’24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎമ്മുകളാണ് ബാങ്ക് ഉദ്യോ​ഗസ്ഥർ’; ജോലിഭാരം ജീവനെടുക്കുന്ന ബാങ്കുദ്യോ​ഗം

ആത്മഹത്യ ചെയ്യുന്ന ബാങ്ക് ഉദ്യോ​ഗസ്ഥരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്

office pressure

‘ജോലി സമ്മർദ്ദം താങ്ങാൻ സാധിക്കുന്നില്ല നാടുവിടുന്നു’. എറണാകുളത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിൻ്റെ ശാഖയിലെ ചീഫ് മാനേജറെ കാണാതാവുന്നതിന് മുമ്പ് അവർ കുറിച്ച വാക്കുകളാണിത്. തിരച്ചിലുകൾക്കൊടുവിൽ ഇവരെ കണ്ടെത്തിയെങ്കിലും ഈ ചർച്ച ഇവിടംക്കൊണ്ട് അവസാനിക്കുന്നതല്ല. മുതിർന്ന ഉദ്യോ​ഗസ്ഥരുടെ പീഡനവും ചൂഷണവും താങ്ങാൻ വയ്യാതെ ജോലി ഉപേക്ഷിക്കുന്ന ആത്മഹത്യ ചെയ്യുന്ന ബാങ്ക് ഉദ്യോ​ഗസ്ഥരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. അതിലെ അവസാന ഇരയാണ് കൊച്ചിയിലെ ഈ ബാങ്ക് ഉദ്യോ​ഗസ്ഥ. കൊള്ള ലാഭം മാത്രം മുന്നിൽ കണ്ട് ബാങ്കുകൾ പ്രവർത്തിക്കുമ്പോൾ ഇരകളാവുന്നതാവട്ടെ ഇത്തരത്തിലുള്ള ബാങ്ക് ഉദ്യോ​ഗസ്ഥരാണ്

ബാങ്കുകളുടെ ട്രാൻഫർമേഷനിൽ വന്ന ഉള്ളടക്കമാണ് ഇന്നുണ്ടായിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങളുടെയും ഉറവിടം. ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് മാനേജറായിരുന്നു ആ സ്ത്രീ. അതായത് ഐ എ എസ് ഓഫീസർമാരുടെ പദവിയുള്ള ഉദ്യോ​ഗസ്ഥ. അതിനോട് കലഹിച്ച് നാട് വിട്ട് പോകണമെന്നുണ്ടെങ്കിൽ ഈ ജോലിയിൽ നിന്ന് അവർ അനുഭവിച്ച സമ്മ‍‍ർദ്ദം എത്രത്തോളമായിരിക്കും അത് സങ്കൽപ്പിക്കാൻ കഴിയുന്നതല്ലെന്ന് മുൻ ബെഫി സ്റ്റേറ്റ് പ്രസിഡന്റായ ടി നരേന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു.

​ബാങ്കിം​ഗ് മേഖലയെ പരിവർത്തനത്തിന് വിധേയമാക്കിയപ്പോൾ അതിൽ നിന്നുണ്ടാവുന്ന സമ്മ‍ർദ്ദം ഇവരെ പോലുള്ളവർക്ക് മേൽ കൊടുക്കേണ്ടി വരുന്നു. പത്ത് ഇരുപത് കൊല്ലത്തിനിടയിൽ 1500ലധികം ആളുകൾ ഇത്തരത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. നിവർത്തിക്കേട് കൊണ്ടാണ് അവർക്ക് ആത്മഹത്യയെന്ന ഒരു പരിഹാരം തിരഞ്ഞെടുക്കേണ്ടി വരുന്നത്. സാമൂഹികവൽക്കരണത്തിലൂടെ മാത്രമേ ഈ വിഷയത്തിന് അല്ലെങ്കിൽ അവരനുഭവിക്കുന്ന വേദനയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ.

ഒരു തരത്തിലുള്ള ശ്രേണി രൂപീകരണം ഈ മേഖലയിൽ നടക്കുന്നുണ്ട്. കൂടാതെ പൊലീസ് സേനയിലെല്ലാമുള്ള തരത്തിലുള്ള ഒരു സെൻസിറ്റീവ് സ്വഭാവവും ഈ ജോലിയ്ക്കുണ്ട്. അതായത് തങ്ങളുടെ മേഖലയുടെ കോൺഫിഡൻഷ്യൽ സ്വഭാവം കാത്തു സൂക്ഷിക്കാൻ ജീവനക്കാർ നിർബന്ധിതരാകുന്നു. ഈ രണ്ട് ഘടകങ്ങളുടെ ഫലമായി ഇവർക്ക് മേലുള്ള മാനസിക സമ്മർദ്ദത്തിന്റെ അളവ് കൂടുകയാണ്. വീട്ടിൽ വന്ന് സ്വന്തം ഭർത്താവിനോട് പോലും വന്ന് ബാങ്കിന്റെകത്തെ അളിഞ്ഞ കഥകൾ പറയാത്തവർ ധാരാളമാണ്. അടുക്കളയിൽ തലകുനിച്ചിരുന്ന് പണ്ടെത്തെ സ്ത്രീകൾ പുരുഷ മേധാവിത്വത്തെ സഹിച്ചില്ലേ. അതേ പാറ്റേൺ മറ്റൊരു ഫോർമാറ്റിൽ ഇവിടെ അവർ അനുഭവിക്കുന്നു. കാശും, പത്രാസും, ആനുകൂല്യങ്ങളുമെല്ലാം ഒരു വ്യക്തിയ്ക്ക് ബാങ്ക് ഉദ്യോ​ഗം വഴി കിട്ടുന്നുണ്ട്. എന്നാൽ, ലോകം മുഴുവൻ കീഴടക്കിയാലും സമാധാനമില്ലെങ്കിൽ ഒരു കാര്യവുമില്ല. പണവും പദവിയുമെല്ലാം ഉണ്ടെന്ന് പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ ലഭിക്കേണ്ടുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. അവ ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരുന്നു.

ഒമ്പത് മണിക്കോ എട്ടരയ്ക്കോ വീട്ടിൽ നിന്ന് പുറപ്പെട്ട് നമ്മുടെ യന്ത്രം ഓൺ ചെയ്ത് കഴിഞ്ഞാൽ, പിന്നെയത് ഓഫ് ചെയ്യണമെങ്കിൽ നമ്മുടെ ഫോൺ സ്വിച്ച്ഡ് ഓഫാക്കി വയ്ക്കണം. ഇനി അങ്ങനെ ഓഫ് ചെയ്ത് വയ്ക്കുന്ന സാഹചര്യത്തിലാണ് മേലുദ്യോ​ഗസ്ഥന്റെ ഭാ​ഗത്ത് നിന്ന് ഒരു വിളി വരുന്നതെങ്കിൽ, അതിനുള്ള് പിറ്റേ ദിവസം കിട്ടും. 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം സംവിധാനത്തിന് തുല്യമാണ് ഓരോ ഉദ്യോ​ഗസ്ഥരുടേയും ജീവിതം. ഇതേ രീതിയിൽ തന്നെ ആട്ടു തുപ്പും പരിഹാസവും അവജ്ഞയുമാണ് ഉപഭോക്താക്കൾക്കും നേരിടേണ്ടി വരുന്നത്. എന്നാൽ കാശിന്റെ തൂക്കം വച്ച് ഉപഭോക്താക്കളെയും പല തട്ടിലാണ് നിർത്തുന്നത്. സിഎസ്ഐ ബാങ്കിൽ ഒരു എഫ്ഡി അക്കൗണ്ട് തുടങ്ങാൻ മിനിമം വേണ്ടത് 10,000 രൂപയാണ്. അതായത് കൈയിൽ കാശ് കൂടുതലുള്ളവർക്ക് മാത്രം വേണ്ടി സേവനങ്ങൾ നൽകുന്ന തരത്തിലേക്ക് ബാങ്കുകൾ മാറി. ഇവർക്ക് വേണ്ടി സൗകര്യങ്ങളൊരുക്കി കൊടുക്കുന്ന പരിചാരകരായി പലപ്പോഴായി ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തിക്കേണ്ടി വരാറുണ്ട്. എം സി എയോ, എം. കോം പഠിച്ചവരാകട്ടെ ഇവിടെ വരുമ്പോൾ ചെയ്യേണ്ടി വരുന്ന ജോലി ഇതാണെന്നതാണ് വസ്തുത.

സമൂഹത്തിലുണ്ടാവുന്ന നിരാശയുടെ ഒരു വിഹിതം സാമൂഹ്യ ജീവിയെന്ന നിലയിൽ നമുക്കും എടുക്കേണ്ടി വരികയാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മനുഷ്യൻ പലപ്പോഴായി അതിജീവിച്ചത് സംഘം ചേർന്ന് നിന്ന് കൈകോർത്ത് പിടിച്ചുക്കൊണ്ടാണ്. അത് മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ. സമൂഹത്തിൽ നിന്നുണ്ടാവുന്ന ഒരു പ്രശ്നത്തിന് ഒരു പരിഹാരം സമൂഹത്തിൽ നിന്നേ കണ്ടെത്താൻ കഴിയൂ. അപജയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബാങ്കുകളിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകൾക്കും കഴിയാതെ വരുന്നുണ്ട്. ബാങ്കിം​ഗ് മേഖല ഒരു രഹസ്യാത്മക സ്വഭാവം കാത്തു സൂക്ഷിക്കുന്നുണ്ട്. അതിന്റെ മറവച്ചുക്കൊണ്ട് ഇത്തരം സംഭവങ്ങൾ പുറത്തു വരാതിരിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്റെ ബാങ്ക് ലാഭം കൂടുതലുണ്ടാക്കണമെന്നും മറ്റുള്ള ബാങ്കുകളേക്കാൾ മുകളിൽ നിൽക്കണമെന്നുമുള്ള നിബന്ധന വയ്ക്കുകയാണ് ബാങ്കിലെ താപ്പാനകളായ മേലുദ്യോ​ഗസ്ഥർ അത് സ്വഭാവികമായും കീഴുദ്യോ​ഗസ്ഥരിലേക്ക് നൽകുകയും ചെയ്യുന്നു. ഈ രീതി പിന്തുടരാൻ എല്ലാ ബാങ്കുകളും നിർബന്ധിതരാവുന്നതെന്ന് ടി നരേന്ദ്രൻ വ്യക്തമാക്കുന്നു.

content summary: Bank employees function like 24/7 human ATMs, and the relentless pressure in this sector can take a serious toll on their well-being

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment