March 17, 2025 |
Share on

ഗാംഗുലി, ടിസി മാത്യു, ഗൗതം റോയി; ബിസിസിഐ തലപ്പത്തേക്ക് മൂന്നുപേര്‍ പരിഗണനയില്‍

അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ കൂടുതല്‍ സാധ്യതയള്ളത് ടിസി മാത്യുവോ ഗൗതം റോയിയോ ആയിരിക്കും

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ വിവരങ്ങളനുസരിച്ച് മൂന്ന് പേരാണ് പരിഗണനയിലുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും നിലവിലെ വൈസ് പ്രസിഡന്റുമാരായ മലയാളിയായ ടിസി മാത്യുവും, ഗൗതം റോയിയുമാണ് ബിസിസിഐയുടെ തലപ്പത്തേക്ക് എത്താന്‍ സാധ്യത. സുപ്രീം കോടതി നിര്‍ദേശപ്രകാരം നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്നയാളാകും താല്‍ക്കാലികമായി ബിസിസിഐയുടെ അധ്യക്ഷനാവുക.

അങ്ങനെയാണെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ കൂടുതല്‍ സാധ്യതയള്ളത് ടിസി മാത്യുവോ ഗൗതം റോയിയോ ആയിരിക്കും. ലോധ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ഇരുവരും അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യരാണ്. നിലവില്‍ പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലിയുടെ പേര് മുമ്പ് ലോധ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതാണ് ദാദക്കുള്ള സാധ്യത.

പശ്ചിമമേഖലയെ പ്രതിനിധീകരിച്ചാണ് ടിസി മാത്യു ബിസിസിഐ ഭാരവാഹിയായത്. ഗൗതം റോയി കിഴക്കന്‍ മേഖലയുടെ പ്രതിനിധിയാണ്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോയിയേഷന്‍ പ്രസിഡന്റ് കൂടിയായ നിലവിലെ ജോയിന്റ് സെക്രട്ടറി അമിതാബ് ചൗധരിയാകും പുതിയ സെക്രട്ടറിയാവുക.

മറ്റു ഭാരവാഹികളെ കണ്ടെത്താന്‍ മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്.നരിമാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. ഈ മാസം പത്തൊമ്പതിന് കേസ് വീണ്ടും പരിഗണിക്കുമ്പോഴായിരിക്കും ബാക്കിയുള്ള അംഗങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമാവുക.

×