ഇന്ത്യന്‍ ടീം പരിശീലകരായ അഭിഷേക് നായരെയും ദിലീപിനെയും പുറത്താക്കി ബിസിസിഐ

ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് തീരുമാനം വന്നിരിക്കുന്നത്‌

അഭിഷേക് നായരെയും ടി ദിലീപിനെയും പരിശീലക സംഘത്തില്‍ നിന്നും പുറത്താക്കി ബിസിസിഐ. ഇംഗ്ലണ്ട് ടൂറിന് മുന്നോടിയായാണ് നടപടി. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെയും ഫീല്‍ഡിംഗ് കോച്ച് ദിലീപിനെയും ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധമാണ് പുറത്താക്കല്‍ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വമ്പന്‍ തോല്‍വിയാണ് അഭിഷേകിന്റെയും ദിലീപിന്റെയും വിക്കറ്റ് തെറിപ്പിച്ചതെന്നാണ് വിവരം. സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിയും പുറത്താക്കപ്പെടും. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിന് പുതിയൊരു മസാജറെ കൂടി നിയമിക്കാനും ബിസിസിഐ തീരുമാനം എടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെയായിരുന്നു അഭിഷേക് നായരും സഹ പരിശീലകനായി ടീമിന്റെ ഭാഗമാകുന്നത്.രാഹുല്‍ ദ്രാവിഡിന് കഴിഞ്ഞ മാര്‍ച്ച് വരെ മുഖ്യപരിശീലക സ്ഥാനത്ത് കാലവധി നീട്ടിക്കൊടുത്തതിനു പിന്നാലെയായിരുന്നു ടി ദിലീപ് ഫീല്‍ഡിംഗ് കോച്ച് ആയി എത്തുന്നത്. നിലവിലെ ടീം അംഗങ്ങള്‍ അഭിഷേക് നായരില്‍ ആത്മവിശ്വാസമുള്ളവരായിരുന്നു. ടീമിന്റെ കൂടെ താത്പര്യം പരിഗണിച്ചായിരുന്നു നായരെ കൊണ്ടുവരുന്നത്. അങ്ങനെയുള്ളൊരാളെയാണ് ഇപ്പോള്‍ പുറത്താക്കുന്നതും. ഐഎപിഎല്ലില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നായര്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. കഴിഞ്ഞ സീസണില്‍ കപ്പ് ഉയര്‍ത്താന്‍ കെകെആറിന് കഴിഞ്ഞതില്‍ നായരുടെ മികവും ചര്‍ച്ചയായിരുന്നു. പുതിയ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനീയമായ ഇടപെടലായിരുന്നു അഭിഷേകില്‍ നിന്നും ഉണ്ടായത്. അന്ന് കൊല്‍ക്കത്തയുട മൈന്ററായിരുന്ന ഗംഭീര്‍ ഇന്ത്യന്‍ കോച്ച് ആയപ്പോള്‍ അഭിഷേകിനെയും ടീമിന്റെ ഭാഗമാക്കാന്‍ ക്ഷണിച്ചതും കെകെആറിലെ അയാളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ദിലീപിന് ഒരു വര്‍ഷത്തേക്ക് മാത്രമായിരുന്നു ബിസിസിഐ കാലാവധി നീട്ടി നല്‍കിയത്. അന്താരാഷ്ട്ര ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ക്കുശേഷം ‘ഫീല്‍ഡിംഗ് മെഡല്‍ ചടങ്ങിലൂടെ’ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ദിലീപും സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്നു.

സോഹം ദേശായിക്ക് പകരം, അഡ്രിയാന്‍ ലെ റൂക്‌സ് ആയിരിക്കും സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ആവുക. ഇത് രണ്ടാം തവണയാണ് റൂക്‌സിനെ ഈ സ്ഥാനത്തേക്ക് ബിസിസിഐ നിയമിക്കുന്നത്. മുമ്പ് ജോണ്‍ റൈറ്റ് ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന കാലയളവില്‍ ദക്ഷിണാഫ്രിക്കക്കാരനായ റൂക്‌സ് ഇതേ സ്ഥാനത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായി പോവുകയായിരുന്നു. ഐപിഎല്ലില്‍ കെകെആറിനൊപ്പം സേവനം അനുഷ്ഠിച്ചിട്ടുള്ള റൂക്‌സ് നിലവില്‍ പഞ്ചാബിനൊപ്പമാണ്.

അഭിഷേക് നായരെയും ദിലീപിനെയും കാര്യങ്ങള്‍ കഴിഞ്ഞാഴ്ച്ച തന്നെ അറിയിച്ചിരുന്നതായാണ് ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ വിവരം. ഇരുവര്‍ക്കും പകരക്കാരെ ഉടനടി നിയമിക്കില്ലെന്നും വാര്‍ത്ത സ്രോതസില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞു വന്നതിനു പിന്നാലെ തന്നെ ബിസിസിഐ ശരിയാക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. സീതാംശു കോട്ടക്കിനെ ബാറ്റിംഗ് പരിശീലകനാക്കിയതും, ഫീല്‍ഡിംഗ് പരിശീലിക സ്ഥാനത്ത് ദിലീപിനൊപ്പം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റിനെയും മുഖ്യറോളിലേക്ക് കൊണ്ടുവന്നതും അതിന്റെ ഭാഗമായിരുന്നു.  BCCI removes Abhishek Nayar and T Dilip from Indian teams coaching staffs 

Content Summary; BCCI removes Abhishek Nayar and T Dilip from Indian teams coaching staffs

This post was last modified on April 17, 2025 3:34 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment