July 16, 2026 |
Share on

75 രൂപയ്ക്ക് മുടി വെട്ടുന്ന ബാര്‍ബറുടെ 3.25 കോടിയുടെ മേബാക്ക്

ഒരു റോള്‍സ് റോയ്‌സ്, 11 മെഴ്‌സിഡസ് ബെന്‍സ്, 10 ബിഎംഡബ്ല്യു, മൂന്ന് ഓഡി, രണ്ട് ജഗ്വാര്‍ തുടങ്ങിയവയും രമേഷ് ബാബുവിന്റെ ശേഖരത്തിലുണ്ട്.

75 രൂപയ്ക്ക് തലമുടി വെട്ടുന്ന ബാര്‍ബര്‍ 3.25 കോടി രൂപയ്ക്ക് ആഡംബര കാറായ മേയ്ബാക്ക് വാങ്ങിയിരിക്കുന്നു. ജര്‍മ്മനിയില്‍ നിന്നാണ് കാര്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. ബംഗളൂരുവിലാണ് സംഭവം. ആഡംബര കാറുകള്‍ വാങ്ങി അത് വാടകയ്ക്ക് കൊടുക്കുന്ന പരിപാടിയും രമേഷ് ബാബു എന്ന 45കാരനുണ്ട്. ഒരു റോള്‍സ് റോയ്‌സ്, 11 മെഴ്‌സിഡസ് ബെന്‍സ്, 10 ബിഎംഡബ്ല്യു, മൂന്ന് ഓഡി, രണ്ട് ജഗ്വാര്‍ തുടങ്ങിയവയും രമേഷ് ബാബുവിന്റെ ശേഖരത്തിലുണ്ട്.

രമേഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ സര്‍വീസ് കമ്പനി നടത്തുന്നുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ ദിവസവും അഞ്ച് മണിക്കൂറെങ്കിലും സലൂണിലുണ്ടാവും. മുടി വെട്ടിക്കൊടുക്കുകയും ചെയ്യും. എന്നാല്‍ സലൂണിലെ ജോലി കഴിഞ്ഞ് റോള്‍സ് റോയ്‌സില്‍ പോകുന്ന ബാര്‍ബര്‍മാര്‍ വേറെയുണ്ടാകാന്‍ സാദ്ധ്യത കുറവായിരിക്കും. മേയ്ബാക്ക് വാങ്ങുന്നതിനായി വലിയ തുക രമേഷ് ലോണെടുത്തിട്ടുണ്ട്.

ബംഗളൂരു സ്വദേശികളില്‍ വിജയ് മല്യയും മറ്റൊരു ബില്‍ഡറുമാണ് ഇതുവരെ മേയ്ബാക്ക് ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് വിവരം. വായ്പാ തട്ടിപ്പ് കേസുകളില്‍ പ്രതിയായ വിജയ് മല്യ ലണ്ടനിലേയ്ക്ക് മുങ്ങിയ ശേഷം സ്വര്‍ണ നിറത്തിലുള്ള മേയ്ബാക്ക് കാണാറില്ല. അത് വിറ്റിരിക്കുന്നുവെന്നും അതല്ല യുബി സിറ്റിയിലുണ്ടെന്നുമൊക്കെയാണ് പ്രചരിക്കുന്ന വിവരങ്ങള്‍. വിജയ് മല്യക്കും മറ്റൊരു വ്യവസായിക്കുമല്ലാതെ തനിക്ക് മാത്രമാണ് നഗരത്തില്‍ മേബാക്ക് ഉള്ളത് എന്നറിയുന്നതില്‍ വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് രമേഷ് ബാബു പറയുന്നു. ഇത് ഓടിക്കുന്നത് വളരെ സുഖകരമായ കാര്യമാണ്.

ദൈവം എന്റെ കൂടെയാണ്. ഞാനത്രയ്ക്ക് കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് ഇവിടെയെത്താന്‍. എല്ലാ ആഡംബര കാറുകളും സ്വന്തമാക്കുക എന്നതാണ് എന്റെ സ്വപ്നം. എന്നാല്‍ താന്‍ വന്ന വഴി മറക്കാറില്ലെന്നും രമേഷ് ബാബു പറഞ്ഞു. അച്ഛന്റെ മരണശേഷം കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളര്‍ത്തിയത്. ഞാന്‍ സലൂണിലെ ജോലി നിര്‍ത്തില്ല. രമേഷിന്റെ അച്ഛനും ബാര്‍ബറായിരുന്നു. എസ്എസ്എല്‍സി പാസായതിന് ശേഷം രമേഷ് പഠനം നിര്‍ത്തുകയും ബാര്‍ബര്‍ ജോലി ചെയ്ത് തുടങ്ങുകയും ചെയ്തു. 1994ല്‍ ഒരു മാരുതി ഒമിനി വാങ്ങി വാടകയ്ക്ക് കൊടുത്ത് തുടങ്ങിയതിന് ശേഷമാണ് രമേഷ് ബാബുവിന്റെ ജീവിതം മാറിയത്. 150 ആഡംബര കാറുകളാണ് രമേഷ് ബാബുവിന്റെ ശേഖരത്തിലുള്ളത്. 2011ല്‍ റോള്‍സ് റോയ്‌സ് വാങ്ങിയപ്പോളാണ് രമേഷ് ബാബു മാദ്ധ്യമശ്രദ്ധ നേടിയത്.

Read More: https://goo.gl/55gmwn

Leave a Reply

Your email address will not be published. Required fields are marked *

×