ഷേഖ് ഹസീന- ഖാലിദ സിയ: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രം ഈ രണ്ട് വനിതകളെയും അവരുടെ കുടുംബങ്ങളെയും മാറ്റിനിര്‍ത്തി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ലോകരാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വ്വമായ, രണ്ട് കരുത്തരായ വനിതകള്‍ തമ്മിലുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ പക പോക്കല്‍ കൂടിയായിരുന്നു ബംഗ്ലാദേശ് രാഷ്ട്രീയം ചരിത്രം. രാജ്യത്തിന്റെ ഭരണ-രാഷ്ട്രീയത്തിലെ ഏറ്റവും കലുഷിതമായ ഈ അധ്യായത്തെ ലോകം അടയാളപ്പെടുത്തിയത് ‘ബാറ്റില്‍ ഓഫ് ബീഗംസ്’എന്ന പേരിലായിരുന്നു.
ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടമായിരുന്നു ഷേഖ് ഹസീനയും ഖാലിദ സിയയും തമ്മിലുണ്ടായിരുന്നത്. രക്തരൂക്ഷിതമായ ചരിത്രവും, കുടുംബ വൈരാഗ്യവും, രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യവും ചേര്‍ന്ന ഈ പോര് ബംഗ്ലാദേശിലെ ജനാധിപത്യത്തെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തി.
ഹസീന- ഖാലിദ പോര് തുടങ്ങുന്നത് ആശയപരമായിട്ടായിരുന്നില്ല, മറിച്ച് കണ്ണീരില്‍ നിന്നും രക്തത്തില്‍ നിന്നുമാണ്.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷേഖ് മുജീബുര്‍ റഹ്‌മാന്റെ മകളാണ് ഹസീന. 1975-ല്‍ ഒരു രാത്രിയില്‍ ഹസീനയുടെ കുടുംബത്തെ സൈനിക ഉദ്യോഗസ്ഥര്‍ ഒന്നടങ്കം കൊലപ്പെടുത്തി. ആ കൊലപാതകത്തിന് പിന്നില്‍ ഖാലിദ സിയയുടെ ഭര്‍ത്താവായ സിയാവുര്‍ റഹ്‌മാന്റെ മൗനാനുവാദമുണ്ടെന്ന് ഹസീന ഉറച്ചു വിശ്വസിച്ചു. അതോടെ തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള അടങ്ങാത്ത പക ഹസീനയില്‍ നിറഞ്ഞു.
ഉരുക്ക് വനിതകളെന്ന് വിശേഷിക്കപ്പെട്ട ഇരുവരും തുടക്ക കാലം മുതല്‍ ശത്രുക്കളായിരുന്നില്ല. 1980-കളില്‍ ജനറല്‍ എര്‍ഷാദിന്റെ സൈനിക ഏകാധിപത്യത്തിനെതിരെ ‘ബീഗംമാര്‍’ കൈകോര്‍ത്തു. തെരുവില്‍ ഇരുവരും ഒന്നിച്ച് പ്രക്ഷോഭം നയിച്ചു. എന്നാല്‍ 1990-ല്‍ ജനാധിപത്യം തിരിച്ചുവന്നതോടെ ഈ സഖ്യം തകര്‍ന്നു. 1991-ല്‍ ഖാലിദ സിയ പ്രധാനമന്ത്രിയായതോടെ ബംഗ്ലാദേശ് രാഷ്ട്രീയം രണ്ടു ചേരികളായി പിളര്‍ന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബംഗ്ലാദേശ് കണ്ടത് വിചിത്രമായ ഒരു രാഷ്ട്രീയ രീതിയാണ്. ഖാലിദ അധികാരത്തിലെത്തുമ്പോള്‍ ഹസീനയെയും അനുയായികളെയും ജയിലിലടയ്ക്കും. ഹസീന അധികാരത്തിലെത്തുമ്പോള്‍ ഖാലിദയെയും അവരുടെ മക്കളെയും കോടതിയും ജയിലും ഉപയോഗിച്ച് വേട്ടയാടും. ഭരണം മാറുന്നതിനനുസരിച്ച് പ്രതിപക്ഷ നേതാക്കള്‍ രാജ്യദ്രോഹികളോ അഴിമതിക്കാരോ ആയി മുദ്രകുത്തപ്പെട്ടു. ഹസീനയുടെ അവസാന 15 വര്‍ഷത്തെ ഭരണത്തില്‍ ഖാലിദ സിയ പൂര്‍ണമായും ദുര്‍ബലയാക്കപ്പെട്ടു.
ഖാലിദയും ഹസീനയും പ്രതിനിധീകരിച്ചത് രണ്ട് വ്യത്യസ്ത ബംഗ്ലാദേശുകളെയായിരുന്നു. ഷേഖ് ഹസീന മതനിരപേക്ഷതയിലും ഇന്ത്യയോടുള്ള സൗഹൃദത്തിലും വിശ്വസിച്ചപ്പോള്‍, ഖാലിദ സിയ ഇസ്ലാമിക ദേശീയതയിലും ചൈനയോടുള്ള അടുപ്പത്തിലുമാണ് ഊന്നല്‍ നല്‍കിയത്.
ഈ പകയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഖാലിദ സിയയുടെ ജന്മദിന ആഘോഷം. ഷേഖ് ഹസീനയുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട ഓഗസ്റ്റ് 15-ന് ഖാലിദ സിയ വലിയ ആഘോഷത്തോടെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. ഹസീനയെ സംബന്ധിച്ചിടത്തോളം അത് തന്റെ മുറിവില്‍ ഉപ്പുപുരട്ടുന്നതിന് തുല്യമായിരുന്നു.
ഖാലിദ സിയയുടെ മരണത്തോടെ ‘ബാറ്റിലിംഗ് ബീഗംസ്’ എന്ന അധ്യായത്തിന് അന്ത്യമാവുകയാണ്. ഒരാള്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ മറ്റൊരാള്‍ അധികാരം നഷ്ടപ്പെട്ട് പ്രവാസത്തില്‍ കഴിയുന്നു. ബംഗ്ലാദേശിനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു പോരാട്ടം ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. തങ്ങളുടെ കുടുംബങ്ങളുടെ ദുരന്തങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഈ രണ്ട് വനിതകള്‍ ഒരു രാജ്യത്തെ മുഴുവന്‍ സ്വന്തം വ്യക്തിപരമായ പകയുടെ നിഴലില്‍ വര്‍ഷങ്ങളോളം നിര്‍ത്തി എന്നതാണ് ചരിത്രം.
Content Summary; Battle of Begums; Khaleda Zia-Sheikh Hasina rivalry, Bangladesh politics and governments
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.