കറുത്ത ഫലിതങ്ങള്‍ക്കും ആളുകളെ അധിക്ഷേപഹാസ്യത്തിന് വിധേയരാക്കുന്നതിലും മിടുക്കന്മാരാണ് ബ്രിട്ടീഷുകാര്‍. സര്‍വതിനോടുമുള്ള പുച്ഛത്തിനും അവര്‍ പേരുകേട്ടവരാണ്. എന്നാല്‍ ഐഎസ്‌ഐഎസിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിനെതിരെ ബിബിസി പ്രക്ഷേപണം ചെയ്ത ഹാസ്യപരിപാടിയായ റിയല്‍ ഹൗസ് വൈഫ്‌സ് ഓഫ് ഐഎസ്‌ഐഎസ് എന്ന പരിപാടി സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ റിയാലിറ്റി ഷോയായ ദ റിയല്‍ ഹൗസ് വൈഫിന്റെ പാരഡിയാണ് ഈ പരിപാടി.
ഹിജാബ് ധരിച്ച ഒരു ബ്രിട്ടീഷ് വനിത എങ്ങനെയാണ് തങ്ങളെ ഇസ്ലാമിക സ്റ്റേറ്റ് സിറിയയിലേക്ക് എത്തിക്കുന്നതെന്ന് വിശദീകരിക്കുന്നു. ഇങ്ങോട്ടു വന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ ചാറ്റില്‍ പറഞ്ഞപോലെയൊക്കെ തന്നെയാണ് കാര്യങ്ങളെന്നും ഹാദിയ പറയുന്നു. പിന്നീട് കാണിക്കുന്നത് അവര്‍ നിലം തുടയ്ക്കുന്ന ദൃശ്യങ്ങളാണ്. ഐഎസ് റിക്രൂട്ട് ചെയ്യുന്നവര്‍ അനുഭവിക്കുന്ന ലൈംഗീക പീഢനത്തിനെതിരെയും മറ്റുമാണ് ഷോയെങ്കിലും അത് സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. എതായാലും സാമൂഹിക മാധ്യമങ്ങളില്‍ ബിബിസി ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.