കഴിഞ്ഞദിവസം അഹമ്മദാബാദില്‍ ഉണ്ടായ ഫ്‌ളൈറ്റ് അപകടത്തില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്ന ബാക്കിയുള്ള 241 യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ടു. മുന്‍കരുതല്‍ ലാന്‍ഡിങ്ങിന് പോലും സമയം കിട്ടാതെ ഫ്‌ളൈറ്റ് കൂപ്പുകുത്തി. പതിനൊന്നാം നമ്പര്‍ സീറ്റില്‍ ഇരുന്ന വിശ്വാഷ് കുമാര്‍ രമേശ് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്ത് കടക്കുകയും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
വ്യോമയാന ചരിത്രത്തില്‍ ഇതുപോലെ വന്‍ അപകടങ്ങള്‍ അനവധി ഉണ്ടെങ്കിലും, ഒരു ഫ്‌ളൈറ്റിലെ യാത്രക്കാര്‍ മുഴുവനും രക്ഷപ്പെട്ട ചരിത്ര സംഭവമുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ അടിയന്തര ജല ലാന്‍ഡിങ് നടത്തി മുഴുവന്‍ യാത്രക്കാരെയും രക്ഷിച്ച സംഭവം.
അടിയന്തര ലാന്‍ഡിങ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തത് ഈ സംഭവത്തിന് ശേഷമാണ്. ഉന്നത പരിശീലനം ലഭിച്ച ക്രൂവിന്റെയും, നന്നായി ഏകോപിപ്പിച്ച ടീം വര്‍ക്കിന്റെയും, യാത്രക്കാരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി വിദഗ്ധമായി രൂപകല്‍പ്പന ചെയ്ത വിമാന സംവിധാനങ്ങളുടെയും ഫലമാണ് അടിയന്തര ലാന്‍ഡിങ്.
അപ്രതീക്ഷിത സംഭവം കാരണം വിമാനം അതിന്റെ പ്ലാന്‍ ചെയ്ത റൂട്ടില്‍ നിന്ന് ഉടനടി വ്യതിചലിച്ച് ലാന്‍ഡ് ചെയ്യേണ്ടി വരുമ്പോഴാണ് അടിയന്തര ലാന്‍ഡിങ് സംഭവിക്കുന്നത്. മെക്കാനിക്കല്‍ തകരാറുകള്‍, എഞ്ചിന്‍ പ്രശ്‌നങ്ങള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍, കഠിനമായ കാലാവസ്ഥ, അല്ലെങ്കില്‍ സുരക്ഷാ ഭീഷണികള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ഈ സാഹചര്യങ്ങള്‍ ഉണ്ടാകാം. സാഹചര്യങ്ങളെ ആശ്രയിച്ച് അടിയന്തര ലാന്‍ഡിങ് വ്യത്യസ്ത രീതിയിലായിരിക്കുമെന്ന് മാത്രം.
നിര്‍ബന്ധിത ലാന്‍ഡിങ്: വിമാനത്തിന് പറക്കല്‍ തുടരാന്‍ കഴിയാതെ വരികയും ഉടനടി ലാന്‍ഡ് ചെയ്യേണ്ടി വരികയും ചെയ്യുമ്പോഴാണ് ഇവ സംഭവിക്കുന്നത്. എഞ്ചിന്‍ തകരാര്‍, ഇന്ധനക്ഷയം അല്ലെങ്കില്‍ മറ്റ് ഗുരുതരമായ പരാജയങ്ങള്‍ എന്നിവ കാരണം ഇത് സംഭവിക്കാം.
ഡിച്ചിംഗ്: വെള്ളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനെയാണ് ഡിച്ചിംഗ് എന്ന് പറയുന്നത്. കൃത്യമായ നിര്‍വ്വഹണം ആവശ്യമുള്ളതും പലപ്പോഴും പരിമിതമായ സമയത്തേക്ക് പൊങ്ങിക്കിടക്കാനുള്ള വിമാനത്തിന്റെ കഴിവിനെ ആശ്രയിക്കുന്നതുമായ വളരെ പ്രത്യേകമായ ഒരു ഉപായമാണിത്.
ഏത് തരത്തിലുള്ള വിമാനമായാലും, യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും, നിലത്തുള്ളവര്‍ക്കും ഉണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, സുരക്ഷയ്ക്കാണ് അടിയന്തര ലാന്‍ഡിങ് മുന്‍ഗണന നല്‍കുന്നത്. അത്തരം സാഹചര്യങ്ങള്‍ക്കായി പൈലറ്റുമാര്‍ക്ക് വിപുലമായ പരിശീലനം നല്‍കുന്നു. കൂടാതെ അവര്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ അവരുടെ പ്രവര്‍ത്തന മാന്വലുകളില്‍ സൂക്ഷ്മമായി വിവരിച്ചിട്ടുണ്ടാവും. അടിയന്തര ലാന്‍ഡിങ്ങില്‍ പൈലറ്റ് ആണ് താരം. അടിയന്തര ലാന്‍ഡിങ് ആവശ്യമായി വരുമ്പോള്‍, അന്തിമ തീരുമാനമെടുക്കുന്നയാളുടെ പങ്ക് പൈലറ്റ് ഏറ്റെടുക്കുന്നു. സാഹചര്യം വിലയിരുത്തുക, എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുക , ലാന്‍ഡിങ് കൃത്യതയോടെ നടപ്പിലാക്കുക എന്നിവയാണ് അവരുടെ ഉത്തരവാദിത്തം. ഈ നിര്‍ണായക നിമിഷങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളാണ് പലപ്പോഴും സാഹചര്യത്തിന്റെ ഫലം നിര്‍ണ്ണയിക്കുന്നത്.
ഉദാഹരണത്തിന്, ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങണോ, പുറപ്പെടല്‍ സ്ഥലത്തേക്ക് മടങ്ങണോ, അല്ലെങ്കില്‍ ഒരു ബദല്‍ ലാന്‍ഡിങ് സൈറ്റ് തിരിച്ചറിയണോ എന്ന് പൈലറ്റുമാര്‍ തീരുമാനിക്കണം. വിമാനത്തിന് റണ്‍വേയില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ , തുറന്ന നിലങ്ങള്‍, ഹൈവേകള്‍ അല്ലെങ്കില്‍ ജലാശയങ്ങള്‍ പോലുള്ള മറ്റ് ലാന്‍ഡിങ് ഓപ്ഷനുകള്‍ പൈലറ്റിന് പരിഗണിക്കേണ്ടി വരും.
അടിയന്തര ഘട്ടങ്ങളില്‍ പൈലറ്റുമാരെ സഹായിക്കുന്ന നൂതന സംവിധാനങ്ങള്‍ ആധുനിക വിമാനങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോമേറ്റഡ് അലേര്‍ട്ടുകള്‍ മുതല്‍ വിശദമായ ഡയഗ്‌നോസ്റ്റിക് ഡിസ്‌പ്ലേകള്‍ വരെ, ഈ സംവിധാനങ്ങള്‍ വിമാന ജീവനക്കാരെ പ്രശ്‌നം വേഗത്തിലും ഫലപ്രദമായും പരിഹരിക്കാന്‍ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും, അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടായിരുന്നിട്ടും, വിജയകരമായ അടിയന്തര ലാന്‍ഡിങ് ആത്യന്തികമായി പൈലറ്റുമാരുടെ കഴിവ്, അനുഭവം, ശാന്തമായി ഉറച്ച തീരുമാനമെടുക്കാനുള്ള ശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നത്.
യുഎസ് എയര്‍വേയ്സ് ഫ്‌ളൈറ്റ് 1549, ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ അടിയന്തര ജല ലാന്‍ഡിങ് നടത്തിയതാണ് ആധുനിക വ്യോമയാനത്തിലെ ഏറ്റവും പ്രശസ്തമായ അടിയന്തര ലാന്‍ഡിങ്ങുകളിലൊന്ന്. ‘ഹഡ്സണിലെ അത്ഭുതം’ എന്നറിയപ്പെടുന്ന ഈ സംഭവം അസാധാരണമായ പൈലറ്റിംഗ് വൈദഗ്ധ്യത്തിനും വേഗത്തിലുള്ള തീരുമാനമെടുക്കലിനും ഉള്ള മാതൃകയായി ആഘോഷിക്കപ്പെടുന്നു. അത്ഭുതകരമായ ആ രക്ഷപ്പെടുത്തലിന്റെ കഥ ഇങ്ങനെ:
2009 ജനുവരി 15 ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ലഗാര്‍ഡിയ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നാണ് വൈകീട്ട് 3.24 ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍വേയ്‌സ് 150 യാത്രക്കാരേയും 5 ക്രൂ അംഗങ്ങളേയും കൊണ്ട് റണ്‍വേയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. സിയാറ്റിലിലേക്കായിരുന്നു യാത്ര.
വിമാനത്തിന്റെ ക്യാപ്റ്റന്‍ ചെസ്ലി ബര്‍ണെറ്റ് ‘സള്ളി’ സുള്ളന്‍ബര്‍ഗും കോ-പൈലറ്റ് ജെഫ്രി സ്‌കെയല്‍സും ആയിരുന്നു. ജെഫ്രി സ്‌കെയല്‍സ് ആദ്യമായാണ്, ഒരു എയര്‍ബസ് എ 320 പറത്തുന്നത്. വിമാനം ഉയര്‍ന്നു 55 സെക്കന്‍ഡ് ആയപ്പോള്‍ കോ-പൈലറ്റ് ജെഫ്രി സ്‌കെയല്‍സ്, നിയന്ത്രണ ടവറിലേക്ക് ഒരു സന്ദേശം അയക്കുന്നു. സന്ദേശം അനുസരിച്ച്, വിമാനം 700 അടി ഉയരത്തിലാണ്. അതിനുശേഷം, കൃത്യമായി 3 മണിക്കൂറും 26 മിനിറ്റും 37 സെക്കന്റും പറന്നു. ക്യാപ്റ്റന്‍ ചെസ്ലി സുള്ളന്‍ബെര്‍ഗ് വിമാനത്തിന്റെ വശത്തുള്ള ഗ്ലാസ്സുകളിലൂടെ ഹഡ്‌സണ്‍ നഗരം നോക്കി, കോ-പൈലറ്റ് ജെഫ്രി സ്‌കെയല്‍സിനോട് പറഞ്ഞു.
‘ഇന്ന് ഹഡ്‌സണ്‍ നഗരം വളരെ മനോഹരമാണല്ലോ.’ ഇത് കേട്ടപ്പോള്‍ സ്‌കെയല്‍സ്, ഹഡ്‌സണ്‍ നഗരത്തെ ഒരു നിമിഷം നോക്കി. പെട്ടെന്നാണ് ഒരു വലിയ കൂട്ടം പക്ഷികള്‍ വിമാനത്തിലേക്ക് പറന്നടുത്തത്. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്പ്, പക്ഷികളുടെ കൂട്ടം വിമാനത്തിന്റെ പല ഭാഗങ്ങളിലേക്കും വന്നിടിച്ചു, കനേഡിയന്‍ വാത്തകളുടെ കൂട്ടം വിമാനത്തിന്റെ ചിറകിലെ എഞ്ചിന്‍ നശിപ്പിച്ചു. ഇത് വിമാനത്തിനുള്ളില്‍ വലിയ ശബ്ദമുണ്ടാക്കി, വിമാനം കുലുങ്ങി. യാത്രക്കാരില്‍ ആശയക്കുഴപ്പത്തിലായി. വിമാനത്തിന് എന്തോ സംഭവിച്ചതായി ചിലര്‍ മനസ്സിലാക്കി. പുറത്തേക്ക് നോക്കിയവര്‍ വിമാനത്തിന്റെ ചിറകുകളിലെ എഞ്ചിനില്‍ നിന്ന് തീയും പുകയും വരുന്നത് കണ്ടു. അതിനൊപ്പം, ക്യാബിനിനുള്ളില്‍ വ്യോമയാന ഇന്ധനത്തിന്റെ ഗന്ധവും ഉയര്‍ന്നു. യാത്രക്കാര്‍ പേടിച്ചു. ചിലര്‍ നിലവിളിച്ചു. വിമാനം നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ട ക്യാപ്റ്റന്‍ സള്ളി, കോ പൈലറ്റ് സ്‌കെയല്‍സില്‍ നിന്ന് നിയന്ത്രണം ഏറ്റെടുത്തു.
അദ്ദേഹം വിമാനത്തിന്റെ എഞ്ചിന്‍ മീറ്റര്‍ നോക്കുമ്പോള്‍ അപകടം മണത്തു. ഉടനെ വിമാനത്തിന്റെ ചിറകിലെ എഞ്ചിന്‍ ഓഫാക്കി. ഏറ്റവും അടുത്തുള്ള മീറ്ററിലേക്ക് നോക്കിയപ്പോള്‍ രണ്ടാമത്തെ എഞ്ചിനും ഓഫാക്കേണ്ടി വന്നു. കോക്ക്പിറ്റില്‍ നിശബ്ദത നിറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാതെ, ക്യാപ്റ്റന്‍ ഒരു നിമിഷം ചിന്തിച്ചു. ക്യാപ്റ്റന്‍ ഉടന്‍ തന്നെ അടുത്ത നിയന്ത്രണ ടവറിനെ അറിയിച്ചു. കണ്‍ട്രോള്‍ ടവറില്‍ നിന്നുള്ള അടുത്ത ചോദ്യം, ഏത് എഞ്ചിന്‍ ആണ് ഓഫാക്കിയത്? എന്നായിരുന്നു. മറുപടിയായി, ക്യാപ്റ്റന്‍ ഒറ്റവാക്കില്‍ പറഞ്ഞു, ‘രണ്ട് എഞ്ചിനുകളും!’
അതോടെ, കണ്‍ട്രോള്‍ ടവറില്‍ വളരെയധികം ആശയക്കുഴപ്പം ഉണ്ടായി. വിമാനം അപ്പോള്‍ മണിക്കൂറില്‍ 343 കിലോമീറ്റര്‍ വേഗതയില്‍ 3060 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. കണ്‍ട്രോള്‍ ടവറില്‍ നിന്നുള്ള ഉത്തരവ് പ്രകാരം, ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കാന്‍ അനുമതി നല്‍കി.
പക്ഷെ, വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതിനാല്‍, ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലേക്ക് മടങ്ങുന്നത് അസാധ്യമായിരുന്നു. ചെസ്ലി ബര്‍ണെറ്റ് സള്ളി ഒരു SOS സന്ദേശം അയച്ചു. സന്ദേശം ഇപ്രകാരമാണ്. വിമാനത്തിന് ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ എത്താന്‍ കഴിയില്ല. അതിനാല്‍, ഏറ്റവും അടുത്തുള്ള ന്യൂജേഴ്സി വിമാനത്താവളത്തില്‍ വിമാനം കയറുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നിയന്ത്രണങ്ങളും പാലിക്കണം. ഇതായിരുന്നു SOS സന്ദേശം. എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍, ക്യാപ്റ്റന്‍ സള്ളിക്ക് 111 സെക്കന്‍ഡ് മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാല്‍, അടുത്തുള്ള ന്യൂജേഴ്സി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി തേടി, പക്ഷെ വിമാനത്തിന്റെ ഉയരം അതിവേഗം കുറയുന്നത് കണ്ട ക്യാപ്റ്റന്‍ സള്ളി ഒരു കാര്യം മനസ്സിലാക്കി.
‘ന്യൂജേഴ്സി വിമാനത്താവളത്തില്‍ എത്തുക അസാധ്യമാണ്.’
അടുത്തുള്ള രണ്ട് വിമാനത്താവളങ്ങളിലും എത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, വിമാനം ലാന്‍ഡ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചു. വിമാനം അപ്പോള്‍ ഹഡ്സണ്‍ എന്ന വലിയ നഗരത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനം ഇടിച്ചിറക്കാന്‍ ഒരു വലിയ പ്രദേശം ആവശ്യമാണ്. താഴേക്ക് നോക്കിയ ക്യാപ്റ്റന്‍ സള്ളി, ആ നഗരത്തില്‍ ഒരേയൊരു സാധ്യത ഹഡ്സണ്‍ നദിയാണെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍, ക്യാപ്റ്റന്‍ സള്ളി ഹഡ്സണ്‍ നദിയില്‍ വിമാനമിറക്കാന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ, കണ്‍ട്രോള്‍ ടവറിലേക്ക് ക്യാപ്റ്റന്‍ സള്ളി ഒരു SOS സന്ദേശം അയച്ചു. വിമാനത്തിന് ന്യൂജേഴ്സി വിമാനത്താവളത്തില്‍ എത്താന്‍ കഴിയില്ല. അതിനാല്‍, അത് ഹഡ്സണ്‍ നദിയില്‍ ഇറങ്ങാന്‍ പോകുന്നു. ഇതായിരുന്നു സന്ദേശം. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഈ സന്ദേശം കണ്‍ട്രോള്‍ ടവറില്‍ ഉള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
SOS സന്ദേശമായതിനാല്‍, വിമാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഈ സന്ദേശം ലഭിക്കും. അതിനാല്‍ വിമാനം പറക്കുന്ന ദിശയിലെ ഏറ്റവും അടുത്തുള്ള ഹെലികോപ്റ്ററില്‍ സൂചന കിട്ടി. അവര്‍ ഒരു സര്‍വേ നടത്തിയപ്പോള്‍, വിമാനം ഹഡ്സണ്‍ നദിയില്‍ ഇറങ്ങാന്‍ പോകുന്നതായി കണ്ടെത്തി.
എയര്‍ബസ് A320-1549 എന്ന വിമാനം ഹഡ്സണ്‍ നദിയില്‍ ഇറങ്ങാനായി താഴ്ന്ന് പറക്കുന്നത് കണ്ട ജനങ്ങള്‍ അത്ഭുതത്തോടെ തടിച്ചുകൂടി. വിമാനം ഹഡ്സണ്‍ നദിയില്‍ ഇറങ്ങാന്‍ പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ വിമാനത്തിലെ യാത്രക്കാര്‍, ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ എണ്ണി.
എങ്ങനെയെങ്കിലും ഹഡ്സണ്‍ നദിയില്‍ വിമാനം ഇറക്കി വന്‍ അപകടം ഒഴിവാക്കാമെന്നാണ് ക്യാപ്റ്റന്‍ സള്ളി കരുതിയത്. അപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം ക്യാപ്റ്റന്റെ ശ്രദ്ധയില്‍ പെട്ടത്.
ഹഡ്സണ്‍ നദിക്ക് കുറുകെ ഒരു വലിയ പാലം ഉണ്ടായിരുന്നു, അവിടെ വിമാനം താഴ്ന്ന് പറന്നാല്‍ അപകടം ഇരട്ടിയാകും. പാലത്തില്‍ ചെന്നിടിക്കും. വിമാനം കത്തും. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്ന പാലത്തിലേക്കാണ് വിമാനം ഇപ്പോള്‍ പോകുന്നത്. പാലത്തിലൂടെ വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്നുണ്ടായിരുന്നു. വിമാനം വരുന്നത് കണ്ട് പാലത്തിലൂടെയുള്ള എല്ലാ വാഹനങ്ങളും വളരെ വേഗത്തില്‍ പാലം കടക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം കണ്ട്, ഹഡ്സണ്‍ നദിയുടെ ഇരുവശത്തും തടിച്ചുകൂടിയ ആളുകള്‍ ഭയത്താല്‍ ആര്‍പ്പുവിളിച്ചു. അതിശയകരമാം വിധം ക്യാപ്റ്റന്‍ സള്ളി, പണിപ്പെട്ട് വിമാനം അല്പം ഉയര്‍ത്തി. പാലത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍, വിമാനം കടന്നുപോയി.
വിമാനം താഴേക്ക് ഇറങ്ങുമ്പോള്‍, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാത്ത യാത്രക്കാരുടെ ക്യാബിനില്‍ ക്യാപ്റ്റന്‍ സള്ളിയുടെ ശബ്ദം മുഴങ്ങി.
‘സ്വയംരക്ഷയ്ക്കായി ബ്രേസ് ചെയ്യുക.’
‘ബ്രേസ്’
ബ്രേസ് എന്നാല്‍ തലതാഴ്ത്തി, രണ്ട് കൈകളാല്‍ ഇരു കാല്‍മുട്ടിന് മുകളിലായി പിടിക്കുക എന്നാണ്.
ക്രൂ അംഗങ്ങളും ഈ വാക്ക് ആവര്‍ത്തിച്ചു. ബ്രേസ്,ബ്രേസ്!
അപ്പോള്‍ ക്യാപ്റ്റന്‍ സള്ളിക്ക് 30 സെക്കന്‍ഡ് മാത്രമേ ശേഷിക്കുന്നുണ്ടായുള്ളു. വിമാനം ഹഡ്സണ്‍ നദിയില്‍ ഇറങ്ങുമ്പോള്‍, രണ്ടോ മൂന്നോ കാര്യങ്ങള്‍ സംഭവിക്കാം. വിമാനത്തിന്റെ പിന്‍ഭാഗം ആദ്യം ലാന്‍ഡ് ചെയ്താല്‍, വിമാനം അവിടെ ഒടിയും. വിമാനത്തിന്റെ മുന്‍ഭാഗം ആദ്യം ലാന്‍ഡ് ചെയ്താല്‍, കോക്ക്പിറ്റിന്റെ ഭാഗം ഒടിയും. വിമാനത്തിന്റെ മധ്യഭാഗം ലാന്‍ഡ് ചെയ്താല്‍, വിമാനത്തിന്റെ നടുഭാഗം ഒടിയും!
വിമാനം ഒടിയാതിരിക്കണമെങ്കില്‍, ഒരു നിശ്ചിത വേഗതയില്‍ എത്തുകയും വിമാനത്തിന്റെ മുന്‍ഭാഗം 11 ഡിഗ്രി ചരിവോടെ ഹഡ്സണ്‍ നദിയില്‍ ഇറക്കുകയും വേണം! ശുഭപ്രതീക്ഷയോടെ ക്യാപ്റ്റന്‍ സള്ളി വിമാനം 11 ഡിഗ്രിയില്‍ ഹഡ്സണ്‍ നദിയില്‍ ഇറക്കി.
ഈ സമയത്ത്, വിമാനത്തിലെ എല്ലാ യാത്രക്കാരും തല കുനിച്ച് മുട്ടുകുത്തി ഇരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മനസ്സ് ശൂന്യമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. വിമാനത്തിന് തീ പിടിച്ചില്ല. പക്ഷേ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. വിമാനത്തിനുള്ളില്‍ വെള്ളം കയറാന്‍ തുടങ്ങി. താഴെയുള്ള ലഗേജ് ബേ തുറന്ന് അതിലൂടെ വെള്ളം കയറിത്തുടങ്ങി. യാത്രികര്‍ പരിഭ്രമിച്ചു. ഉടനെ, ചില ആളുകള്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. അവര്‍ പുറത്തേക്ക് ചാടിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. വെള്ളത്തിന് കൊടും തണുപ്പായിരുന്നു.!
വെള്ളത്തിന്റെ താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഈ തണുപ്പില്‍ അധികനേരം അതിജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ആളുകള്‍ ഉടന്‍ തന്നെ വിമാനത്തിന്റെ ചിറകില്‍ കയറിപ്പറ്റി. വിമാനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി അവര്‍ക്ക് തടസ്സമായി.
വിമാനത്തിന്റെ വ്യോമയാന ഇന്ധനം ചോര്‍ന്ന് വെള്ളത്തില്‍ കലര്‍ന്നപ്പോള്‍ അത് വളരെ വഴുക്കലുള്ളതായി മാറിയിരുന്നു. അങ്ങനെ, വിമാനത്തില്‍ കയറിയവര്‍ വീണ്ടും വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. ഈ സമയത്ത്, കണ്‍ട്രോള്‍ ടവറില്‍ നിന്ന് എല്ലാ ദേശീയ പ്രതിരോധ സേനകളിലേക്കും സന്ദേശങ്ങള്‍ പോയി കഴിഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനം എത്രയും വേഗം നടത്തണമെന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെ, ഏകദേശം 3 മിനിറ്റും 27 സെക്കന്‍ഡും ആയപ്പോള്‍, ആദ്യത്തെ ബോട്ട് എത്തി. ബോട്ടില്‍ നിന്ന് ലൈഫ് ജാക്കറ്റുകള്‍ വിമാനത്തിന് ചുറ്റും ഇട്ടുകൊടുത്തു. ബോട്ടിലേക്ക് യാത്രക്കാര്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു പ്രശ്‌നം ഉണ്ടായി. ആ ബോട്ടിന്റെ പടികള്‍ ഏകദേശം 7 അടി ഉയരത്തിലായിരുന്നു. അവസാനം പ്രയാസപ്പെട്ട്, എല്ലാ യാത്രക്കാരും ബോട്ടില്‍ കയറിപ്പറ്റി.
അപ്പോഴേക്കും, കൂടുതല്‍ സ്‌കൂബ ഡൈവര്‍മാര്‍ എത്തി. ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്ന് അവര്‍ നദിക്കടിയിലും വിമാനത്തിനകത്തും പരിശോധിച്ചു. രക്ഷാബോട്ടുകള്‍ കരയ്‌ക്കെത്തും മുമ്പേ വിമാനം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. 150 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും അതിനു മുമ്പേ രക്ഷപ്പെട്ടു.
ഇച്ഛാശക്തി കൈവിടാതെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയ ക്യാപ്റ്റന് ധാരാളം അഭിനന്ദനങ്ങളും അംഗീകാരങ്ങളും ലഭിച്ചു. അതിനിടയില്‍, വന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഹഡ്സണ്‍ നദിയില്‍ നിന്ന് വിമാനം പുറത്തെടുത്തിരുന്നു.
100% ആളുകളെയും കാത്തുരക്ഷിച്ച എയര്‍ബസ് A320-1549, ഇപ്പോള്‍ യുഎസിലെ ഷാര്‍ലറ്റ്‌സ്-ഡഗ്ലസ് വിമാനത്താവളത്തിലെ ഒരു മ്യൂസിയത്തിലുണ്ട്. ഈ മ്യൂസിയത്തില്‍ വിമാനം കാണാനായി നിരവധി ആളുകള്‍ ദിവസവും എത്തുന്നു. Miracle on the Hudson; emergency water landing saves 155 passengers
Content Summary: Miracle on the Hudson; emergency water landing saves 155 passengers