എറണാകുളം കളമശേരിയിലെ സ്വകാര്യ സ്‌കൂളിലെ വൈറല്‍ മെനഞ്ചൈറ്റിസ് ബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ മൂന്നു കുട്ടികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍ ആശ ദേവി അഴിമുഖത്തോട് പറഞ്ഞത്.
വിദ്യാത്ഥികള്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നാണ് ഡിഎംഒ പറഞ്ഞു. ക്ലാസിലെ മറ്റ് കുട്ടികള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്‌കൂള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകളും മാറ്റിവച്ചു. സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ കളമശേരി നഗരസഭയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളിലെ മെനഞ്ചൈറ്റിസ് ബാധ
ആരോഗ്യ കേരളത്തെ വീണ്ടും കടുത്ത ആശങ്കയിലാക്കുന്നതാണ് കുട്ടികളിലെ മെനഞ്ചൈറ്റിസ് ബാധ. രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കയും വ്യാപകമാണ്. വായുവിലൂടെ പകരുന്ന രോഗമാണ് മെനഞ്ചൈറ്റിസ്. തുമ്മലിലൂടെയും ചുമയിലൂടെയും ആണ് രോഗ വ്യാപനമുണ്ടാവുക. രോഗബാധയുണ്ടായാല്‍ ഉടന്‍ തിരിച്ചറിയണമെന്നില്ല. വൈറസ് റെസ്പിറേറ്ററി ട്രാക്റ്റില്‍ ചെല്ലുകയും. അവിടെ വച്ച് അത് പെരുകുകയും ചെയ്യും. അവിടെ നിന്ന് അത് ഗ്യാസ്‌ട്രോ ഇന്റസ്റ്റിനല്‍ ട്രാക്കില്‍ വരികയും ബ്ലഡ് സ്ട്രീമിലേക്ക് കടക്കുകയും ചെയ്യുന്നു. രക്തം ശരീരത്തിന്റെ വിവിധ ഭാഗത്തേക്ക് പമ്പ് ചെയ്യുമ്പോള്‍ വൈറസ് തലച്ചോറിലെ മെനഞ്ചൈറ്റിസ് എന്ന കവചത്തിലേക്ക് എത്തുന്നതോടെ ആണ് മെനഞ്ചൈറ്റിസ് ബാധ ഉണ്ടാവുകയെന്നാണ് പള്‍മനോളജിസ്റ്റായ ഡോക്ടര്‍ സണ്ണി ഒരത്തേല്‍ അഴിമുഖത്തോട് വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് പറയുന്നത്.
എങ്ങനെയാണ് രോഗം വരുന്നത്?
അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള നിരവധി രോഗാണുക്കളുണ്ട്. ഇത് ഒരു വ്യക്തിയുടെ ഉള്ളില്‍ ശ്വസനത്തിലൂടെ എത്തുന്ന സമയത്താണ് അസുഖം ഉണ്ടാവുക. അസുഖം ബാധിച്ച വ്യക്തി പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കും. വൈറസ് ബാധിക്കുന്ന വ്യക്തിയില്‍ നിന്ന് നേരിട്ടുള്ള കോണ്‍ടാക്ടിലൂടെയാണ് രോഗബാധയുണ്ടാവുന്നത്. എന്‍ട്രോ വൈറസാണ് മെനഞ്ചൈറ്റിസ് രോഗകാരി. ഒരു ആര്‍എന്‍എ വൈറസാണ് എന്‍ട്രോ. മെനഞ്ചൈറ്റിസില്‍ തന്നെ വ്യത്യസ്ത വകഭേദങ്ങളുണ്ട്. വൈറല്‍ , ബാക്ടീരിയല്‍, ഫംഗല്‍, പ്രോട്ടസോവല്‍ മെനഞ്ചൈറ്റിസ് എന്നിവയാണ് അവയില്‍ ചിലത്. കളമശേരിയില്‍ കുട്ടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറല്‍ മെനഞ്ചൈറ്റിസ് ആണ്. കൊച്ചുകുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായി മെനഞ്ചൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവജാത ശിശുക്കള്‍ മുതല്‍ വാര്‍ദ്ധക്യത്തിലുള്ള ആളുകള്‍ക്ക് വരെ മെനഞ്ചൈറ്റിസ് വരാം. നവജാതശിശുക്കളിലും വൃദ്ധരായവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാരണം പ്രതിരോധശേഷി ഇല്ലായ്മയാണെന്ന് ഡോക്ടര്‍ സണ്ണി പറയുന്നു.
രോഗലക്ഷണങ്ങളും ചികിത്സയും
പനി, ശക്തമായ തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി ഇവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍. അപകടകരമായ സാഹചര്യത്തില്‍ അപൂര്‍വമായി അപസ്മാരം വന്നേക്കാം. വൈറല്‍ മെനഞ്ചൈറ്റിസിന് പ്രത്യേക ചികിത്സകളൊന്നുമില്ല. അസൈക്ലോവിര്‍ എന്ന ആന്റി വൈറല്‍ ഏജന്റ് സാധാരണയായി ഉപയോഗിക്കുന്നത്. വൈറല്‍ മെനഞ്ചൈറ്റിസ് ഉണ്ടാവുന്ന സാഹചര്യത്തില്‍ ചികിത്സേക്കാള്‍ സ്വയം പ്രതിരോധമാണ് പ്രവര്‍ത്തിക്കുക. 2 മുതല്‍ 7 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമാകാനുള്ള സാധ്യതയുണ്ട്. വളരെ വിരളമായിട്ടാണ് ഇത് അപകടകരമാവുന്നത്. മെനഞ്ചൈറ്റിസിന്റെ ശരിയ്ക്കുള്ള പ്രതിരോധം സാധ്യമാകുന്നതിന്റെ ആദ്യ പടി കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുക എന്നതാണ്. സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌കൂള്‍ അടച്ചിടുന്നതാണ് ഏറ്റവും ഉചിതമായ നടപടിയെന്നാണ് ഡോക്ടര്‍ പറയുന്നത്.
കാലാവസ്ഥയും കാരണം
കേരളത്തില്‍ ഇത്തരം രോഗങ്ങള്‍ ഇടയ്ക്കിടക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാരണം കേരളത്തിലെ കാലാവസ്ഥ തന്നെയാണ്. അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നതും മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചതുമാണ് ഇപ്പോള്‍ മെനഞ്ചൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ സാഹചര്യം. ഇത്തരം സാഹചര്യങ്ങളില്‍ പലതരത്തിലുള്ള പകര്‍ച്ച വ്യാധികളും റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നും ഡോ സണ്ണി മുന്നറിയിപ്പ് നല്‍കുന്നു.
content summary: Based on the meningitis outbreak in Kalamassery, discussing the incidence of viral meningitis in children, its symptoms, prevention, and what to watch out for.