയച്ചെങ്കിലും പ്രതികരണം അറിയിച്ചിട്ടില്ലെന്നാണ് വിവരം. ഇതിൽ ബംഗ്ലാദേശ് സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. 2026 ഏപ്രിലിൽ ആണ് ബംഗ്ലാദേശിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുക, ഇതിൽ നിന്ന് അവാമി ലീഗിനെ സർക്കാർ വിലക്കിയിരിക്കുകയാണ്.
content summary: Bangladesh’s ousted Sheikh Hasina charged with crimes against humanity
This post was last modified on July 11, 2025 1:28 pm
Leave a Comment