ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മെഹ്ബൂബ് ഷെയ്ക്ക് എന്ന 36 കാരൻ. മഹാരാഷ്ട്രയിൽ ഇഷ്ടികപ്പണിക്ക് പോയ യുവാവിനെ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് രേഖകളില്ലാത്ത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിടികൂടുന്നതും, ബംഗ്ലാദേശിലേക്ക് നാട് കടത്തുന്നതും. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഭഗബംഗോളയിലെ മഹിസസ്ഥാനി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹൊസൈൻനഗർ ഗ്രാമത്തിലാണ് മെഹ്ബൂബും കുടുംബവും താമസിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. മെഹ്ബൂബിന്റെ പൗരത്വം സംബന്ധിച്ച തെളിവുമായി പശ്ചിമ ബംഗാൾ പോലീസും കുടിയേറ്റ ക്ഷേമ ബോർഡും ഇടപെട്ടിട്ടും, അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മെഹ്ബൂബിനെ മഹാരാഷ്ട്ര പോലീസ് ബിഎസ്എഫിന് കൈമാറിയിരുന്നു.
“മെഹ്ബൂബിന്റെ കുടുംബം ഞങ്ങളെ സമീപിച്ചതിനെ തുടർന്ന് ഞങ്ങൾ മഹാരാഷ്ട്ര പോലീസുമായി ബന്ധപ്പെട്ടിരുന്നു. ആവശ്യമായ എല്ലാ രേഖകളും അവർക്ക് അയച്ചുകൊടുത്തു. എന്നാൽ പശ്ചിമ ബംഗാൾ സർക്കാരിനെ അറിയിക്കാൻ പോലും മെനക്കെടാതെ, ബിഎസ്എഫ് മെഹ്ബൂബിനെ ബംഗ്ലാദേശിലേക്ക് അയച്ചു,” പശ്ചിമ ബംഗാൾ കുടിയേറ്റ ക്ഷേമ ബോർഡ് ചെയർമാൻ സമിറുൾ ഇസ്ലാം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി മെഹ്ബൂബ് മഹാരാഷ്ട്രയിലാണ് ജോലി ചെയ്യുന്നതെന്ന് സഹോദരൻ മുജിബുർ പറയുന്നു. ‘ചായ കുടിച്ചുകൊണ്ടിരുന്ന സഹോദരനെ ബംഗ്ലാദേശിയാണെന്ന് സംശയിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി’ മുജിബുർ പറഞ്ഞു. മെഹ്ബൂബിന്റെ വോട്ടർ ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ്, എന്നിവയുൾപ്പെടെ എല്ലാ രേഖകളും മഹാരാഷ്ട്ര പോലീസിന് അയച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ജൂൺ 14 ന് പുലർച്ചെ 3.30 ന് ബിഎസ്എഫ് തന്നെ ബംഗ്ലാദേശിലേക്ക് കടത്തിയതായി മെഹ്ബൂബ് തന്നെയാണ് കുടുംബത്തെ വിളിച്ചു അറിയിച്ചത്.
അതെ സമയം, തന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ യുവാവ് ഹാജരാക്കിയില്ല എന്നും, പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളായി ആധാറും പാൻ കാർഡുകളും പരിഗണിക്കുന്നില്ലെന്നുമാണ് നടപടിയെ ന്യായീകരിച്ച് കൊണ്ട് മഹാരാഷ്ട്ര സർക്കാർ അറിയിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ബംഗ്ലാദേശുമായുള്ള ബന്ധം വഷളായ ഇന്ത്യ, കിഴക്കൻ അതിർത്തി വഴി നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിരുന്നു. രാജ്യത്തുടനീളം രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി പോലീസ് പരിശോധനകൾ നടത്തിവരികയാണ്.
content summary: Bengal man working in Maharashtra pushed into Bangladesh despite govt submitting citizenship proof
Leave a Comment