July 08, 2025 |
Share on

ഇന്ത്യയ്ക്ക് അഭിമാനമായി ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാംപ്’; ബുക്കർ പ്രൈസ് നേടുന്ന ആദ്യ ചെറുകഥാസമാഹാരം

കന്നഡയിലെഴുതിയ കഥകൾ ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് എഴുത്തുകാരിയും വിവർത്തകയുമായ ദീപ ഭാസ്തിയാണ്

ഭർത്താക്കന്മാരുമായും അമ്മമാരുമായും മതനേതാക്കളുമായുമെല്ലാമുള്ള ദക്ഷിണേന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ദൈനംദിന പോരാട്ടങ്ങളെക്കുറിച്ചാണ് കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ ഹാർട്ട് ലാംപ് എന്ന കഥാസമാഹാരത്തിൽ പറയുന്നത്. ഈ കൃതിയാണ് ബാനു മുഷ്താഖിനെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയാക്കിയതും.

കന്നഡയിലെഴുതിയ കഥകൾ ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് എഴുത്തുകാരിയും വിവർത്തകയുമായ ദീപ ഭാസ്തിയാണ്. ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വിവർത്തകയാണ് ദീപ ഭാസ്തി. ഒരു ചെറുകഥാ സമാഹാരത്തിന് അവാർഡ് ലഭിക്കുന്നതും ഇതാദ്യമായാണ്.

ഇന്ത്യയിൽ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും. 12 കഥകളാണ് ബുക്കർ പ്രൈസ് ലഭിച്ച പുസ്തകത്തിലുള്ളത്. 30 വർഷക്കാലയളവിൽ ബാനു മുഷ്താഖ് എഴുതിയ ആറ് സമാഹാരങ്ങളിലെ 50 കഥകളിൽ നിന്ന് ഭാസ്തി തന്നെ തിരഞ്ഞെടുത്ത് വിവർത്തനം ചെയ്തതാണ് 12 കഥകളും.

2005 ൽ ആരംഭിച്ച ഇന്റർനാഷണൽ ബുക്കർ പ്രൈസ്, ഒരു എഴുത്തുകാരന്റെ മുഴുവൻ കൃതികളെയും ആദരിച്ചുകൊണ്ടാണ് ആദ്യം നൽകിവന്നിരുന്നത്. എന്നാൽ 2016 മുതൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ യുകെയിലോ അയർലൻഡിലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഒരൊറ്റ പുസ്തകത്തിനായി ഇത് നൽകിത്തുടങ്ങുകയായിരുന്നു.

പുരുഷാധിപത്യ വ്യവസ്ഥകളെ ചെറുക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ഹാർട്ട് ലാംപിനെ, എഴുത്തുകാരനും ഈ വർഷത്തെ ജഡ്ജിംഗ് പാനലിന്റെ തലവനുമായ മാക്സ് പോർട്ടർ പ്രശംസിച്ചതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മുമ്പ് വായിച്ചിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി പല ഇംഗ്ലീഷ് വായനക്കാർക്ക് പുതുമ തോന്നുന്ന തരത്തിലുള്ള വിവർത്തനമാണ് ദീപ ഭാസ്തിയുടേതെന്നും മാക്സ് പോർട്ടർ പറഞ്ഞു.

സോൾവെജ് ബാലെയുടെ ഓൺ ദി കാൽക്കുലേഷൻ ഓഫ് വോളിയം: 1 , വിൻസെൻസോ ലാട്രോണിക്കോയുടെ പെർഫെക്ഷൻ എന്നിവയുൾപ്പെടെ ചുരുക്കപ്പട്ടികയിലിടം പിടിച്ചിട്ടും ഹാർട്ട് ലാംപ് വിജയിക്കുകയായിരുന്നു. സമ്മാന പ്രഖ്യാപനത്തിന് മുമ്പ് ഹാർട്ട് ലാംപിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചിരുന്നില്ല. ഫിനാൻഷ്യൽ ടൈംസ് മാത്രമാണ് മുസ്ലീം സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള ഹാർട്ട് ലാംപിനെ പ്രശംസിച്ച് എഴുതിയിരുന്നതെന്ന് ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

77 വയസ്സുള്ള ബാനു മുഷ്താഖ് മുൻ അഭിഭാഷകയും പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമാണ്. താൻ കണ്ടിട്ടുള്ള സ്ത്രീകളാണ് തന്റെ കഥകൾക്ക് പ്രചോദനം നൽകുന്നതെന്നാണ് ബാനു മുഷ്താഖ് പറഞ്ഞത്. ഗവേഷണം നടത്തിയല്ല താൻ കഥകൾ എഴുതുന്നതെന്നും വികാരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ബാനു മുഷ്താഖ് പറഞ്ഞു.

സമാഹാരത്തിലെ 12 കഥകളും ചർച്ച ചെയ്യുന്നത് ​ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ചാണ്. വഞ്ചകനായ ഭർത്താവിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുമ്പോൾ കുടുംബം അവഗണിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് ഒരു കഥയിൽ പറയുന്നത്. രോഗിയായ തന്റെ കുഞ്ഞിനെ സഹായിക്കാൻ ഒരു സ്ത്രീ മതനേതാവിനോട് യാചിക്കുന്നതും എന്നാൽ പുറത്താക്കപ്പെടുന്നതുമാണ് മറ്റൊരു കഥയെന്ന് റിപ്പോർട്ടിൽ പറയുന്നു.

മതവും രാഷ്ട്രീയവും സമൂഹവും സ്ത്രീകളിൽ നിന്ന് ആവശ്യപ്പെടുന്ന രീതികളെക്കുറിച്ചും അവരോടുള്ള ക്രൂരമായി പെരുമാറ്റത്തെക്കുറിച്ചുമാണ് തന്റെ കഥകൾ കാണിക്കുന്നതെന്നും മുഷ്താഖ് കൂട്ടിച്ചേർത്തു. പല എഴുത്തുകാരും ഹാർട്ട് ലാംപിനെ പുകഴ്ത്തിയിരുന്നു. മുഷ്താഖിന്റെയും ഭാസ്തിയുടെയും അതിമനോഹരമായ സമാഹാരം വിജയമർഹിക്കുന്നതാണെന്ന് എഴുത്തുകാരനും വിമർശകനുമായ ജോൺ സെൽഫ് അഭിപ്രായപ്പെട്ടിരുന്നു. പുസ്തകത്തിന്റെ ശൈലി വ്യത്യസ്തമാണ്. ഹാസ്യവും ശാന്തതയും ഒരുപോലെ കൈകാര്യം ചെയ്യുന്ന പുസ്തകത്തിന്റെ കാഴ്ചപ്പാട് സ്ഥിരതയുള്ളതാണെന്നും  അഭിപ്രായ പ്രകടനത്തിൽ സെൽഫ് വ്യക്തമാക്കി.

Content Summary: banu mushtaq’s heart lamp wins the international booker prize for translated fiction

Leave a Reply

Your email address will not be published. Required fields are marked *

×